വാക്കനലാൽ എരിഞ്ഞവൾ

“ഞാൻ കണ്ടതിൽവച്ചേറ്റവും പൊരുത്തമുള്ള ജോഡിയാരെന്നറിയുമോ? നിന്റെ അച്ഛനും അമ്മയും! അങ്ങ് പരലോകത്തിലും അവരൊരുമിച്ചു ഉല്ലസിക്കുവാ!” ഒരു ബന്ധുവിന്റെ വാക്കുകൾ. ഭൂമിയുടെ രണ്ടറ്റത്തു രണ്ടായി തന്നെ ജീവിച്ചു മരിച്ചുപോയവരെക്കുറിച്ചാണ്. അസംബന്ധം. കേട്ടിട്ട് ഒന്നും തോന്നിയില്ല, ഒരു ഉറുമ്പു കടിച്ച വേദനപോലും. പിന്നീടാലോചിച്ചപ്പോൾ ചോദിക്കണമെന്ന് തോന്നി,
“ഹേ സ്ത്രീയെ നിനക്കെന്തറിയാം അവരുടെ ഇഹത്തിലെ ജീവിതത്തെക്കുറിച്ച്. ഒരുമ പോയിട്ട് അവരെത്തമ്മിൽ ഉപമിക്കപോലും ചെയ്യരുത്.”
ഉരിയാട്ടം കളഞ്ഞുപോയപോലെ അവരുടെ മുഖത്തു നോക്കി മിഴിച്ചു നിന്നു. അല്ലെങ്കിലും വാദങ്ങൾക്കുള്ള വേദിയല്ലത്‌, ഒരു മരണവീടാണ്.
പിന്നീട് വെറുതെയിരുന്നപ്പോൾ പഴയ പലതും മനസ്സിൽ വന്നു. കൗമാരത്തിന്റെ ചവിട്ടുപടിയിലേ ആയിട്ടുള്ളെങ്കിലും ശരീരംകൊണ്ടു മുതിർന്നിരുന്ന ഒരു മകളുള്ളപ്പോൾ വെറും മുപ്പത്തഞ്ചിൽമാത്രമെത്തിയ സ്വന്തം ഭാര്യയേയും കുട്ടികളെയും തെരുവിലേക്കെറിഞ്ഞു പുതുജീവിതം തേടിപ്പോയതായിരുന്നു എന്റെ അച്ഛൻ. ഉടുതുണിക്ക് മറുതുണിപോലുമെടുക്കാതെ, അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി, മൂന്നുമക്കളുടെ കൈയും പിടിച്ച്‌ ജീവിതത്തിലേക്കിറങ്ങിയവരാണ് എന്റെ അമ്മ. ഇവർ തമ്മിലെന്ത് പൊരുത്തമാണ് സ്ത്രീയെ നീ കണ്ടത്.
അതിനുമെത്രയോ മുൻപ് എല്ലാരുമുണ്ടായിരുന്ന സമയത്ത്, വെറും പത്തുവയസ്സിൽ വിജയിക്കാതെ പോയൊരു പീഡനത്തിന്റെ ഇരയായവളാണ് ഞാനെന്നു നിങ്ങളറിഞ്ഞോ? അതെന്നിൽ ഉണ്ടാക്കിയ അരക്ഷിതത്വവും അപമാനവും പിന്നെ ഇന്നുമെന്നെ പിന്തുടരുന്ന അപകർഷതാബോധവും അറിയുന്നുവോ? അന്നൊരു ടോർച്ചു വെളിച്ചത്തിനു എന്നെ രക്ഷിക്കാനായത് എന്റെ അമ്മേടെ നേരെന്നു പറയാൻ നിങ്ങളുണ്ടായിരുന്നോ എന്നറിയില്ല, അന്നത്തെ കുടുംബസദസ്സ് അങ്ങനെയാണ് പറഞ്ഞത്.
പിന്നെയെന്നും അച്ഛനില്ലാത്ത കുഞ്ഞുമക്കൾക്ക് അന്നം കണ്ടെത്തുന്ന തിരക്കിലും പെണ്ണായിപിറന്നവളുടെ സുരക്ഷിതത്വത്തിൽ ഉള്ളുവെന്ത് ഉഴറിനടന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. കോളേജിൽ ചേർന്ന സമയം ദിവസവും നടന്നു താണ്ടേണ്ടേന്ന ദൂരം മണിക്കൂറുകളായപ്പോൾ നെഞ്ചിടിപ്പോടെ മകളെ കാത്തിരിക്കുന്നൊരമ്മയുണ്ടായിരുന്നു. സന്ധ്യ കനക്കുന്ന നേരത്ത് ആളില്ലാ വഴിയിലൂടെ മകളൊറ്റയ്ക്കു വരരുതെന്ന് കരുതി പാതിദൂരം വന്ന് കാത്തുനിൽക്കൊന്നരമ്മ! എന്നിട്ടും ഞാൻ ഭയപ്പെട്ടുകൊണ്ടേയിരുന്നു, കുറ്റിക്കാട്ടിൽ നിന്നും ആളൊഴിഞ്ഞ ആറ്റിൻകരയിൽ നിന്നുമൊക്കെ കരിയില ഞെരിച്ചു പതുങ്ങിവരുന്നൊരു കനത്ത കാലടി ശബ്ദത്തെ, പേടിയോടെ കാതു കൂർപ്പിച്ചിരുന്നു. നടക്കാൻ പേടിയായിരുന്നതുകൊണ്ടു ഓടിയായിരുന്നു വഴിതാണ്ടിയിരുന്നത്. ഭയപ്പാടുകൾ പറഞ്ഞറിയിക്കാനാരുമുണ്ടായിരുന്നില്ല. നിസ്സഹായയായ അമ്മയെ കൂടുതൽ വേദനിപ്പിക്കാനാവാതെ മനസ്സിലടക്കിയ നൊമ്പരം ഒരിക്കൽ കൂട്ടുകാരിയുമായി പങ്കുവച്ചു. അന്നുമുതൽ അവളെന്റെ രക്ഷകയായി. പിന്നീടെന്നും ധൈര്യമായിരിക്കാൻ ഒരു കൂട്ടുകിട്ടി.
പിന്നെ പലനാടുകൾ തെണ്ടി നടന്നുള്ള ജീവിതവഴികളിൽ എന്നെ തേടിവരുന്ന, വന്നാലോ എന്നമ്മ ഭയക്കുന്ന വൃത്തികെട്ട കൈകളെ അമ്മയ്ക്കെന്നും പേടിയായിരുന്നു. തന്റൊപ്പം വളർന്ന മക്കളെ ചേർത്തുപിടിച്ചു തളർന്നു, ഞാൻ ഇല്ലാതാവുന്നതിലല്ല, എന്റെ കുഞ്ഞുങ്ങൾ ഒറ്റയ്ക്കാവുമല്ലോ എന്ന് മരണത്തോട് കാര്യമായിത്തന്നെ കളിപറഞ്ഞ എന്റെ അമ്മയെയാണ് നിങ്ങൾ, നാലു മനുഷ്യജീവനെ തീയിലെറിഞ്ഞ, ഞങ്ങൾക്ക് ‘ഹോമാഗ്നി’ തീർത്ത എന്റെ അച്ഛനോട് കൂട്ടിക്കെട്ടുന്നത്. അവിടെ ഞാൻ നിങ്ങളോടു പിണങ്ങുന്നു. കഠിനമായി വെറുത്തുകൊണ്ടുതന്നെ പിണങ്ങുന്നു. ഒരേ രോഗം വന്നു ഒന്നിച്ചുമരിച്ചുപോയെന്നു നിങ്ങൾ പറയുന്ന ദമ്പതിമാരായിരുന്നവരുടെ ഐക്യത്തെ പുശ്ചിച്ചു തള്ളുന്നു. സ്വർഗ്ഗത്തിലവർ ഒരുമിച്ചായിരിക്കുമെന്നു പറയുന്ന നാവ് ഇനി എന്റെ നേരെ പൊന്തരുതെന്നാശിക്കുന്നു. അസത്യങ്ങൾക്ക് അല്പപ്രാണനെന്ന് ഉറപ്പിക്കുന്നു. പരത്തേക്കാളും ഇഹത്തിൽ വിശ്വസിക്കുന്നു.. കണ്ണീരോടെ ഞാനെന്റെ അമ്മയെ ഓർക്കുന്നു, അമ്മയെമാത്രം…

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!