സത്താർ, പറയാൻ ബാക്കിവച്ചത്…..

കാലം കാത്തുവയ്ക്കുന്ന ചില മനുഷ്യരുണ്ട്. ഏതു വന്മരങ്ങൾ അടക്കിവാണാലും, ഏതു പ്രതിസന്ധികൾ തകർക്കാൻ ശ്രമിച്ചാലും അവർ തലയുയർത്തി നിൽക്കും. അവരുടെ സാന്നിധ്യം ആ കാലത്തിന്റെ അടയാളപ്പെടുത്തലാകും. പ്രേംനസീറും ജയനും സുകുമാരനും സോമനും നിറഞ്ഞാടിയിരുന്ന 1970കളിൽ വെള്ളിത്തിരയിലെ മായികലോകത്തേയ്ക്ക് പുതിയൊരു നടനെത്തി. സത്താർ.
ആ കാലത്ത് മലയാളസിനിമയിൽ ധാരാളം സുന്ദരന്മാരുണ്ടായിരുന്നു. സൗന്ദര്യത്തിൽ മാത്രമല്ല അഭിനയത്തിലും ആരും മോശക്കാരായിരുന്നില്ല. രാഘവൻ, വിൻസെന്റ്, രവികുമാർ, രതീഷ്, ശ്രീനാഥ്, ജോസ്, പ്രേംനവാസ്, സുധീർ… അന്നത്തെ കൗമാരഹൃദയങ്ങളെ ഇളക്കിമറിക്കാൻ പ്രാപ്തരായിരുന്നു ഇവരൊക്കെയും. എന്നിട്ടും ആ കൂട്ടത്തിൽ സത്താർ തിളങ്ങി. നായകനും ഉപനായകനും കാലക്രമേണ പ്രതിനായകനും. ഏതുവേഷവും സത്താറിൽ ഭദ്രമായിരുന്നു.

 

 

ആലുവയിലെ വെസ്റ്റ് കടുങ്ങല്ലൂർ സർക്കാർ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, യൂണിയൻ കൃസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി. പഠനകാലത്ത് തോന്നിയ കൗതുകമാണ് സത്താറിനെ സിനിമയിലെത്തിച്ചത്.
1975 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. നാടകത്തിൽ അഭിനയിച്ചിരുന്നതുകൊണ്ടുതന്നെ, സത്താറിന് സിനിമാഭിനയം പെട്ടെന്നുവഴങ്ങി. 1976ൽ വിൻസെന്റ് സംവിധാനം ചെയ്ത ‘അനാവരണ’ത്തിൽ സത്താറിന് നായകവേഷം ലഭിച്ചു. ഈ ചിത്രത്തിലെ സത്താറിന്റെ പ്രകടനത്തിന് നിരൂപക പ്രശംസ ലഭിച്ചു. സത്യനും പ്രേം നസീറിനും ശേഷം മലയാളത്തിലെ പുതിയ നായകനെത്തിയെന്നു വരെ പലരും എഴുതി. അനാവരണത്തിലെ സരസ്വതീയാമം കഴിഞ്ഞു…. എന്ന പാട്ടിനെ ഇന്നും മലയാളി നെഞ്ചോട് ചേർക്കുന്നു.

1978 ൽ തൃക്കുന്നപ്പുഴ വിജയകുമാർ നിർമ്മിച്ച് കെ.നാരായണൻ സംവിധാനം ചെയ്ത ‘ബീന’ എന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം റിലീസായി. ചിത്രം ഹിറ്റായിരുന്നു. ഈ സിനിമയിൽ സത്താറിന്റെ ജോഡിയായെത്തിയത് അക്കാലത്തെ ഏറ്റവും ജനപ്രിയ നായികയായിരുന്ന ജയഭാരതിയാണ്.
‘നീ ഒരു വസന്തം എന്റെ മാനസ സുഗന്ധം’ എന്ന് എല്ലാം മറന്ന് പാടി അഭിനയിച്ചവർ ജീവിതത്തിലും പിന്നീട് ഒന്നിച്ചു എന്നത് മറ്റൊരു കൗതുകം.സത്താർ ജയഭാരതി ജോഡി സൂപ്പർ ഹിറ്റായതോടെ പിന്നീട് അവർ ധാരാളം ചിത്രങ്ങളിൽ ഒന്നിച്ചു. പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടികൾ…. അങ്ങനെ കുറെ സിനിമകൾ.

1979 ലായിരുന്നു വിവാഹം. മലയാളത്തിലെ ആദ്യ താരദമ്പതികൾ ഇവരായിരിക്കാം. അന്നത്തെ സൂപ്പർ താരങ്ങളുടെ ചിത്രത്തിലെ നായികയാണ് ആകെ മൂന്നു വർഷം മാത്രം സിനിമാപരിചയമുള്ള നടന്റെ ജീവിതസഖിയായത്. അത് പല സംവിധായകരെയും നിർമ്മാതാക്കളെയും ചൊടിപ്പിച്ചിരുന്നുവെന്ന് പിന്നീട് സത്താർ തന്നെ പറഞ്ഞിട്ടുണ്ട്.

1980 ൽ സോമൻ നായകനായി ശശികുമാർ സംവിധാനം ചെയ്ത പ്രകടനം എന്ന സിനിമയിൽ സത്താറിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരപഞ്ജരം, ഈനാട്, അഹിംസ, അടിയൊഴുക്കുകൾ, മണ്ണിന്റെ മാറിൽ, മൂർഖൻ, ബെൻസ് വാസു, ഭീമൻ, കടമ്പ, ലാവ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ജനങ്ങൾ സ്വീകരിച്ചു.

‘ശരപഞ്ജര’ത്തിൽ നായകവേഷം പങ്കിട്ട ജയൻ സൂപ്പർതാരമായി മാറിയതോടെ ഇരുവരുമൊന്നിച്ച് ഒട്ടേറെ സിനിമകളുമുണ്ടായി. ശരപഞ്ജരത്തിലെ അമ്പലക്കുളത്തിൽ ആമ്പൽ പോലെ എന്ന ഗാനരംഗത്ത് കാമുകവേഷത്തിൽ സത്താർ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

നായകവേഷങ്ങളിൽ തിളങ്ങിനിന്ന നടൻ പിന്നീട് സഹനടനും വില്ലനുമൊക്കെയായി മാറുന്നതാണ് എൺപതുകളിൽ കണ്ടത്. അപ്പോഴും ആരോടും പരിഭവങ്ങളില്ലാതെ അദ്ദേഹം തന്നെ തേടിവന്ന കഥാപാത്രങ്ങളെ അനശ്വരമാക്കി.

‘അജ്ഞാതതീരങ്ങൾ’ എന്ന ചിത്രത്തിൽ സത്താർ ചെയ്ത വില്ലൻ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കുറുക്കന്റെ കല്യാണം, മണ്ടന്മാർ ലണ്ടനിൽ, ലിസ, നീലത്താമര എന്നീ ചിത്രങ്ങളിൽ സ്വഭാവനടനായി അദ്ദേഹം തിളങ്ങി. എന്നാൽ പിന്നീട് അദ്ദേഹത്തിന് നല്ല വേഷങ്ങൾ ലഭിച്ചില്ല. തുടർന്ന് തമിഴിലും തെലുങ്കിലും സജീവമായി. മയിൽ, സൗന്ദര്യമേ വരുഗ വരുഗ തുടങ്ങിയ ചിത്രങ്ങളിൽ സത്താറിന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടയിൽ നടൻ രതീഷുമായി ചേർന്ന് ബൈജു കൊട്ടാരക്കര സംവിധായകനായി അരങ്ങേറ്റം കുറിച്ച്, ബാബു ആന്റണി നായകനായ കമ്പോളം ഉൾപ്പെടെ മൂന്നുചിത്രങ്ങൾ നിർമ്മിച്ചു.

എൺപതുകളിൽ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി മോഹൻലാൽ ദ്വന്ദങ്ങൾ മലയാളസിനിമയിലെ അവിഭാജ്യഘടകമായി മാറിയതും സത്താറിനെപ്പോലെയുള്ളവർക്ക് തിരിച്ചടിയായി. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ ആദ്യചിത്രമായ തിരനോട്ടത്തിൽ സത്താർ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ചിത്രം പുറത്തിറങ്ങിയില്ല. 1987 ൽ സത്താർ ജയഭാരതി ദാമ്പത്യബന്ധം വേർപിരിഞ്ഞു. സിനിമയിൽ നീണ്ട ഇടവേളയെടുത്തു. സത്താറിനെ ജനപ്രിയ സീരിയലുകളിലാണ് പിന്നീട് നാം കണ്ടത്. 2012 ൽ ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ സത്താർ സിനിമയിൽ തിരികെയെത്തി.

പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന ചൊല്ലിനെ അന്വര്ത്ഥുമാക്കുന്നതായിരുന്നു സത്താറിന്റെ പ്രകടനം. പുതിയ തലമുറയിൽ പെട്ടവരെല്ലാം ‘ഡി.കെ.’ എന്ന വില്ലൻ കഥാപാത്രത്തെ കണ്ട് അതിശയിച്ചു. ചിലരെങ്കിലും സമൂഹമാധ്യമങ്ങളിൽ അന്വേഷിച്ചു ഈ നടൻ ആരാണെന്ന്. ടെസ്സയെന്ന നായികാകഥാപാത്രത്തെ സഹായിക്കാൻ എത്തുന്ന ഡികെ. സത്താറിന്റെ കൈകളിൽ ഭദ്രമായിരുന്നു.
2014 ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഒടുവിൽ 2019 സെപ്റ്റംബർ 17 ചൊവ്വാഴ്ച പുലർച്ചെ, അദ്ദേഹം വിടവാങ്ങി. കടുത്ത കരൾ രോഗത്തെ തുടർന്ന് ഒരു മാസം ആശുപത്രിയിലായിരുന്നു.

സത്താർ അഭിനയിച്ച വേഷങ്ങൾ പരിശോധിച്ചാൽ നമുക്ക് നിസ്സംശയം പറയാം അദ്ദേഹം ഒരു മികച്ച നടനാണെന്ന്. പക്ഷെ അദ്ദേഹത്തെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ മലയാള സിനിമയ്ക്കാകാതെ പോയി. വേഷത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ, തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് പ്രാണൻ കൊടുത്ത് ഉരുവം നൽകാൻ സത്താറിനല്ലാതെ ആർക്കു കഴിയും? നായകനായും പ്രതിനായകനായും സ്വഭാവനടനായും ആടിയും പാടിയും തുറിച്ചുനോക്കിയും ഇടിച്ചും കൊന്നും മരിച്ചുവീണുമൊക്കെ സത്താർ സിനിമ പറയുന്ന സകലവേഷങ്ങളും കെട്ടിയാടി. അവയൊക്കെ മികച്ചുതന്നെ നിന്നു. മലയാള സിനിമ ഉള്ള കാലത്തോളം സത്താർ എന്ന നടന് ഉയർന്ന സ്ഥാനം തന്നെയുണ്ടാകും. പക്ഷെ അദ്ദേഹം പറയാൻ ബാക്കിവച്ചത് അവശേഷിപ്പായി തുടരുകയും ചെയ്യും.

അനീഷ്‌ തകടിയില്‍

Leave a Reply

Your email address will not be published.

error: Content is protected !!