അംഗുലിമാല

ബുദ്ധമത ഗ്രന്ഥത്തിലെ അംഗുലീമാലയുടെ കഥയ്ക്കുള്ള ദൃശ്യാവിഷ്‌കാരം. 2003 -ൽ ആദ്യ റിലീസ് ചെയ്ത , സുതേപ് സന്നിരുദ്ധ്‌ കഥയും സംവിധാനവും നിർവ്വഹിച്ച തായ് ഫിലിം ‘അംഗുലിമാല’ , 999 പേരെ കൊന്ന് അവരുടെ ഓരോ വിരൽ അടയാളമായെടുത്തു മാലയായി കഴുത്തിലണിഞ്ഞു ആയിരാമത്തെ ആളായി ശ്രീബുദ്ധനെ കാത്തിരിക്കുന്ന അംഗുലിമാലയെ പഴയ ‘അഹിംസക’നായി വീണ്ടെക്കുന്നു സിനിമയിൽ ,അയാളുടെ പാപത്തിന്റെ ആഴം കാണിച്ചു തന്നെ. തന്റെ തെറ്റുകൾക്കുള്ള പ്രായച്ഛിത്തമായി ബുദ്ധമതാനുയായി മാറുന്നു അംഗുലിമാല .

തായ്‌ലാന്റിനു ലോകസിനിമയിലിടം നേടിക്കൊടുത്ത് ,പാന്ഗ് ബ്രത്രേഴ്സിന്‍റെ ‘ബാങ്കോക്ക് ഡെയിഞ്ചറസും’ തുടർന്നു വന്ന ഓൻഗ് ബാകും ബോൺ ടു ഫൈയിറ്റും മാന്യമായ സ്ഥാനത്തെത്തിച്ചപ്പോൾ 2003 -ൽ റിലീസ് ചെയ്ത ,ഏറെ വിവാദങ്ങളുയർത്തിയ അംഗുലീമാല തായ് ഫിലിം ഇന്ഡസ്ട്രിയുടെ അടിസ്ഥാനമുറപ്പിച്ചു കൊടുത്തു എന്നുതന്നെ പറയാം . പക്ഷേ ബുദ്ധിസത്തിലും ഹിന്ദുയിസത്തിലും വളരെ പഴമയോടെ അടിയുറച്ചൊരു പാരമ്പര്യമുള്ള തായ്‌ലാന്റിന് അതിരു കവിഞ്ഞൊരു വയലൻസ് ,അത് ചിത്രം ആവശ്യപ്പെടുന്നതായിട്ടുകൂടി പൊറുത്തുകൊടുക്കാനായില്ല . സമകാലീനത്തു സംഭവിച്ച മെൽ ജിബ്‌സൺ ചിത്രം ‘പാഷൻ ഓഫ് ദ ക്രൈസ്റ് ‘ നേരിട്ട അതേ ആരോപണം അംഗുലീമാലയ്ക്കു നേരെയും ഉണ്ടായി . ‘വയലൻസ് സിനിമയുടെ നല്ല സന്ദേശത്തെ നശിപ്പിക്കുന്നു’ എന്നത് . ബുദ്ധിസത്തിന്‍റെ തെറ്റായ വ്യാഖ്യാനമായിക്കണ്ട് തല്‍ക്കാലം നിരോധിക്കപ്പെട്ടു ചിത്രം. കൊന്നുതള്ളുന്നത് , അത് ധർമ്മത്തിലധിഷ്ഠിതമാണെങ്കിൽക്കൂടി അംഗീകരിക്കപ്പെടുന്നില്ല എന്നത് ചിത്രത്തിന്റെ സന്ദേശം തന്നെ മുങ്ങിപ്പോകുന്ന ഒന്നായി . ബുദ്ധ ധർമ്മത്തിന്റെ വളച്ചൊടിക്കല്‍ ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത സമൂഹത്തിൽ സിനിമയ്ക്കു തന്നെ നിലനില്‍പ്പില്ലാതായി.

ഈ ഘട്ടത്തിൽ സിനിമയിൽ ബോധപൂർവ്വമായ മാറ്റങ്ങൾ വരുത്തേണ്ടുന്നതാവശ്യമായി വന്നു . ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങളെ ധർമ്മസംസ്ഥാപനത്തിന് ആവശ്യമാണെന്ന തരത്തിലും, ഉഗ്രവിഷം തീണ്ടിയുള്ള ഉന്മാദാവസ്ഥയെന്നും ,പിശാചിന്റെ ഇടപെടലെന്നുമൊക്കെ വരുത്തിത്തീർത്ത് ന്യായീകരിക്കപ്പെട്ടു .ആയിരം പേരെ കൊല്ലുക എന്ന തന്റെ ലക്ഷ്യത്തെ ചോദ്യം ചെയ്യപ്പെടുന്ന വേളകളിൽ ക്രുദ്ധനാവുന്ന അംഗുലിമാല തന്നെ സ്വയം ന്യായീകരിക്കുന്നുണ്ട് ചിത്രത്തിലുടനീളം .ഇത്തരത്തിൽ വലിയ മാറ്റങ്ങളില്ലാതെ ,എന്നാലുടച്ചുവാർക്കപ്പെട്ട നിലയിൽ തിയേറ്ററിലെത്തിയ സിനിമയുടെ പ്രമേയത്തെ പക്ഷേ ധർമ്മം സ്ഥാപിക്കാനായി കൊന്നുതള്ളിയ ശരീരങ്ങൾ വെല്ലുവിളി ഉയർത്തുമ്പോഴും സാങ്കേതികമായി ഏറ്റവും മികച്ചതെന്നു പറയാതെ വയ്യ .

ജന്മം കൊണ്ട് ബ്രാഹ്മണനായ ‘അഹിംസകൻ ‘എന്ന ബാലൻ അവന്റെ ഗുരുവിങ്കൽ നിന്നുള്ള വിദ്യാഭ്യാസകാലത്ത് നന്ദ എന്ന യുവതിയെ ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷിക്കാനിടവരുന്നു .പിന്നീട് ആ യുവതി തന്റെ ഗുരുവിന്റെ ഭാവിവധുവാണെന്നു മനസ്സിലാക്കുന്ന അഹിംസകൻ ,നന്ദയോടുള്ള അടുപ്പത്തിന്റെ പേരിൽ തന്റെ ഗുരുവിന്റെ അപ്രീതിക്ക് പാത്രമാവുന്നു. നേർവഴി കാട്ടേണ്ടുന്ന ഗുരു തന്നെ ശിഷ്യനെ ഒഴിവാക്കാൻ ആയിരം പാപികളെ കൊന്ന് അവർക്ക് മോക്ഷം നൽകാൻ ഉപദേശിക്കുന്നു . ഗുരുവിങ്കൽ വിശ്വാസമർപ്പിക്കുന്ന അഹിംസകന്‍ ആദ്യമാദ്യം കള്ളന്മാരെയും തിന്മ ചെയ്യുന്നവരേയും മാത്രം ലക്ഷ്യമിട്ടു .ഓരോ കൊലയ്ക്കും ശേഷം കൊല്ലപ്പെടുന്ന ആളുടെ വലതു കൈയ്യിലെ ഒരു വിരൽ മുറിച്ചെടുത്ത് മാലയാക്കിയിട്ട് അംഗുലിമാലയായി . എണ്ണം തികയ്ക്കാൻ പിന്നെ കാണുന്നവരെയൊക്കെ കൊന്നൊടുക്കലായി .അംഗുലിമാലയെ പിൻതിരിപ്പിക്കാനുള്ള ശ്രമത്തിനൊടുവിൽ നന്ദയ്ക്കും ജീവൻ വെടിയേണ്ടി വന്നു . ആയിരാമത്തെ ആളായി അംഗുലിമാലയ്ക്കു മുന്നിലെത്തുന്ന ബുദ്ധൻ അയാളുടെ തെറ്റുകളെ ബോധ്യപ്പെടുത്തുകയും പരിഹാരമായി ബുദ്ധഭിക്ഷു ആകാൻ ഉപദേശിക്കുകയും ചെയ്യുന്നു .തന്റെ തെറ്റുകൾ മനസ്സിലാക്കുന്ന അംഗുലിമാല ബുദ്ധസന്യാസിയായി ശ്രീബുദ്ധനെ അനുഗമിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു .

ഹിമാലയത്തിന്റെ താഴ്വാരവും നിബിഢവനവുമെല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ വെളിച്ചത്തിന്റെയും മൂടൽമഞ്ഞു എഫക്ടിന്‍റെയും പരമാവധി ഉപയോഗം പ്രേക്ഷകനായി സ്വപ്നലോകം തീർക്കുന്നു . ശബ്ദക്രമീകരണത്തിലും സംഗീതത്തിലും മികച്ചു നില്ക്കുന്ന ചിത്രത്തിൽ ഏറെയുള്ള സംഘട്ടന രംഗങ്ങളെ അതിഭാവുകത്വമില്ലാതെ പഴമയിലധിഷ്ഠിതമായൊരു ശൈലി കൊണ്ടുവന്ന് മികച്ചതാക്കിയ ക്രെഡിറ്റും അണിയറ പ്രവർത്തകർക്ക് സ്വന്തം . വിശേഷകരമായ സൗണ്ട് ട്രാക്കും ചടുലമായ ആക്ഷൻ സീനുകളുമായെത്തുന്ന അംഗുലിമാല പക്ഷേ പ്രമേയത്തിന്റെ ഗൗരവത്തിൽ മുങ്ങി പൂർണ്ണമായൊരു എന്റർടൈനർ എന്ന ലേബലിലേക്കുയിരുന്നില്ല തന്നെ .

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!