‘Dream Catchers’ -നിരൂപണം

ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുള്ള വിഷയത്തെയാസ്പദമാക്കിയുള്ള ഒരു ഹ്രസ്വ ചിത്രം കാണാൻ കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഭാഗ്യം ലഭിച്ചു ….. ഉത്തരമില്ലാത്ത ചോദ്യങ്ങൾ മനസ്സിന് നൽകിയ ഒരു ഹ്രസ്വ ചിത്രം … ജനനത്തിനും മരണത്തിനുമിടയിലെ ജീവിതത്തെക്കുറിച്ചുള്ള ചില ഉത്തരമില്ലാ ചോദ്യങ്ങൾ …. ഉത്തരങ്ങളെ ഗർഭം ധരിച്ച ചോദ്യങ്ങൾ …അതാണെനിക്ക് Dreamcatchers എന്ന ഹ്രസ്വ ചിത്രം നൽകിയത് … പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ കണ്ടുകൊണ്ടിരിക്കവേ ഒരുപാട് ചോദ്യങ്ങളാണ് മനസ്സിൽ തോന്നിയത് ….ജനനത്തെയും മരണത്തെയും അതിനിടയിലെ ജീവിതത്തെയും കുറിച്ച് പ്രേക്ഷകനിൽ ഒട്ടേറെ ചോദ്യങ്ങൾ നൽകി ഹൃദയത്തെ സ്പർശിച്ചുകൊണ്ടാണ് ഡ്രീം കാച്ചേഴ്സ് അവസാനിക്കുന്നത് .. ജനിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ ഒരു കുഞ്ഞിനെക്കുറിച്ച് പറയുന്നുണ്ട് …ആദ്യസന്തതിയെ ഗർഭപാത്രത്തിൽ വെച്ച് കൊന്നു കളയേണ്ടി വന്ന ഒരമ്മയുടെ മാനസികാവസ്ഥകളെ മനോഹരമായി ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് …. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഈ ഷോർട്ട് ഫിലിം പറയുന്നത് …..

വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിൽ കുഞ്ഞിനെ വേണ്ടെന്ന് വെയ്ക്കുകയും പിന്നീട് അപ്രതീക്ഷിതമായി താൻ ഗർഭിണിയെന്നറിയുകയും ചെയ്യുമ്പോൾ അത് വേണ്ടെന്ന് വെയ്ക്കുന്ന എത്രയോ സ്ത്രീകൾ ഇന്നത്തെ സമൂഹത്തിലുണ്ട് …. അവരെയൊക്കെ കണ്ണ് തുറപ്പിക്കാൻ കൂടിയുള്ള ഒരു ഹ്രസ്വചിത്രമാണിതെന്ന് നിസ്സംശയം പറയാൻ കഴിയും …. അബോർഷന് ശേഷം , വീണ്ടുമൊരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ …..അതൊരു നീണ്ട കാത്തിരിപ്പായി മാറുമ്പോൾ മാനസിക നില തകരാറിലാവുന്ന അമ്മയെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ നായിക ഒരു വൻ വിജയം തന്നെയെന്ന് പറയാം …. ചില രംഗങ്ങൾ ജീവിതത്തോട് അടുത്ത് നിൽക്കുമ്പോഴാണ് കാഴ്ചക്കാരനും അത് ഹൃദയവേദന നൽകുക ….

അന്ന് , മനസ്സ് പോയത് കുറേ വർഷങ്ങൾ പിറകിലേക്കാണ് ….. അശ്രദ്ധ കൊണ്ട് മാത്രം അൽപ പ്രാണനായി മാറിയ കുഞ്ഞിനെ നീക്കം ചെയ്യാൻ വേണ്ടി കോഴിക്കോടുള്ള ഒരു ഹോസ്പിറ്റലിൽ അഭയം തേടിയ ഒരമ്മയെ ഓർത്തു ….. അത് നൽകിയ മാനസിക വിഭ്രാന്തിയിലും ഹൃദയ വേദനയിലും ഇരിക്കുന്ന എന്നോട് അവിടുത്തെ നഴ്സുമാർ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് … “കോളേജ് കുമാരികളൊക്കെ വന്ന് പുഷ്പം പോലെ MTP ചെയ്തേച്ച് പോവുന്നു …അപ്പൊ പിന്നെ ബ്ലീഡിങ്ങുമായി വന്ന , ഹാർട്ട് ബീറ്റ് ഏകദേശം നിലച്ച കുഞ്ഞിനെയോർത്ത് നിങ്ങളെന്തിനാ വിഷമിക്കുന്നേ ?? “…. അതെ …അതായിരുന്നു സത്യം …നിമിഷ നേരത്തെ സുഖത്തിന് വേണ്ടി പലതിനും തയ്യാറാവുന്നു ഇന്നത്തെ തലമുറ …അത് ഭാവിയിൽ വന്ധ്യതയുൾപ്പെടെ ഒരുപാട് complications ശരീരത്തിന് നൽകുമെന്ന് അവർ ചിന്തിക്കുന്നില്ല ….അങ്ങനെയൊരു ചിന്ത ഇന്നത്തെ തലമുറയ്ക്ക് നൽകാൻ പര്യാപ്തമാണ് ഈ ഷോർട്ട് ഫിലിമെന്നത് അന്നെന്നിൽ സന്തോഷം നല്കി ….തീർച്ചയായും പുതിയ തലമുറയ്ക്ക് നല്ലൊരു സന്ദേശമാണ് നൽകുന്നത് .. ഭ്രൂണഹത്യയെക്കുറിച്ചുള്ള ചിന്തകൾ മാത്രമല്ല ഈ സിനിമ നമുക്ക് നൽകുന്നത് …. ജനനവും മരണവും ജീവിതവും….. അതൊരു സങ്കീർണമായ ഉത്തരം കിട്ടാത്ത നിഗൂഡതകൾ നിറഞ്ഞ അവസ്ഥയാക്കി സിനിമയെ അവസാനിപ്പിച്ചപ്പോൾ മറ്റേതെങ്കിലും സിനിമകൾ കണ്ടു തീരുന്ന അവസ്ഥയല്ല ഇത് സമ്മാനിക്കുന്നത് ….കുറെ ചോദ്യങ്ങൾ ….അവയുടെ ഉത്തരങ്ങളുടെ പിറകെ നാം ഇഴഞ്ഞു നീങ്ങുന്നു …

ഒരമ്മയായ എനിക്ക് ഭ്രൂണഹത്യയിലൂടെ കഥ സഞ്ചരിച്ചെങ്കിൽ , മറ്റു ചിലർക്ക് വേറൊരു കഥയിലേക്കാണ് മനസ്സ് സഞ്ചരിച്ചത് ….അച്ഛൻ മകനു നേരെയും മകൻ അച്ഛനു നേരെയും തുടർന്നു അച്ഛനും മകനും കൂടി നമുക്കു നേരെയും വിരൽ ചൂണ്ടുമ്പോൾ അച്ഛന്റെ പരിഭ്രമവും മകന്റെ പുഞ്ചിരിയും ജീവിതത്തെ വരച്ച് കാണിയ്ക്കുന്നു … ഒടുവിൽ നാം എല്ലാവരും വീണ്ടും അമ്മയെന്ന ഗർഭപാത്രം തേടുന്ന ഒരാവസ്ഥയെക്കുറിച്ചും ഇതിലെ കഥ നമ്മെ ചിന്തിപ്പിക്കുന്നുണ്ട് …. മരണം ജീവിതത്തിന്റെ അവസാനമാണോ ??? ജനനം ജീവിതത്തിന്റെ തുടക്കമാണോ ??? എന്നൊരു ചോദ്യം നമുക്ക് നൽകിയാണ് സിനിമ അവസാനിക്കുന്നത് ….അത് കൊണ്ടുതന്നെ യാണ് ഈ സിനിമ സംശയങ്ങളായ് , ചോദ്യങ്ങളായ് നമ്മെ പിന്തുടരുന്നത് .. ഓരോ അഭിനേതാവും വളരെ നന്നായി അഭിനയിച്ചു … ഉണ്ടെന്നും ഇല്ലെന്നും എന്ന തോന്നിപ്പിക്കലുമായി കുഞ്ഞിൻറെ റോൾ അഭിനയിച്ച ബാലതാരം ആ൪ത൪ വില്യംസ് ഭാവിയിലെ ഒരു വാഗ്ദാനം തന്നെയാണ് ….അഭിനയകല വളരെ നന്നായി വഴങ്ങുന്ന കുട്ടിയാണ് ആ൪ത൪ …. എൻറെ പ്രിയ സുഹൃത്ത് ദീപ ടീച്ചറുടെയും ഹൈക്കു കവിതകളിലൂടെ അറിയപ്പെടുന്ന സോണിയുടെയും മകൻ . കുഞ്ഞിൻറെ അമ്മയായി അഭിനയിച്ച , മാനസിക വിഭ്രാന്തിയെ വളരെ നന്നായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞ നായിക ദേവി അനിൽ, ഭാര്യയുടെ മനസ്സിന് സപ്പോർട്ട് നൽകാൻ ശ്രമിക്കുന്ന നായകൻ പ്രദീപ് ജോൺ എന്നിവർ അവരുടെ റോളുകൾ അതിമനോഹരമാക്കിയെന്നത് അഭിനന്ദനമർഹിക്കുന്നു … ഗൗരവക്കാരനായ മനഃ ശാസ്ത്രജ്ഞൻറെ റോൾ മോഹനേട്ടൻ മികച്ചതാക്കി മാറ്റി … സംഭാഷണങ്ങൾ പ്രേക്ഷകനെ ചെവി കൂർപ്പിച്ചു കേൾക്കാൻ നിർബന്ധിക്കുന്നുവെന്നത് ഈ ഷോർട്ട് ഫിലിമിൻറെ മറ്റൊരു പ്രത്യേകതയാണ് …. ആ൪ത൪ ഫിലിംസിൻറെ ബാനറിൽ സോണി വേളൂക്കാരനും പ്രദീപ് ജോണും ചേ൪ന്ന് നി൪മ്മിച്ച ചിത്രമാണ് ഡ്രീം കാച്ചേഴ്സ്…. സംവിധായകൻ ഷാജി എൻ പുഷ്പാംഗദൻ വളരെ നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ് പ്രേക്ഷകനിലേക്ക് എത്തിച്ചത് …. സങ്കീർണ്ണമായ ഒരു വിഷയത്തെ പുതുമയോടെ പ്രേക്ഷനിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് അഭിനന്ദനമർഹിക്കുന്നു …

അന്ന് , ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ വെച്ച് അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചപ്പോഴാണ് , ഇങ്ങനൊരു കഥാതന്തു അദ്ദേഹത്തിലേക്കെത്തിയത് എങ്ങനെയെന്ന് അറിയാൻ കഴിഞ്ഞത് … വായിച്ച രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ ആണദ്ദേഹത്തെ ഇങ്ങനൊരു വിഷയത്തിലേക്കെത്താൻ പ്രചോദിപ്പിച്ചത് . തികച്ചും പുതുമയാർന്നൊരു ദൃശ്യ വിരുന്നിന് സാക്ഷിയാവാനും പ്രിയപ്പെട്ടവരെ കാണാൻ കഴിഞ്ഞതിലും ചില പുതിയ സൗഹൃദങ്ങൾ ലഭിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷം

ലസിത സംഗീത്

Leave a Reply

Your email address will not be published.

error: Content is protected !!