യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..

ഒരു നാടിന്റെ വികസനത്തിന് ഏറ്റവുമാവശ്യമെന്നു തോന്നിയിട്ടുള്ള രണ്ടുകാര്യങ്ങളാണ് വെളിച്ചവും ഗതാഗതസൗകര്യവും. ഇത് രണ്ടുമില്ലാതാവുമ്പോൾ ഇരുളിലായിപ്പോകുന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, അവിടെ ജീവിക്കുന്ന, വളർന്നുവരുന്ന തലമുറയുൾപ്പെടെയുള്ള ഒരു സമൂഹം മൊത്തമാണ്, അവരുടെ അവകാശമാണ് സഞ്ചാരയോഗ്യമായൊരു വഴിയും ഇരുളകറ്റാനുള്ള വൈദ്യുതിയും. ഇത് രണ്ടും അപ്രാപ്യമായിരുന്നൊരു കാലഘട്ടത്തിൽ ആ ഇടത്തു ജീവിച്ചതുകൊണ്ട് അവരുടെ ആവശ്യങ്ങൾ എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് ഉത്തമബോധ്യമുണ്ട്. ഇന്നും അത്തരം പ്രദേശങ്ങളോ എന്ന് അത്ഭുതം കൂറുന്നവരോട്, അവിടെയിപ്പോൾ എല്ലാമുണ്ട്. സഞ്ചാരയോഗ്യമായത് എന്നുമാത്രമല്ല ഒരുപക്ഷെ ഏതൊരു സംസ്ഥാന പാതയോടും കിടപിടിക്കുന്ന തരമൊരു റോഡും വൈദ്യുതിയും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആധുനികസംവിധാനങ്ങളും എല്ലാമുണ്ട്. പണ്ട് ഒന്നോ രണ്ടോ ട്രിപ്പുകൾ മാത്രം വന്നിരുന്ന ആനവണ്ടി, ചെറിയ മഴച്ചാറ്റലിൽപ്പോലും പുതഞ്ഞുപോകുമായിരുന്ന ചെമ്മൺറോഡും അത് തള്ളിക്കയറ്റാൻ കുഞ്ഞുകുട്ടിവ്യത്യാസമില്ലാതെ ഓടിക്കൂടുന്ന തദ്ദേശവാസികളുമൊക്കെ ഇപ്പോഴോർമ്മമാത്രം. ഇന്നത്തെ വിഷയമതല്ല. അവിടെ ഇപ്പോൾ കെ.എസ്.ആർ.റ്റി. സി ബസ് സർവീസുകൾ നേരിടുന്ന ഒരു പ്രശ്നമാണ് സമാന്തരസർവീസുകളുടെ ആധിക്യം. അതുമൂലം ബസ് സർവീസുകൾ നഷ്ടത്തിലോടുന്ന സാഹചര്യത്തിലാണ് തദ്ദേശവാസികൾ ചേർന്നൊരു വാട്സ്ആപ് കൂട്ടായ്മക്ക് രൂപം കൊടുക്കുന്നത്. വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ, നാടിന്റെ ഉന്നമനം മാത്രം ലക്ഷ്യംവച്ചുള്ള അവരുടെ നിരന്തര പ്രവർത്തനങ്ങൾ ഒന്നുകൊണ്ടുമാത്രം ഇപ്പോഴും നഷ്ടത്തിലായിട്ടും ആ പ്രദേശങ്ങളിലൂടെ ആനവണ്ടികളോടുന്നു.

‘ആനവണ്ടി ഉയിർ’ എന്ന മുദ്രാവാക്യവുമായി ഒരു വാട്സ്ആപ് കൂട്ടായ്മ, ഒരസ്സോസിയേഷൻ. അതും നാടിനുപകാരപ്രദമായ ഒരാവശ്യവുമായി, അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നു. ഭാരവാഹികൾ അയച്ചുതന്ന കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു.

ആനവണ്ടിയുടെ ചരമഗീതം..
മലയാള മനസിന്റെ അഭിമാനവും നമ്മുടെ സിരകളുടെ ജീവവായുവുമായ KSRTC എന്ന പൊതുമേഖല സ്ഥാപനം നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി . മാറി മാറി വരുന്ന സർക്കാരുകളും മാനേജ്മെന്റുകളും പണിതു പണിത് ജീവ ശ്വാസംപോലും കിട്ടാത്ത നിലയിലേയ്ക്ക് അധഃപതിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിലെ ഏതൊരു സർക്കാർ സ്ഥാപനത്തിലെയും പോലെ യൂണിയനുകളുടെ കടുംപിടുത്തം KSRTC യുടെ അധഃപധനത്തിന് ആക്കംകൂട്ടുകയാണ്.
മാറി മാറി വരുന്ന മാനേജുമെന്റുകളും യൂണിയനുകളും കൊണ്ടുവരുന്നു പല പദ്ധതികളും കടലാസിൽ മാത്രമായി ഒതുങ്ങി. ആത്യന്തികമായി ജനോപകരപ്രദമായ സർവീസുകൾ നടത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനു പകരം മറ്റു പല വികസനങ്ങളിലുമാണ് KSRTC മാനേജുമെന്റിനു താല്പര്യം. ജനങ്ങളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ആനവണ്ടിയെ ജനങ്ങളിലേയ്ക്ക് ആകർഷിപ്പിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും KSRTC മാനേജുമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
കോവിഡ് 19നു ശേഷം തിരുവനന്തപുരം നഗരത്തിൽ മാത്രം ആയിരക്കണക്കിന് സാമാന്തര സർവീസുകളും ടൂറിസ്റ്റ് ബസുകളും സെക്രട്ടേറിയേറ്റ് പോലുള്ള സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് ദൈനംദിന സർവീസ് നടത്തുന്നത് നമ്മുടെ സർക്കാരിന്റെ മൂക്കിന് താഴെക്കൂടിയാണ്. ഈ സാമാന്തര സർവീസുകളെ നിർത്തലാക്കുവാനുള്ള യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നോ KSRTC മാനേജുമെന്റ് ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം. ആനവണ്ടിയെ സ്നേഹിക്കുന്ന ആയിരക്കണക്കിനാളുകളുള്ള നാട്ടിലാണ് ഈ വിരോധാഭാസം.
ഈ സമാന്തര സർവീസുകളെ നിലയ്ക്ക് നിർത്തുന്നതിനുവേണ്ടി KSRTC MVD യുമായി ചേർന്ന് നടപ്പിലാക്കിയ സ്ക്വാഡ് സർവീസ്, കോവിഡിന് ശേഷം ഇതുവരെയും പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ല. ഇതെപ്പറ്റി ksrtc മാനേജുമെന്റിനോട് നിരന്തരം ആനവണ്ടിപ്രേമികൾ ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സർക്കാർ കണക്കനുസരിച്ചു ഒരു ദിവസം തിരുവനന്തപുരം ജില്ലയിൽ മാത്രം ഏതാണ്ട് നാല് ലക്ഷത്തോളം രൂപയാണ് സാമാന്തര സർവീസുകൾ അനധികൃതമായി കൈക്കലാക്കുന്നത്. ഏകദേശം പ്രതി മാസം ഒരു കോടിയോളം രൂപ തിരുവനന്തപുരം ജില്ലയിൽ മാത്രം നഷ്ട്ടം വന്നിട്ടും സ്വാകാഡ് പുനരാരം ഭിക്കുന്നതിൽ KSRTC മാനേജുമെന്റ് കണ്ണടച്ചു ഉറക്കം നടിക്കുകയാണ്. തിരുവനന്തപുരം ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ സമാന്തര സർവീസുകളുടെ അതിപ്രസരം മൂലം KSRTC യുടെ ദൈനംദിന വരുമാനത്തിൽ വൻ നഷ്ട്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം പലതവണ KSRTC മാനേജുമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. വെഞ്ഞാറമൂട്, പോത്തൻകോട്, കാരേറ്റു , വെമ്പായം, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ സാമന്തര സാമാന്തര സർവീസുകൾ അതിഭീകര അവസ്ഥയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ വരുമാനനഷ്ടത്തിനെതിരെ പ്രവർത്തിക്കാൻ KSRTC യുടെ മുൻനിര യൂണിയനുകൾ പോലും തയ്യാറല്ല. എന്നതാണ് നഗ്നസത്യം. ഈ സാമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു KSRTC യെ വരുമാനനഷ്ടത്തിൽനിന്ന് കരകയറ്റിയില്ല എന്നുണ്ടെങ്കിൽ സാധാരണക്കാരുടെ സ്വകാര്യഅഹങ്കാരമായ നമ്മുടെ സ്വന്തം ആനവണ്ടി നമുക്ക് എന്നെന്നേക്കുമായി നഷ്ടമാകും.
എന്ന്,
മേലാറ്റൂമൂഴി, വെള്ളുമണ്ണടി, വെഞ്ഞാറമൂട് പാസ്സഞ്ചർസ് അസോസിയേഷൻ &
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വാട്സ്ആപ്പ് കൂട്ടായ്മ

Leave a Reply

Your email address will not be published.

error: Content is protected !!