ദൂത്..

പ്രിയപ്പെട്ടവളെ..

നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ

ഞാൻ സന്ധ്യകളെക്കുറിച്ചോർക്കാറുണ്ട്,

അത്രയും മനോഹരമായി വേർപാടിനെ വരച്ചു വെച്ച മറ്റൊരിടം ഞാൻ കണ്ടിരുന്നില്ല..

അന്ന്,

കാത്തിരിപ്പിന്റെ ഓരോ നിമിഷത്തിലും

ആയിരം സൂചിമുനയിറക്കങ്ങളായെന്റെ നെഞ്ചിൽ കീറിയ മുറിവുകളെയെല്ലാം

ഞാനിപ്പോൾ അഗാധമായി പ്രണയിക്കുന്നു..

പണ്ടെങ്ങോ കടം തന്ന സ്വപ്നങ്ങൾ മാത്രം നീയെന്നോട് തിരികെ ചോദിക്കാതിരിക്കുക..

ശ്വാസം മാത്രം സ്വന്തമായുള്ളവന്റെ പ്രത്യാശകളാണവ..

മടങ്ങുമ്പോൾ,

ഇനിയെനിക്കാലിംഗനങ്ങൾ നൽകാതിരിക്കുക..

പഴകിയുറഞ്ഞു പോയ ചുംബനങ്ങളുടെ

ആത്മാക്കൾ പേറുന്ന അധരങ്ങളിൽ

എന്നേക്കും നീയൊരു ജപമന്ത്രമായിരിക്കട്ടെ..

 കയേത ദൂതൻ 

Leave a Reply

Your email address will not be published.

error: Content is protected !!