പുതുവെളിച്ചം

ഇന്ന് രാവിലെ ആണ് ഡ്യൂട്ടി, ദുബായിലെ ഒരു ഹോസ്പിറ്റലിൽ തിരക്കുള്ള സർജന്റെ നേഴ്സ് ആയതു കൊണ്ട് തന്നെ എട്ട് മണിക്കൂറിൽ ഒന്നും ഡ്യൂട്ടി സമയം ഒതുങ്ങില്ല, അത് ചിലപ്പോൾ എട്ടരയായും, ഒൻപതായും ഒക്കെ നീളാറുണ്ട്.

വർഷം എട്ടായി ദുബായിൽ വന്നിട്ടു, ഈ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയിട്ട് ഏഴും, പറയുമ്പോഴെന്താ യുഎഇ, ദുബായ്, രാവിലെ നാലര മണിക്ക് തുടങ്ങുന്ന ഓട്ടം അവസാനിക്കുന്നത് രാത്രി പത്തിലും ചിലപ്പോൾ പതിനൊന്നിലും ഒക്കെ ആയിരിക്കും.

ചിന്ത മതിയാക്കി, വേഗം മോനെ എഴുന്നേൽപ്പിച്ച്, പല്ലു തേയ്പ്പിച്ച്, കുളിപ്പിച്ച് റെഡി ആക്കി, ഹസ്ബന്റിനും മോനും കഴിക്കാനുള്ളതൊക്കെ ടിഫിൻ ബോക്സുകളിൽ ആക്കി അവരവരുടെ ബാഗുകളിൽ വെച്ച് യാത്രയാക്കി. മോനെ ബേബിസിറ്റിങ്ങിൽ ആക്കിയിട്ടു ഹസ്ബൻഡ് ജോലി സ്ഥലത്തേക്കു പോകും, അവനെ കുറിച്ച് ഓർക്കുമ്പോൾ വലിയ പ്രയാസം തോന്നും, ഏഴു വയസാകുന്നെ ഉള്ളു, പാവം രാവിലെ തൊട്ടു സന്ധ്യ വരെ ബേബി സിറ്റിങ്ങിൽ ആണ് മിക്ക ദിവസവും, ദൈവാനുഗ്രഹത്താൽ അവിടെ നല്ല പോലെ നോക്കുന്നത് കൊണ്ട് പോകാൻ അവനും ഇഷ്ടം തന്നെ.

വേഗം ലഞ്ച് ഒക്കെ പാക്ക് ചെയ്ത്, വീടൊക്കെ ഒതുക്കി, യൂണിഫോം ഇട്ടു റെഡി ആയി ഞാനും ഹോസ്പിറ്റലിലേക്ക് ഇറങ്ങി.

ഹോസ്പിറ്റലിന് അടുത്തായി തന്നെ ആണ് ഫ്ലാറ്റ് എടുത്തിരിക്കുന്നത്, ടാക്സി യാത്ര ഒട്ടും പറ്റാത്തത് കൊണ്ടും, മോൻ ചെറുതായതു കൊണ്ടും അത് നന്നായെ ഉള്ളു, ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ യാത്രയ്ക്ക് സമയം കളയാതെ വേഗം വീട്ടിലെത്താം, ലേറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ മോനെ അവന്റെ അച്ഛൻ വിളിച്ചോളും.

ഹോസ്പിറ്റലിൽ കയറിയാൽ എത്ര ടെൻഷൻ ഉള്ളിലുണ്ടെങ്കിലും എല്ലാവരോടും ചിരിച്ച്, അതാത് നേരത്തെ ശുഭസമയം നേർന്ന്‌, വളരെ പ്രസന്ന ആയിട്ടു മാത്രമേ നിൽക്കാറുള്ളു, ഒരാളോട് ഒഴിച്ച്. എന്തോ ഞങ്ങളുടെ ഫ്ലോറിലെ സപ്പോർട്ടിങ് സ്റ്റാഫ് ആയ ഫൈസാൻ എന്ന് പേരുള്ള ബിഹാറുകാരനെ എനിക്ക് ഇഷ്ടമേ അല്ല, എന്ത് കൊണ്ടാണ് എന്ന് അറിയില്ല, ഒന്നര കൊല്ലം മുന്പേ അവൻ ഇവിടെ ജോയിൻ ചെയ്ത ദിവസം മുതൽ ഒരു ഇഷ്ടക്കേട് വന്നതാണ് അവനോട്, അത് പിന്നീട് മാറിയതുമില്ല. ബാക്കി നഴ്‌സ്മാരോടും മറ്റു സ്റ്റാഫുകളോടും കാര്യമായി സംസാരിക്കുന്ന കൂട്ടത്തിൽ എന്നോടും അവൻ എന്തെങ്കിലുമൊക്കെ ചോദിക്കുമായിരുന്നു ആദ്യമൊക്കെ, പക്ഷെ അവന്റെ ചോദ്യങ്ങൾക്കൊന്നും ഞാൻ ചെവി കൊടുക്കാതെയും അവനെ തന്നെ ശ്രദ്ധിക്കാതെയും ആയപ്പോൾ എന്നോട് സംസാരിക്കുന്നത് അവൻ നിർത്തി.

ഒരിക്കൽ ഞാനും എന്റെ അടുത്ത കൂട്ടുകാരിയും ഹോസ്പിറ്റലിലെ പൾമനോളജിസ്റ്റിന്റെ നഴ്സും ആയ ജസ്‌നയും എന്തോ പൊതുകാര്യം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അങ്ങോട്ടേക്ക് വന്ന അവൻ അതിൽ അഭിപ്രായം പറഞ്ഞു. ‘ദാറ്റ് ഈസ് നൺ ഓഫ് യുവർ ബിസിനസ്, ഡോണ്ട് റിപീറ്റ് ദിസ്‌’ എന്ന് ഞാൻ അവനോടു ഒച്ചയെടുത്തത് കേട്ട് ജസ്‌ന പോലും ഞെട്ടിപ്പോയി. അതിനു ശേഷം ഞാനുള്ളപ്പോൾ മറ്റുള്ളവരോടും അഭിപ്രായങ്ങൾ പറയുന്നത് അവൻ നിർത്തി.

ജസ്‌ന പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ അവിടെ ഇല്ലാത്തപ്പോൾ അവൻ വിശേഷങ്ങളൊക്കെ പറഞ്ഞു നിൽക്കാറുണ്ട് എന്ന്. എന്തോ എനിക്കതിലൊന്നും ഒരു മനസ്താപവും തോന്നിയില്ല. അവൻ ക്ലിനിക്കിലേയ്‌ക്കോ ട്രീറ്റ്മെന്റ് റൂമിലേയ്‌ക്കോ വന്നാൽ, വിയർപ്പിന്റെ രൂക്ഷ ഗന്ധം ശീതികരിച്ച മുറിയിൽ പരക്കാറുണ്ട്. പലപ്പോഴും ഇഷ്ടക്കേടോടെ മുഖം തിരിച്ചിട്ടുമുണ്ട്. ഇത് ജസ്‌നയോട് പറയുമ്പോൾ എല്ലാം, “സാരമില്ല ശാലിനി, പുറത്തു ചൂടല്ലേ, ഫൈസാൻ എപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ആൾ അല്ലെ, നീ അത് മൈൻഡ് ചെയ്യണ്ട” എന്ന് അവൾ മറുപടി പറയും. എന്തോ ഈ വിയർപ്പിന്റെ ഗന്ധം കൂടി ആയപ്പോൾ അവനിലുള്ള ഇഷ്ടക്കേട് എന്നിൽ കൂടിയതെ ഉള്ളു.

ഒരു ദിവസം ഈവെനിംഗ് ഡ്യൂട്ടി ഉള്ള സമയം..ഏഴരയ്ക്ക് ഇറങ്ങേണ്ടതാണ്, ഏഴു അൻപത്തിയഞ്ച് ആയി കാണും; ഇൻഷുറൻസ് ഡിപ്പാർട്മെന്റിൽ ഒരു അപ്പ്രൂവൽ റിക്വസ്റ്റ് അയച്ചിട്ട് ഇറങ്ങാം എന്ന് വിചാരിച്ച്, ഇഷ്ടക്കേട് ഉണ്ടെങ്കിലും ജോലി കാര്യം വരുമ്പോൾ ഗൗരവത്തോടെ ആണെങ്കിലും മിണ്ടിയാലേ പറ്റുകയുള്ളല്ലോ എന്നോർത്ത്, മുഖത്തു നോക്കാതെ അപ്പ്രൂവൽ റിക്വസ്റ്റ് എടുത്തു ഫൈസാന്റെ നേർക്ക് നീട്ടി

“ഗിവ് ദിസ് ടു ഇൻഷുറൻസ് ഡിപാർട്മെന്റ്” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു,

“സിസ്റ്റർ, മൈ ഡ്യൂട്ടി ഫിനിഷ്ഡ്, ഐ ഹാവ് ടു ഗോ, പ്ളീസ് കോൾ ദി നൈറ്റ് ഡ്യൂട്ടി സപ്പോർട്ടിങ് സ്റ്റാഫ്”.

ശരിക്കും നൈറ്റ് ഡ്യൂട്ടി സ്റ്റാഫിനെ ഏൽപ്പിച്ചാൽ മതി, പക്ഷെ അവനോടുള്ള ഇഷ്ടക്കേട് കൊണ്ട്‌ അവന്റെ മറുപടി എന്നെ ചൊടിപ്പിച്ചു,
“വൈ? യു കാൻഡ് ഗിവ് ദിസ്?, വേർ ആർ യു ഗോയിങ് ആസ് സൂൺ ആസ് യുവർ ഡ്യൂട്ടി ഫിനിഷ്ഡ്? ആഫ്റ്റർ ഓൾ യുവർ ഫാമിലി ആൾസോ ഈസ് നോട്ട് ഹിയർ”.

“സോറി സിസ്റ്റർ, മൈ വാൻ ലിഫ്റ്റ് വിൽ കം നൗ, ഇഫ് വി ആർ നോട്ട് തേർ ഓൺ ടൈം, ദേ വിൽ നോട്ട് വെയിറ്റ് ഫോർ അസ്, ഐ ഹാവ് നോ ഫാമിലി ഹിയർ സിസ്റ്റർ ബട്ട് ഐ ആം ഡൂയിങ് ട്വൾവ് അവർ ഡ്യൂട്ടി, ടുഡേ ഐ ഹാവ് ടു സെൻറ് സം മണി ടു മൈ ഹോം, മൈ ഡോട്ടർ ഈസ് നോട്ട് വെൽ, റ്റുമാരോ ഷീ ഹാസ് ടു ബി ടേക്കൺ ടു ഡോക്ടർ” എന്ന് പറഞ്ഞു അവൻ ഓടി.

എന്തോ അവന്റെ മറുപടി എന്നെ വല്ലാതെ ഉലച്ചു.

ആ റിക്വസ്റ്റ് നൈറ്റ് ഡ്യൂട്ടി സ്റ്റാഫിനെ ഏല്പിച്ചു ഞാനും ഇറങ്ങി, ഹോസ്പിറ്റലിന് പുറത്തു എത്തിയപ്പോൾ കണ്ടു, ഒരു വാനിൽ ഫൈസാനെ പോലെയുള്ള കുറച്ചു ജോലിക്കാരോടൊപ്പം അവനും കയറി പോകുന്നു. ഒരു ചെറിയ വാൻ, അതിൽ എത്ര പേരാണ്. അന്ന് തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഒട്ടും ധൃതി തോന്നിയില്ല. ഫൈസാനെ കുറിച്ച് ഓർത്തു, അവൻ പൈസ അയക്കുന്നതും കാത്തിരിക്കുന്ന അവന്റെ ഭാര്യയെ കുറിച്ച് ഓർത്തു, അച്ഛന്റെ പരിചരണം കിട്ടാത്ത സുഖമില്ലാത്ത ആ കുഞ്ഞിനെ ഓർത്തു.

ഞാനൊക്കെ എന്ത് ഭാഗ്യവതി ആണ്. അന്യ നാട്ടിൽ ആണെങ്കിലും എന്റെ കുടുംബത്തോടൊപ്പം ആണ് ഞാൻ. എത്ര തിരക്കു ജോലി സ്ഥലത്തുണ്ടെങ്കിലും എത്ര രാത്രിയായാലും ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ മോനെ വാരിയെടുക്കാം, ഭർത്താവിനോട് കൂടെ ഇരിക്കാം, അവർക്ക് അസുഖം വന്നാൽ പരിചരിക്കാം, അവധി ദിവസങ്ങളിലും, വ്യാഴാഴ്ച വൈകുന്നേരം തൊട്ടു വെള്ളിയാഴ്ച രാത്രി വരെ ഒറ്റ ബെഡ്‌റൂം ഫ്ലാറ്റ് ആണെങ്കിലും അവിടെ മൂന്നാളുമൊത്തുള്ള സ്വർഗ്ഗം തീർക്കാം, ഇടുങ്ങിയ മുറിയിലെ ബെഡ്സ്പേസിൽ കിടക്കേണ്ടി വന്നിട്ടില്ല, ഇത്രയൊക്കെ സൗഭാഗ്യങ്ങൾ ഈശ്വരൻ തന്നിട്ടും ഉള്ളതിന് നന്ദി പറയാതെ ഇല്ലാത്തതിന്റെ പിറകെ പോയി വിഷമിച്ചു കൊണ്ടിരിക്കും.

എനിക്ക് സ്വയം പുച്ഛം തോന്നി. ഫൈസാൻ എന്നെ കുറിച്ച് എന്തായിരിക്കും കരുതി വെച്ചിട്ടുണ്ടാവുക, ഞാൻ മനസ്സിൽ ചിരിച്ചു, അതിനു എന്നെ പോലെ മനസ്സിൽ വിദ്വേഷം സൂക്ഷിക്കാൻ അവനു എവിടെ സമയം, ഹോസ്പിറ്റലിലെ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു ചെന്നിട്ടു വേണം നീണ്ട ക്യുവിൽ നിന്ന് നാട്ടിലേക്ക് പൈസ അയക്കാൻ, അത് കഴിഞ്ഞു വേണം ബെഡ്സ്പേസ്ൽ പോയി രാത്രിയിലത്തെ ഭക്ഷണം സഹമുറിയന്മാരുമൊത്ത് ഉണ്ടാക്കി കഴിക്കാൻ, ഇതിനിടയിൽ നാട്ടിൽ ഭാര്യയും കുഞ്ഞും ഉറങ്ങുന്നതിനു മുൻപേ അവരെ വിളിച്ചു സംസാരിക്കണം, അവനെന്നല്ല അവനെ പോലെ ഉറ്റവരെ എല്ലാവരെയും വിട്ടു കുറഞ്ഞ ശമ്പളത്തിൽ മരുഭൂമിയിൽ വന്നു കഷ്ടപ്പെടുന്ന ആർക്കും മനസ്സിൽ വിദ്വേഷം വെച്ച് ആരോടും പെരുമാറാൻ കഴിയില്ല.

എനിക്ക് ഫൈസാനോട് ബഹുമാനം തോന്നി. ഇത്രയും നാൾ അവനോടു ഇഷ്ടക്കേട് പ്രകടിപ്പിച്ചതിനു മനസ്സിൽ ആയിരം വട്ടം അവനോടും ഈശ്വരനോടും മാപ്പിരന്നു.

പിറ്റേന്ന് പതിവ് പോലെ എഴുന്നേറ്റു ജോലികൾ തുടങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു, സാധാരണ ദിവസങ്ങളിലെ പോലെ വെപ്രാളം ഒന്നും മനസിനെ അലട്ടിയില്ല. ഹോസ്പിറ്റൽ കയറി ക്ലിനിക്കിലേക്ക് നടക്കുമ്പോൾ ഞാൻ വരുന്നത് കണ്ട ഫൈസാൻ എനിക്ക് മുഖം തരാതെ ഒതുങ്ങി പോകുന്നത് കണ്ട് “ഫൈസാൻ, ഗുഡ് മോർണിംഗ്, ഹൌ ഈസ് യുവർ ഡോട്ടർ” എന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ച എന്നോട് ആശ്ചര്യത്തോടെ അതിലുപരി സന്തോഷത്തോടെ “ഷീ ഈസ് ഓക്കേ നൗ സിസ്റ്റർ”, എന്ന് ഞാൻ മോശമായി പെരുമാറിയിരുന്നതൊന്നും അവനു ഓർമയിലെ ഇല്ലാത്ത പോലെ മറുപടി പറഞ്ഞു.

എന്റെ മാറ്റം കണ്ടു വിശ്വസിക്കാനാകാതെ, ഞാൻ പോയിട്ടും അത്ഭുതത്തോടെ അവൻ നിന്നു.

ക്ലിനിക്കിൽ കയറി കബോർഡിൽ ബാഗ് വെച്ച് ട്രീറ്റ്മെന്റ് റൂമിൽ ജസ്‌നയെ അന്വേഷിച്ചു പോയി, “ഗുഡ് മോർണിംഗ് ജസ്‌ന, ഇന്ന് പുറത്തു വല്ലാത്ത ചൂട്, അല്ലെ?, നീ പറയുന്നത് ശരിയാ ഫൈസാനെ കുറ്റം പറയാൻ പറ്റില്ല, നമ്മളെ പോലെ ശീതികരിച്ച മുറികളിൽ അല്ലല്ലോ അവർ ഇരിക്കുന്നത്, അപ്പൊ കുറച്ചു വിയർപ്പിന്റെ ഗന്ധം ഉണ്ടാകും.”

ഫൈസാനെ സപ്പോർട്ട് ചെയ്തുള്ള എന്റെ സംസാരം കേട്ട ജസ്‌ന ആശ്ചര്യത്തോടെ, “ഇതെന്ത് പറ്റി, വേറെ ആരെക്കുറിച്ച് നീ ഇത് പറഞ്ഞാലും ഞാൻ വിശ്വസിക്കും, പക്ഷെ ഫൈസാൻ”.

ഞാൻ പുഞ്ചിരിച്ചു, എന്നിട്ടു പറഞ്ഞു “ചില തിരിച്ചറിവുകൾ വൈകിയേ ഉണ്ടാകൂ, ഒരിക്കലും തിരിച്ചറിയാതെ പോകുന്നതിനേക്കാൾ നല്ലതല്ലേ വൈകിയെങ്കിലും ഉണ്ടാകുന്നത്”.

അത് ശരി വെച്ച് എന്നാൽ എന്താ സംഭവിച്ചതെന്നു മനസിലാകാതെ ജസ്‌ന തലയാട്ടി, എന്നിട്ട് സന്തോഷത്തോടെ എന്റെ കൈയിൽ പിടിച്ച് പറഞ്ഞു, “ഇപ്പോഴാണ് നീ എന്റെ ശാലിനി ആയത്.”

തിരിച്ചു ക്ലിനിക്കിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു അടുത്ത നിമിഷം നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുമോ എന്നറിയില്ല, എന്നിട്ടും എന്ത് മാത്രം വിദ്വേഷം ആണ് നമ്മളിൽ ചിലരെങ്കിലും അന്യോന്യം സൂക്ഷിക്കുന്നത്. എല്ലാവരോടും ചിരിച്ച്, ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ, ഈ ലോകത്തിലെ ഓരോരുത്തരും തുല്യരാണ് എന്ന് കരുതി ജീവിക്കുന്നവർ, അവർ മാത്രമാണ് ഏറ്റവും സന്തോഷകരമായി ജീവിതം നയിക്കുന്നത്, ഭൂമിയിൽ സ്വർഗം തീർക്കാൻ കഴിയുന്ന അവർക്കു ജീവിതത്തിന്റെ മറുകരയിലും സ്വർഗം ഒരുക്കി വെച്ചിട്ടുണ്ടാകും ഈശ്വരൻ.

മനസിലെ ഭാരമെല്ലാം ഇറങ്ങിയപ്പോൾ ചുണ്ടിൽ വിരിഞ്ഞ കളങ്കമില്ലാത്ത ചിരിയുടെ വെളിച്ചം മുഖത്തും പടർന്നു, ആ നിർവൃതിയിൽ തനിക്ക് കിട്ടിയതും കിട്ടികൊണ്ടിരിക്കുന്നതുമായ എല്ലാ സൗഭാഗ്യങ്ങൾക്കും ദൈവത്തിനു നന്ദി പറഞ്ഞ്, ചിന്തയിലും പ്രവർത്തിയിലും പുതു വെളിച്ചം നിറച്ച്, അന്നത്തെ ആദ്യത്തെ രോഗിയുടെ ഫയൽ എടുക്കാൻ റിസപ്ഷനിലേക്ക് ഞാൻ നടന്നു നീങ്ങി.

മഹാലക്ഷ്‌മി മനോജ്

Leave a Reply

Your email address will not be published.

error: Content is protected !!