പഴമ്പുരാണം

ഓർമ്മകളാണ്; സന്തോഷമുള്ളപ്പോഴൊക്കെ ഓണമായിരുന്ന ഒരു കാലഘട്ടത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ. പഴയകാലങ്ങളിൽ മാത്രം ജീവിച്ചാൽ മതിയോ എന്ന ചോദ്യം പലപ്പോഴുമുയർന്നിട്ടുണ്ട്. അക്കാലമാണ് ഉള്ളുനിറയെ… ഇടകാലങ്ങളിലെ പലതും പാടേ മറന്നുപോയിട്ടും എന്തോ കുട്ടിക്കാലവും അതിലെ ഓർമ്മകളും ഇന്നും സജീവമാണ്. ഒരുകുറി, ഉള്ളറിഞ്ഞു സ്നേഹിക്കുകയും സന്തോഷിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്തിരുന്നത് അപ്പൊഴായതുകൊണ്ടാവാം പഴയതു പറയാനും ഓർമ്മിക്കാനുമൊക്കെ ഇന്നും രസമാകുന്നത്, താല്പര്യമാകുന്നത്!

പഴമയുടെ ഗന്ധവും പേറിയൊരു കാറ്റ് വടക്കേമുറിയിലൂടെ തളം കടന്നു തെക്കേമുറികേറി ആറ്റിൻതൊടിയിലേയ്ക്ക് ഊർന്നുപോകാറുണ്ട്. ആറ്റിൻതൊടിയിലെ ഞരള മരം കാറ്റിനെക്കണ്ട് ആടിയുലഞ്ഞു ചിരിക്കാറുമുണ്ട്. ഏറെ കൗതുകമുയർത്തിയിരുന്ന ഒരു മരമായിരുന്നു അത്. ഊഞ്ഞാൽവള്ളികൾ ഞാന്നുകിടക്കും. ആറ്റിലേയ്ക്കു ചാഞ്ഞുനിൽക്കുന്ന അതിന്റെ കൊമ്പിൽക്കയറി വള്ളികളിൽ തൂങ്ങി വെള്ളത്തിലേക്ക് ചാടാൻ ആൺകുട്ടികളോടൊപ്പം ഉത്സാഹിച്ചിരുന്നു ഒരു കാലത്ത്.

ഞരളമരത്തെ ചിരിപ്പിക്കുന്ന കാറ്റ് കൊണ്ടുചെന്നു നിർത്തുന്നത് ഒരു വരാന്തയിലാണ്. പെട്ടിയുത്തരം താങ്ങുന്ന വരാന്ത അരപ്ലേസുകെട്ടി വേർതിരിച്ചതിനു വെളിയിൽ ഇളംതിണ്ണ നീണ്ടുനീണ്ടുപോകും, വീടുചുറ്റിക്കൊണ്ട്. വരാന്തയ്ക്കുചുറ്റും മുറികളാണ്. വിശാലമായ അവയിലെങ്ങും ഒരു പഴമയുടെ മണമാണ്. വാഴപ്പഴത്തിന്റെയോ ഉരുകിയ ശർക്കരയുടെയോ നനഞ്ഞ തടിയലമാരയുടെയോ എന്തെന്ന് വേർതിരിച്ചറിയാനാവാത്തൊരു മണം ഇന്നും ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട്. ഓർമ്മകളെത്തിക്കുന്നതാവാം!

തെക്കേപ്പെര എന്നും അതിഥികൾക്കുള്ളതാണ്. അതിഥികളായിമാത്രം വീടണയുന്ന കുടുംബത്തിലെ പ്രധാനികൾ അന്തിയുറങ്ങുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതുമൊക്കെ ആദ്യമാദ്യം ഈ മുറിയിലായിരുന്നു. കാലക്രമത്തിൽ വന്നുപാർക്കാൻ ആൾക്കാരില്ലാതായപ്പോൾ ആ മുറിയ്ക്ക് ഞാനടക്കമുള്ള കൗമാരക്കാർ അവകാശികളായി. പൂട്ടുംകെട്ടുമൊന്നുമില്ലാതെ ആ മുറിമാത്രമാണുണ്ടായിരുന്നത്. പൂട്ടിസൂക്ഷിക്കാൻ, അതിന്റെ അവകാശികളെന്നു കരുതിയവർ അവിടെയൊന്നും അവശേഷിപ്പിച്ചിരുന്നില്ലെന്ന് അമ്മൂമ്മ പറയുമായിരുന്നു. തറവാടിന്റെ ഒരു ഭാഗം പൊളിച്ചുകൊണ്ടുവന്നുവച്ച വീടായിട്ടുകൂടി അതിന്റെ നാഥയായിരുന്ന അമ്മൂമ്മ തെക്കേയറയിലേയ്ക്ക് കടന്നുവന്നതായിട്ടോർക്കുന്നില്ല. പ്രധാനവും അപ്രധാനവുമായ പല തീരുമാനങ്ങൾക്കും ചർച്ചകൾക്കും വേദിയായിരുന്ന തെക്കേ മുറിയിൽ ഒരിക്കൽപ്പോലും കണ്ടിട്ടേയില്ല.അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നോ എന്ന് ഇപ്പൊഴാലോചിക്കാറുണ്ട്. ആ വീട്ടിലെ സ്ഥിരതാമസക്കാരി അമ്മൂമ്മ മാത്രമായിരുന്നു വളരെക്കാലം, അപ്പോഴൊക്കെ ആ മുറി അടഞ്ഞുമാത്രം കിടന്നു.

തെക്കേമുറി വിശാലമായിരുന്നു. മറ്റുമുറികളെ അപേക്ഷിച്ച്, കാറ്റുംവെളിച്ചവും കടക്കത്തക്കവിധം വലിപ്പമുള്ള ജനാലകളുണ്ടായിരുന്നു. അവ തുറന്നിട്ടാൽ തെക്കേമുറ്റത്തിനതിരിൽ ആർത്തലച്ചുപൂത്തുനിൽക്കുന്ന പിച്ചിയും പനിനീർറോസും കാണാമായിരുന്നു. അവയുടെ മണമെപ്പോഴും മുറിയിൽ നിറഞ്ഞു. എല്ലാം അമ്മൂമ്മ നട്ടു നനച്ചു പരിപാലിച്ചുപോന്നവ. വർഷത്തിലെപ്പോഴും പൂക്കുന്ന പിച്ചിയും റോസുമൊക്കെ അന്നത്തെ വലിയ കൗതുകങ്ങളായിരുന്നു. തെക്കേമുറിയിൽ നിന്ന് തിണ്ണയിലേയ്ക്കും തുടർന്ന് മുറ്റത്തേയ്ക്കുമിറങ്ങുന്ന പടിക്കെട്ടിൽ രാത്രികാലങ്ങളിൽ മുല്ലയും പിച്ചിയുമൊക്കെ പൂവിടർത്തുന്നതും നോക്കി നിലാവും കണ്ടിരിക്കാൻ സുഖമായിരുന്നു. അന്ന് സമാധാനമുണ്ടായിരുന്നു, സ്വസ്ഥമായിരുന്നു മനസ്സ്. രാത്രിയേയും രാത്രികാലക്കാഴ്ചകളെയും ഭയക്കേണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി, അവിടെമാത്രമല്ല.. എവിടെയും!

പഴമ്പുരാണം തുടരും…

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!