വെറുതെയാണീ മഴ

വെറുതെ ,
വെറുതെയാണീ മഴ
കനലൂട്ടി ഹൃദയത്തെ ചുട്ടെരിയ്ക്കുമ്പോഴും
പെയ്യുകയാണെന്ന് ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു

ജനനത്തിനും മരണത്തിനുമിടയിലുള്ള കാലത്തെ
വെറുതെ
നാം വെറുതെ ജീവിതമെന്നു വിളിക്കുക

മായുന്ന അക്ഷരങ്ങൾക്കും
പൂർണ്ണ വിരാമത്തിനും ഇടയിലുള്ള
അർത്ഥശൂന്യമായ മൗനത്തെ
വെറുതെ
നാം വെറുതെ സ്നേഹമെന്നു വിളിക്കുക

സംഘർഷങ്ങളാൽ വികൃതമായ മുഖം
പൊട്ടിച്ചിരിയാൽ പൂഴ്ത്തിവെയ്ക്കുക
എന്നിട്ടാഘോഷമാണ് ജീവിതമെന്നു
വെറുതെ
നാം വെറുതെ കളവുപറയുക

കാഴ്ചശക്തി മാത്രമുള്ള അടക്കം ചെയ്ത ഒരു മൃതശരീരത്തെ
വെറുതെ
മനുഷ്യൻ എന്ന് വിളിക്കുക
അവയ്ക്കു മീതെ ജീവൻ നഷ്ടപെട്ട പൂക്കൾ കൊണ്ട് അലങ്കരിയ്ക്കുക
വെറുതെ
കണ്ണീർ പൊഴിച്ചു സംസ്കരിക്കുക
എന്നിട്ടു നാം വെറുതെ
വാതോരാതെ പ്രകീർത്തിക്കുക

കൊല്ലപ്പെട്ട മരങ്ങളുടെ ആത്മരോദനങ്ങളുള്ള
വെളുത്ത താളുകളിൽ പഴകിയ രക്തം കൊണ്ട് എഴുതുന്ന
വിറളിപിടിച്ച വരികളെ
വെറുതെ
നാം വെറുതെ കവിതയെന്നെങ്കിലും വിളിക്കുക

എന്നിട്ടു നോക്കുകുത്തികളെ പോലെ
ആൾക്കൂട്ടത്തെ വിളിച്ചിരുത്തി
അപ്പവും വീഞ്ഞും നൽകി സുവിശേഷം പ്രസംഗിക്കുക
കഴുത്തിൽ കുരുക്കിയ
കൊലക്കയറിൽ പിടയുന്ന പുസ്തകത്തെ വെറുതെ
നാം വെറുതെ പ്രകാശനം ചെയ്യുക

ഷാജി എൻ പുഷ്പാംഗദൻ

One thought on “വെറുതെയാണീ മഴ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!