കുഞ്ഞുകിനാവിനോട്……

ഒരുപാടലഞ്ഞുടലാകെ തളർന്നൊടുവിലൂഴിയിൽ
വീഴാനുലഞ്ഞിടുമ്പോൾ,

ഒരു കൊച്ചു കിളിനാദമകലെ നിന്നും വന്നു
ഹൃദയത്തിലേക്ക് ചേക്കേറിടുന്നു.

ജീർണ്ണത മുറ്റിയ പ്രാണനിലേക്കിന്നു
സ്നേഹനിലാവായി നീ നിറയവേ

പോകുവാൻ ആവില്ലെനിക്കിനി
ദൂരങ്ങൾ ഏറെയുണ്ടൊപ്പം നടന്നു തീർക്കാൻ.

അൻപോടെ കാത്ത കിനാവു നീ ;
നിൻ സ്നേഹമെന്നിൽ ചൊരിയുന്ന പുണ്യതീർത്ഥം.

ഇനിയുമുറയ്ക്കാത്ത മിഴികളാൽ എന്നെ
നീയലിവോടെ കാണുമീ നിമിഷമിതിൻ
നിറവു മതിയിനിയുള്ള ജീവനു നിറമേറെയണിയുവാൻ
തിരി തെളിയുവാൻ.

കരയരുതരുമ നീ നിന്റെ കണ്ണീരെന്റെ
പ്രാണനെയാകെ ഉലച്ചിടുന്നു
പാൽമണം തൂകി നീ പുഞ്ചിരിച്ചീടുകിൽ
പാൽനിലാവൊഴുകുമെൻ പ്രാണനാകെ.

ഉയിരു പകർന്നു നീ പിറവിയെടുത്തൊരു
യാമമെന്നോർമ്മയെ തഴുകിടുമ്പോൾ,
പോകുവതെങ്ങനെ പേലവമാം നിന്റെ പ്രാണനീ
നെഞ്ചിന്റെ ചൂടല്ലയോ!

സുഖമായുറങ്ങുക കണ്ണിൻ വിളക്കു നീ;
കടലോളം സ്നേഹം നിൻ കാവൽ നിൽക്കും.
പോകാതിരിക്കട്ടെ പ്രാണനെൻ ജീർണിച്ച കൂട്ടിൽ നിന്നും
നീയുണരുവോളം..

സതീഷ് ബി. എസ്

error: Content is protected !!