മെഹ്ഫിൽ…

കഷ്ടിച്ച് ഒരാൾക്ക് കയറിപോകാവുന്ന കുത്തനെയുള്ള ഇടുങ്ങിയ ഏണിപ്പടികൾ…

തീരെ വൃത്തിയില്ലാത്ത കോഴിക്കോടിന്റെ ആ തെരുവിൽ പാതിരാത്രി ചെന്നുകയറിയതിന് മനസ്സിൽ ഉണ്ടായ ഈർഷ്യ ചെറുതൊന്നുമായിരുന്നില്ല… അവിടേയ്ക്ക് കൂട്ടികൊണ്ട് പോയ ഉണ്ണി. R നെ മനസ്സിൽ ഒന്നുരണ്ട് തെറിയും പറഞ്ഞു… തെരുവിലെ പൊളിഞ്ഞു വീഴാറായ രണ്ടുനില പീടികയുടെ മുകളിലത്തെ നിലയിൽ നിന്ന് ഒരു കുഞ്ഞു ജാലകത്തിലൂടെ വീഴുന്ന മഞ്ഞിച്ച പ്രകാശം ഒപ്പം ചിലമ്പിച്ചസ്വരത്തിൽ പാടിത്തിമിർക്കുന്ന കോഴിക്കോടിന്റെ, ബാബുരാജിന്റെ മനോഹരസംഗീതം…

https://www.youtube.com/watch?v=5C12uyoHc8A

 

പടികൾകയറി മുകളിൽ എത്തി. ഒരു ഇടുങ്ങിയ മുറിയിൽ നിറഞ്ഞു ആൾക്കാർ…
പലരുടെയും മുഖങ്ങൾ പോലും വ്യക്തമല്ല. മുറിമുഴുവൻ മദ്യത്തിന്റെ രൂക്ഷഗന്ധവും ബീഡിപ്പുകയും കൊണ്ട് നിറഞ്ഞിരുന്നു…

ഒരു ചെറിയ ബൾബ് കത്തുന്ന അരണ്ട പ്രകാശം മാത്രം;പകുതിയിൽ കൂടുതൽ ഇരുട്ടും…

മൂലയിൽ ഇരുന്ന് ഒരാൾ പാടുന്നു…
” ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ…”

 

പാട്ടുകാരന്റെ ഇടതും വലതുമായി രണ്ടുപേർ ഇരുന്ന് ഹാർമോണിയവും, തബലയും വായിക്കുന്നു….തബല വായനക്കാരന്റെ മുഖം മനസ്സിൽ ഒരു മിന്നായംപോലെ വന്നു.

ഹരി…
ജോൺ എബ്രഹാമിന്റെ “അമ്മഅറിയാൻ” എന്ന ചിത്രത്തിലെ നായകൻ….

രാവിലെ മുതൽ വണ്ടിവലിച്ചും റിക്ഷ ഓടിച്ചും, ചുമട്‌ എടുത്തും നടു തളർന്നവർ.. അവർ ഒന്നിച്ചുകൂടി ആഘോഷിക്കുകയാണ്.. അവരുടെ, കോഴിക്കോടിന്റെ മനസ്സും, ജീവനുമായ ബാബുക്കായുടെ മനോഹര ഗാനങ്ങൾ ആലപിച്ചും, ആസ്വദിച്ചും… ആ പാട്ടുകൾ അപ്പോൾ തോന്നുന്ന രീതിയിൽ… വലിച്ചുനീട്ടിയും കുറുക്കിയും.. പാട്ടിന്റെ ഭംഗി ഒട്ടുംചോരാതെ…

ഒരു പുഷ്‌പം മാത്രമല്ല ഒരു വസന്തം മുഴുവൻ ഇവിടെ ഈ ഭൂമിയിൽ തന്ന് മടങ്ങിപ്പോയ ബാബുക്കയുടെ ഈണങ്ങൾ,
അവരുടെ ശ്വാസത്തിൽ പോലും ഉണ്ട്…

ആ രാത്രി തീരുന്നതുവരെ അവരോടൊപ്പം, ആ ഗാനങ്ങളിൽ മുഴുകാൻ ഭാഗ്യം കിട്ടി…

മാറി മാറി പാടുന്ന ഗായകർ…

ആ ഗാനങ്ങൾക്ക് ഒപ്പംപാടിയും മനസ്സുകൊണ്ട് ലയിച്ചും ശ്രോതാക്കൾ ..

ഇതാ മറ്റൊരു ലോകം…
അരണ്ടവെളിച്ചത്തിലെ അത്ഭുതലോകം.

പ്രദീപ്‌. ജി

Leave a Reply

Your email address will not be published.

error: Content is protected !!