നന്ദിത സിസ്റ്റം ടെർമിനലിൽ നിന്ന് കണ്ണെടുത്ത് വാച്ചിലേക്ക് ഒന്ന് പാളിനോക്കി, സമയം 5 .30. സിസ്റ്റം ഷഡ്ഡൗൺ ചെയ്ത് മുഖത്തു നിന്ന് കണ്ണട എടുത്തു മാറ്റി, കണ്ണുകൾ ഒന്നിറുക്കി അടച്ചു.
“വല്ലാത്ത തലവേദന , ഈ തലവേദന ഈയിടെയായി വല്ലാതെ ശല്യം ചെയ്യുന്നു, കണ്ണ് ഒന്ന് ടെസ്റ്റ് ചെയ്യണം “…
അവൾ മനസ്സിൽ ഓർത്തു. റൂമിന്റെ ജനലടച്ച് ബാഗും എടുത്ത് പുറത്തിറങ്ങി. തലപൊട്ടിപിളരുന്ന പോലെ തലവേദനിക്കുന്നു. കണ്ണിലെ കൃഷ്ണമണിക്കുള്ളിൽ തുടങ്ങി തലക്കകത്തേക്ക് തുളച്ചുകയറുന്ന തലവേദന. അവൾ ഒന്നുകൂടെ കണ്ണുകൾ ഇറുക്കി അടച്ചുതുറന്നു…
” ഒരു ചായ കുടിക്കണം “…
അത് ചിന്തിച്ച് പെട്ടെന്ന് ചെക്ക് ഔട്ട് ചെയ്ത് ഓഫീസിന് പുറത്തിറങ്ങി.
മുംബൈ ഒരു കോൺക്രീറ്റ് സിറ്റി ആണെങ്കിലും ഓഫീസ് ക്യാംപസ് ഒരു ഹരിതവനമാണ്. ഒരുപാട് മരങ്ങളും പൂക്കളും , ശാന്തമായ അന്തരീക്ഷം. അവൾ നാലുചുറ്റും ഒന്ന് കണ്ണോടിച്ച് പ്രകൃതി ഭംഗി ആസ്വദിച്ചു. നല്ല നീണ്ട പീലികൾ ഉള്ള ഒരു മയിൽ അവളെ ക്രോസ് ചെയ്ത് പതുക്കെ നടന്നു പോയി… “എന്തൊരു ഭംഗിയാണ് ഇവയ്ക്ക് “…. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു മയിൽപ്പീലിക്കായി കൊതിച്ചിരുന്നു! ഇപ്പോൾ എന്നും മയിലിനെ കാണാവുന്ന ഒരു സ്ഥലത്ത്. പീലി വിടർത്തിയാടുന്ന മയിലുകൾ സ്ഥിരം കാഴ്ചയാണ് ഇവിടെ.
ചിന്തകൾ കാടുകയറി തുടങ്ങിയപ്പോഴേക്കും പാർക്കിംഗിൽ എത്തി. എത്രയും വേഗം ഒരു ചായ കുടിക്കണം. സ്ഥിരമായി കയറാറുള്ള ബേക്കറിയിലേക്ക് പോകാമെന്ന് ചിന്തിച്ചുറപ്പിച്ച് കാറിന്റെ ബാക്ക് ഡോർ തുറന്ന് ബാഗ് സീറ്റിലേക്ക് ഇട്ടു. പിന്നെ ഡ്രൈവിംഗ് സീറ്റിലെ രണ്ട് കുഷ്യനുകളും ശരിയാക്കി ഒന്നമർന്നിരുന്നു. ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ നടുവേദന കലശലാവും. എല്ലാം ശരിയാണെന്ന് ഉറപ്പാക്കി കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഒരു സ്ട്രോങ്ങ് ടീ മാത്രം മനസ്സിൽ…
‘ജസ്റ്റ് ബേക്സ്’ ബേക്കറിയുടെ മുന്നിൽ കാർ നിർത്തുമ്പോൾ ചായ കുടിക്കാനുള്ള ആഗ്രഹത്തിന് തീവ്രത കൂടി. പടികൾ ഓടിക്കയറി ഗ്ലാസ് ഡോർ തുറന്ന് അകത്തുകയറി. പതിവിലും തിരക്ക്. ഫാമിലികളാണ് അധികവും.
അവൾ കൗണ്ടറിലെത്തി.
“ഒരു സ്ട്രോങ്ങ് ടീ ” കൗണ്ടറിൽ നിന്ന പയ്യനോട് അവൾ പറഞ്ഞു. പിന്നെ സ്നാക്സ് ഡിസ്പ്ലേ ചെയ്തിട്ടുള്ള ഗ്ലാസ് കൗണ്ടറിനടുത്ത് എത്തി ഉള്ളിലേക്ക് നോക്കി. ആ നോട്ടം എഗ്ഗ് പഫ്സിൽ ഉടക്കിനിന്നു. ഒരു എഗ്ഗ് പഫ്സ് കഴിക്കാനും, മൂന്നെണ്ണം പാർസലും പറഞ്ഞു കോർണർ സീറ്റിൽ ചെന്നിരുന്നു. മൊബൈൽ എടുത്ത് വെറുതെ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കി. വാട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് ഒരു നേരംപോക്ക് ആണിപ്പോൾ. ഫാദേഴ്സ് ഡേ വിഷസ് ആണ് എല്ലാവരുടെയും സ്റ്റാറ്റസിൽ.
അപ്പോൾ ഇന്നാണ് ഫാദേഴ്സ് ഡേ.. അച്ഛനെ ഓർക്കാൻ ഒരു ദിവസം. അങ്ങനെ ഒന്ന് ശരിക്കും ആവശ്യമുണ്ടോ?…
മറന്നു പോകുന്ന ഓരോ കാര്യങ്ങളും ഓർമ്മപ്പെടുത്താൻ ആണ് ഓരോ ദിവസങ്ങളും പല പേരുകളിൽ ആഘോഷിക്കപ്പെടുന്നത്.
“അച്ഛനെയും ആൾക്കാർ മറന്നു തുടങ്ങിയോ! ” എന്ന് ഒരു ചിരിയോടെ അവൾ മനസ്സിൽ ഓർത്തു.
“മാം ടീ” ഒരു പയ്യൻ ചൂട് ചായയും പഫ്സും മുന്നിൽ കൊണ്ടു വച്ചു. അവളുടെ കണ്ണുകൾ തിളങ്ങി. അവൾ വേഗം ചായ കപ്പ് എടുത്ത് ചുണ്ടോട് ചേർത്തു. മൂക്കിലേക്ക് തുളച്ചു കയറിയ ചായയുടെ ഗന്ധം അവൾ കണ്ണടച്ച് ആസ്വദിച്ചു. ഏലക്ക ഇട്ട നല്ല കടുപ്പമുള്ള ചായ. പിന്നെ ഒരിറക്ക് ചായ ആസ്വദിച്ച് കുടിച്ചു.
ഹോ എന്തൊരു ഫീൽ….. ഈയിടെയായി ചായ ഒരു അഡിക്ഷൻ ആവുന്നുണ്ടോ? …അവളൊന്നു സംശയിച്ചു.
ചായ താഴെവെച്ച് മുന്നിലിരിക്കുന്ന ചൂട് പഫ്സ് അവൾ കയ്യിലെടുത്തു. എന്നും അവളുടെ പ്രിയപ്പെട്ട സ്നാക്സ് അതാണ്. പഫ്സ് കയ്യിലെടുത്തതും മനസ്സ് അറിയാതെ അച്ഛനിലേക്ക് തെന്നി നീങ്ങി.
ഓർമ്മകളിൽ അച്ഛന് കുറെ ബേക്കറി പലഹാരങ്ങളുടെ മണമാണ്. അച്ഛൻ വരുന്നതും കാത്ത് ഉമ്മറത്ത് ഇരിക്കുന്ന കൊച്ചു നന്ദിതയെ അവൾ വെറുതെ ഓർത്തു. വീടിനുമുന്നിൽ പുഴയായിരുന്നു.. പുഴകടന്ന് അച്ഛൻ വരുന്നതും നോക്കി അവൾ എന്നും ഇരിക്കുമായിരുന്നു. അച്ഛനെ കാണുമ്പോൾ ആദ്യം നോക്കുന്നത് കൈകളിൽ എന്തെങ്കിലും ഉണ്ടോ എന്നാവും. ഉണ്ടെങ്കിൽ ഓടി അടുക്കളയിൽ പോയി കാത്തിരിക്കും, പൊതിയുമായി അമ്മ വരാൻ. അതിൽ അവൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു പലഹാരം ഉണ്ടാവും. തന്റെ മാത്രം പങ്ക് അവൾക്ക് ഒരിക്കലും മതിയാകുമായിരുന്നില്ല, അച്ഛന്റെയും അമ്മയുടെയും കൂടി പങ്കിന്റെ ഒരു വീതം പറ്റിയിട്ടേ അവൾക്ക് മതിയാകുമായിരുന്നുള്ളൂ. അവളുടെ മനസ്സിൽ എന്നും അച്ഛന്റെ സ്നേഹത്തിന് ഒരു എഗ്ഗ് പഫ്സിന്റെ മണവും രുചിയും ആയിരുന്നു.
“ഡാഡി…ഡാഡി…” മുന്നിലെ ടേബിളിൽ ഇരുന്ന് ഡോനട്ട് കഴിക്കുന്ന ഒരു കുറുമ്പൻ ആൺകുട്ടി മൊബൈൽ ഫോൺ സംസാരത്തിൽ മുഴുകി ഇരിക്കുന്ന അച്ഛനെ വിളിക്കുന്നു. നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചെമ്പൻ മുടിയിഴകൾ അവനൊരഴകായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി ആരോടോ സീരിയസ് ആയി സംസാരിക്കുന്ന അച്ഛൻ. ‘ഓഫീസ് കാൾ’ ആയിരിക്കണം.. മാനസിക സമ്മർദ്ദം കൊണ്ടാവും അയാളുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകി ഇരിക്കുന്നു. മകന്റെ വിളി ഒരു ശല്യം ആയതിനാൽ ആയിരിക്കണം കുഞ്ഞിന്റെ കൈതട്ടി മാറ്റി അയാൾ പുറത്തേക്കിറങ്ങി. ആ കുഞ്ഞു കണ്ണുകൾ നിറഞ്ഞു… മുഖം വാടി…. അവൻ കുനിഞ്ഞിരുന്ന് ഡോനട്ട് കഴിക്കാൻ തുടങ്ങി.
അവൾ ആ വാടിയ കുഞ്ഞു മുഖത്ത് തന്നെ നോക്കിയിരുന്നു. ആ സങ്കടം അവളിലും അലയടിക്കാൻ തുടങ്ങി. ഒരു കോടതിമുറിയിൽ സ്വന്തം മകളെ വേണ്ട എന്ന് പറഞ്ഞു ഇറങ്ങിപോയ തന്റെ ഭർത്താവിനെ അവൾക്ക് ഓർമ്മ വന്നു.
താൻ ആണാണെന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ഒരു കുഞ്ഞിനെ ആഗ്രഹിച്ച മനുഷ്യൻ…. പിറന്നുവീണ കുഞ്ഞിന്റെ മുഖത്തുനോക്കി വെളുപ്പില്ല എന്നാണ് ആദ്യം പറഞ്ഞത്…. എന്നെങ്കിലും അയാൾ തന്റെ മകളെ സ്നേഹിച്ചിരുന്നോ?… മകളെ വേണ്ട എന്ന് പറഞ്ഞു കോടതിയിൽ നിന്ന് ഇറങ്ങിയ ആ മനുഷ്യനെ അച്ഛൻ എന്ന് വിളിക്കാൻ കഴിയുമോ?…
ചിന്തകൾ അങ്ങനെ അലയടിക്കവേ ഫോണുമായി തിരികെ വന്ന ആ കുട്ടിയുടെ അച്ഛൻ അവന്റെ കൈ പിടിച്ചു വലിച്ചു കൂട്ടിക്കൊണ്ടുപോയി. കഴിച്ച് തീരാത്ത ഡോനട്ടിലേക്ക് പാളിനോക്കി ആ കുഞ്ഞു കണ്ണുകൾ അകന്നുപോയി.
ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.ആ കുഞ്ഞിനെയാണോ തന്റെ മകളെ ആണോ ഓർമ്മ വന്നത് എന്ന് അപ്പോൾ അവൾക്ക് മനസ്സിലായില്ല. ഈ ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങളും ഒരുപോലെയാണ്, എല്ലാവർക്കും ഈശ്വരന്റെ മുഖം..
വാടി ഇറങ്ങിപ്പോകുന്ന ആ കുഞ്ഞിനെ നോക്കി ഇരിക്കുമ്പോഴാണ് ഒരു പൂമ്പാറ്റ പോലെ പറന്നു കേറി വരുന്ന ഒരു പെൺകുട്ടിയെ അവൾ കണ്ടത് ‘അവനീ സ്റ്റോപ്പ്..’ എന്ന് വിളിച്ച് ഓടി വരുന്ന ഒരു ചെറുപ്പക്കാരനെയും. ആ കുസൃതിക്കാരി ഓടിവന്നു കുട്ടികൾക്ക് കളിക്കാനായി സെറ്റ് ചെയ്തിരിക്കുന്ന കളിപ്പാട്ടങ്ങളുടെ ഏരിയയിലേക്ക് ഓടിപ്പോയി സ്ലൈഡിൽ ഇരുന്ന് കളിക്കാൻ തുടങ്ങി.
“യൂ നോട്ടി “…. എന്നുപറഞ്ഞ് അവളുടെ കവിളിൽ തലോടി ആ ചെറുപ്പക്കാരൻ കൗണ്ടറിലേക്ക് പോയി, എന്തോ ഓർഡർ ചെയ്തു. അയാളുടെ കണ്ണുകൾ തുരുതുരെ സ്ലൈഡ് ചെയ്യുന്ന മകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. കൗണ്ടറിൽ നിന്ന പയ്യൻ ‘ഒരു ചോക്ലേറ്റ് പേസ്ട്രി ‘ അയാളുടെ കയ്യിലേക്ക് കൊടുത്തു. അവളുടെ ഫേവറിറ്റ് ആയിരിക്കണം…അയാൾ അതുമായി കുഞ്ഞിന് അടുത്തേക്ക് പോയി. പേസ്ട്രി കണ്ടതും ആ കുസൃതിക്കാരി അയാളെ കെട്ടിപ്പിടിച്ചു. ഒരു ചെറിയ കഷണം പേസ്ട്രി അവളുടെ വായിൽ കൊടുത്തതിനൊപ്പം അയാൾ അവളുടെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തു. പേസ്റ്റ്ട്രി കഴിച്ചു കൊണ്ട് അവൾ കളിയിൽ മുഴുകി. അയാൾ വളരെ ശ്രദ്ധയോടെ അവൾക്ക് പേസ്ട്രി കൊടുത്തുകൊണ്ടിരുന്നു. നന്ദിതയ്ക്ക് അവരിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവൾ ഇമവെട്ടാതെ ആ സ്നേഹകാഴ്ച ആസ്വദിച്ചിരുന്നു.
“മാം, പാർസൽ. “
കൗണ്ടറിലെ പയ്യൻ വിളിച്ചു. പെട്ടെന്ന് അവൾ സമയത്തെക്കുറിച്ച് ബോധവതിയായി, പാർസലും എടുത്ത് പുറത്തിറങ്ങി. സ്റ്റെപ്പുകൾ ഓടി ഇറങ്ങുമ്പോൾ, തന്നെ കാത്തിരിക്കുന്ന മകളും, പഫ്സ് ഏറെ ഇഷ്ടമുള്ള അച്ഛനും മനസ്സിൽ ഓർമ്മ വന്നു. പാർസലും ബാഗും പുറകിലത്തെ സീറ്റിൽ വെച്ചതിനുശേഷം ഡ്രൈവിംഗ് സീറ്റിലെ കുഷ്യൻ ശരിയാക്കി അമർന്നിരുന്നു. ഒരു നദിപോലെ ഒഴുകി നീങ്ങുന്ന വാഹനങ്ങൾ!… അതിലേക്ക് ഒരു ഓളമായി അവൾ കാറോടിച്ചിറക്കി….യേശുദാസിന്റെ മനോഹരമായ ഹിന്ദി ഗാനം കാറിനുള്ളിൽ നിറഞ്ഞുനിന്നു…
“കഹാൻ സെ ആയെ ബദ്രാ ഹോ
ഗുൽത്താ ജായെ കജ്രാ “. …
എല്ലാ ചിന്തകളിൽ നിന്നും മനസ്സിനെ വേർപെടുത്തി അവൾ ട്രാഫിക് ശ്രദ്ധിച്ച് കാർ വേഗത്തിൽ ഓടിച്ചു.
സൂര്യൻ യാത്ര പറഞ്ഞു തുടങ്ങിയിരിക്കുന്നു…തിരക്കുള്ള നഗരം, വഴിയോരങ്ങളിൽ പല നിറങ്ങളിലുള്ള ലൈറ്റുകൾ മിന്നിതെളിഞ്ഞു. ആകാശത്തിൽ പറക്കുന്ന പക്ഷികളും, റോഡിൽ പറക്കുന്ന മനുഷ്യരും ഒരുപോലെ കൂടണയാനുള്ള തിരക്കിലാണ്… തിരക്കുള്ള ഹൈവേയിൽ നിന്നും വീട്ടിലേക്കുള്ള കണക്ഷൻ റോഡിലേക്ക് കാർ തിരിച്ചു അവൾ. തൊട്ട് മുന്നിൽ ഒരു കുട്ടിയും, കുറേ ഭാണ്ഡകെട്ടുകളുമായി ഒരു മോപ്പഡ് പോകുന്നുണ്ടായിരുന്നു….ചുറ്റും കെട്ടിവച്ചിരിക്കുന്ന ഭാണ്ഡങ്ങളിൽ അലക്കിത്തേച്ച വസ്ത്രങ്ങൾ….
ഒരുപാട് ജീവിതങ്ങളിലെ അഴുക്കുകൾ കഴുകി വൃത്തിയാക്കി നിറം കൊടുക്കുന്ന ഒരാൾ… ഒരുപക്ഷെ അതുകൊണ്ടാവാം മോപ്പഡ് ഓടിക്കുന്ന അയാൾ എണ്ണ കറുപ്പായി പോയത് എന്നവൾക്ക് തോന്നി. എന്തുകൊണ്ടോ ഓവർടേക്ക് ചെയ്യാൻ മനസ്സുവന്നില്ല…. പുറകിൽ അയാളെ കെട്ടി പിടിച്ചിരിക്കുന്ന കുട്ടിയെ അവൾ ശ്രദ്ധിച്ചു. അച്ഛനെ കെട്ടിപിടിച്ചുള്ള ആ ഇരിപ്പിൽ അവൻ സുരക്ഷിതനാണ് എന്ന് അവന് തന്നെ ഉറപ്പുള്ളത് പോലെ… അച്ഛന്റെ കൈക്കുള്ളിൽ ഒരിക്കലും സുരക്ഷിതയായി നിൽക്കാൻ പറ്റാത്ത തന്റെ മാളുവിനെ അവളോർത്തു പോയി.
കോളനിയിലെ മറ്റുകുട്ടികൾ അച്ഛൻമാരോടൊപ്പം കളിക്കുന്ന കാണുമ്പോൾ… ആദ്യമാദ്യം അവൾ, “സൂപ്പർമാർക്കറ്റിൽ നിന്നും ഒരു അച്ഛനെ വാങ്ങി തരുമോ? ” എന്ന് ചോദിക്കുമായിരുന്നു. ആ ചോദ്യം കേട്ട് ഉത്തരം പറയാനാവാതെ ഉറങ്ങാതെ കിടന്ന ഒരുപാട് രാത്രികൾ….കണ്ണീരിൽ കുതിർന്ന തലയിണകൾ… എന്നും തന്റെ സങ്കടങ്ങൾക്ക് കൂട്ടായിരുന്നത് ആ തലയിണകൾ മാത്രമായിരുന്നു എന്ന് ഒരു നെടുവീർപ്പോടെ അവൾ ഓർത്തു. രാത്രിയിലെ ഇരുണ്ടയാമങ്ങളിൽ സങ്കടങ്ങളെ ഒളിപ്പിച്ച്… പുലരിയിൽ നിന്നൊരു ചിരി കടമെടുത്ത്, ഒരു പകൽ ആടി തീർത്ത്… വീണ്ടും രാത്രി മയങ്ങി ലൈറ്റുകൾ ഓഫാവുമ്പോൾ ആരുമറിയാതെ ഒളിപ്പിച്ചു വച്ച സങ്കടങ്ങളെ നെഞ്ചോടു ചേർത്ത് പിടിച്ചൊരു ജീവിതം… അതൊരു സുഖമാണ് ഇപ്പോൾ… ജീവിക്കാൻ ഏറെ ധൈര്യം തരുന്നതും അതാണ്…
കോളനിയുടെ ഗേറ്റിൽ അവൾ കാറിന്റെ വേഗം കുറച്ചു, ഗേറ്റ് തുറന്ന സെക്യൂരിറ്റിയുടെ കയ്യിൽ ഒരു ആമസോൺ പാർസൽ ഉണ്ടായിരുന്നു. മോൾക്ക് വേണ്ടി വാങ്ങിയ ” ഷാർപ്പി മാർക്കേഴ്സ് ” അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം. സെക്യൂരിറ്റിക്ക് ഒരു നിറഞ്ഞ ചിരി സമ്മാനിച്ച് പാർസൽ വാങ്ങി ബാഗിൽ വച്ചു.
വീടിനു മുന്നിൽ കാർ നിർത്തിയപ്പോഴേക്കും മാളൂട്ടി ഗേറ്റ് തുറന്ന് ഓടി വന്നു … എന്തോ ഒന്ന് അവൾ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടായിരുന്നു. ബാഗും പാർസലും എടുത്ത് കാറിൽ നിന്നിറങ്ങിയപ്പോഴേക്കും ഓടി വന്നു കെട്ടിപ്പിടിച്ചു മാളു ഒരു കാർഡ് നീട്ടി. അമ്മയുടെ കൈപിടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമുള്ള ആ കാർഡിൽ….അവൾക്ക് ഏറ്റവും ഇഷ്ടമുള്ള പിങ്ക് നിറത്തിൽ എഴുതിയ ഒരു വരി …. “ഹാപ്പി ഫാദേഴ്സ് ഡേ അമ്മ”. അവളെ ചേർത്ത് പിടിച്ച് ഉമ്മ വയ്ക്കുമ്പോൾ കരയാതിരിക്കാൻ നന്ദിത പാടുപെട്ടു…
പിന്നെ ബാഗിൽ നിന്നും അവൾക്കുള്ള സർപ്രൈസ് ഗിഫ്റ്റ് എടുത്ത് സമ്മാനിച്ചു…. സന്തോഷം കൊണ്ട് തുള്ളിചാടിയ മാളുവിന്റെ കയ്യും പിടിച്ച് മുറ്റത്ത് തന്നെ കാത്തുനിൽക്കുന്ന അച്ഛന്റെ അരികിലേക്ക് നടന്നു…
ഒരു പുഞ്ചിരിയോടെ അച്ഛന്റെ കയ്യിലേക്ക് പഫ്സ് പാക്കറ്റ് നീട്ടി അവൾ പറഞ്ഞു ” ഹാപ്പി ഫാദേഴ്സ് ഡേ..”
രമ്യ ഗോവിന്ദ്