നാഹിദ പറയാതെ പോയത്..

ബിന്ദുവിനെ ഫേസ്ബുക്കിലാണ് ഞാൻ പരിചയപ്പെടുന്നത്.
ഞങ്ങൾക്ക് പൊതുവായി ഒരു കാർഷിക വിദ്യാഭ്യാസ പാരമ്പര്യം ഉണ്ടായിരുന്നു എന്ന ഒരു കൗതുകവും ഉണ്ടായിരുന്നു.

എന്നാൽ ബിന്ദു ഒരു എഴുത്തുകാരിയാണ് എന്ന് പിന്നീടാണ് അറിയുന്നത്.

അങ്ങനെയാണ് ബിന്ദു എഴുതിയ ‘നാഹിദ പറയാതെ പോയത്’ എന്ന നോവൽ വായിക്കാനായി സംഘടിപ്പിക്കുന്നത്.

അപ്പോഴാണ് ഇത് രണ്ടാമത്തെ നോവൽ ആണെന്നും മലയാളത്തിൽ എഴുതിയ മൂന്നാമത്തെ പുസ്തകമാണ് എന്നും അറിയുന്നത്.

എന്നാൽ നോവൽ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു തരത്തിലാണ്.

ഇത് അടിമുടി ഒരു രാഷ്ട്രീയ നോവൽ ആണ്. ഇന്ത്യയിൽ നടന്ന CAA/NRC സമരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

കേരളത്തിലാണ് കഥ തുടങ്ങുന്നത് എങ്കിലും പതുക്കെ ഈ പ്രശ്നം തെരുവുകളിൽ കത്തിപ്പിടിച്ച ബംഗാളിലേക്കും ഉത്തരേന്ത്യയിലേക്കും കഥ നീണ്ടുപോകുന്നു.

സാധാരണ ഗതിയിൽ രാഷ്ട്രീയ പ്രശ്നങ്ങൾ പ്രതിപാദ്യമായി വരുന്ന നോവലുകൾക്ക് വലിയ വായനാസമൂഹമുള്ള കേരളത്തിൽ ഈ നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരുപക്ഷേ എഴുത്തിനപ്പുറം പുസ്തകത്തെ വായനാലോകത്തിന് പരിചയപ്പെടുത്താനുള്ള സംഘാടന ചാതുരി ഒരല്പം അന്തർമുഖി ആയി എനിക്ക് തോന്നിയ ബിന്ദുവിന് ഇല്ലാതെ വന്നതുമാവാം.

പച്ചയായ ജീവിത യാഥാർഥ്യങ്ങൾ അതേപടി പകർത്തിവയ്ക്കാൻ താത്പര്യമില്ലാത്ത എഴുത്തുകാരി ആയിരുന്നു താൻ എന്ന് ബിന്ദു ആമുഖത്തിൽ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ തന്റെ കൈത്തണ്ടയിൽ ഇറ്റുവീണ രണ്ടു തുള്ളി കണ്ണുനീരിൽ നിന്നാണ് ഈ നോവൽ പിറക്കുന്നത് എന്ന് ബിന്ദു പറയുന്നു.

നാഹിദ എന്ന സഹയാത്രിക പറഞ്ഞ “ഞങ്ങളെ എഴുതൂ. ഞങ്ങളുടെ ജീവിതവും കാണട്ടെ…ലോകം അറിയട്ടെ ഇങ്ങനെയും മനുഷ്യ ജീവിതങ്ങൾ ഉണ്ടെന്ന്..” എന്ന വാക്കുകളിൽ നിന്നാണ് ഈ കഥ പിറക്കുന്നത്.

കൊൽക്കൊത്തയിൽ ഒരു സിനിമയുടെ കഥ പറയാൻ പോകുന്ന ഹരി ഒരു തീവണ്ടി യാത്രയിൽ പരിചയപ്പെടുന്ന പെൺകുട്ടിയാണ് നാഹിദ. ഒരു പ്രത്യേക സാഹചര്യത്തിൽ സഹയാത്രികരോട് അവൾ അവളുടെ കഥ പറയുകയാണ്.

കൊൽക്കൊത്തയിൽ ഒരു റിക്ഷ തൊഴിലാളിയായിരുന്നു അവളുടെ അച്ഛൻ. പെൺകുട്ടികളെ പഠിപ്പിച്ചിട്ടെന്താണ് കാര്യം എന്ന് കരുതി അച്ഛൻ അവളെ സ്കൂളിൽ വിടുന്നില്ല. അവൾക്കാകട്ടെ പഠിക്കാൻ വലിയ ഇഷ്ടമാണ്. അനിയന്മാരെല്ലാം സ്കൂളിൽ ചേരുകയും വലിയ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം അവളുടെ ചുമലിൽ വരികയും ചെയ്തു.

കഥ പറയുന്ന നാഹിദയെ ഹരി അത്ഭുതത്തോടെ നോക്കി. അവൾ നല്ല ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഹരിയുടെ അത്ഭുതം കണ്ട് നാഹിദ പറഞ്ഞു: “ എനിക്ക് ഇംഗ്ലീഷ് അടക്കം നാല് ഭാഷയിൽ സംസാരിക്കാൻ അറിയാം. എന്നാൽ ഒപ്പിടാൻ ആയി പോലും എഴുതാൻ അറിയില്ല.” അവൾ ചിരിച്ചു.

അവൾ തീവണ്ടി യാത്രയിൽ സഹ യാത്രികരുമായുള്ള അവളുടെ സംഭാഷണം തുടരുകയാണ്. ഈ കഥാപ്രവാഹത്തിൽ മുഗ്ദ്ധരായി നിശബ്ദരായി ആളുകൾ ഇരിക്കുന്നു.

യാത്ര അവസാനിക്കുന്നതോടെ നാഹിദ സഹയാത്രികരുടെ ഒരു കുടുംബാംഗം പോലെയായി. എന്നാൽ എല്ലാ യാത്രയിലും എന്ന പോലെ എല്ലാവരും യാത്രയുടെ അവസാനം അവരവരുടെ കൂടുകളിലേക്ക് മടങ്ങുകയും ചെയ്തു.

ഹരിയുടെ മനസ്സിൽ നിന്ന് മാത്രം ഈ കൊച്ചുപെൺകുട്ടി മറഞ്ഞുപോയില്ല. അവളുടെ വീടന്വേഷിച്ച് അയാൾ യാത്ര ചെയ്യുന്നുമുണ്ട്. അപ്പോഴേക്കും രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം പാടേ അവിചാരിതമായി ഉണ്ടായമാറിയതിന്റെ സൂചനകൾ നോവലിസ്റ്റ് നൽകുന്നു. പൗരത്വ നിയമ ഭേദഗതി വലിയ ആശങ്കകൾ ന്യൂന പക്ഷ മനസ്സിൽ സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിൽ നാഹിദയെ കണ്ടെത്താൻ ഹരിക്ക് സാധിക്കുന്നുമില്ല.

നോവൽ എഴുതിയ രാഷ്ട്രീയ സാഹചര്യം വീണ്ടും ഇന്ത്യയിൽ ആവർത്തിക്കുകയാണ്. ഇതാണെങ്കിൽ തിരഞ്ഞെടുപ്പ് കാലവും.

ബിന്ദുവിന്റെ നോവൽ വീണ്ടും വായിക്കാൻ പറ്റിയ കാലം..

സാജൻ ഗോപാലൻ

error: Content is protected !!