സംഗീതമേ ജീവിതം

അനാദിയിൽ നിന്നും അനന്തതയിലേക്കുള്ള ഒഴുക്കിൽ, കൂട്ടായി സംഗീതത്തെ ചേർത്തുപിടിച്ച കലോപാസകയാണ് രേണുക അരുൺ . തിരക്കിട്ട ‘ടെക്കി’ ജീവിതത്തിനിടയിലും അറുന്നൂറോളം സംഗീതക്കച്ചേരികളുമായി രേണുക യാത്ര തുടരുകയാണ്. രേണുകയ്ക്ക് സംഗീതം ജീവിതോപാസനയും ഉപാസന സംഗീതവുമാണ്. ശുദ്ധസംഗീതത്തിലൂടെയുള്ള രേണുകയുടെ തീർത്ഥയാത്ര മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു.

തികച്ചും വിരുദ്ധമായ രണ്ടു മേഖലകൾ, ഒന്ന് ഐ.ടി.യുമായി ബന്ധപ്പെട്ട പ്രൊഫഷൻ. മറ്റൊന്ന് രാഗതാള ലയങ്ങളുമായുള്ള സഞ്ചാരം. ഇതെങ്ങനെ യോജിച്ചു പോകുന്നു?

സംഗീതം ഉപജീവനത്തിന് ആയി തിരഞ്ഞെടുക്കുന്നില്ല എന്നൊരു തീരുമാനം സ്കൂൾ കാലഘട്ടത്തിൽ തന്നെ എടുത്തിരുന്നു . അകാഡെമിക്സിൽ എന്നും മികച്ചു നിന്നിരുന്ന എനിയ്ക്കു ഐ ടി ജോലി ഒരു സ്വപ്നം തന്നെ ആയിരുന്നു . നിരവധി യുവ കർണാടക സംഗീതജ്ഞർ ഐ ടീ പ്രൊഫഷണൽസായി ഉണ്ട്. മുൻ തലമുറയിലെ നിരവധി കർണാടക സംഗീതജ്ഞർ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരുമാണ്. എന്റെ അതേ ചിന്താഗതിയുള്ളവർ എനിയ്ക്കും മുന്നേയും ഒപ്പവും നടന്നുവെന്ന് കരുതാം. ജോലി, കുടുംബം, സംഗീതം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത് ബുദ്ധിമിട്ടു തന്നെ ആണ്. ലോകത്തിലെ മികച്ച ഐ ടീ കമ്പനികളിൽ ജോലി ചെയ്ത ആ അനുഭവങ്ങൾ സംഗീത ജീവിതത്തിലും പാലിയ്ക്കാൻ നോക്കുന്നു . ടൈം മാനെജ്മെന്റ് കർശനമായി പാലിയ്ക്കുന്നു . മുൻഗണനാ അടിസ്ഥാനത്തിൽ ആണ് എല്ലാ കർത്തവ്യവും നിർവഹിക്കുന്നത് . കച്ചേരി അല്ലെങ്കിൽ സിനിമ സംഗീതം അതുമല്ലെങ്കിൽ ഫ്യൂഷൻ മ്യൂസിക്ക്. പരിപാടികളുടെ എണ്ണം എന്നെ ബാധിക്കുന്നതേ ഇല്ല . എന്നെ സദാ ഓർമ്മപ്പെടുത്തുന്നത് ‘ക്വാളിറ്റി’യാണ്. ഞാൻ എഞ്ചീനയറിംഗ് ഫൈനൽ പരീക്ഷ സമയത്തും കച്ചേരി പാടിയിട്ടുണ്ട് . ജോലി സംഗീതത്തെയോ , അല്ലെങ്കിൽ സംഗീതം ജോലിയെയോ ഇത് രണ്ടും കുടുംബത്തെയോ ഒന്നും ബാധിക്കുന്നില്ല. കുടുംബം പിന്നെ ഒരു പിടി അടുത്ത സുഹൃത്തുക്കൾ – ഇവർ എന്റെ ‘സപ്പോർട് സിസ്റ്റം’ ആണ്. മുപ്പത് വർഷമായി സംഗീതം അഭ്യസിക്കുന്നു, സംഗീതവും ഞാനും ഒരുമിച്ചാണ്. ഐ ടീ ജോലിയിലെ അനുഭവങ്ങൾ , പ്രത്യേകിച്ചും ‘പ്രൊഫഷണലിസ’വും ‘ക്വാളിറ്റി പോളിസി’യും ഞാൻ സംഗീതത്തിന് ഉപയോഗിക്കുന്നു. സംഗീത ജീവിതത്തിലെ പല അനുഭവങ്ങളും ജോലിയെ സഹായിക്കുന്നു . എനിയ്ക്കു സ്റ്റേജ് ഭയം ഇല്ല, ഓഫീസിലെ പ്രെസന്റേഷമുകളിൽ ഒക്കെ എനിയ്ക്കു തിളങ്ങാനാകുന്നു .രണ്ടും പരസ്പര പൂരകങ്ങളാണെന്നാണ് എന്റെ വിശ്വാസം.

അറുന്നൂറോളം കച്ചേരികൾ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. കർണ്ണാടക സംഗീതത്തിന് വർത്തമാന സമൂഹത്തിലുള്ള സ്ഥാനംഎന്താണ് ?

കർണാടക സംഗീതത്തിന്റെ മൂല്യവും പ്രാധാന്യവും വിൽപ്പന വിലയും എല്ലാം ദിനം തോറും ഏറി വരുന്നതായിട്ടാണ് എന്റെ നിരീക്ഷണം . ആഴമേറിയ ഒരു സമ്പ്രാദായ പദ്ധതിയിൽ പടുത്തുയർത്തിയ കർണാടക സംഗീതം കാലങ്ങളോളം നിലനിൽക്കും . കർണാടക സംഗീതം അഭ്യസിയ്ക്കാൻ ഒരു വലിയ നിര കുട്ടികൾ ഇന്നുണ്ട് . കേരളത്തിൽ അത്യാവശ്യം വേദികളുമുണ്ട്. ‘കർണാടക സംഗീതത്തിന്റെ മക്ക’ ആയ ചെന്നൈയിൽ ഒക്കെ അതീവ ഗൗരവം ആയി അഭ്യാസനവും സംഗീതോത്സവങ്ങളും പുരസ്കാരവിതരണങ്ങളും ഒക്കെ നടക്കുന്നു .അന്തർദേശിയ മ്യൂസിക് ഫെസ്റ്റിവലിൽ ഒക്കെ കർണാടക സംഗീതജ്ഞർ നിറഞ്ഞ സദസ്സിൽ അവരുടെ സംഗീതം അവതരിപ്പിക്കുന്നു . പ്രസക്തി അനുദിനം വർദ്ധിയ്ക്കുകയാണ് എന്റെ കണ്ണിൽ.

കച്ചേരികൾക്കൊപ്പം ഫ്യൂഷനും ചെയ്യാറുണ്ടല്ലോ. കൂടുതൽ ജനകീയതയ്ക്ക് ഫ്യൂഷൻ അവസരം നൽകുന്നുണ്ടെങ്കിലും പരമ്പരാഗത സംഗീതധാരയ്ക്ക് വിരുദ്ധമാണിതെന്നു തോന്നുന്നുണ്ടോ?

ഒരു തരത്തിൽ പെട്ട സംഗീതവും മറ്റൊരു സംഗീത വിഭാഗവും ആയി കൈ കോർക്കുമ്പോൾ എന്തെങ്കിലും വൈരുധ്യം ഉണ്ടെന്നു ഞാൻ വിശ്വസിയ്ക്കുന്നില്ല. പക്ഷെ അതിനെ ഫ്യൂഷൻ എന്ന് തന്നെ വിളിക്കണം. അവിടെ നടക്കേണ്ടത് സംയോജനം തന്നെ ആകണം . സമ്പ്രദായ സംഗീത കച്ചേരി നടത്തുമ്പോൾ തനതായ രീതിയിൽ നടത്തണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് . ഞാൻ യൂറോപ്പിയൻ ബാൻഡ് ഒക്കെ ആയി ചേർന്ന് ഫ്യൂഷൻ നടത്തിയിട്ടുണ്ട് . ഞാൻ ആദ്യമായി പാടിയ തെലുങ്ക് സിനിമ ഗാനം കർണാടക കൃതിയെ ഫ്യൂഷൻ രൂപത്തിൽ മാറ്റിയതാണ് (ഗോപി സുന്ദർ സംഗീതം നിർവഹിച്ച ആ ഗാനം സിനിമയിൽ അനിവാര്യമാണ്). ഞാൻ കർണാടിക് കച്ചേരി നടത്തുമ്പോൾ എന്റെ ഗുരു പണ്ട് നിഷ്കർഷിച്ച പോലെ സമ്പ്രദായ രീതിയിലെ പാടുകയുള്ളൂ. ഫ്യൂഷൻ സംഗീത മേഖലയിൽ നിർണായകമായ സമന്വയങ്ങൾ പണ്ഡിറ്റ് രവി ശങ്കറിന്റെ ചെറുപ്പ കാലത്ത് ഒക്കെ നടന്നിരുന്നു, ഇന്നും തുടരുന്നു. ഇന്ത്യൻ സംഗീതത്തെ ആദരിയ്ക്കുന്ന പാശ്ചാത്യ സംഗീതജ്ഞർ ഇവിടുത്തെ സംഗീതജ്ഞരുമായി കൈ കോർക്കുന്നു, വൈരുധ്യം എനിയ്ക്ക് അനുഭവപ്പെടുന്നില്ല.

കൃഷ്ണാനദിയുടെ ഉത്സവമായ ‘കൃഷ്ണാപുഷ്ക്കരലു’ വിനുവേണ്ടി പാടിയതായി കേട്ടു. ഇതുമായി ബന്ധപ്പെട്ട ആന്ധ്രാ സർക്കാരിന്റെ ഔദ്യോഗിക ഗാനത്തിന് വേണ്ടിയും പാടിയല്ലോ?എങ്ങനെയുണ്ടായിരുന്നു ആ അനുഭവങ്ങൾ. പ്രത്യേകിച്ചും കർണ്ണാടക സംഗീതത്തിന്റെ തറവാടെന്നു വിശേഷിപ്പിക്കാവുന്ന ആന്ധ്രയ്ക്കുവേണ്ടി പാടുമ്പോൾ.

എന്റെ ആദ്യ തെലുഗു സിനിമ ഗാനം എന്റെ പ്രതീക്ഷകൾക്കൊക്കെ അപ്പുറത്തു ചെന്ന് നിന്ന് ഒരു മെഗാ ഹിറ്റ് ആയി. ‘എന്തരോ മഹാനുഭാവുലു’ എന്ന ഗാനം പാടിയ ഗായികയെ അന്വേഷിച്ചു വന്നത് തിരുപ്പതി ക്ഷേത്രം നിർമിക്കുന്ന ‘അന്നമാചാര്യ ഗാനങ്ങൾ’ ആലപിയ്ക്കുവാൻ ആയിരുന്നു. തിരുമല തിരുപ്പതി ക്ഷേത്രം അവരുടെ ഔദ്യോഗിക ടീവീ ചാനലിൽ അത് സംപ്രേക്ഷണം ചെയ്തിരുന്നു .അതിനു ശേഷമാണ് കൃഷ്ണാപുഷ്ക്കരലു ഉത്സവത്തിന്റെ ഔദ്യോഗിക ഗാനം ആലപിയ്ക്കാൻ ക്ഷണം ലഭിയ്ക്കുന്നത് .പന്ത്രണ്ട് വർഷം കൂടുമ്പോൾ മാത്രം ആഘോഷിയ്ക്കുന്ന ഒരു വല്യ ഉത്സവം .ലക്ഷക്കണക്കിന് ആളുകൾ ആണ് അവിടെ കൂട്ടുന്നത്. ഔദ്യോഗിക ഗാനം ആലപിച്ചതിന്റെ ഒപ്പം പുഷ്കരം നടക്കുന്ന പ്രധാന വേദിയായ വിജയവാഡ യിലെ കൃഷ്ണ സംഗമത്തിൽ എന്റെ കച്ചേരിയും അവർ സംഘടിപ്പിച്ചു . കച്ചേരി പാടാൻ ഞാൻ ചെല്ലുമ്പോൾ എന്റെ ഗാനം അവിടെ ഉച്ചഭാഷിണിയിലൂടെ കേൾക്കാം . ആന്ധ്ര സർക്കാരിന്റെ അതിഥി ആയിപ്പോയതും ലക്ഷ കണക്കിന് ആളുകളുടെ ഇടയിലൂടെ കടന്നു ചെന്ന് കച്ചേരി പാടിയതും ഒക്കെ എനിയ്ക്കു വളരെ അത്ഭുതകരമായ സന്തോഷങ്ങൾ ആണ്. ആന്ധ്രയ്ക്കു വേണ്ടി പാടുന്നത് ശുദ്ധ തെലുഗിൽ ആണല്ലോ, ഭാഷ തെല്ലും അറിയില്ലെങ്കിലും എന്റെ ഉച്ചാരണം വളരെ കണിശം ആണെന്ന് തെലുഗു പ്രൊഫസർമാർ വരെ പറഞ്ഞു . സംഗീതം പഠിപ്പിച്ച ഗുരുക്കന്മാരോട് നന്ദി. കർണാടക സംഗീതത്തിലെ പ്രമുഖ കൃതികൾ മിക്കതും തെലുഗു ആണല്ലോ, അത് നല്ല രീതിയിൽ അഭ്യസിപ്പിച്ചവർക്കാണ് നന്ദി പറയുന്നത്.

കഴിഞ്ഞ വർഷമാദ്യം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭലേ ഭലേ’ യിലെ രേണുകയുടെ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ‘എന്തരോ മഹാനു ഭാവുലു’വിന്റെ വിശേഷങ്ങളെന്തൊക്കെയാണ്?

സിനിമയിൽ പാടുവാൻ കഴിയും എന്ന് ഞാൻ കരുതിയിട്ടേയില്ല . 2015 ഏപ്രിൽ മാസം ഒരു അപകടം സംഭവിച്ചു കാലൊടിഞ്ഞു ആശുപത്രിയിൽ കിടക്കുമ്പോളാണ് ഗോപിസുന്ദർ എന്നെ വിളിക്കുന്നത്. ‘നിങ്ങൾ ഒന്ന് വന്നു പാടി നോക്കുന്നോ’ എന്ന് അദ്ദേഹം ചോദിച്ചു .എന്റെ പരിതാപകരമായ ആരോഗ്യ അവസ്ഥ ആയതു കൊണ്ട് വീട്ടിൽ എല്ലാവർക്കും ഭയാശങ്ക ആയിരുന്നു . ഗോപിസുന്ദർ ആ വർഷത്തെ ദേശീയ അവാർഡ് ലഭിച്ച കമ്പോസറും. ‘എനിക്ക് പോയെ പറ്റൂ’ എന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്റെ അച്ഛനും ഭർത്താവും പിടിച്ചുകൊണ്ടാണ് സ്റ്റുഡിയോയ്ക്കകത്തു കൊണ്ട് പോകുന്നത് . എനിയ്ക്ക് ശാരീരികമായി വളരെ ‘സ്ട്രെയിൻ’ അനുഭവപ്പെട്ടിരുന്നു , ഒരു മാസത്തോളം പാടാതെ കിടപ്പ് ആയതു കൊണ്ട് പാട്ടു ശരിയാകുമോ, സംഗീത സംവിധായകന്റെയും മറ്റുള്ളവരുടെയും സമയം മിനക്കെടുത്തുമോ എന്നൊക്കെ പലവിധ ചിന്തകൾ . എന്നാലും മൈക്കിന്റെ മുന്നിൽ എത്തുമ്പോൾ ഒരു ധൈര്യം എവിടുന്നോ വരും , റിസൾട്ടിനെ കുറിച്ച് ഞാൻ വ്യാകുലപ്പെടാറില്ല .ഞാൻ ആ പാട്ടു അവിടെ നിന്ന് പാടിയത്, ട്രാക് ആണെന്ന് കരുതിയിട്ടാണ് . എന്റെ ഏറ്റവും മികച്ചത് ഞാൻ പുറത്തെടുക്കാൻ നോക്കുന്നു ബാക്കി എന്റെ നിയന്ത്രണത്തിൽ അല്ല. ഇത് എന്റെ എപ്പോഴുമുള്ള വിശ്വാസം ആണ് . പാടുമ്പോൾ ഗോപിസുന്ദറിന്റെ ടീം എനിയ്ക്കു ഒരു പാട് സൗകര്യം ചെയ്തു തന്നു, നിൽക്കാനും ഇരിയ്ക്കാനും ഒന്നും പറ്റാത്ത അവസ്ഥ . പാട്ടു പാടി നാല് മാസം ഒന്നും അറിഞ്ഞില്ല, പിന്നെ എന്നെ വിളിച്ചു രണ്ട് സ്ഥലത്തു ലിറിക്സ് കറക്ഷന് വരാൻ പറഞ്ഞു . ‘ചേച്ചി സന്തോഷായോ , ചേച്ചിടെ വോയ്സ് തന്നെ ഫൈനൽ എന്ന്’ സൗണ്ട് എഞ്ചിനിയർ മിഥുൻ പറഞ്ഞപ്പോൾ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. പാട്ടു സൂപ്പർ ഹിറ്റായി, ആ സിനിമയും സൂപ്പർ ഹിറ്റായി. മികച്ച ഗായികയ്ക്ക് എനിയ്ക്ക് അവാർഡ് ലഭിച്ചു, എല്ലാം പുതിയ അനുഭവങ്ങൾ.

സംഗീതം കൂടാതെയുള്ള വ്യക്തിപരമായ ഇഷ്ടങ്ങൾ?

എല്ലാ തരത്തിൽ പെട്ട സംഗീതവും കേൾക്കും, പ്രധാന ഇഷ്ടം അതാണ് . വായിക്കാറുണ്ട്, വായന എന്നെ ഒരു പാട് സഹായിക്കുന്നുണ്ട് .കുറച്ചു കുട്ടികളെ പാട്ടു പഠിപ്പിക്കുന്നുണ്ട് . എന്റെ ഗുരുവിന്റെ അടുത്തു പാട്ടു പഠിയ്ക്കാൻ പോകാറുണ്ട് ഇപ്പോഴും (ഇരുപത്തേഴു കൊല്ലം ആയി ചന്ദ്രമന നാരായണൻ നമ്പൂതിരി ആണ് ഗുരു) പാചകം , അതിൽ തന്നെ ബേക്കിങ് ഒക്കെ ഇഷ്ടമാണ്. അടുത്ത സുഹൃത്തുക്കളോടൊപ്പം യാത്ര വളരെ ഇഷ്ടമാണ്.

അർഹമായ പരിഗണന മലയാള സിനിമാലോകത്തുനിന്നും കെട്ടിയിട്ടില്ല എന്ന പരാതിയുണ്ടോ?

അങ്ങനെ തോന്നിയിട്ടില്ല, പരിഗണന ലഭിയ്ക്കണമെങ്കിൽ സ്വന്തം സംഗീതം ബ്രാൻഡ് ചെയ്യാൻ ശ്രമിയ്ക്കണം. സംഗീത സംവിധായകരുമായി ‘നെറ്റ് വർക്ക്’ ചെയ്യാൻ ശ്രമിയ്ക്കണം . അതൊന്നും ചെയ്യാതെ പരിഗണന ലഭിച്ചില്ല എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല . ഞാൻ വിശ്വസിയ്ക്കുന്നത് നമുക്കുള്ളത് തനിയെ വന്നു ചേരുമെന്നു തന്നെയാണ്. സംഗീതം മെച്ചമാകാൻ പരിശ്രമിയ്ക്കുക , അതിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുക. ഞാൻ ഇന്നും തീവ്രമായി ആഗ്രഹിച്ചു തുടങ്ങിയിട്ടില്ല. അതെ സമയം ഒരു കർണാടിക് സംഗീതജ്ഞ എന്ന നിലയിൽ ഞാൻ പരിചയപ്പെട്ട, സിനിമയുമായി ബന്ധം ഉള്ളവർ ഒക്കെ എന്നോട് ആദരപൂർവം മാത്രമേ പെരുമാറിയിട്ടുള്ളൂ. കർണാടക സംഗീതത്തോടുള്ള ഒരു ബഹുമാനമാണ് അത്.

ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ടുകൾ എന്തൊക്കെയാണ് ?

ഞാൻ ആരാധിയ്ക്കുന്ന ചില സംഗീതജ്ഞർക്ക് എന്റേതായ ഒരു ‘ട്രിബ്യൂട്ട്’, അങ്ങനെ കുറച്ചു ഗാനങ്ങൾ സ്വതന്ത്രം ആയി റെക്കോഡ് ചെയ്യണം എന്നുണ്ട് .

സൗമ്യമായ പുഞ്ചിരിയും ആത്മാവലിയിക്കുന്ന സ്വരശുദ്ധിയുമാണ് രേണുകയുടെ കൈമുതൽ. ജീവിതം തന്നെ സംഗീതത്തിനായി മാറ്റിവച്ചിരിക്കുന്ന ഈ കലാകാരിയെ ഇനിയും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഒപ്പം അവരുടെ കഴവുകൾ ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്. സ്വാതിതിരുനാളിന്റെയും ഷഡ്കാല ഗോവിന്ദ മാരാരുടെയും മണ്ണിൽ, രേണുകയുടെ നാദലയം ഇനിയും അവിരാമം ഒഴുകട്ടെ.

അനീഷ് തകടിയിൽ

(ജനുവരി 26, 2017 ന്  അടയാളം ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.)

Leave a Reply

Your email address will not be published.

error: Content is protected !!