സീൻ 5
സമയം രാവിലെ.ഹെഡ്‌റെസ്റ്റിൽ ചാരി കിടക്കയിലിരുന്നു മടിയിലെ ലാപ്ടോപ്പുപയോഗിക്കുന്ന ഹരിശങ്കർ. അരികിൽ ഉറങ്ങിക്കിടക്കുന്ന മകൾ. മുറിയിലേയ്ക്ക് ഒരുകപ്പ് ചായയുമായി കടന്നുവരുന്ന നിത്യ. ചായ ഹരിശങ്കറിന് കൊടുത്ത്, മകളെ തട്ടിയുണർത്താൻ ബെഡിന്റെ മറുവശത്തേയ്ക്കു പോകുന്നു.
നിത്യ: നിങ്ങള് രാവിലെതന്നെ തുടങ്ങിയോ അങ്കംവെട്ട്. ഈ വെർബൽ ബാറ്റിലിലൊന്നും ഒരുകാര്യവുമില്ല ഹരിയേട്ടാ. യുദ്ധമുറകളൊക്കെ മാറേണ്ടിയിരിക്കുന്നു. നിങ്ങളാ സമയം കൊണ്ടാ സ്ക്രിപ്റ്റ് റെഡിയാക്കാൻ നോക്ക്, അതിന്റെ ആൾക്കാരിപ്പോ വരും.
ഹരിശങ്കറിന്റെ കണ്ണുകൾ ലാപ്പിന്റെ സ്‌ക്രീനിൽത്തന്നെ, നിത്യ പറഞ്ഞത് കേട്ടു എന്നതൊരു തലയാട്ടലിൽ ഒതുക്കുന്നു.
നിത്യ: അമ്മൂ.. അമ്മുക്കുട്ടി എണീറ്റെ, ഞാറാഴ്ചയെന്നു കരുതി ഇത്രേം നേരമൊന്നും ഉറങ്ങേണ്ട. എണീറ്റെ, നമുക്കിന്നെന്തൊക്കെ ചെയ്യാൻ കിടക്കുന്നു. എണീറ്റു വാ മോളേ..
ഹരിശങ്കർ തലയുയർത്തി മകളെ നോക്കുന്നു.
ഹരി: അവളുറങ്ങിക്കോട്ടെടീ.. ഇന്നെങ്ങും പോണ്ടല്ലോ.
ഉറക്കം മുറിഞ്ഞ അലോസരത്തിൽ മൂരിനിവരുന്ന അമ്മുവിനെ ഒരുകൈകൊണ്ടു തട്ടി സാന്ത്വനിപ്പിക്കുന്നു.
ഹരി: മോളുറങ്ങിക്കോ. മതിയാവുമ്പോ എണീറ്റാൽമതി.
പുതപ്പുമടക്കിവച്ചുകൊണ്ട് അവരെനോക്കി പുഞ്ചിരിക്കുന്ന നിത്യ.
നിത്യ: നിങ്ങടെ കഴിഞ്ഞദിവസത്തെ പോസ്ടിനെന്താ പ്രതികരണം! അല്പമെങ്കിലും ചിന്തിക്കുന്നവർ ഒറ്റക്കെട്ടായി എതിർക്കുന്ന ഈ ബില്ലൊക്കെ കൊണ്ടുവരണമെന്ന് കടുംപിടിത്തം പിടിക്കുന്നതിലെ രാഷ്ട്രീയലക്‌ഷ്യം വ്യക്തമല്ലേ? ആളുകളിവരെ ഒറ്റപ്പെടുത്താത്തതാ എനിക്കതിശയം.
ഹരി: നീ പറഞ്ഞതുതന്നാ അതിലെ കാര്യം. അങ്ങനൊരു ഭേദഗതി അനാവശ്യമാണെന്ന് ശക്തമായി അഭിപ്രായമുള്ള ചിലരും രാഷ്ട്രീയം നോക്കി മിണ്ടാതിരിക്കുന്നുണ്ട്.
ലാപ്പിൽ നോക്കിത്തന്നെ തുടരുന്നു,
ഹരി: പിന്നെ എഴുത്തുകൾ, അതിനുള്ള പ്രതികരണങ്ങൾ കള, അതൊരു നൂറോ ഇരുന്നൂറോ സമാനചിന്താഗതിക്കാരുടെ അഭിപ്രായങ്ങളായേ കാണാവൂ. തെരുവിലേക്കിറങ്ങുന്ന പ്രതികരണങ്ങളേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ. അതിനേ ശക്തിയുമുള്ളൂ. ജാമിയമിലിയയിലും അലിഗഡിലുമൊക്കെ നടന്ന അതിക്രമങ്ങൾക്കെതിരേ രാജ്യമൊട്ടാകെയുള്ള വിദ്യാർഥികളും യുവജനങ്ങളും പ്രക്ഷോഭമുയർത്തിയില്ലേ? അവിടെയാണ്, യാഥാർഥ്യബോധമുൾക്കൊണ്ടു പൊരുതുന്ന യുവജനതയിലാണ് ഇനി ഇന്ത്യയുടെ ഭാവി. അല്ലാതെ ഞങ്ങളെപ്പോലെ സോഷ്യൽ മീഡിയ വഴി തള്ളിമറിക്കുന്ന അക്ഷരപ്പടവെട്ടുകാരിലല്ല.
നിത്യ: ഓ.. സമ്മതിച്ചു. അങ്ങിവിടെ പടവെട്ടും, വെടിക്കോപ്പൊരുക്കലുമൊക്കെയായിരുന്നാട്ടെ. ഞാനീ കൊച്ചിനെ ഒന്നെണീപ്പിക്കട്ടെ, മണി എട്ടരയായി. എടീ..
കുഞ്ഞിനെ എണീപ്പിച്ചുകൊണ്ട് മുറിക്കു പുറത്തേയ്ക്കു പോകുന്ന നിത്യ, ഒരു നിമിഷം അവരുടെ പോക്ക് നോക്കിയിരുന്ന ശേഷം തന്റെ ലാപ്ടോപ്പിലേക്കുതന്നെ മടങ്ങുന്ന ഹരിശങ്കർ.
ബിന്ദു ഹരികൃഷ്ണൻ
Rights reserved@BUDDHA CREATIONS.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?