The Great Nothing…

കണ്ണിമകൾ വെട്ടി വെട്ടി തുറക്കുമ്പോൾ അയാൾ കാണുന്നത് ഇരുണ്ട ആകാശത്തിലെ അനേകലക്ഷം നക്ഷത്രങ്ങൾ. അവ മിന്നുന്നതായി അയാൾക്ക്‌ അനുഭവപ്പെട്ടില്ല.

“പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നുമില്ലായ്മയാണ്”
അനേക ലക്ഷം നക്ഷത്രങ്ങളുടെ ഇടയിൽ വെറും ശൂന്യത മാത്രമാണെന്ന് അയാൾക്കു ബോധ്യമുണ്ടായിരുന്നു. പ്രപഞ്ചത്തിൽ ശൂന്യത ആണ് പ്രബലമായിരിക്കുന്നത്, ഒന്നുമില്ലായ്മ മാത്രം.

ആ നിമിഷം ശരീരം മരവിച്ചതായി അയാൾക്ക്‌ തോന്നി. താൻ എവിടെ ആണെന്നോ, തനിക്കു എന്താണ് സംഭവിച്ചതെന്നോ അയാൾക്ക്‌ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. കുറച്ചു നിമിഷങ്ങൾക്ക് മുൻപേ തന്നിലേക്ക് ഓടിയടുത്ത പ്രകാശവും, ഭയാനകമായ ശബ്ദം, അത് മാത്രമാണ് അയാൾക്കു ഇപ്പോൾ ഓർത്തെടുക്കുവാൻ സാധിക്കുന്നത്.

എത്ര ശ്രമിച്ചിട്ടും നിയന്ത്രണത്തിൽ അല്ലാതായ ശരീരം, കൈവിരലുകൾ പോലും അനക്കാൻ പറ്റാതെ മരവിച്ച ശരീരവുമായി അയാൾ അവിടെ കിടന്നു. മരവിപ്പ് കുറേശ്ശെയായി വിട്ടുമാറുന്ന ഇടത്തെല്ലാം വേദന അരിച്ചു കയറുന്നതായി അനുഭവപെട്ടു. വേദന അതിൻ്റെ തീവ്രതയിലേക്ക് പതുക്കെ കടന്നു. പേശികളെ വേദനയുടെ നാഡി വരിഞ്ഞു മുറുക്കി. വിരലുകളുടെ ചലനശേഷി തിരികെ വന്നപ്പോൾ അപരിചതവും അതിതീക്ഷ്ണവും ആയ വേദനയിൽ അയാളുടെ കൈപിടി മുറുകി. പിടി മുറുകുമ്പോൾ വേദന അയാളെ കീഴ്പെടുത്തി കൊണ്ടിരുന്നു. കഴുത്തിലൂടെ മസ്തിഷ്കത്തിലേക്ക് അരിച്ചിറങ്ങുന്ന ദ്രാവകം പോലെ വേദന ശരീരം ആകെ പടർന്നു, കണ്ണുകൾ അടഞ്ഞു, പതുക്കെ ശുന്യതയില്ലേക്ക് ബോധം മയങ്ങി വീണു.

ബോധം എന്ന രാസോർജ്ജം മസ്തിഷ്ക്കത്തിൽ പടർന്നപ്പോൾ തലയിൽ ഭാരമുള്ള ഭാണ്ഡ കെട്ടുകളുമായി ശീതികരിച്ച മുറിയിലെ ഇളംനീല നിറമുള്ള ചുമരുകളിൽ അയാളുടെ ദൃഷ്ടി പതിച്ചു. കുറച്ചകലെ ചുമരിനോട് ചേർന്നു ചില്ലു വാതലിൽ, വലത്തു നിന്നും ഇടത്തോട്ട് ചുവന്ന മഷിയാൽ എഴുതിയ ICU എന്ന മൂന്നക്ഷരം, കൺപാടയാൽ കാഴ്ചമങ്ങിയ കണ്ണുകൾ കൊണ്ട് അയാൾ വായിച്ചെടുത്തു. തലയിലെ ഭാരവും അമിതമായ ക്ഷീണവും കാരണം അയാൾ പതുക്കെ കണ്ണുകൾ അടച്ചു. ആ നിമിഷം അയാൾ വേദന അനുഭവിച്ചിരുന്നില്ല, പകരം താങ്ങാൻ സാധിക്കാത്തതിന് അപ്പുറം ഭാരം ക്ഷീണവും അയാളെ അസ്സ്വസ്ഥത പെടുത്തി. ഭാരത്താൽ അനക്കാൻ സാധിക്കാതെ ഇരുന്ന ശരീരം അയാൾക്ക്‌ ശൂന്യമായി അനുഭവപെട്ടു.

താൻ ആരാണെന്ന ഒരു അവ്യക്തമായ രൂപം മാത്രമാണ് അയാൾക്കിപ്പോൾ ഉള്ളത്. അടഞ്ഞ കൺപോളകൾക്കടിയിൽ കണ്ണുകൾ ഇടത്തേക്കും വലത്തേയ്ക്കും ചലിപ്പിച്ചു കൊണ്ട്, ഓർമകൾ സൂക്ഷിച്ച തലച്ചോറിലെ അറകൾ തേടി അയാളുടെ ബോധം അലഞ്ഞു നടന്നു. അവിടെയും പ്രപഞ്ചത്തിലെ ശൂന്യത തളം കെട്ടി കിടന്നിരുന്നു.

ദിവസങ്ങൾ കുറച്ചു കടന്നു പോയി എന്ന് തോന്നുന്നു. തോന്നൽ ആകാൻ കാരണം ഇപ്പോൾ അയാൾക്ക്‌ ദിനചര്യകൾ ഇല്ല, ഉറക്കത്തിനും ഉണർവിനും സമയക്രമം ഇല്ല. രാവും പകലും തിരിച്ചറിയാൻ സാധിക്കുന്ന വെളിച്ചമോ ഇരുട്ടോ ഇല്ല, വെളിച്ചം tubelight ഇന്റെ പ്രകാശവും, ഇരുട്ട് കണ്ണടക്കുമ്പോൾ പകരുന്ന ആശ്വാസവും മാത്രമാണ്. അന്ന് രാത്രിയിൽ താൻ ആകാശത്ത്‌ കണ്ട അതേ ശൂന്യത മുറിയാകെ പരന്നിരുന്നു.
ഉണരുമ്പോൾ കാണുന്ന ചുമരിന്റെ കാഴ്ചയും, ഏതോ medical equipment’s ഇന്റെ beeping ശബ്ദവും മാത്രമായി കൂട്ടിനു. തന്റെ ഇഷ്ടത്തിന് ചലിക്കുന്നത് തന്റെ കണ്ണുകളും കൺപോളകളും മാത്രമായി. ആയാസപ്പെട്ട് കണ്ണുകൾ താഴേക്കു നോക്കിയാൽ ചലന ശേഷിയറ്റ, ശൂന്യതയിൽ ആണ്ടുപോയ തന്റെ കാലുകൾ പുതപ്പിന്റെ അടിയിൽ കാണാം.

ഉണർന്നിരിക്കുന്ന ദൈർഘ്യം ക്രമേണ കൂടി വന്നു. ഒരിക്കൽ മനുഷ്യ ശബ്ദം നാളുകൾക്കു ശേഷം അയാൾ വീണ്ടും കേട്ടു. ഉറക്കത്തിന്റെയും ക്ഷീണത്തിന്റെയും ഭാരത്താൽ കണ്ണുകൾ തുറക്കാൻ സാധിക്കാതെ ഏതോ ഒരു സ്ത്രീയുടെ മൂളി പാട്ട് ആസ്വദിച്ച് അയാൾ കിടന്നു. താൻ കേട്ട് കൊണ്ടിരുന്ന beeping ശബ്ദം അയാളുടെ ജീവന്റെ, നെഞ്ചിടിപ്പിന്റെ ശബ്ദം ആണെന്ന് തിരിച്ചറിഞ്ഞു. ഉറക്കത്തച്ചടവിലും കണ്ണുകൾ തുറക്കുന്നതിനു മുൻപ് ആ ശബ്ദം ഇപ്പോഴും ഉണ്ടോ എന്ന് അറിയാൻ അയാൾ കാതോർത്തു. ആ ശബ്ദം അയാളുടെ ജീവന്റെ തുടിപ്പാണ്. ദിവസങ്ങൾക്കിപ്പുറം, ആ “ഏതോ” ഒരു സ്ത്രീയുടെ മൂളിപ്പാട്ടും തന്റെ ജീവന്റെ സൂചന തരുന്ന beeping ശബ്ദവും തന്നിലെ ഇന്ദ്രിയാവയവങ്ങൾക്ക് ഉത്തേജനമായി മാറിയത് പോലെ അനുഭവപെട്ടു. തന്റെ തലച്ചോറിലെ ശൂന്യത നിറഞ്ഞ ഓർമകളുടെ അറയിലെ ഇരുട്ടിലേക്കു പ്രവഹിച്ച വൈധ്യുതി തരംഗങ്ങൾ നേരിയ വെളിച്ചം പകർത്തി. ആ വെളിച്ചത്തിൽ അയാൾ കണ്ടു, കയ്യും വിരിച്ചു നിൽക്കുന്ന തന്നിലേക്ക് ചീറി അടുക്കുന്ന രണ്ടു പ്രകാശ ഗോളങ്ങൾ, ഭയാനകമായ ശബ്ദത്തോടെ തന്നെ തട്ടി തെറിപ്പിച്ച ഒരു വലിയ വണ്ടി. ആദ്യം കണ്ണുകൾ തുറന്നപ്പോൾ ഇരുണ്ട ആകാശത്തിന്റെ ശൂന്യതയിൽ അഭയം പ്രാപിച്ച തന്നെയും, പിന്നീട് കണ്ണുകൾ തുറന്നപ്പോൾ ശൂന്യതയുടെ ICU മുറിയിൽ തളച്ചു കെട്ടി കിടക്കുന്ന തന്നെയും. ഓർമകളിൽ ചിലതും കൂടി മങ്ങിയ വെളിച്ചത്തിൽ മിന്നി മറഞ്ഞു തുടങ്ങിയിരുന്നു. അവൾ…. ശരീരം കൊണ്ടും മനസ്സ് കൊണ്ടും പരസ്പരം സ്പർശിച്ചവർ.

പരിചതമായ തേങ്ങൽ കേട്ടുകൊണ്ടാണ് ഒരു ദിവസം അയാൾ കണ്ണ് തുറന്നതു. അവൾ…. മനസ്സ് കൊണ്ടും ശരീരം കൊണ്ടും തന്നെ സ്പർശിച്ചവൾ. ഉടുത്തിരുന്ന ദുപ്പട്ടയുടെ അറ്റം കൊണ്ട് മുഖം പൊത്തി ഏങ്ങൽ അടിച്ചു വിങ്ങുകയായിരുന്നു അവൾ, ശബ്ദം പുറത്തുവരുത്താതെ… ആ കിടക്കയിൽ കിടന്നു കൊണ്ട് അയാൾ ഉറക്കെ വിളിച്ചു. സ്വരകോശം നിയന്ത്രിക്കാൻ മറന്നു പോയ അയാളുടെ ശബ്ദം, ഇമവെട്ടലിലെ വർദ്ധിച്ച ആവൃത്തി മാത്രമായി ചുരുങ്ങി. സമയവും ദൈർഘ്യവും നഷ്ട്ടപെട്ടു പോയ അയാൾക്ക്‌ അവൾ എത്ര നേരം അവിടെ നിന്നു എന്ന് അനുമാനിക്കാൻ സാധിച്ചില്ല. കവിളുകളിൽ അടക്കി വെക്കാൻ സാധിക്കാത്ത വിധം അവളുടെ തേങ്ങൽ അസഹ്യമായി തോന്നിയപ്പോൾ, കൈകൾ കൊണ്ട് അയാളുടെ ശൂന്യതയിൽ മയങ്ങിപ്പോയ കാൽപ്പാദത്തിൽ തലോടി കൊണ്ടവൾ പുറത്തേയ്ക്കു ഓടി….. തലോടൽ, അയാളുടെ മരിച്ചു പോയ സ്പർശന ഇന്ദ്രിയം കാൽ വിരലുകളുടെ പിന്നോട്ടുള്ള ചലനത്തിൽ അവസാനിപ്പിച്ചു.

സ്പർശനം…. പ്രപഞ്ചത്തിന്റെ ശൂന്യത… അയാൾ ഓർത്തെടുത്തു.

തന്റെ ചലിച്ച കാൽ വിരലുകളിൽ അവളുടെ സ്പർശം ഏറ്റിരുന്നോ? ഇല്ല…. സ്പർശനത്തിന്റെ ഇടയിലെ ശൂന്യത അയാൾക്ക്‌ മനസിലായി തുടങ്ങി. തനിക്കു വേണ്ടി അവൾക്കു വേണ്ടി അയാൾ അറ്റോമിക് scale യിലേക്ക് ചുരുങ്ങി ഇറങ്ങി. ത്വക്കുകളിലെ കോശത്തിലെ ആറ്റം ഒരിക്കലും പരസ്പരം സ്പർശിക്കുന്നില്ല എന്ന ബോധ്യം അയാളിൽ വന്നു. കാന്തത്തിലെ ഒരേ ധ്രുവം വികര്‍ഷിക്കുന്നത് പോലെ Electromagnetic വികർഷണം ആണ് സ്പർശനം എന്ന ഇന്ദ്രിയം. അത് അയാൾക്ക്‌ അറിയാമായിരുന്നു. തന്റെ മരിച്ചുപോയ കാൽ വിരലിലെ ചലനം അതേ വികർഷ ണത്തിന്റെ പ്രതിഫലനവും. അതിന്റെ ഇടയിൽ അറ്റോമിക് scale ഇൽ തങ്ങി നിൽക്കുന്നത് അന്തമായ ശൂന്യതയും. ഒരു അണുവിലെ ശൂന്യത പ്രപഞ്ചത്തിലെ ശൂന്യത പോലെ… വികര്ഷണം…

അതെ അവൻ തിരിച്ചറിഞ്ഞു… പണ്ടേ…

തന്റെ കണ്ണിലൂടെ അയാൾ അവളിലേക്ക്‌ ആഴത്തിൽ ഇഴുകി ചേർന്നപ്പോഴും അവരുടെ ഇടയിൽ വെറും ശൂന്യത മാത്രമായിരുന്നു. അവളുടെ ശീല്കാരങ്ങൾ വെറും Electromagnetic വികർഷണത്തിന്റെ manifestation ആയിരുന്നു. അവളുടെ ശരീരചേഷ്ടകൾ പ്രപഞ്ചിന്റെ ശൂന്യതയിൽ നിന്നും ഉരുത്തിരിഞ്ഞ പ്രകടനവും… അവരുടെ ഇടയിൽ നിലനിന്നത് വെറും ശൂന്യത. അവർ ഒരുമിച്ചപ്പോഴും ഒരിക്കലും അവർ ശരീരം കൊണ്ട് സ്പർശിച്ചിരുന്നില്ല…… Electromagnetic വികർഷണം….ശുന്യതയിലെ വികര്ഷണം മാത്രം…..

ആയാസപ്പെട്ട ആ തിരിച്ചറിവിൽ അയാളുടെ ജീവന്റെ സ്പന്ദനം വേഗത്തിൽ ആയി. അയാൾ beeping ശബ്ദത്തിലേക്കു ചെവികൊർത്തു. ഉയർന്ന വേഗതയിൽ അത് ശബ്ധിക്കാൻ തുടങ്ങി. നിമിഷ നേരത്തെ നിശബ്ദവും അയാൾക്ക് മനസിലായി…. ശൂന്യത….. പ്രപഞ്ചത്തിന്റെ അധിപനായ ശൂന്യത അയാളിലേക്ക് പടർന്നിറങ്ങി.

രതീഷ് ആർ

error: Content is protected !!