ദ ലാസ്റ്റ് ലിയർ  

       

തിയേറ്റർ ആർട്ടിസ്റ്റും എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ ഉത്പൽ ദത്തിനെ ബംഗാളികൾ മാത്രമല്ല ഹിന്ദി സിനിമാലോകവും വിസ്മരിക്കാനിടയില്ല. വളരെ ചെറുപ്പത്തിൽ  തന്നെ ഇംഗ്ലീഷ് നാടകവേദിയിൽ ആകൃഷ്ടനായ അദ്ദേഹം 1947 -ൽ ‘ദ ഷേക്സ്പിയറൻസ്’ എന്ന തിയേറ്റർ ഗ്രൂപ്പിന് തുടക്കം കുറിച്ചു. ഷേക്‌സ്‌പിയറിന്റെ പ്രശസ്തമായ നാടകങ്ങൾ വേദിയിലെത്തിച്ച അദ്ദേഹം കാലക്രമേണ ഇബ്സൻ, ഷാ, ടാഗോർ, ഗോർക്കി, കോൺസ്റ്റാന്റിൻ സിമോനോവ് എന്നിവരുടെ കൃതികളിലേയ്ക്കു തിരിഞ്ഞു. ‘ലിറ്റിൽ തിയേറ്റർ ഗ്രൂപ്പ്’ എന്ന് തന്റെ ഗ്രൂപ്പിനു പുനർനാമകരണം ചെയ്യുകയും കാലക്രമത്തിൽ ബംഗാളി ഫോക്ക് രീതിയിലേക്ക്‌ മാറുകയും ചെയ്തു. നിരവധി സിനിമകൾ സംവിധാനം ചെയ്ത ഉത്പൽ ദത്ത് ഹിന്ദി സിനിമാ രംഗത്ത് കൊമേഡിയൻ ആയാണ് അറിയപ്പെടുന്നത്. നല്ല നടനുള്ള ദേശീയ പുരസ്കാരത്തോടൊപ്പം മൂന്നു ഫിലിം ഫെയർ ബെസ്റ് കൊമേഡിയൻ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

       ഉത്പൽ ദത്തിന്റെ ആജ്കർ ഷാജഹാൻ എന്ന നാടകത്തെ ആസ്പദമാക്കി ഋതുപർണഘോഷ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ‘ദ ലാസ്റ്റ് ലിയർ’ എന്ന ഇംഗ്ലീഷ് ചിത്രം പിന്നീട് മികച്ച ഇംഗ്ലീഷ് ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. ഹരീഷ് മിശ്ര എന്ന, ലേശം എക്‌സെൻട്രിക് ആയ  ഷേക്സ്പിയറൻ തിയേറ്റർ ആർട്ടിസ്റ്റിന്റെ കഥയിൽ, ഉത്പലിന്റെ ആത്മകഥാംശം കലർന്നിരിക്കുന്നതായി ഘോഷും മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാൻ. ഹരീഷ് മിശ്രയെ, അഭിനയം കൊണ്ടും ആകാരം കൊണ്ടും അതികായനായ ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാബച്ചനാണ് അവതരിപ്പിച്ചത്.

  മുപ്പതുവർഷവും ഒൻപതുമാസവും തികഞ്ഞ തന്റെ അഭിനയ ജീവിതത്തിന് അപ്രതീക്ഷിതമായി വിടപറയേണ്ടിവരുന്ന ഹരീഷ് മിശ്ര! ഷേക്സ്പിയറിന്റെ കടുത്ത ആരാധകനെന്നു പറഞ്ഞാലും പോരാ, ആ കൃതികൾക്കു സമാനതകളില്ലെന്നും വരും കാലത്തിലും അതുപോലൊന്നു സംഭവിക്കുകയില്ലെന്നും ഉറച്ചു വിശ്വസിക്കുന്നു അയാൾ. ഷേക്‌സ്‌പിയർ നാടകങ്ങളൊക്കെ കാണാപ്പാഠമാണ്. ജീവിതവും അതിനനുസരിച്ചൊക്കെ തന്നെ. കൂടാതെ, സിനിമയോടൊക്കെ പുച്ഛവും. അഭിനേതാവിനും സംവിധായകനുമൊക്കെ ലോകത്തോടു പറയാനുള്ളത് പറയാൻ ഏറ്റവും അനുയോജ്യമായ കലാമാധ്യമം നാടകമാണെന്ന് ഹരീഷ് ഉറച്ചു വിശ്വസിക്കുന്നു.

 തന്റെ പുത്തൻ പടത്തിന്റെ പ്രീമിയർ വിശേഷങ്ങൾ പഴയ സഹപ്രവർത്തകനോട് പങ്കുവയ്ക്കാൻ വന്ന ശബ്‌നത്തിന് പഴയ കൽക്കട്ടയുടെ അപ്രധാന ഭാഗത്തെ ഒരു കുടുസ്സുമുറിയിൽ കോമയിൽ കഴിയുന്ന ഹരീഷിനെയാണ് കാണാനാകുന്നത്. വന്ദനയെന്ന നഴ്സിന്റെ പരിചരണത്തിൽ കഴിയുന്ന ഹരീഷ് ശബ്‌നത്തിനു വേദനയാകുന്നു. അയാളുടെ ഈ അവസ്ഥയ്ക്ക് കാരണം സിനിമാക്കാരാണെന്നു കയർക്കുന്ന വന്ദന, പിന്നീട് ശബ്‌നവുമായി സൗഹൃദത്തിലാകുകയും അവരവരുടെ ജീവിതകഥകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഷെഫാലി ഷായ്ക്ക് 2009 ലെ ബെസ്റ് സപ്പോർട്ടിങ് ആക്ട്രസ്സിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു ദ ലാസ്റ്റ് ലിയറിലെ വന്ദന. 2008 സെപ്റ്റംബറോടെയാണ് ഈ സിനിമ വൈഡ് റിലീസിന് എത്തിയത്.

2009 ലെ സ്റ്റാർ സ്ക്രീൻ അവാർഡും നിരവധി പുരസ്കാരങ്ങളും അതിലേറെ അഭിനന്ദനങ്ങളും തേടിയെത്തിയൊരു സിനിമയായിരുന്നു ‘ദ ലാസ്റ്റ് ലിയർ’. വിമർശനങ്ങളും ഇല്ലാതിരുന്നില്ല; ഛായാഗ്രഹണത്തെയും അഭിനയത്തേയും വാഴ്ത്തുമ്പോഴും ഋതുപർണ ഘോഷിന്റെ തിരക്കഥയ്ക്ക് പോരായ്മയായി ചൂണ്ടിക്കാണിച്ചത് ഹരീഷിന്റെ പെർഫെക്ഷനിൽ ബാക്കി താരങ്ങൾ വെറും നിഴലുകളായിപ്പോയി എന്നതാണ്. അമിതാബ് ബച്ചന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഋതുപർണ ഘോഷിന്റെ സംഭാവന!