മൃത്യുഞ്ജയം (കഥ)

ദേവരാജൻ സർക്കാർ ജോലിക്കാരനാണ്
അഞ്ചക്ക ശമ്പളം,
സിറ്റിയുടെ കണ്ണായ ഭാഗത്ത് അരയേക്കർ പുരയിടം
ആഢ്യന്മാർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ സ്വന്തമായൊരു ഫ്ലാറ്റ്
ഇവ കൂടാതെ
പൂച്ചക്കണ്ണുകളുള്ള രണ്ടു ഇരട്ട പെൺകുട്ടികളും അയാൾക്ക് സമ്പാദ്യമായുണ്ട്
ഇതൊക്കെ ആണെങ്കിലും ഓഫീസ് കഴിഞ്ഞു വരുന്ന സന്ധ്യകളിൽ ബാറിന് മുൻപിലെ മൂന്നക്ഷരങ്ങൾ നിരത്തിയ ബോർഡ് അയാളെ വല്ലാതെ സ്വാധീനിച്ചിരുന്നു.
അതിനൊരു ന്യായമെന്നോണം തന്റെ ഭാര്യയുടെ കുൽസിത പ്രവർത്തികളെ ബാറിലെ മദ്യക്കറ പിടിച്ച മേശകളിൽ വാരി അലക്കുന്നത് അയാളുടെ പതിവായിരുന്നു.

പതിവ് പോലെ അന്നും ദേവരാജൻ ബാറിലെ മേശയിൽ വാക്കുകൾ കൊണ്ട് താളം പിടിച്ചു കൊണ്ടിരിക്കെയാണ് ആ പരന്ന മുറിയുടെ വാതിൽ കടന്ന് അയാൾ വന്നത്.
വൃത്താകൃതിയിലുള്ള മേശക്കരികിൽ അയാൾക്കഭിമുഖമായി ആഗതനിരുന്നു.
വാക്ധോരണിയുടെ ഇടവേളയിലായിരുന്ന ദേവരാജൻ മദ്യം മയക്കികൊണ്ടിരുന്ന കണ്ണുകൾ ആവുന്നത്ര ശക്തിയിൽ വലിച്ചു തുറന്ന് അയാളെ സംശയത്തോടെ നോക്കി.
ഈ മുഖം….. ഇത് പരിചിതമാണല്ലോ?
കാണാൻ സുമുഖൻ,
തെളിച്ചമുള്ള കണ്ണുകൾ.
വൃത്തിയായി ഷേവ് ചെയ്തു നിർത്തിയിരിക്കുന്ന കവിളുകൾ ബാറിലെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്.
ഇത്…… താൻ തന്നെയല്ലേ??
ദേവരാജൻ അമ്പരന്നു.
അതെ താൻ തന്നെ!!
സംശയം തീർക്കാൻ പേഴ്സിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തിരിച്ച ഭാഗത്തെ ഫോട്ടോകൾക്കുള്ളിൽ പരതി; അതിലൊന്നെടുത്ത് സൂക്ഷിച്ചു നോക്കി.
അതെ പത്തു വർഷം മുൻപ് താനിങ്ങനെ ആയിരുന്നു.
ഒരു നിമിഷം
മുൻപിലിരിക്കുന്നയാളോട് ഒന്നും മിണ്ടാതെ അയാളെണീറ്റ് വാഷ്റൂമിലേക്ക് നടന്നു.

ചുമരിൽ ചേർത്ത് പതിപ്പിച്ച വലിയ കണ്ണാടിക്ക് താഴെ പൈപ്പിൽ നിന്നും കുതിച്ചു ചാടി ദ്വാരങ്ങളിലൂടെ തിരക്കിട്ട് ഊർന്നിറങ്ങിക്കൊണ്ടിരുന്ന ജലധാരയെ നോക്കി അയാൾ അല്പനേരം അങ്ങനെ നിന്നു. ശേഷം അഴുക്കു പറ്റി മങ്ങിയ കണ്ണാടിയിൽ നനഞ്ഞ വിരലുകൾ കൊണ്ട് തുടച്ച് അല്പം വെളിവുണ്ടാക്കി….
കണ്ണാടിയിൽ ക്ഷീണിച്ച ഒരു രൂപം
കവിളിൽ എഴുന്നു നിൽക്കുന്ന നരച്ച കുറ്റിത്താടികൾ മുഖം പരുപരുത്തതാക്കി തീർത്തിരിക്കുന്നു.
തലമുടിയിൽ മുക്കാൽ ഭാഗവും നരയേറ്റ് തെളിഞ്ഞിട്ടുണ്ട്. കണ്ണുകൾക്ക് തെളിച്ചം നഷ്ടപ്പെടുകയും ചുറ്റും കറുത്ത വലയങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാണ് തന്നെ ഈ വൈരൂപ്യങ്ങൾ ബാധിച്ചത്?? എന്തേ ഇത്രനാൾ താനിതൊന്നും ശ്രദ്ധിക്കാതെ പോയി??
ദേവരാജൻ താനിരുന്നിടത്തേക്ക് നോക്കി.
അയാളവിടെത്തന്നെയുണ്ട് പോയിട്ടില്ല ഇങ്ങോട്ട് തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു.
അതെ പത്ത് വർഷങ്ങൾക്ക് മുൻപ് താനങ്ങിനെയായിരുന്നു അയാളെപ്പോലെ…
ഒന്നും പിടികിട്ടുന്നില്ല ഇയാളിപ്പോൾ എവിടെ നിന്ന് വന്നു???
ദേവരാജൻ പതുക്കെ ഇരുന്നിടത്തേക്ക് തന്നെ തിരിച്ചു നടന്നു.
നടന്നടുക്കും തോറും ആഗതന്റെ മുഖത്തെ ഗൗരവം വ്യക്തമായി വരുന്നുണ്ട്.
ദേവരാജൻ അയാളെ ശ്രദ്ധിക്കാത്തതായി ഭാവിച്ചു കൊണ്ട് തന്റെ സീറ്റിലിരുന്നു. മേശയിലിരുന്ന ഗ്ലാസ് കയ്യിലെടുത്തു ചുണ്ടോടു ചേർത്തു.
ദേവരാജാ……
അതൊരു അടക്കിപ്പിടിച്ച അട്ടഹാസമായിരുന്നു.
ഞെട്ടലിൽ ചുണ്ടോട് ചേർത്ത ഗ്ലാസിൽ നിന്നും മദ്യം തുളുമ്പി അയാളുടെ ഷർട്ടിൽ വീണു.
ഞെട്ടൽ മാറുന്നതിനു മുൻപ് അടുത്ത ചോദ്യം വന്നു.
നിനക്കെന്താ ഞാനിവിടെ ഇരിക്കുന്നത് കണ്ടു കൂടെന്നുണ്ടോ???
ഞാനാരാണെന്ന് മനസ്സിലായോ നിനക്ക്?
ദേവരാജൻ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.
പിന്നെന്തിനാടാ നായിന്റെ മോനേ നീ കണ്ണാടിക്ക് മുൻപിൽ നിന്ന് സൂക്ഷിച്ചു നോക്കിയിരുന്നത്?
അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു, മീശ വിറക്കുന്നുണ്ടായിരുന്നു.
ദേവരാജന്റെ സകല പിടിയും വിട്ടുപോയി തന്നോടാരും അടുത്തകാലത്തൊന്നും ഇത്രയും മര്യാദകെട്ട് സംസാരിച്ചിട്ടില്ല.
ഓഫീസിലാണെങ്കിൽ കീഴുദ്യോഗ്യസ്ഥരും കാണാൻ വരുന്നവരും ഭവ്യതയോടെയേ നിൽക്കാറുള്ളൂ.മേലുദ്യോഗസ്ഥരായാലും മര്യാദയോടെ മാത്രമേ നാളിതുവരെ സംസാരിച്ചിട്ടുള്ളൂ. അല്പമെങ്കിലും അഹങ്കാരത്തോടെ സംസാരിക്കാറുള്ളത് അവളാണ് ഭാര്യ. അതും ചെകിടടച്ചുള്ള പൊട്ടിക്കലിൽ ഒതുങ്ങിപ്പോകാറുണ്ട്.
നിങ്ങളാരാ എന്നെ ചോദ്യം ചെയ്യാൻ?? ദേവരാജൻ കസേരയിൽ നിന്നും ചാടി എണീറ്റുകൊണ്ട് ആക്രോശിച്ചു.
കാതടച്ചൊരു അടിയാണ് മറുപടിയായി കിട്ടിയത്. അയാൾ കരണം പൊത്തിക്കൊണ്ട് കസേരയിലേക്ക് വീണു.
തലക്ക് ചുറ്റും കുരുവികൾ മൂളിപ്പറക്കുന്നത് പോലെ…
പ്രജ്ഞയറ്റിരുന്ന അയാളുടെ മുഖത്തേക്ക് ഗ്ലാസ്സിലിരുന്ന ബാക്കി മദ്യം ഊക്കോടെ വീശിയൊഴിച്ച് അയാൾ കോളറിൽ കുത്തിപ്പിടിച്ചു.
ഞാനാരാണെന്ന് നിനക്കറിയണം അല്ലേടാ????
എന്നെ കണ്ടിട്ട് നിനക്ക് മനസിലായില്ല അല്ലേ??
മനസിലാക്കി തരാം.
അയാൾ തിരികെ കസേരയിലേക്കിരുന്നു.
ഞാൻ നീയാണ്
നിന്റെ യൗവനം
നീയാ കണ്ണാടിക്ക് മുൻപിൽ നിന്ന് സൂക്ഷിച്ചു നോക്കുന്നത് കണ്ടല്ലോ???
എന്നെപ്പോലിരുന്ന നിന്നെ നിന്നെപ്പോലാക്കിയത് നീ ഒറ്റ ഒരുത്തനാ…
എന്തൊക്കെയോ മനസിലായെങ്കിലും മനസിലാകാത്തതാണാധികവുമെന്ന് ദേവരാജന് മനസിലായി.
ഇത്രയൊക്കെ സംഭവിച്ചിട്ടും തന്റെ ചുറ്റുമിരുന്നു മദ്യപിക്കുന്നവരാരും ഒന്നും ശ്രദ്ധിക്കുന്നില്ലെന്നത് അയാളെ അത്ഭുതപ്പെടുത്തി.

ഞാനെന്ത് ചെയ്തെന്നാ??
അയാൾ പരുങ്ങിക്കൊണ്ട് കവിൾ തടവിക്കൊണ്ട് ചോദിച്ചു.
നിന്റെ ജീവിതരീതി….
മദ്യപാനം, പുകവലി ആവശ്യമില്ലാതെയുള്ള ദേഷ്യപ്പെടൽ ഇതൊക്കെയാ നിന്നെ ഇങ്ങനെയാക്കിയത്.
ദേവരാജന് ഏറെക്കുറെ കാര്യങ്ങളുടെ കിടപ്പുവശത്തെക്കുറിച്ച് രൂപം കിട്ടിത്തുടങ്ങിയിരുന്നു.
പുകവലിയും മദ്യപാനവും ശരി തന്നെ പക്ഷേ ദേഷ്യമെങ്ങനെ????
നീ ഓരോ തവണ ദേഷ്യപ്പെടുമ്പോഴും നിന്റെ രക്തം ചൂടാകുമെന്ന് നിനക്കറിയാമോ??
ചുട്ടുപഴുത്ത രക്തം മുടിതടങ്ങളിലേക്കൊഴുകി നിന്റെ മുടിയുടെ കറുപ്പ് നിറത്തെ കരിച്ചു കളഞ്ഞു.
എന്ത് ഭംഗിയായിരുന്നെടാ നിന്നെക്കാണാൻ… എല്ലാം നശിപ്പിച്ചില്ലേ??
യൗവനം അടക്കാനാകാത്ത ക്രോധത്തോടെ മേശമേൽ ആഞ്ഞടിച്ചു.
മേശമേലിരുന്ന മിക്സ്ചർ പാത്രം വായുവിലുയർന്ന് മിക്സ്ചർ മേശമേൽ വീണു ചിതറിച്ച് ഉരുണ്ട് താഴെ വീണു.

യൗവനം ഭ്രാന്തമായ അവസ്ഥയിലാണ് എന്തൊക്കെയോ പിറുപിറുക്കുകയും കൈകൾ കൂട്ടിത്തിരുമ്മുകയും ചെയ്യുന്നുണ്ട്.
ദേവരാജനെ ഭയം കീഴടക്കിത്തുടങ്ങിയിരുന്നു.
കാലുകൾ മരവിച്ച പോയത് പോലെ അയാൾക്ക് തോന്നി ഇരുന്നിടത്ത് നിന്നും അനങ്ങാൻ പറ്റുന്നില്ല ഇല്ലെങ്കിൽ എഴുന്നേറ്റ് പുറത്തേക്ക് ഓടുകയെങ്കിലും ചെയ്യാമായിരുന്നു.
ചുറ്റുമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ ഒച്ചയെടുക്കാൻ ശ്രമിച്ചിട്ട് ശബ്ദം തൊണ്ടയിൽ നിന്നും പുറത്ത് വരുന്നുമില്ല.
യൗവനം ഒരുപക്ഷേ ഇനിയും തന്നെ അക്രമിച്ചേക്കാമെന്ന് ദേവരാജൻ വല്ലാതെ ഭയപ്പെട്ടു.
“എന്നെ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു??”
തലകുനിച്ചിരുന്ന് എന്തോ പിറുപിറുത്തു കൊണ്ടിരുന്ന യൗവനത്തെ തൊടാൻ ശ്രമിച്ചുകൊണ്ട് അയാൾ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു.
യൗവനം പതുക്കെ തലയുയർത്തി പറഞ്ഞു.
“കൊല്ലാൻ പോകുന്നു.”
ദേവരാജൻ ഞെട്ടലോടെ കൈ പുറകോട്ടു വലിച്ചു.
‘അതിനെന്നെക്കാൾ യോഗ്യൻ മറ്റൊരാളാണ്.
അയാളിപ്പോൾ ഇവിടെയെത്തും.’
പറഞ്ഞു തീർന്നതും ഉള്ളിലേക്ക് ചിതറി വീണുകൊണ്ടിരുന്ന വെളിച്ചത്തെ മുറിച്ചുകൊണ്ട് വാതിൽക്കൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു.

വാതിൽ കടന്നുവന്ന രൂപത്തെക്കണ്ട് ദേവരാജൻ വീണ്ടും ഞെട്ടി അതും താൻ തന്നെയാണ് പക്ഷേ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.
വളരെയധികം ബുദ്ധിമുട്ടി വേച്ചു വേച്ചാണ് അയാൾ നടന്നു കൊണ്ടിരുന്നത്. തൊലിയൊക്കെ ചുക്കിചുളിഞ്ഞിരിക്കുന്നു.
കയ്യിലൊരു ഗ്ളൂക്കോസ് കുപ്പി ഉള്ളത് ഉയർത്തി പിടിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിലയാളെ കണ്ടാൽ ആശുപത്രിക്കിടക്കയിൽ നിന്നെഴുന്നേറ്റ് വന്നതാണെന്നേ തോന്നൂ.
അയാൾ പതുക്കെ നടന്ന് അടുത്തെത്തി
യൗവനം അയാളെ ദേവരാജനെതിരെയുള്ള കസേരയിലിരിക്കാൻ സഹായിച്ചു.

എന്നെ മനസ്സിലായോ നിങ്ങൾക്ക്? അയാൾ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ തുടർന്നു
“ഞാൻ നിങ്ങളുടെ വർദ്ധക്യമാണ്.”
കഴുത്തിലൊരു ദ്വാരമിട്ടിരുന്നത്
വിരൽ കൊണ്ട് അടച്ചു പിടിച്ചാണ് അയാൾ സംസാരിച്ചു കൊണ്ടിരുന്നതെന്ന് ദേവരാജൻ ഞെട്ടലോടെ ശ്രദ്ധിച്ചു.
എന്താ നോക്കുന്നത് എന്റെ കഴുത്തിലെ ദ്വാരമാണോ?
ഇതും നിന്റെ സംഭാവനയാണ്.
ശ്വാസകോശാർബുദം…..
എങ്ങനെയാണിത് വന്നതെന്ന് ഞാൻ വിശദീകരിച്ചു തരേണ്ടല്ലോ അല്ലേ??
ദേവരാജന് തന്റെ തലയാകെ കറങ്ങുന്നതായി തോന്നി.
താനൊരു അർബുദ രോഗിയാകുമെന്നോ?
അതിനേക്കാൾ അയാളെ തളർത്തിക്കളഞ്ഞത് വാർദ്ധക്യത്തിന്റെ രൂപമായിരുന്നു. ഇങ്ങനെയൊരു അവസ്ഥയിലാകുന്നതിനെപ്പറ്റി ചിന്തിക്കാനേ വയ്യ.
പക്ഷേ വാർധക്യത്തിൽ കിടപ്പിലാകുമെന്ന് കരുതി ആരോഗ്യമുള്ള കാലം ആഘോഷിക്കാതെ വിടുന്നതിലെന്ത് കാര്യം?
പക്ഷേ…..
കഴുത്തിലൊരു ദ്വാരവുമിട്ടെങ്ങനെ??
ഹോ ഓർക്കാനേ വയ്യ
ഈ അവസ്ഥയിലായാൽ കയ്യിലിരിപ്പ് വച്ച് തന്നെ ആരും തിരിഞ്ഞു നോക്കുക കൂടി ഇല്ല
സർക്കാർ ജോലിക്കാരനെന്ന ഹുങ്കിൽ എല്ലാവരെയും അത്രയുമധികം വെറുപ്പിച്ച് വച്ചിട്ടുമുണ്ട്. ദേവരാജന്റെ മനസ്സിൽ ന്യായങ്ങളുടെയും അന്യായങ്ങളുടെയും വടംവലി മത്സരം നടന്നു കൊണ്ടിരുന്നു.
ദേവരാജാ……
യൗവനമാണ്
എന്റെ ആറ്റുകാലമ്മേ ഇയാളിനി എന്താണാവോ ചെയ്യാൻ പോകുന്നത്?
നേരത്തെ അടിച്ച അടിയിൽ അണപ്പല്ലിളകിയോ എന്ന് സംശയമുണ്ട്.
ദേവരാജൻ ഭീതിയോടെ കവിൾ തടവി.
എങ്കിൽ നമുക്ക് പോകാം?
പോകാനോ എങ്ങോട്ട്?
അതൊക്കെ പറഞ്ഞു തരാമെന്നേ…
യൗവനം കസേരയിൽ നിന്നെഴുന്നേറ്റ് ദേവരാജന്റെ തോളിൽ കൈവച്ചു.
എന്നെ വെറുതെ വിട്ടുകൂടെ എനിക്കെന്റെ മക്കളെ കണ്ട് കൊതി തീർന്നില്ല. ദേവരാജൻ കൈരണ്ടും കൂപ്പി ചോദിച്ചു
അതിന്??
അതൊക്കെ നീ നേരത്തെ ഓർക്കേണ്ടതായിരുന്നു.
കണ്ടില്ലേ??
ഇദ്ദേഹത്തിന്റെ അവസ്ഥ?
ഇതിങ്ങനെ തുടരാൻ അനുവദിക്കാനാകില്ല.
അതിന് നിന്നെ കൊണ്ട് പോയേ പറ്റൂ.
എന്നെ കൊണ്ടുപോയിട്ട് എന്ത് ചെയ്യാനാണ്?
അല്ലെങ്കിലും ഞങ്ങളൊന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല.
പുറത്തൊരാൾ നമ്മളെ പ്രതീക്ഷിച്ചു നിൽപ്പുണ്ട്. നിന്നെ അയാളുടെ കൈകളിലേൽപ്പിച്ച് ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകും.
ദൈവമേ ഇനിയുമുണ്ടോ ആൾക്കാർ??
ആരാ അത്?
ദേവരാജൻ കരച്ചിലിന്റെ വക്കെത്തിയിരുന്നു.

മരണം!!!
അത് പറഞ്ഞപ്പോൾ യൗവനത്തിന്റെ കണ്ണുകൾ തിളങ്ങി.
ദേവരാജൻ യൗവനത്തിന്റെ കാലിൽ വീണു കരഞ്ഞു. യൗവനം അയാളുടെ കോളറിൽ കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ച് വലിച്ചുലച്ച് പുറത്തേക്ക് നടന്നു. പിറകിൽ വിറയ്ക്കുന്ന കാലുകളിൽ തന്റെ ശരീരത്തെ താങ്ങി വാർദ്ധക്യവും. ചെറുത്തുനില്പുകളിലോരോന്നിലും ദേവരാജന്റെ കവിളുകളിൽ തുരുതുരാ അടികൾ വീണു കൊണ്ടിരുന്നു. വാതിൽക്കലെത്തിയതും യൗവനം അയാളെ പുറത്തേക്ക് ആഞ്ഞൊരു തള്ള് കൊടുത്തു.

സീറ്റിൽ ചാഞ്ഞു കിടന്നുറങ്ങുകയായിരുന്ന ദേവരാജൻ പെട്ടെന്ന് ഞെട്ടി ഉണർന്നു. പരിഭ്രാന്തിയോടെ ചുറ്റും നോക്കി.
അല്പനേരത്തേക്ക് താനെവിടെയാണെന്ന് അയാൾക്കോർത്തെടുക്കാൻ കഴിഞ്ഞില്ല.
ഹോ എന്തൊരു സ്വപ്നമാണത്?
മുൻപിലെ മേശയിൽ സ്റ്റീൽപാത്രത്തിൽ ജീരകത്തിനടിയിൽ ബിൽ പറക്കുന്നു.
കൂട്ടത്തിലുണ്ടായിരുന്ന ടിഷ്യു പേപ്പറുകളിലൊന്നെടുത്ത് അയാൾ മുഖത്തെ വിയർപ്പു തുടച്ചു.
പേഴ്സിൽ നിന്നും നോട്ടെടുത്ത് ബില്ലിന് മുകളിലിട്ട് ബാഗുമെടുത്ത് അയാൾ ധൃതിയിൽ പുറത്തേക്ക് നടന്നു. മേശയിൽ നിന്നുരുണ്ട്‌ വീണ് കമിഴ്ന്നു കിടന്നിരുന്ന മിക്സ്ചർ പാത്രം കാലിൽ തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് ദൂരേക്ക് തെറിച്ചു.

സാറേ….. ഗോപി സാറേ…
വെയിറ്റർ വേണുവിന്റെ പരിഭ്രമിച്ച ശബ്ദം കേട്ടാണ് ബാർ മാനേജർ ഗോപി ബാറിനകത്ത് തന്നെയുള്ള ഓഫീസിൽ നിന്ന് പുറത്തേക്ക് വന്നത്.
എന്താ വേണു?
നമ്മുടെ ദേവരാജൻ സാറിന്റെ ബില്ലുമായി ചെന്നതാ ഞാൻ,
പുള്ളിയെ വിളിച്ചിട്ടൊരനക്കവുമില്ല, തീർന്നെന്നാ തോന്നുന്നേ..
ഗോപി ധൃതിയിൽ അങ്ങോട്ട്‌ നടന്നു.
ദേവരാജന് ചുറ്റും ബാർ ജീവനക്കാരും ഇനിയും ബോധം നശിച്ചിട്ടില്ലാത്ത ചിലരും കൂടി നിന്നിരുന്നു. മുൻപിലെ മേശയിൽ ചിതറിക്കിടന്നിരുന്ന മിക്സ്ചറിൽ മുഖമമർത്തിയ നിലയിലാണ് ദേവരാജൻ കിടന്നിരുന്നത്. ഗോപി അയാളുടെ കൈത്തണ്ട പിടിച്ചു നോക്കി മരണം ഉറപ്പ് വരുത്തി;
തിരിഞ്ഞ് വേണുവിനോടായി പറഞ്ഞു
വേണു, ഇതേതാണ്ട് പണിയായ മട്ടാ
നീ വേഗം സ്റ്റേഷനിൽ വിളിച്ചു പറ.

ഒരു സൈറൺ ശബ്ദം കേട്ടാണ് ദേവരാജൻ ഞെട്ടിയുണർന്നത്. ഒരു നിമിഷത്തേക്ക് അയാൾ കരുതിയത്, തന്റെ മൃതശരീരം കൊണ്ടുപോകാൻ വന്ന ആംബുലൻസിന്റെ ശബ്ദമാണതെന്നാണ്. താനിതിവിടെയാണ്?
മുകളിൽ കറ കറ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് കറങ്ങുന്ന ഫാൻ മാത്രം. അതെ വീട്ടിലാണ്… ഇതെങ്ങനെ വീട്ടിലെത്തി??
അപ്പോൾ ഇത് വരെ കണ്ടതൊക്കെ സ്വപ്നമായിരുന്നോ??

അച്ഛൻ ഉണർന്നോ?
ഇതെന്തൊരുറക്കാ ബോധം കേട്ടപോലെ?
നേരം ഉച്ചയായതറിഞ്ഞില്ലേ?
ഇന്ന് സൺഡേ ആയതോണ്ടാ?
അയാളുടെ പൂച്ചക്കണ്ണികൾ ഇരുവരും മുൻപിൽ നിന്നു ചിരിച്ചു.
അതിന് നിങ്ങളുടെ അച്ഛന് എപ്പോഴാ മക്കളേ ബോധമുണ്ടായിട്ടുള്ളത്??
മുറിയിലേക്ക് കടന്നു വന്ന ഭാര്യ മൂലയിലിരുന്ന ചെറിയ കുട്ടയിൽ നിന്നും അലക്കാനുള്ള തുണികളെടുത്ത് അയാളെ ഇരുത്തിയൊന്ന് നോക്കി പുറത്തേക്ക്‌ പോയി.
ദേവരാജൻ എഴുന്നേറ്റ് പതുക്കെ ബാത്റൂമിലേക്ക് നടന്നു. നിങ്ങളീ നശിച്ച കുടിയോ നിർത്തില്ല ഷർട്ടിൽ മദ്യമൊഴിച്ച് എന്നെ ബുദ്ധിമുട്ടിക്കാതിരുന്നൂടെ??
പുറത്ത് തുണി കഴുകിക്കൊണ്ടിരുന്ന ഭാര്യ ഒച്ചയിട്ടു.
തലക്ക് വല്ലാത്ത ഭാരം പോലെ, വായിൽ മദ്യത്തിന്റെ ചുവയെടുക്കുന്നുണ്ട്. സ്വപ്നമായിരുന്നെങ്കിലും വൈരൂപ്യം വല്ലാതെ തളർത്തിക്കളഞ്ഞിരുന്നത് കൊണ്ട് അയാൾ ഷേവ് ചെയ്യാൻ തന്നെ തീരുമാനിച്ചു.
കണ്ണാടിക്ക് മുൻപിൽ ചെന്ന് ഷേവിങ് സെറ്റും ക്രീമും എടുത്തു വച്ച്
അങ്ങനെ കണ്ണാടിയിൽ നോക്കി നിൽക്കെയാണ് അയാൾ അത് ശ്രദ്ധിച്ചത്…..
കവിളിൽ വിരൽപ്പാടുകൾ തിണർത്തു കിടക്കുന്നു.

 

കതിരവൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!