കടലമ്മയും കടലാമയും പിന്നെ കഥാകാരനും

ആഴി ആർത്തിരമ്പികൊണ്ട് കിടന്നു. വൈകുന്നേരമായിരുന്നു. അടുത്തിടെ വികസിപ്പിച്ച മുതലപ്പൊഴി കാണാൻ വന്ന കുടുംബങ്ങൾ കടലയും കൊറിച്ചുകൊണ്ട് നടക്കുകയാണ്. തുറയിലെ കുട്ടികൾ കടൽക്കരയിൽ കാൽപ്പന്ത് കളിക്കുന്നുണ്ട്.കടൽ ഞണ്ടുകൾ വന്നും പോയുമിരിക്കുന്നു. തിരയോടൊപ്പം കരകയറുന്ന എന്തോ ഒന്നിനെ കണ്ട് കുട്ടികളിലൊരുത്തന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
” ഡേ നോക്കെടാ ആമ!”
ശരിയാണ്. ഒരു കടലാമ തിരയിൽ ആടിയുലഞ്ഞു വരുന്നു. മറ്റു ചെറുക്കൻമാരും കളി മതിയാക്കി തീരത്തേക്ക് വന്നു. ആമയെ ആദ്യം കണ്ട ചെക്കൻ കരയിലൂടെ ഇടത്തോട്ടോടി.. കുറച്ചകലെ രണ്ട് മുതിർന്ന സ്ത്രീകൾ ഉണക്കമീൻ വിൽക്കാനിരുന്നിരുന്നു.
” അപ്പച്ചീ ആമ ആമ! ..അവിടെ”
“ചെറുതോ വലുതോടാ”
” പൊണ്ണനാമയപ്പച്ചീ! വന്നു നോക്കിൻ”
സ്ത്രീകൾ കുട്ടകളുമെടുത്തുകൊണ്ടിങ്ങ് പോന്നു. ആമ തിരകൾ പിന്നിട്ട് നാട് കയറിയിരുന്നു.
” ഇത്രയുമാൾക്കാരിവിടെ നിക്ക്ണ്. നോക്കണേ അതിന് വല്ല പേടിയുമുണ്ടാന്ന്..അയ്യയ്യയ്യയ്യ്! ഇതെവിടെക്കേറി പോണത്. തൊറയിലെന്തരിരിക്ക്ണ്”  സ്ത്രീകളിലൊരാൾ പറഞ്ഞു.
” സ്റ്റെല്ലയക്കാ നിങ്ങള പുള്ളയിന്ന് കടലിപ്പോയില്ലല്ല്. വിളിച്ചുനോക്കിയാണ്. നാലു കാശുവരണ കാര്യമല്ലേത്.. ആ തോമയോ മറ്റോ വരണതിന് മുമ്പേ വിളി” അവർ കൂട്ടിച്ചേർത്തു.
” അപ്പീ നിന്റെയപ്പനെവിടേടാ?” സ്റ്റെല്ലയപ്പച്ചി ചോദിച്ചു.
“കുഞ്ഞൂന്റപ്പൻ മുക്കിലിര്ന്ന് ചീട്ടുകളിക്ക്ണ്”
കൂടെ നിന്ന ഒരു നരിന്ത് ചെക്കൻ പറഞ്ഞു.
സ്റ്റെല്ലയപ്പച്ചി തന്റെ കുടുക്ക മൊബൈലെടുത്ത് വിളിച്ചു.
” അപ്പീ നീ തൊറയിലോട്ട് വന്നാണ്. ഇവിടെയൊരാമ. വലിത്. വല്ലടത്തും കേറിപ്പോണേന് മുമ്പ് വാ. നിന്റൂടെ കടലില് വരണ ആ പയലിനേം വിളിച്ചോ. ആ മാരിയെ”
ചെറുക്കൻമാർക്ക് ആമയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം.
” കുഞ്ഞൂ വീട്ടിപ്പോയി നിന്റെ ജിണ്ടാൻ മുയലിനെ എടുത്തുകൊണ്ട്വന്നിറക്കെടാ. ആമയുമായി റേസ് ചെയ്യിപ്പിക്കാം. വീഡിയോ പിടിച്ച് നിന്റപ്പന്റെ ഫേസൂക്കിലിടാം” ഒരുത്തൻ പറഞ്ഞു.
കുഞ്ഞു വീട്ടിലേക്കോടി. ആമ കടപ്പുറത്തിരുന്ന, ജീർണ്ണിച്ചു തുടങ്ങിയ പഴയ വള്ളങ്ങളിലും മണൽത്തിട്ടയിലുമൊക്കെ ചെന്ന് മുട്ടി. ആളുകൾ സെൽഫിയെടുക്കാനായി ആമയുടെ അടുത്തേക്കൊഴുകുവാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുവിന്റെ അപ്പൻ പീറ്ററും അയാളുടെ സഹായി മാരിയും വന്നു.
” അണ്ണാ പറയണകേക്ക്. നിങ്ങള് പുത്തൻതൊപ്പിലെ ആ സൈജുവിനെ വിളി. അല്ലാതെ ആമയെ പിടിച്ചോണ്ട് ചെന്നാ ആരേലും കൊളുത്തിക്കൊടുത്താ ഉള്ളയാവും. ഇത്രയും ആൾക്കാര് നിക്ക്ണ്. കൊല്ലാൻ പാടില്ലാത്ത കേസാണ്. നിങ്ങള് വിളിച്ച് ഡീല്ചെയ്യ്. കുറച്ച് കഴിയ്മ്പോ ആൾക്കാര് കുറയും. അവൻമാര് വന്ന് കൊണ്ട്പൊക്കോളും. പൊയ്ക്കളയാതെ നോക്കിയാമതി”
മാരി പറഞ്ഞു.
പീറ്റർ ഫോണെടുത്ത് ഏതാനും പേരെ വിളിച്ചു.
കുഞ്ഞു മുയലിനെക്കൊണ്ട് വന്ന് ആമയുടെ അടുത്തേക്ക് വിട്ടു. എന്നിട്ട് മാരിയുടെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് വീഡിയോ പിടിക്കാൻ നോക്കി. ജിണ്ടാൻ കുറച്ചുനേരം പകച്ചു നിന്നതിന് ശേഷം പതുക്കെ വള്ളത്തിനടിയിലോട്ട് കയറി.
” കുഞ്ഞൂ നിന്റെ മുയലിനെ വേണോങ്കി പിടിച്ചോടാ. ജിണ്ടാന് മൂഡില്ല. അത് മത്സരത്തീന്ന് പിന്മാറി” മാരി പറഞ്ഞു.
കുഞ്ഞു ചെന്ന് മുയലിനെ പിടിച്ച് വലക്കൂട്ടിലിട്ടു.
” ആമയെ ആദ്യം കണ്ടത് ഞാനാണ്. എനിക്കതിനെ വീട്ടിക്കൊണ്ടോയി വളർത്തണം” അവൻ പറഞ്ഞു.
” ഇത്രേം വലിയ ആമയെ നീ വളർത്താനാ. അത് നിന്നെ പിടിച്ച് തിന്നും. പോടാ” എന്നായി മാരി.
ചെറുക്കൻ അപ്പന്റെ അടുത്തു പോയി വാശിപിടിക്കാൻ തുടങ്ങി.
” കടലാമയെ എങ്ങനെ വളർത്തുമെടാ കുട്ടൂ? നേരമിരുട്ടുന്നു. നീ വീട്ടിച്ചെന്നിര്ന്ന് പഠിക്കാൻ നോക്ക്. മമ്മി ഇവനേം കൊണ്ട് നിങ്ങള് പൊയ്ക്കോ” അയാൾ പറഞ്ഞു.
മാരി വലിയൊരു ഉറ്റാൽ കൊണ്ട് വന്ന് ആമയുടെ പുറത്തേക്കിടാൻ ശ്രമിച്ചപ്പോൾ വലിയൊരു തിര വന്ന് അതിനെ കടലിലേക്കെടുത്തു കളഞ്ഞു. കുടുംബവുമായി വന്നവർ നനഞ്ഞ് കുതിർന്ന് കുട്ടികളേയും പെറുക്കി, പേടിച്ച് നിലവിളിച്ചുകൊണ്ടോടി. സ്ത്രീകളും ചെറുക്കൻമാരും മണൽത്തിട്ടയിൽ അള്ളിപിടിച്ചിരുന്നു. പീറ്റർ വെള്ളത്തിൽ നിന്നുകൊണ്ട്  ചെക്കൻമാരെ ഓടിച്ചുവിട്ടു.
“മമ്മീ കുട്ടൂനേം കൊണ്ട് പൊയ്ക്കോളിൻ. ഇനി നിക്കണ്ടാ. കടല് കേറ്ണ്” അയാൾ പറഞ്ഞു.
ഉറ്റാലും തിരഞ്ഞ് മാരി കടലിലോട്ട് ചെന്നെങ്കിലും ഒന്നും കിട്ടിയില്ല
ആകെപ്പാടെ ഒരു പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടെങ്കിലും പെട്ടെന്ന് തന്നെ കാര്യങ്ങൾ ശാന്തമായി. മുതലപ്പൊഴി വിജനമായി. ഒന്നു രണ്ടു പോലീസ് ജീപ്പുകൾ റോഡിലൂടെ കടന്ന് പോയി. ആമയ്ക്ക് ഭാവഭേദമൊന്നുമില്ല. മാരിയും പീറ്ററും മണൽതിട്ടയിലിരുന്നു.
” ഛേ! ഉറ്റാലും പോയി. ഭാഗ്യത്തിന് ഫോണിന് കൊഴപ്പോന്നൂല്ല. നിങ്ങ്ളൊന്ന് വിളിച്ചു നോക്കിൻ”  മാരി പറഞ്ഞു.
വികസനത്തോടൊപ്പം മുതലപ്പൊഴിയിൽ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ്, തിരുവനന്തപുരത്ത് ഒരു സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കഥാകൃത്ത് അംബികാസുതൻ മാങ്ങാട് അവിടേക്ക് വന്നത്. തിരിച്ചു പോകാനുള്ള ട്രയിൻ രാത്രി വൈകിയായതിനാൽ കുറച്ചുനേരം അവിടെ ചെലവഴിക്കാമെന്ന് അദ്ദേഹം വിചാരിച്ചു.
സ്ഥലം വിജനമായി കിടക്കുന്നു. അങ്ങിങ്ങ് ഏതാനും ആൾക്കാർ മാത്രം. മണൽതിട്ടയിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്. മാഷ് തീരത്തോട്ട് ചെന്നപ്പോഴേക്കും മാരി വിളിച്ചു പറഞ്ഞു:
” ഹോയ് സാറേ ഉള്ളിലേക്ക് പോകല്ലേ കടല് കേറീരിക്കേണ്. സെൽഫിയെടുക്കാനാണേൽ ഇങ്ങ് പോരെ. ഇവിടൊരുഗ്രനൈറ്റമുണ്ട്. ഒരാമ”
മാഷ് തിരിഞ്ഞുനോക്കുമ്പോൾ മണൽ തിട്ടയിലിരിക്കുന്ന പയ്യൻ ഒരു കടലാമയെ ചൂണ്ടിക്കാണിക്കുന്നു. അങ്ങോട്ടേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം പെട്ടെന്നൊരു പിൻവിളി കേട്ടത്:
” കഥാകാരാ”
ഒരു സ്ത്രീ ശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ ആരേയും കാണുന്നുമില്ല.
“കഥാകാരാ ആമ എന്റേതാണ്. അവനെ രക്ഷിക്കാമോ?”
മാഷ്  തിരിഞ്ഞ് അത്ഭുതത്തോടെ  കടലിനെ നോക്കി നിന്നു.
” താങ്കൾ പ്രകൃതിയോട് ഏറെ കരുതലുള്ള എഴുത്തുകാരനാണെന്ന് കേട്ടിട്ടുണ്ട്. ആമയെ രക്ഷിക്കാമോ?”
തല്ലിയുടഞ്ഞിരമ്പുന്ന തിരമാലകളിൽ മാഷ് കടലമ്മയുടെ മൃദുശബ്ദം കേൾക്കുകയായിരുന്നു.
” ദുശാഠ്യമുള്ള ഒരാമയാണിത്. പിറന്ന മണ്ണ് തേടുകയാണവൻ. മുന്നൂറ്റിപത്ത് വയസ്സുള്ള ഈ ആമ ഗാലപ്പഗോസിനടുത്തുള്ള ഒരു ചെറുദ്വീപിലാണ് പിറന്നത്. മഞ്ഞുകട്ടകൾ ഉരുകാൻ തുടങ്ങിയപ്പോൾ ആ പ്രദേശമാകെ എന്നിലേക്കാഴ്ന്ന് പോയി. ആമയതറിയുന്നില്ല. കഴിഞ്ഞ നൂറിലധികം വർഷങ്ങളായി, മനുഷ്യരുടെ വായ്ക്കത്തികളേയും ക്രൂരമായ നോട്ടങ്ങളേയുമൊന്നും കൂസാതെ ഇവനിങ്ങനെ തീരങ്ങളിൽ നിന്ന് തീരങ്ങളിലേക്ക് പ്രയാണം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതുപോലുള്ള സായാഹ്നങ്ങളിൽ ഇവൻ, ഓരോ തീരങ്ങളിലേക്കിങ്ങനെ ഇഴഞ്ഞുകയറും. പുലരുവോളം- താൻ ജനിച്ചത് ഇവിടെയല്ല എന്ന് സ്വയം ബോദ്ധ്യമാകുന്നത് വരെ ആമ അവിടെ തുടരും. പിന്നെ മടങ്ങും. ഇതിനിടയിൽ എന്റെ തിരമാലകൾ വന്ന് മടക്കിക്കൊണ്ട് പോയാലും ഇവൻ ആ തീരത്തേക്ക് തന്നെ വീണ്ടുമെത്തുമെന്നതിനാൽ ഞാൻ നിസ്സഹായയാണ്. ആമയെ രക്ഷിക്കാമോ?”
മാഷ് ഒന്ന് തിരിഞ്ഞു നോക്കി. ശരിയാണ്. ആകെയുണ്ടായിരുന്ന സമ്പാദ്യം കൈമോശം വന്നുപോയ ഒരു സാധുമനുഷ്യനെപ്പോലെ കടലാമ മണൽപ്പരപ്പിൽ എന്തോ തിരയുന്നു. ആൺ വർഗ്ഗത്തിലുള്ള ആമകൾ അവ പിറന്ന തീരങ്ങൾ തേടിപ്പോകാറില്ല. എന്നിട്ടും…
മാഷ് അങ്ങോട്ടേക്ക് നടന്നു.
” ആമയെ നിങ്ങൾക്ക് കിട്ടിയതാണോ?” അദ്ദേഹം ചോദിച്ചു.
പീറ്റർ എന്തോ പറയാൻ തുടങ്ങിയപ്പോൾ മാരി ഇടയ്ക്ക്കയറി പറഞ്ഞു:
” അതേ സാറേ. വേറൊന്നും കുടുങ്ങിയില്ല. വലിയ ഡിമാന്റുള്ള ഐറ്റമാണ് കേട്ടോ. ഇതിനെക്കൊണ്ടൊരു സൂപ്പുണ്ടാക്കി കുടിച്ചാൽ ഒരുമാതിരി രോഗങ്ങളൊക്കെ എപ്പ പമ്പകടന്നെന്ന് ചോദിച്ചാമതി”
” നിങ്ങൾ വിൽക്കാൻ പോകുകയാണോ?”
” എന്തേ സാറിന് താൽപര്യമുണ്ടാ?”
” എന്താ വിലയിട്ടിരിക്കുന്നത്?”
” സാറൊന്ന് നടന്നിട്ട് വരിൻ. ഒരഞ്ച് മിനിട്ടിനുള്ളിൽ കൺഫേം ചെയ്ത് പറയാം”
പീറ്റർ പറഞ്ഞു.
മാഷ് തീരത്തേക്ക് നടന്നു.
” എന്തിനാണ് ആമ ജന്മഭൂമി തേടുന്നതെന്ന് ഞാനറിയുന്നില്ല” കടലമ്മ തുടർന്നു. ” പലപ്പോഴും ഇവനെ എനിക്ക് രക്ഷിക്കേണ്ടതായി വരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയുടെ തീരങ്ങളിൽ വച്ച് ഒരു മീൻവെട്ടുകാരൻ ആമയെ കൊല്ലാനൊരുങ്ങി. നാലായിരത്തോളം മനുഷ്യജീവനാണ് എനിക്കവിടെ അപഹരിക്കേണ്ടി വന്നത്. ആ മണൽതിട്ടമേലിരിക്കുന്നവർക്ക് ആമയെ കടത്താൻ കഴിയില്ല. ഞാനവനെ കൊണ്ടുപോകും.
 പിറന്ന് കുറേ വർഷങ്ങൾക്ക് ശേഷം ഇവൻ ഫ്രാൻസിലെ ഒരു മുക്കുവന്റെ വലയിൽ കുടുങ്ങി. അന്നൊക്കെ അവിടെ രാജഭരണം നിലനിന്നിരുന്നു. രാജവിന്റെ ബന്ധുവായ ആൻബെനോയ്റ്റ് എന്ന കൊച്ചു രാജകുമാരിക്ക് മത്സ്യങ്ങളേയും ആമകളേയുമൊക്കെ വലിയ ഇഷ്ടമാണെന്നറിഞ്ഞിരുന്നതിനാൽ മുക്കുവൻ, ആമയെ ഒരു പ്രഭു മുഖാന്തരം കൊട്ടാരത്തിലേക്ക് സമ്മാനമായി കൊടുത്തയച്ചു. അങ്ങനെ ആമ ഏറെ വർഷങ്ങൾ കൊട്ടാര ഉദ്യാനത്തിലെ ജലാശയങ്ങളിലാണ് വസിച്ചത്. കൊച്ച് ആൻബെനോയ്റ്റ് ഉദ്യാനത്തിലിരുന്ന് ഹാർപ് എന്ന സംഗീത ഉപകരണം മീട്ടുമ്പോഴെല്ലാം ഓരം പറ്റിക്കൊണ്ട് ആമ അതും നോക്കി നിശ്ചലനായിരിക്കുമായിരുന്നു. ആ രാജകൂമാരി വളർന്ന് വിവാഹപ്രായമാകുന്നതുവരേയും ആമ അവിടെത്തന്നെയുണ്ടായിരുന്നു. അക്കാലത്ത് പൊതുജനങ്ങൾ ലഘുലേഖകളിലും പ്രഭാഷണങ്ങളിലും ആകൃഷ്ടരായി വലിയ വിപ്ലവങ്ങൾക്ക് ആക്കം കൂട്ടി. അവർ കോട്ടകളും മതിലുകളും തകർത്തു. ഏതോ ഒരു വിദ്വാൻ തലകണ്ടിക്കുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചു. അധികാരവും ചെങ്കോലും പിടിച്ചെടുക്കുവാൻ വേണ്ടി ജനങ്ങൾ കൊട്ടാരങ്ങളും പ്രഭുമന്ദിരങ്ങളും വളഞ്ഞു. രാജാവിനേയും ബന്ധുക്കളേയും വധിച്ചതിനോടൊപ്പം അവർ, വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന ആ പാവം രാജകുമാരിയേയും കൊണ്ടുപോയി ശിരഛേദം ചെയ്തുകളഞ്ഞു. നരനായാട്ടും വിഷപ്പുകയും കൊണ്ട് ഫ്രാൻസ് നിറഞ്ഞപ്പോൾ ആമ ഉദ്യാനം വിട്ട് ദേശം തെറ്റിയലഞ്ഞു. ചോരവീണ് കുഴഞ്ഞ മണ്ണും ചെറു ചെറു ജലാശയങ്ങളും പിന്നിട്ട്, അധികാരമാറ്റവും, നിങ്ങൾ ചരിത്രത്തിൽ പറയുന്ന നെപ്പോളിയൻ എന്ന വ്യക്തിയുടെ ഉദയവും ഒന്നും കാണാൻ നിൽക്കാതെ ഇവൻ ഫ്രാൻസിന്റെ അതിർത്തി കടന്ന് ഡാന്യൂബ് നദിയിലേക്കിറങ്ങി. പിന്നെ ആയിരക്കണക്കിന് കിലോമീറ്ററുകൾ നീന്തി എന്നിലേക്ക് മടങ്ങി വന്നു”
” സംഗതി അൽപ്പം തരികിട കേസാണ്. നിങ്ങൾ കാശുമായി വന്നാൽ കൊണ്ട് പോകാം. ഇവിടേയും ആവശ്യക്കാർ നിൽപ്പുണ്ട്. ഞാൻ ഒരു രണ്ട് മിനിട്ട് കഴിഞ്ഞു വിളിക്കാം”  പീറ്റർ ആരോടോ ഫോണിൽ പറഞ്ഞു.
” സാറേ ആയിരം രൂപ അവർ പറയുന്നുണ്ട്. സാറെത്ര തരും?”
“ഞാൻ അഞ്ഞൂറ് രൂപ കൂടുതൽ തന്നേക്കാം” മാഷ് പറഞ്ഞു.
മാരി ആമയെ വീക്ഷിച്ചുകൊണ്ട് അടുത്തുതന്നെയുണ്ട്. പീറ്റർ കുറച്ചു മാറിനിന്ന് ഫോൺ വിളിച്ചിട്ട് മടങ്ങി വന്നു.
” സാറെ അവർ രണ്ടായിരം തരാമെന്ന്”
“ലേലത്തിനൊന്നും താൽപര്യമില്ല സുഹൃത്തുകളെ. നിങ്ങൾ ഒരു നിശ്ചിത വില പറയൂ” മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
മാരിയും പീറ്ററും മാറിനിന്ന് കുറേ നേരം ഫോണിൽ ശ്രമിച്ചു. ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. ദൂരെ കടലിൽ, മുക്കുവരുടെ അസംഖ്യം ബോട്ടുകളിൽ നിന്നുള്ള വെളിച്ചം മൺചെരാതുകൾ പോലെ കാണപ്പെട്ടു. സ്ട്രീറ്റ് ലൈറ്റുകൾ അങ്ങിങ്ങായി മിന്നി തുടങ്ങി. ആമ മൺതിട്ടയുടെ ഇരുവശങ്ങളിലേക്കും ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്നു.
ഫൊൺ കട്ട് ചെയ്ത് മാരി മാഷിന്റെ അടുത്തേക്ക് വന്നു.
” ഇവൻമാർ വലിയ ഗൂഡായിപ്പാണ് സാറേ.. സാറൊരു രണ്ടഞ്ഞൂറ് തന്നാട്ടേ”
മാഷ് പേഴ്സെടുത്ത് തുക എണ്ണി നൽകി.
” അല്ലാ സാറിതെങ്ങനെ കൊണ്ടു പോകും? വേണമെങ്കില് ഞങ്ങള് സഹായിക്കാം” പീറ്റർ പറഞ്ഞു.
” വേണ്ട. ഞാൻ കാർ അറേഞ്ച് ചെയ്തിട്ടുണ്ട്. വളരെ ഉപകാരം”
” എന്നാ വരട്ടേ സാറേ. താങ്ക്സ്” മാരിയും പീറ്ററും തുറകടന്ന് റോഡിലേക്ക് കയറി.
മാഷ് ആമയെ നോക്കി നിന്നു. മനുഷ്യൻ ആയിരമോ രണ്ടായിരമോ വിലയിടുന്ന ഒരു ജലപ്രാണി. ഇത്രയും കാലം ഭൂമിയിൽ അതിജീവിച്ചത്.  ചരിത്രങ്ങൾക്ക് സാക്ഷിയായത്. അദ്ദേഹം മെല്ലെ തീരത്തേക്ക് നടന്നു.
” നൈജർ നദിയുടെ തീരത്ത് വെംബേരു എന്നു പേരുള്ള സമർത്ഥനായ ഒരു കൊല്ലപ്പണിക്കാരൻ യുവാവുണ്ടായിരുന്നു” കടലമ്മ കഥ തുടർന്നു. ” നൂറ്റിയൻപതോളം വർഷങ്ങൾക്ക് മുൻപ്. സുമുഖനായ അയാൾ, കാര്യങ്ങളെ നയിക്കാനുള്ള  കഴിവുകൊണ്ടും, ബുദ്ധിശക്തികൊണ്ടും തന്റെ ഗോത്രത്തിൽ വളരെയധികം ജനപ്രിയനായിരുന്നെങ്കിലും പിന്നെ ഏറെ പഴികേൾക്കേണ്ടതായി വന്നു. പുതുലോകത്തെ അറിയാനുള്ള ജിജ്ഞാസ ആ യുവാവിനുണ്ടായിരുന്നു. തന്റെ ആളുകൾക്ക് കൃഷിചെയ്യാനാവശ്യമായ പണിയായുധങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്ന അയാൾ അത് പാടെ നിർത്തി, വെള്ളക്കാർ ഉപയോഗിക്കുന്നത് പോലുള്ള സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിൽ മുഴുകി. അക്കാലത്ത് ഗലീലിയക്കാരന്റെ മതം പഠിപ്പിക്കാനും , അതേസമയം അടിമവേട്ടയ്ക്കും വേണ്ടി ധാരാളം വെള്ളക്കാർ അവിടേയ്ക്ക് വന്നിരുന്നു. അയാളുടെ ശത്രുക്കളായി മാറിയ ചില ഗോത്ര തലവൻമാർ പറഞ്ഞു:
‘ നോക്ക് അയാൾ പണിയായുധങ്ങളുണ്ടാക്കുന്നത് നിർത്തി വെള്ളക്കാരന്റെ കൈയിലിരിക്കുന്ന കുരിശുപോലെ എന്തോ ഉണ്ടാക്കുന്നു. അവരുടെ പാഠശാലകളിൽ പോകുന്നു. അവർ ചിലയ്ക്കുന്നതുപോലെ ചിലയ്ക്കാൻ പഠിക്കുന്നു. അവരുടെ കൈയ്യിലുള്ളതുപോലുള്ള മീട്ട് യന്ത്രങ്ങളുണ്ടാക്കി ആഭിചാരം നടത്തുന്നു. നമ്മെ വെള്ളക്കാർക്ക് ഒറ്റുകൊടുക്കാനല്ലേ ഇയാളുടെ ശ്രമം? ഇന്നിയാൾ കുരിശുണ്ടാക്കി. ഗോത്രാചാരപ്രകാരം ഇയാളൊരു പെണ്ണിനെ പരിഗ്രഹിച്ചാൽ കുലത്തിനെ മുടിക്കുന്ന എത്ര സന്തതികളെ ഉത്പാദിപ്പിക്കില്ല? ഇയാളെ വച്ചുകൊണ്ടിരിക്കാമോ?’
എന്നാൽ വെംബേരുവിന്റെ സ്വഭാവത്തിന് മാറ്റമൊന്നുമുണ്ടായില്ല. നദീതീരത്തുള്ള പണിശാലയിൽ, പ്രണയിനിയായ ഒലെയൂമിയുമൊത്തിരിക്കുമ്പോൾ, അയാൾ താനുണ്ടാക്കിയ വാദ്യോപകരണം മീട്ടി പാടും:
” ചെങ്കനൽ പ്രഭയിൽ ചിരിക്കുന്നോളേ
എൻ ഹൃത്തിടം കാണുക നീ”
നദിയുടെ തീരത്തിരുന്ന്  അയാൾ വാദ്യം മീട്ടുമ്പോഴെല്ലാം നൈജറിന്റെ തുരുത്തുകൾ പിന്നിട്ട് നീന്തിയിരുന്ന ആമ  ഓരം പറ്റി അയാളെ തന്നെ നോക്കിയിരുന്നു. ഏറെത്താമസിയാതെ ആമ വെംബേരുവിനോടും അയാളുടെ പ്രണയിനിയോടും ചങ്ങാത്തത്തിലായി.
ഗോത്രമാകെയിളകി അയാളെ വകവരുത്തുമെന്നായപ്പോൾ നല്ലവനായ ഒരു അമേരിക്കൻ പാതിരി വെംബേരുവിനേയും ഒലെയൂമിയേയും സഹായിക്കാമെന്നേറ്റു. ദേശം വിട്ടുപോകാൻ കപ്പലിൽ ഒരിടവും, അമേരിക്കയിൽ അടിമത്തം അത്രകണ്ട് പ്രാബല്യത്തിലില്ലായിരുന്ന ദേശങ്ങളിൽ റയിൽപ്പാളങ്ങൾ നിർമ്മിക്കുന്നിടത്ത് കൊല്ലപ്പണിക്കാരനായി ജോലിചെയ്യാനുള്ളൊരു ശുപാർശക്കത്തും അദ്ദേഹം നൽകി. അങ്ങനെ അയാൾ ആരുംകാണാതെ, തന്റ ബന്ധുക്കളേയും ഗോത്രത്തേയുമെല്ലാം വിട്ട് ഒലെയുമിയുമൊത്ത് ഒരു പുതിയ ജീവിതം തേടി യാത്രയായി. കുറച്ചു പണിയായുധങ്ങളും താൻ നിർമ്മിച്ച  വാദ്യോപകരണവും മാത്രമെ അയാൾക്കെടുക്കാനുണ്ടായിരുന്നുള്ളു. എന്നാൽ നിമിത്തമെന്ന് പറയട്ടെ, ആമയെ വിട്ടുപിരിയാൻ കഴിയാത്ത ഒലെയൂമിയുടെ നിർബന്ധം കാരണം അതിനെയും അയാൾക്ക് ഒരു വീപ്പയ്ക്കുള്ളിലാക്കി കൊണ്ടുപോകേണ്ടി വന്നു.
കപ്പൽ, സെവില്ലയിൽ നിന്ന് പട്ടും കമ്പിളിയും കയറ്റി പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ ‘ അൾജിയേഴ്സിന്റെ വ്യാഘ്രങ്ങൾ’ എന്ന പേരിൽ കുപ്രസിദ്ധി നേടിയ കവർച്ചക്കാർ അതിനെ വളഞ്ഞു. പലരേയും അവർ കൊന്നു. ചരക്കുകളും കപ്പലും സ്വന്തമാക്കി. അക്കാലത്ത് കറുത്ത വർഗ്ഗക്കാരെ കിട്ടിയാൽ അടിമവ്യാപാരികൾക്ക് വിൽക്കുന്ന പതിവുണ്ടായിരുന്നതിനാൽ യുവാവിനേയും അയാളുടെ പെണ്ണിനേയും അവർ ജീവനോടെ വച്ചു. എന്നാൽ വിഷയലമ്പടൻമാരും ഭക്ഷണക്കൊതിയൻമാരുമായ ഈ വിഷജന്തുക്കളിലൊരുവൻ ആമയെ കൊല്ലാൻ വായ്ക്കത്തിയോങ്ങിയപ്പോൾ ഞാൻ കപ്പലിനു ചേതം വരുത്തി. പായ്മരങ്ങളെ അടിച്ചു തകർത്ത്, അണിയവും അമരവും ചിന്നഭിന്നമാക്കി, അധമൻമാരുടെ ജീവനെ ഛേദിച്ച് ആമയെ ഞാൻ കൊണ്ടുപോയി.
പക്ഷെ ആ ദമ്പതികളേയും ഞാൻ രക്ഷിച്ചു. വലിയൊരു പലകകഷ്ണത്തിൽ കയറിപ്പറ്റി, കിഴക്കോട്ട് ഒഴുകി നീങ്ങി അവർ വിജനമായൊരു ദ്വീപിലടിഞ്ഞു. ജീവൻമാത്രം നഷ്ടപ്പെടുവാൻ ബാക്കിയുണ്ടായിരുന്ന ആ സാധുമനുഷ്യനും അയാളുടെ സ്ത്രീയും , പണ്ടെങ്ങോ അവിടെ വന്നുപോയ മനുഷ്യർ ശേഷിപ്പിച്ച കുറച്ച് തകരപാത്രങ്ങളിൽ നിന്നും മരക്കഷ്ണങ്ങളിൽ നിന്നും ഒരു പുതുജീവിതത്തിന്റെ നാമ്പുകൾ കണ്ടെത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരെത്തേടി ആമയും അവിടേക്കെത്തി. പത്തൊൻപതോളം വർഷങ്ങൾ അയാൾ അവിടെക്കഴിഞ്ഞു എന്നാണെന്റെ ഓർമ്മ. അയാൾക്ക് ജനിച്ച മക്കളിൽ ഒരു മകനും ഒരു മകളും മാത്രമേ ശൈശവത്തിലെ രോഗങ്ങളെ അതിജീവിച്ചുള്ളു. മരിച്ചവർക്ക് അയാൾ കുരിശുനാട്ടി. ജീവിച്ചവർക്ക്, അയാൾ ലിപികളും, തന്റെ ഗോത്രത്തേകുറിച്ചും അറിയാവുന്ന ലോകത്തെക്കുറിച്ചുമെല്ലാം പറഞ്ഞുകൊടുത്തു. മനക്കരുത്തുള്ള ആ മനുഷ്യന്റെ അതിജീവനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾക്ക് ഞാനും ആമയും സാക്ഷിയാണ്. വർഷങ്ങൾക്ക് ശേഷം അവിടെ നങ്കൂരമിടേണ്ടിവന്ന ഒരു കപ്പലിലെ കപ്പിത്താൻ അവരെ കണ്ടെത്തുകയായിരുന്നു.
കാര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം ചോദിച്ചു:
‘ഞങ്ങളുടെ കൂടെ പോരുന്നോ? ഇനി നിങ്ങളെ തേടി എന്നാണ് ഒരാൾ വരിക?’
തങ്ങളെ അടിമകളാക്കുമോ എന്ന ഭയത്താൽ വെംബേരു ആദ്യം വിസമ്മതിച്ചു.
‘പേടിക്കേണ്ട’ കപ്പിത്താൻ പറഞ്ഞു.  ‘ഹൃദയവിശുദ്ധിയുള്ള എബ്രഹാം ലിങ്കൺ അമേരിക്കയിലാകെ അടിമത്തം നിർത്തലാക്കിയിരിക്കുന്നു. നിങ്ങൾക്കവിടെ ആരേയും ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാം’
ഇതിനോടകം തന്നെ വെംബേരുവും കുടുംബവും ആമയ്ക്ക് ഒരു രക്ഷകന്റെ പരിവേഷം നൽകിയിരുന്നു. അങ്ങനെ ആമയേയും കൂടെകൂട്ടാമെന്ന ധാരണയാൽ അയാളും കുടുംബവും ദ്വീപുപേക്ഷിച്ച്, താൻ പണ്ട്
 എത്തിപ്പെടേണ്ടിയിരുന്ന ആ പുതിയ ലോകം തേടി വീണ്ടും യാത്രയായി.
പിൽക്കാലത്ത് അയാളും മകനും തെക്കൻ കരോലിനയിലെ റയിൽപ്പാളങ്ങളിൽ പണിയെടുത്തു. ഒലെയൂമി പരുത്തിപ്പാടങ്ങളിൽ വിളവെടുപ്പിന് പോയി. വാർദ്ധക്യത്തിലും സംഗീതപാഠങ്ങൾ അഭ്യസിക്കാൻ അയാൾ പ്രത്യേകം താൽപര്യം കാട്ടിയിരുന്നു. കൂടെയുള്ള തൊഴിലാളികളെ ബാഞ്ചോ എന്ന സംഗീതോപകരണം വായിക്കുവാൻ പഠിപ്പിച്ചു. പള്ളിയിലെ ഗാനസംഘങ്ങളിൽ പാടി. ജോലിയിൽ നിന്ന് വിരമിച്ച ശേഷം അയാൾക്കൊരു കപ്യാരാകാനും സാധിച്ചു. വെള്ളക്കാരുടേയും കറുത്തവർഗ്ഗക്കാരുടേയും ഇടയിൽ ഒരുപോലെ പ്രിയങ്കരനായിട്ടാണ് അയാൾ മരിച്ചത്. വിൽപ്പത്രത്തിൽ, തന്റെ ഏറ്റവും വലിയ സമ്പാദ്യം സ്വാതന്ത്ര്യമാണെന്നും അതിനാൽ തന്റേയും ഭാര്യയുടേയും കാലശേഷം ആമയെ അതിനിഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കാൻ അനുവദിക്കണമെന്നും എഴുതിയിരുന്നു. അങ്ങനെ ആ ദമ്പതികളുടെ കാലശേഷം ആമ, ജലാശയങ്ങൾ നീന്തി പിന്നിട്ട്  വീണ്ടും എന്നിലേക്ക് മടങ്ങി വന്നു. അധികം താമസിയാതെ അവൻ തന്റെ ജന്മഭൂമിതേടി ഇങ്ങനെയലയുവാനും തുടങ്ങി.
ഈ നാട്ടിൽ അഭയാർത്ഥി പ്രവാഹങ്ങളുണ്ടായിരുന്ന കാലത്ത് ബംഗാളിന്റേയും കറാച്ചിയുടേയും തീരങ്ങളിൽ ആമ ,  താൻ പിറന്ന മണൽപ്പരപ്പ് തേടി വന്നിട്ടുണ്ട്. യുദ്ധവും മതവെറിയും കാരണം ദേശങ്ങളിൽ നിന്ന് പ്രാണനേയും കൊണ്ടോടിപ്പോകുന്നവർ. ദേശം നഷ്ടപ്പെട്ട അവർ ധനികരാജ്യങ്ങളുടെ കൃപയും തേടി, വലിച്ചെറിയപ്പെട്ട ചവറുകൾ പോലെ അലയുന്നു. പലപ്പോഴും ജീവൻ നഷ്ടപ്പെട്ട അഭയാർത്ഥികൾ എന്റെ മുകൾപ്പരപ്പിലൂടെ ഒഴുകി നടക്കുമ്പോൾ , ആമ തുരുത്തുകളിലേക്കെന്നവണ്ണം അവയുടെയടുത്തേക്ക് വന്ന് ഉറ്റുനോക്കുന്നു. പിന്നെ ഈ മിണ്ടാപ്രാണി നീന്തിയകലുന്നു. കൊല്ലപ്പണിക്കാരനും കുടുംബവും കരുതിയതുപോലെ , സത്യത്തിൽ ഏതോ ഒരു രക്ഷകന്റെ ഇടപെടലുകൾ ഉണ്ടാകുന്നു എന്നുതോന്നും. എന്നേ പറയവേണ്ടൂ”
രാത്രി വളരെ വൈകിയിരുന്നു. പിറ്റേ ദിവസമേ തിരുവനന്തപുരത്തു നിന്ന് തിരിക്കാനാകൂ എന്ന് വീട്ടിൽ വിളിച്ചറിയച്ചതിന് ശേഷം മാഷ് വള്ളത്തിന്റെ വശത്തിരുന്നുകൊണ്ട് ബാഗിൽ കരുതിയിരുന്ന പൊതിച്ചോറു കഴിച്ചു.
അനന്തമായ ശൂന്യാകാശത്ത്, നഷ്ടപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ട നീലഗ്രഹത്തെ തേടുന്ന ഒരു ബഹിരാകാശ സഞ്ചാരിയെക്കുറിച്ച് മാഷ് ഓർത്തു. തന്റെ ഹരിതഭൂമിയെ അയാൾ എന്നാണിനി കണ്ടെത്തുക? ആമ എന്തിനാകും അത് പിറന്ന തീരം തേടുന്നത്? തന്റെ ജീവിത ചക്രം അവസാനിപ്പിക്കാനോ? അതോ തന്റെ ജന്മദേശം നഷ്ടപ്പെട്ട് പോയി എന്നറിഞ്ഞ് അതിന്റെ അമർഷം കാട്ടാനാണോ ഇങ്ങനെ തീരങ്ങളിൽ നിന്ന് തീരങ്ങളിലേക്ക് മനുഷ്യർ കാൺകെ അലയുന്നത്? ഒരു കാലത്ത് സമൂഹത്തിന്റേയും മനുഷ്യഹൃദയങ്ങളുടേയും തീരം പറ്റി വസിച്ചിരുന്ന ആമ എന്തുകൊണ്ടാണ് ഇപ്പോൾ ആരേയും ഇഷ്ടപ്പെടാതെ, വിമുഖത കാട്ടി,  ഒറ്റപ്പെട്ടവനായി  സഞ്ചരിക്കുന്നത്? അതോ ഇനി കടലമ്മ പറഞ്ഞതുപോലെ ഏതെങ്കിലും രക്ഷകൻ…
ഒരു തിരമാല വന്ന് കാലിൽ സ്പർശിച്ചപ്പോഴാണ് മാഷ് ഉണർന്നത്.
” കഥാകാരാ നേരം പുലരാറായി. ആമ മടങ്ങുകയാണ്. അങ്ങേക്ക് സ്വസ്തി”
അതെ. ആ ജലജീവി തോറ്റുമടങ്ങുകയാണ്. അത് തിരമാലകളുടെ ഇടയിലേക്കലിഞ്ഞ് അപ്രത്യക്ഷമായി.
തന്റെ ആവാസവ്യവസ്ഥയെ എത്ര കരുതലോടെയാണ് സാഗരം കാത്തുസൂക്ഷിക്കുന്നത്! ഉറങ്ങിക്കിടക്കുന്ന എത്രയധികം ചരിത്രകഥകൾ അവിടെനിന്ന് ഇനിയും കേൾക്കാനുണ്ടാകും. തിരിഞ്ഞ് നടക്കുമ്പോൾ മാഷ് മനസ്സിൽ പറഞ്ഞു.
നേരം പുലർന്നപ്പോൾ കുഞ്ഞുവന്ന് അവന്റെ പിഞ്ചുകണ്ണുകൾകൊണ്ട് കടലമ്മയേയും നോക്കി വിഷമത്തോടെ മണൽതിട്ടമേലിരുന്നു. ആമയെ ആരെങ്കിലും കൊണ്ട് പോയി കൊന്നിട്ടുണ്ടാവണം. അവൻ വിചാരിച്ചു. ഇന്നലെ വന്നതുപോലെയുള്ള ഒരാമ ഇന്നും വന്നിരുന്നെങ്കിൽ!
നാട്ടിലേക്കുള്ള യാത്രയിൽ, ട്രയിനിൽ വച്ച് മാഷ് വെറുതെ സ്വയം ചോദിച്ചു:
” ആമയിപ്പോൾ എവിടെയായിരിക്കും?”
വിടർന്ന കൈകൾ കൊണ്ട് ആഴിതല്ലി, ആമ തന്റെ ജന്മഭൂമി തേടി ആഫ്രിക്കയുടെ തീരങ്ങളിലേക്കെവിടേക്കോ പ്രതീക്ഷയോടെ നീന്തുകയായിരുന്നു.
ഹരീഷ് ബാബു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!