തിത്ലി

കൊങ്കണ സെൻ ശർമ്മ, അപർണ്ണ സെൻ, മിഥുൻ ചക്രവർത്തി എന്നിവർ അഭിനയിച്ച 2002- ലെ ഋതുപർണോ ഘോഷ് ചിത്രമാണ് തിത്ലി. ചിത്രശലഭമായി പാറിനടന്ന തിത്ലി എന്ന പെൺകുട്ടിയുടെ കൗമാരകുതൂഹലത്തിനുമപ്പുറം അമ്മ- മകൾ ബന്ധത്തിന്റെ ദൃഢതയും സ്നേഹവായ്പ്പും കരുതലും വരച്ചുചേർത്ത് മറ്റൊരു ഘോഷ് ചിത്രം കൂടി.
തിത്ലി എന്ന പതിനേഴുകാരിയ്ക്ക് ബോളിവുഡ് സ്റ്റാർ രോഹിത് റോയിയോടുള്ള പ്രണയവും അത് യാഥാർഥ്യമാക്കാനുള്ള അവളുടെ പ്ലാനുകളും കേൾക്കുന്ന അമ്മ അതൊരു ക്രഷ് മാത്രമാണെന്നും കൗമാരത്തിൽ അതൊക്കെ സാധാരണമാണെന്നും പറയുമ്പോൾ തിത്ലിയ്ക്കു മറ്റൊന്നും തോന്നിയില്ല. പക്ഷേ, അവിചാരിതമായി തങ്ങളുടെ കാറിൽ എയർപോർട്ടിലേയ്ക്ക് ലിഫ്റ്റ് ചോദിച്ചു വന്നുകയറുന്ന രോഹിത് ശർമ്മയെ കാണുമ്പോൾ മകൾ മാത്രമല്ല, അമ്മയും ആവേശഭരിതയാവുന്നു; അമ്മയ്ക്കതു വിദഗ്ദമായി ഒളിപ്പിക്കാനായി എന്ന് മാത്രം! ഒരുമിച്ചുള്ള യാത്രയിൽ തിത്ലിയുടെ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുന്നു; ഏതോ മായാലോകത്തെന്നപോലെ രോഹിത് ശർമ്മയെ നോക്കിയിരിക്കുമ്പോഴും അവളുടെ സ്വപ്നങ്ങൾക്ക് അൽപായുസ്സാണെന്ന് തിത്ലി അറിയുന്നേയില്ല. അപ്രതീക്ഷിതമായി സീനിൽനിന്നു പുറത്തുപോകേണ്ടിവരുന്ന തിത്ലി തന്റെ അമ്മയുടെയും പൂർവ്വകാമുകന്റെയും പൂർവ്വസ്മരണകളുടെ പങ്കുവയ്ക്കൽ ആകസ്മികമായി കേൾക്കുന്നു. സഹപാഠികളായിരുന്ന രോഹിതും ഊർമ്മിളയും കോളേജുകാലത്ത് ഒന്നിക്കാൻ തീരുമാനിച്ചതായിരുന്നു. സാഹചര്യങ്ങളകറ്റിയ അവർ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടുകയായിരുന്നു. അമ്മയുടെ പൂർവ്വകാലബന്ധം, അതും താൻ പ്രണയിക്കുന്ന, ആരാധിക്കുന്ന ആളെ എന്നറിയുന്ന തിത്ലിയ്ക്ക് തന്റെ കണ്ണീരടക്കാനാവുന്നില്ല. അമ്മ ഊർമ്മിള സാന്ത്വനവുമായെത്തുമ്പോൾ തിത്ലി, അമ്മ പണ്ടനുഭവിച്ച പ്രണയപരാജയത്തെ, നഷ്ടബോധത്തെക്കുറിച്ച് ആലോചിക്കുന്നു. അമ്മയുടെ ആശ്വാസവാക്കുകളിൽ ശാന്തയാവുന്ന തിത്ലിയ്ക്ക് ഇപ്പോൾ ഊർമ്മിളയെ മനസ്സിലാക്കാനാവുന്നുണ്ട്. അമ്മയും മകളുമായുള്ള ആത്മബന്ധം പഴയതിലും കൂടുതൽ ദൃഢമാകുമ്പോൾ പ്രേക്ഷകമനസ്സിലും ആശ്വാസത്തിന്റെ കുളിർക്കാറ്റു വീശുന്നു. സാധാരണമായൊരു പ്രമേയത്തെ അത്രത്തോളം മനോഹരമായി വരച്ചുകാട്ടുന്ന ഒരു ഋതുപർണോ ഘോഷ് ചിത്രം കൂടി.

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!