മടക്കയാത്ര

ഒരു മടക്കയാത്ര താൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോഴൊക്കെ സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി, എന്തിൽ നിന്ന് എങ്ങോട്ടേയ്ക്കുളള മടക്കം എന്ന്. ഒരിക്കലും ആ ചോദ്യങ്ങൾക്കുളള ഉത്തരം ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതായിരുന്നില്ല.. ഇന്ന് അവർ കാണുന്ന പച്ചപ്പരിഷ്കാരിയായ ഈ പട്ടണവാസിയ്ക്ക് നനുത്ത ഗൃഹാതുരത്വം പേറുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നു വിശ്വസിക്കാൻ,  പറഞ്ഞാലും ഒരുപക്ഷേ അവർക്കാവില്ലായിരിക്കും. മെട്രോപൊളിറ്റൻ സിറ്റികളിലെ ബഹുനിലക്കെട്ടിടങ്ങളുടെ കുടുസ്സുമുറികളികളിൽ തളയ്ക്കപ്പെടുന്ന തന്നെപ്പോലുള്ളവർക്ക് പെൻഷൻപ്രായം കഴിയുമ്പോഴാകും നാടും നാട്ടിൻപുറത്തെ ശീതളഛായയുമൊക്കെ ഓർമ്മവരിക! അങ്ങനെ ഒരുപാടു വർഷങ്ങൾക്കുശേഷം ഒരു മടക്കയാത്രയിലാണ് താനും…
            നാലഞ്ചുദിവസത്തെ മടുപ്പിക്കുന്ന ട്രെയിൻ യാത്രയ്ക്കു ശേഷം നാട്ടിൽവന്നിറങ്ങുമ്പോൾ വർഷങ്ങൾക്കപ്പുറം ജനിച്ച മണ്ണിൽ താൻ അപരിചിതയാണല്ലോ എന്നവൾ ഓർത്തു. പണ്ടത്തെ നാട്ടുവഴികളൊക്കെയും ടാർചെയ്ത റോഡുകൾ.. എവിടെയും പുതിയ പുതിയ വീടുകൾ.. കെട്ടിടങ്ങൾ.. ഭാഗ്യമെന്നു പറയട്ടെ, എവിടെയും പരിചിതമായ ഒരു മുഖം പോലും കണ്ടുകിട്ടിയില്ല. നടന്നു തുടങ്ങിയപ്പോൾ മറന്നു തുടങ്ങിയ പാത മനസ്സിലിരുന്ന് ആരോ തെളിക്കുന്നതുപോലെ തോന്നി. അങ്ങനെ പഴയ, എന്നാൽ പുതിയതായ ആ വഴിയിലൂടെ തറവാട്ടിലെത്തി, തറവാട് എന്നു പറയാനും മാത്രം അവിടെ ഒന്നും ശേഷിക്കുന്നില്ലെങ്കിലും..കെട്ടിടം മുഴുവൻ വളളികളും പടർപ്പും കാടുമൊക്കെയായി പാതിമുക്കാലും നശിച്ചിരിക്കുന്നു . ചുറ്റും ഒരാത്മ നൊമ്പരത്തൊടെ കണ്ണോടിച്ചപ്പോൾ മാറ്റമില്ലാത്തത് എന്നു തോന്നിയത് തന്റെ ഓർമ്മകൾക്കു മാത്രമെന്ന് അവൾ തിരിച്ചറിഞ്ഞു..തന്റേതായി ഒന്നും അവശേഷിക്കുന്നില്ലാത്ത ഒരിടം..മുറിച്ചുമാറ്റപ്പെട്ട ഏതോ ഒരു വന്മരത്തിന്റെ ശേഷിപ്പായ വേരിലേയ്ക്ക് ഒരു നെടുവീർപ്പോടെ അവളിരുന്നു..ഓർമ്മകൾ അവൾക്കു മുന്നിലേയ്ക്ക് കൊഴിഞ്ഞു വീഴാൻ തുടങ്ങി..
        മുത്തച്ഛന്റെ’ അമ്മാള്യേയ്’ന്നുള്ള സ്നേഹം തുളുമ്പുന്ന വിളിയൊച്ച..മുത്തശ്ശി പതിവായി വായിൽ തരാറുണ്ടായിരുന്ന കൊതിയൂറുന്ന ചോറുരുള..കറുത്ത പാമ്പിൻ കുഞ്ഞുങ്ങളെ ഓർമ്മവരുമായിരുന്ന ചുരുണ്ട മുടിയിൽ അമ്മ തേച്ചുതരുമായിരുന്ന കാച്ചെണ്ണ മണം..ഒരിയ്ക്കലും മറക്കാതെ വൈകുന്നേരങ്ങളിൽ അച്ഛൻ കൊണ്ടു വരുന്ന അരിമുറുക്ക്..മഴക്കാലത്ത് ആരും കാണാതെ വലിയ മുറ്റത്ത് കെട്ടിനിർത്തുന്ന വെള്ളത്തിൽ ഒഴുകി നടന്നിരുന്ന കടലാസുതോണികൾ..കുസൃതികാട്ടുന്നതിനും മരം കയറി വീഴുന്നതിനുമൊക്കെ കിട്ടുന്ന തല്ലിനുപോലും മത്സരിച്ചോടിയിരുന്ന കളിക്കൂട്ടുകാർ..സന്ധ്യയ്ക്ക് വിളക്കുതൊഴാൻ കാവിലേയ്ക്കുള്ള പോക്ക്..വയസ്സറിച്ച കാലം മുതൽ കാണുമായിരുന്നെങ്കിലും ദാവണിപ്രായത്തിൽ മാത്രം തിരിച്ചറിഞ്ഞ തനിക്കുനേരെ നീണ്ടു വന്നിരുന്ന പ്രണയം തുളുമ്പിയ ആ രണ്ടു കണ്ണുകൾ..മുത്തശ്ശിയുടെ ആമാടപ്പെട്ടി നിറയെ ആരുമറിയാതെ നിധിപോലെ സൂക്ഷിച്ച മഞ്ചാടിമണികൾ…ഒക്കെയും തനിയ്ക്ക് നഷ്ടങ്ങൾ മാത്രം…
        നാടും വീടും വിട്ട് പഠിക്കാൻ പോലും പെൺകുട്ടികളെ വിടുമായിരുന്നില്ലാത്ത ആ കാലത്ത് കിട്ടിയ ജോലി പട്ടണത്തിലായതുകൊണ്ടുമാത്രം വേണ്ടന്നു വയ്ക്കാൻ താൻ തയ്യാറായില്ല.അച്ഛന്റെ വാക്കിനെ ധിക്കരിച്ച് , എല്ലാവരുടേയും എതിർപ്പവഗണിച്ച് അന്നു താൻ പോയി..ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് അന്ന് കരുതിയില്ല. പിന്നീടുണ്ടായ പ്രണയവിവാഹവും തന്നെ തറവാട്ടിൽ നിന്ന് ഒരുപാടകറ്റി..ഒരു വാശിപോലെ നേടിയ ആ ജീവിതംഎങ്ങുമെത്താതെ ഒടുങ്ങി. ഒറ്റയ്ക്കായെങ്കിലും തോൽവി സമ്മതിച്ച് മടങ്ങി വരാൻ  അന്നും താനൊരുക്കമായിരുന്നില്ല. എല്ലാറ്റിനും വാശിയായിരുന്നു..തളർന്നു പോകാതിരിക്കാനും താൻ ചെയ്തതൊക്കെ ശരിയായിരുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമൊക്കെ..ഒടുവിൽ എല്ലാം മടുത്ത് തോൽവി സമ്മതിച്ച് താൻ മടങ്ങിയെത്തിയപ്പോഴോ!! ആരുമില്ലാതായിരിക്കുന്നു…ഓർമ്മകളുടെ ശവപ്പറമ്പിലാണ് താൻ..ജീവിച്ചിരിക്കുന്നവരൊക്കെ എവിടെയാണെന്നറിയാൻ കഴിയാത്തവിധം അകന്നുപോയിരിക്കുന്നു….നെടുവീർപ്പുകൾ മാത്രം ബാക്കിയാകുന്നു….ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു..ഒരുനിമിഷം കണ്ണടച്ച്  കൊഴിഞ്ഞുവീണ ഓർമ്മകളെ കൂട്ടിപ്പെറുക്കി വീണ്ടുമൊരു മടക്കയാത്രയ്ക്ക് ഒരുങ്ങി….

പ്രസുമ നിഷാന്ത്

error: Content is protected !!