സ്വർഗ്ഗത്തിലുള്ള അങ്ങറിയാൻ…

ഏപ്രിൽ മാസത്തിൽ ആദ്യമായി ഞാൻ പെൻഷൻ വാങ്ങാൻ പോകുകയാണ്. എന്നും അങ്ങല്ലേ വാങ്ങി എനിക്ക് കൊണ്ടുതരുന്നത്. ഇന്ന് ഞാൻ പോയി വാങ്ങേണ്ടിവന്നില്ലേ? എന്തുവേദനയാണ് അതുണ്ടാക്കുന്നത് എന്നറിയോ. ഇപ്പോൾ എട്ടാം തീയതി കൊടുത്തു. വാങ്ങാതെ പറ്റുകയില്ലല്ലോ., 5 മാസത്തെ ചിട്ടി മുടങ്ങി. മക്കൾ ചിലവാക്കിയെങ്കിലും അവരെക്കൊണ്ടു താങ്ങാതെ വന്നപ്പോൾ 10000 രൂപ കടം വാങ്ങി. അത് കൊടുക്കണം. ഒന്നിനും ഒരു കുറവും വരുത്തുകയില്ല. അങ്ങയുടെ രൂപ തന്നെയുണ്ടല്ലോ. എല്ലാം തീർത്തു ബാക്കിയുള്ളത് അക്കുവിന് കൊടുക്കണം. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ എനിക്കും വല്ലതും കരുതിവയ്ക്കണ്ടേ? അങ്ങേയ്ക്ക് എല്ലാത്തിനും ഞാനും അങ്ങയുടെ പണവും ശക്തിയും എനിക്കുണ്ടായിരുന്നു. എത്ര രൂപയായാലും അങ്ങയുടെ രൂപ കൊണ്ട് തീർക്കാമെന്നുള്ള ഉറപ്പുണ്ട്. എനിക്ക് അതുമില്ലെന്നറിയാമല്ലോ. കഴിയുമെങ്കിൽ കരുതിവയ്ക്കണം. അല്ലെങ്കിൽ മക്കളെ ബുദ്ധിമുട്ടിക്കേണ്ടിവരും. അതെനിക്ക് വലിയ വിഷമമാണ്. പക്ഷെ കഴിയുമെന്ന് തോന്നുന്നില്ല. ഓരോരോ ആവശ്യങ്ങൾ. മക്കളും മരുമക്കളും ചെറുമക്കളുമായി സന്തോഷമായി വളരെക്കാലം കഴിയണമെന്നാഗ്രഹിച്ചു. ഈശ്വരൻ അനുവദിച്ചില്ല. ആദ്യം മോഹനൻ, പിന്നെ അങ്ങ്. ഇപ്പോൾ നമ്മുടെ പ്രമീള. കുട്ടികൾ രണ്ടും അങ്ങയുടെ അടുത്തെത്തിക്കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു.

1962 -മാണ്ട് ചിങ്ങമാസത്തിലെ അത്തം; അന്ന് നമ്മുടെ വിവാഹം! എല്ലാവരും എതിർത്തിട്ടും, ഒരു കല്യാണം കഴിഞ്ഞതാണെന്നറിഞ്ഞിട്ടും, ഒരു ഭ്രാന്തിയായ എന്നെ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ വന്നുകണ്ടിഷ്ടപ്പെട്ടു കല്യാണവും കഴിച്ചു. നാലുമക്കളും ആയി. കാറോടിക്കൽ മാത്രം തൊഴിലാക്കി വെറുമൊരു വട്ടപൂജ്യത്തിൽ തുടങ്ങിയ നമ്മൾ സഹോദരിമാരെ കെട്ടിച്ചുവിട്ടു, വലിയമ്മയുടെ മക്കളെ പഠിപ്പിച്ചു, പത്തു സെനറ്റ് വസ്തുവാങ്ങി അതിലൊരു വീടും വച്ചു. എല്ലാം അദ്ധ്വാനിച്ചുണ്ടാക്കിയത്! കാളവണ്ടിമുതൽ സൈക്കിൾ , കാർ , ലോറി , ബസ് എന്നിവ ഓടിച്ചു പഠിച്ചു. കാറു കഴുകി തുടങ്ങിയ അങ്ങ് ലോറിയും പ്രൈവറ്റ് ബസ് വരെയോടിച്ചു ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റിൽ ചെന്നുപറ്റി. എട്ടാം വയസ്സിൽ തുടങ്ങിയ അദ്ധ്വാനം ആരെക്കൊണ്ടും മോശം പറയിക്കാതെ, എല്ലാവരുടെയും സ്നേഹത്തിനു പാത്രമായി ഓരോ തൊഴിലും കൃത്യനിഷ്ഠയോടെ ചെയ്ത് ഒരു നിലയിലെത്തി. അമ്മയുടേയോ അച്ഛന്റെയോ സ്നേഹം കിട്ടിയിട്ടില്ല, എങ്കിലും എല്ലാവരെയും സ്നേഹിച്ചു. 4 മക്കളെയും സാമാന്യ വിദ്യാഭ്യാസം കൊടുത്ത് വിവാഹം കഴിപ്പിച്ചു. അവർക്ക് ഉള്ള ഭൂമിയും വീതിച്ചുകൊടുത്തു. 48 കൊല്ലം ഇണങ്ങിയും പിണങ്ങിയും ജീവിച്ചു; എന്നിട്ടും ഒരുദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല! ആ ആശ്വാസത്തിനിടയിലും നമ്മുടെ ഷീലയുടെ മോഹനൻ നമ്മെ വിട്ടുപോയി. ഇപ്പോഴിതാ അങ്ങും. എനിക്കും ഷീലയ്ക്കും ഓർത്തുകരയാനല്ലാതെ എന്ത് ചെയ്യാനാകും…..

(തുടരും….)

ലതികാ പ്രഭാകരൻ

Leave a Reply

Your email address will not be published.

error: Content is protected !!