നാഹിദാ…

സീൻ 1

 

പ്രഭാതം. ഓടിട്ട ഇടത്തരം വീടിന്റെ ചുവരിലെ ക്ലോക്ക്  സമയം ഒൻപതുമണി കാണിക്കുന്നു. ഇരട്ടപ്പാളികളുള്ള പഴയമട്ടിലുള്ള വാതിൽ തുറന്നു പുറത്തുവരുന്ന ഹരിശങ്കർ. 40 -നും 45- നും മദ്ധ്യേ പ്രായം. ഉയരംകൂടി ബലിഷ്ഠമായ ആകാരം. അയഞ്ഞ കുർത്തയും മുണ്ടും വേഷം. ജുബ്ബയുടെ കൈമടക്കിവയ്ക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ടു നടക്കുന്ന അയാൾ. അയാളോട് ചേർന്ന് നടന്നുവരുന്ന മകൾ. പെറ്റിക്കോട്ടിട്ട എട്ടുവയസ്സുകാരി. അച്ഛന്റെ മറുപടിക്കായെന്നോണം കഴുത്തുപൊന്തിച്ച്‌ അയാളുടെ മുഖത്തേയ്ക്ക് നോക്കുന്നു. പറഞ്ഞുവന്നതിന്റെ തുടർച്ചയെന്നോണം അയാൾ മകളോട്,

ഹരി: പക്ഷേ ശനിയാഴ്ചയാണെന്നോർത്ത് മുഴുവൻ സമയവും അവിടെ കളഞ്ഞേക്കരുത്. പോയിവന്നശേഷം അച്ഛൻ തന്ന ആ ബുക്ക് വായിക്കില്ലേ അമ്മു? അതിൽ എന്തെങ്കിലും മനസ്സിലാവാതെയുണ്ടെങ്കിൽ കുറിച്ചുവച്ചേയ്ക്കണം. ok?

അമ്മു : ok അച്ഛാ.

രണ്ടുപേരും ചിരിക്കുന്നു.

അവരെക്കടന്ന് ധൃതിയിൽ പുറത്തേക്കുവരുന്ന നിത്യ, ഹരിശങ്കറിന്റെ ഭാര്യ, 36- 38 പ്രായം. മെലിഞ്ഞു ഉയരം കൂടിയ യുവതി. സാരിയാണ് വേഷം. തോളിൽതൂങ്ങുന്ന ബാഗ്, കഴുത്തിൽ id card  തൂക്കിയിടുന്നതിനിടയിൽ മകളെനോക്കി റ്റാറ്റാ പറയുന്നു.

ഹരിശങ്കർ നിത്യയോട്‌,

ഹരി: നിനക്കിന്നു വൈകിട്ടുവരെ സ്‌കൂളുണ്ടോ? ഞാനിന്നു വൈകും.

നിത്യ: ഇല്ല. ഇന്ന് ഉച്ചയ്‌ക്കുശേഷമുള്ള സ്പെഷ്യൽ ക്‌ളാസ്സുകൾ ഒഴിവാക്കീട്ടുണ്ട്. നേച്ചർ ക്ലബ്ബിന്റെ എന്തോ പരിപാടിയുണ്ടത്രേ. ഞാൻ ഉച്ചയ്ക്കിറങ്ങും.

ഹരി: തിര്യെ ഒരോട്ടോ പിടിച്ചിങ്ങുപോന്നോ. എനിക്കപ്പോഴിറങ്ങാനാവൂല്ല.

നിത്യ: എടുത്തുപറയേണ്ടതില്ലല്ലോ, അതെപ്പോഴും അങ്ങനെതന്നെയല്ലേ?

ഭാര്യയെ നോക്കി കണ്ണിറുക്കുന്ന ഹരിശങ്കർ. പുഞ്ചിരിയോടെ നിത്യ. രണ്ടാളും പുറത്തേയ്ക്ക്. സംഭാഷണം തുടരുന്നു.

നിത്യ: ഹരിയേട്ടാ.. ആ സ്ക്രിപ്റ്റ് റെഡിയാണോന്നു ചോദിച്ച്‌ ഇന്നലെയും അവര് വിളിച്ചിരുന്നു. നിങ്ങള് ഇപ്പോഴായി ഫോണേ എടുക്കുന്നില്ലാന്ന് പറഞ്ഞു. ലാൻഡ്ഫോണിലെങ്കിലും കിട്ടുമോന്നായി ചോദ്യം. ഹരിയേട്ടൻ തിര്യെ വിളിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് തീർന്നുകാണില്ലല്ലേ? ഫോണെടുക്കാഞ്ഞപ്പോൾ എനിക്കു തോന്നി.

ഹരി: നിനക്കു മനസ്സിലായല്ലോ, പിന്നേം ചോദിക്കുന്നതെന്തിനാ?

അവ്യക്തമായി എന്തോ പിറുപിറുക്കുന്ന നിത്യ.

രണ്ടുപേരും വെളിയിലേക്കിറങ്ങുന്നു. ഉമ്മറത്തെ തൂണിൽപ്പിടിച്ച്‌ അവർ പോകുന്നത് നോക്കിനിൽക്കുന്ന കുട്ടി. തെല്ലിടകഴിഞ്ഞ് വെളിയിലൂടെ കടന്നുപോകുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദം.

ബിന്ദു ഹരികൃഷ്ണൻ

Rights reserved@BUDDHA CREATIONS

2 thoughts on “നാഹിദാ…

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!