സീൻ 2
ആദ്യ സീനിലെ അതേ വീട്. രാത്രി വളരെ വൈകിയതിന്റെ സൂചനകൾ. ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുന്ന ബാലകൃഷ്ണൻ മാഷ്, റിട്ടയേർഡ് സ്കൂൾമാഷ്. നിത്യയുടെ അച്ഛൻ. 65-70 വയസ്സ് പ്രായം. കള്ളിമുണ്ടാണ് വേഷം. പുറത്തുനിന്ന് വീട്ടിലേയ്ക്ക് അടുത്തടുത്തുവരുന്ന ബുള്ളറ്റിന്റെ ശബ്ദം കേൾക്കാം. ബുള്ളറ്റു വന്നുനിൽക്കുന്ന ശബ്ദത്തോടൊപ്പം നിവർന്നിരിക്കുന്ന ബാലകൃഷ്ണൻ മാഷ്, കസേരക്കൈയ്യിൽനിന്നും തോർത്തെടുത്ത് മുഖവും കഴുത്തും തുടയ്ക്കുന്നു. എന്തോ ചിന്തിച്ചുറപ്പിച്ച ഭാവത്തോടെ വെളിയിലേക്കു നോക്കിയിരിക്കുന്നു. മുറ്റത്തിന്റെ ഒരുകോണിൽനിന്ന് നടന്നുകയറിവരുന്ന ഹരിശങ്കർ, ഒരല്പം ക്ഷീണിതനായിട്ടുണ്ട്. ഉമ്മറത്ത് അമ്മായിയച്ഛനെക്കണ്ട അയാൾ,
ഹരി: ഉറങ്ങിയില്ലേ ഇതുവരെ?
മറുപടിയായി ബാലകൃഷ്ണൻ മാഷിന്റെ ഭാഗത്തുനിന്ന് ഒരു മുരടനക്കം മാത്രം. അകത്തെ വാതിലിനരികിലേയ്ക്ക് നടക്കാൻ തുടങ്ങിയ ഹരിശങ്കറിനോട് മാഷ്,
ബാല: നിൽക്ക്, ഒരു കാര്യം സംസാരിക്കാനുണ്ട്. അതിനായിട്ടാ തന്റെ വരവും കാത്തിരുന്നത്.
പറയൂ എന്നമട്ടിൽ ഹരിശങ്കർ ചാരുകസേരയ്ക്കു സമീപം അരച്ചുമരിൽ ഇരിക്കുന്നു.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം മാഷ് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു.
ബാല: മനു തിരികെവരുകാണ്. ഇനി പോകുന്നില്ലെന്നാണത്രെ തീരുമാനം. കുട്ടികളെ ഇവിടെ സ്കൂളിൽ ചേർക്കാനുള്ള ഏർപ്പാടുകളും അയാളുടെ അളിയൻ ചെയ്തുകഴിഞ്ഞു എന്നാ പറഞ്ഞത്.
തെല്ലിട നിർത്തിയ ശേഷം,
ബാല: ഞാനൊരുപാടുകാലമായി പറയുന്നതുതന്നെയേ ഇപ്പോഴും പറയാനുള്ളൂ. നിങ്ങളുടെ വീടിന്റെ ബാക്കി പണികൂടി പൂർത്തിയാക്കുക. നിങ്ങളങ്ങോട്ടുമാറുന്നത് എനിക്കോ സരസ്വതിക്കോ ഇഷ്ടമായിട്ടല്ല. മനുവും കുടുംബവും കൂടെ വന്നാൽ ഇവിടെ സ്ഥലം കമ്മിയാകും. അതുമാത്രമല്ല കാര്യമെന്ന് നിനക്കറിയാമല്ലോ ഹരീ. കൂടിക്കിടക്കുമ്പോഴാണ് വഴക്കും വക്കാണവുമെല്ലാം. തനിത്തനിയേ ആയാലാ സ്നേഹവും ബന്ധവുമെല്ലാം എപ്പോഴും നിലനിൽക്കും. നിന്റെ അഭിപ്രായം എന്താ?
പറഞ്ഞുനിർത്തി ഹരിശങ്കറിന്റെ മറുപടിയ്ക്കു കാക്കുന്നു. അയാളുടെ മൗനം ആലോചനയായെടുക്കുന്ന മാഷ്,
ബാല: കൂടുതൽ ആലോചിക്കാനൊന്നും നിൽക്കണ്ട. എന്നായാലും പൂർത്തിയാക്കാനുള്ളതല്ലെയത്. എന്നുമിങ്ങനെ ജോലിസമയം കഴിഞ്ഞു പ്രഭാഷണം, എഴുത്ത് എന്നൊക്കെപ്പറഞ്ഞു ഊരുചുറ്റിനടന്നാലും ശരിയാവില്ല, തനിയെ ജീവിച്ചുതുടങ്ങുമ്പോ ഇതുപോലെ അലഞ്ഞുനടത്തമൊക്കെ മാറി ജീവിതത്തിൽ ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കാറുമാകും.
ഹരി: ആലോചിക്കാം.
ബാല: ആലോചന മാത്രം പോരാ, ഇക്കുറി നടക്കണം.
മാഷിന്റെ സ്വരം കടുക്കുന്നു. അതുൾക്കൊണ്ട് ഗൗരവപൂർണ്ണമാകുന്ന ഹരിശങ്കറിന്റെ മുഖം.
അതുവരെയുണ്ടായിരുന്ന ലാഘവം മാറി അന്തരീക്ഷം പിരിമുറുക്കത്തിലേയ്ക്ക്. വാക്കുകളില്ലാതെ രണ്ടാളും ഇരിക്കുന്നു.
ബാലകൃഷ്ണൻ മാഷിന് മുഖം കൊടുക്കാതെ ചുമരിനോടെന്നവണ്ണം ഹരിശങ്കർ സംസാരിക്കുന്നു.
ഹരി: ഈ രാത്രിയിൽതന്നെ വീടിന്റെ പണിപൂർത്തിയാക്കാനാവില്ലല്ലോ. ഉടനെ അതിനുള്ള ഏർപ്പാടുണ്ടാക്കാം. എനിക്ക് നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.
മറുപടിക്കു കാക്കാതെ അകത്തേയ്ക്കു പോകുന്ന ഹരിശങ്കർ, അതൃപ്തിയോടെ അയാളുടെ പോക്ക് നോക്കിയിരിക്കുന്ന ബാലകൃഷ്ണൻ മാഷ്.
ബിന്ദു ഹരികൃഷ്ണൻ
Rights reserved@BUDDHA CREATIONS
Thanks for sharing. I read many of your blog posts, cool, your blog is very good.