ഇട്ടിക്കോര പരത്തിയ അശാന്തി (ഫ്രാൻസിസ് ഇട്ടിക്കോര – by ടി . ഡി. രാമകൃഷ്ണൻ )

പലനാളുകളായി കൈയിൽ വന്നിട്ടും ഇട്ടിക്കോരയെ എന്തോ വായിക്കണമെന്ന്  തോന്നിയിരുന്നില്ല. പ്രത്യേകിച്ച് അത്രയധികം സ്വീകാര്യതയുള്ള നോവലായിട്ടും ഒഴിവാക്കി പോയതൊരു ഉൾവിളിയ്ക്ക് വഴങ്ങീട്ടായിരുന്നു. ആ ഉൾവിളിയിൽ കഴമ്പുണ്ടായിരുന്നു എന്ന് തെളിയിച്ചുകൊണ്ട്, കഴിഞ്ഞ രാത്രിയിൽ വായിച്ചു തീർന്നിട്ടും അശാന്തിയുടെ ഒരു പകൽ കൂടി സമ്മാനിച്ചുകൊണ്ട്  ഫ്രാൻസിസ് ഇട്ടിക്കോര ഭയപ്പെടുത്തുന്നു. 

ഒരു പുസ്തകം, വായന കഴിഞ്ഞും വായനക്കാരിൽ അശാന്തിയുണ്ടാക്കുന്നത് രണ്ടു വിധത്തിലാകാമെന്ന്  ആദ്യമായി കാട്ടിത്തന്നത്  ഈ പുസ്തകമാണ് .ആശയത്തിന്റെ ശക്തികൊണ്ടും ആഖ്യാന രീതികൊണ്ടും  വായനക്കാരന്റെ  സ്വന്തം വികാരമായി മാറുന്ന എത്രയോ  എഴുത്തുകൾ, അവയായിരുന്നു  ഇതുവരേയും  പരിചയം. അവ മനസ്സിലുണ്ടാക്കുന്ന  പൊള്ളലുകൾ മാത്രമായിരുന്നു  അസ്വസ്ഥമാക്കിയിരുന്നത്. എന്നാൽ ചരിത്രമല്ലെന്ന് വിളിച്ചു പറഞ്ഞു, കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് പൊലിപ്പിച്ചെടുത്തതെന്ന് എഴുത്തുകാരൻതന്നെ അവകാശപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കോര,  ഗണിതശാസ്ത്രം, കല, സംഗീതം എന്നിവയെപ്പറ്റി  ആധികാരികമായി  ആഴത്തിലുള്ള അറിവു പകർന്നു തരുന്നു എന്നത് ഏറെ പ്രശംസനീയം.  ഒറ്റയിരുപ്പിൽ തീർക്കാൻ തോന്നിപ്പിക്കുന്ന ഒന്ന്, സാമാന്യ യുക്തിക്ക് നിരക്കാത്തതെങ്കിലും ഇതിലുണ്ട്. 
 എഴുത്ത് വായനക്കാരന്  അശാന്തിയുണ്ടാക്കുന്ന രണ്ടാമത്തെ വിധം അതിലെ പ്രമേയം കൊണ്ടുള്ളതാണ് എന്ന്  പഠിപ്പിച്ചുതന്നു ഇട്ടിക്കോര . കാനിബാളിസം വിവരിച്ച്‌, കാമകലയിൽ വയലൻസിന്റെ സർവ്വ സാധ്യതകളും പ്രയോജനപ്പെടുത്തി, വായനക്കാരനെ അവിശ്വസനീയമായൊരു തലത്തിലെത്തിക്കാൻ ആഖ്യാനത്തിലെ പാടവം കൊണ്ട് സാധ്യമാകുന്നുണ്ട് . അതൊരു കഥാകാരന്റെ കഴിവായി  കാണാനാകുന്നതിനും മേലെയാണ്‌  വായനക്കാരനിൽ  അവ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും മനസ്സിനുണ്ടാക്കുന്ന അശാന്തിയും.. 

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!