മലൈക്കോട്ടൈ വാലിബൻ- റിവ്യൂ

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോട്ട് തന്നെ സിനിമയുടെ മുഖ്യപ്രമേയത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് മനസ്സിലായത് അവസാന സീനുകളിലാണ്. ചക്കിൽ കെട്ടപ്പെട്ട കഴുതപോലെ മറ്റാരുടെയോ ലക്ഷ്യത്തിനു വേണ്ടി തിരിയുന്ന വാലിബന്റെ ജീവിതചക്രം തുടങ്ങുന്നതു തന്നെ മറ്റാർക്കോ വേണ്ടിയാണ്; കർണനെപ്പോലെ! വാലിബനും കർണകുണ്ഡലമുണ്ട്, അവനും അനാഥനാണ്, അവനും തന്റെ പിതാവാരെന്നറിയില്ല, (‘തായുംതന്തൈ ഇല്ലാതെ ഉയിരു കൊണ്ടവൻ, സൂരിയരെപ്പോല കുണ്ഡലമുള്ളവൻ’) തന്നെപ്പോലെതന്നെ അയാൾ ഒരു യോദ്ധാവാണെന്നും അയാളുമായും തനിക്ക് യുദ്ധം ചെയ്യേണ്ടതുണ്ടെന്നും മാത്രം അവൻ ഒടുവിലറിയുന്നുവെങ്കിലും..
കയറിച്ചെല്ലാൻ ഒരു വീടില്ലാത്ത, കാത്തിരിക്കാൻ ഒരു പെണ്ണില്ലാത്ത, ജീവിതത്തിന് ലക്ഷ്യമില്ലാത്ത , നാടോടിയായ, മറ്റൊരുവനു വേണ്ടി യോദ്ധാവായ വാലിബന്റെ യാത്രയുടെ എപ്പിസോഡിക് കഥ ലിജോ പറയുന്നത് മലയാള സിനിമ ഇത് വരെ കാണാത്ത ആഖ്യാന വഴികളിലൂടെ കാണിയെ നടത്തിച്ചു കൊണ്ടാണ്..
ആ നാടോടിക്കഥപറച്ചിലിന്റെ ഫാന്റസി നിറഞ്ഞ ഘടനയിൽ ലിജോ വിളക്കിച്ചേർത്ത ദൃശ്യ -ശബ്ദ റഫറൻസുകളും ലെയറുകളും ഖനനം ചെയ്തുപോകലായിരുന്നു എനിക്കീ സിനിമയുടെ കാഴ്ച്ച പകർന്നു തന്നത്..
ദൃശ്യങ്ങളിൽ നിന്ന് തുടങ്ങാം : ചാരുതയുള്ളതും കോംബാക്ടും സാഹചര്യം ആവശ്യപ്പെടുന്ന തരത്തിൽ സ്റ്റാറ്റിക്കും ചലനാത്മകവും ആയ ഫ്രെയിമിംഗ് ആണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. ആദ്യ ഷോട്ട് മുതൽ ക്യാമറ ചലിച്ചതും നിന്നതും ഏകാഗ്രമായാണ്, വാലിബനെ ചുറ്റിയാണ്. എടുത്തു പറയേണ്ടത് രാത്രിസീനുകളുടെ ചാരുതയാണ്. നായികയെ ആദ്യമായി കാണുമ്പോഴുള്ള നിഴൽ നാടകം രസകരമായി.
നിറങ്ങളുടെ ഉപയോഗം ആണ് മറ്റൊരു ടൂൾ ആയി കടന്നുവരുന്നത്. ആദ്യ ഭാഗങ്ങളിൽ ക്യാരക്ടർ /സ്റ്റോറി ബിൽഡപ്പിനു ലാൻഡ്സ്കെപ്പ്ന്റെ നിറത്തിനു പ്രാമുഖ്യം കൊടുക്കുന്നെങ്കിൽ (സ്പാഗെറ്റി വെസ്റ്റേൺ ശൈലി) പിന്നീടത് ആഴക്കറുപ്പിനും ചോരച്ചുവപ്പിനും നിഗൂഡമഞ്ഞയ്ക്കും വഴി മാറുന്നു. സായിപ്പിന്റെ കോട്ടയിലെ സീനുകളിലെ ചുവപ്പും പല രഹസ്യാത്മകതകളും അസൂയയും പകയും നിറഞ്ഞ കുതിരവേലയിലേതിൽ മഞ്ഞയും. മാങ്കോട്ട് കളരി സീനുകളിൽ കറുപ്പാണ് മുന്തി നിൽക്കുക. ലിജോയുടെ ഒബ്സഷൻ ആയ വെളുത്ത വസ്ത്രം ധരിച്ച മനുഷ്യരും (ആമേൻ ഓർക്കുക) ഒരു സീനിൽ ഉണ്ട്..
ശബ്ദം/സംഗീതം ഒരു സിനിമയെ വേറൊരു തലത്തിലേക്ക് ഉയർത്തുന്ന ‘കാഴ്ച’ മലയാളസിനിമയിൽ അപൂർവമാണെന്നിരിക്കെ പ്രശാന്ത് പിള്ള ഒരുക്കിയ ബിജിഎം ഒരസാധ്യ സൃഷ്ടിയാണെന്ന് പറയാതെ വയ്യ. ‘ദ് ഗുഡ്, ദ് ബാഡ്, ആൻഡ് ദ് അഗ്ലി’ യുടെ തീം സോംഗിനോട് ഒട്ടിനില്ക്കുന്ന, എന്നിയോ മോറിക്കോണിനുള്ള ട്രിബ്യൂട്ട് ആയി പരിഗണിക്കാവുന്ന വാലിബൻ തീം മുതൽ ജമന്തി താൻ ഗർഭിണിയാണെന്ന് വാലിബനോട് പറയുന്ന ആൾക്കൂട്ടമുഖരിത സീനിൽ പെട്ടെന്ന് എല്ലാ ഒച്ചകളും നിലച്ച് ‘ തീരാത വിളൈയാട്ടു പിള്ളൈ ‘ യുടെ ഈണത്തിലേക്ക് സർവവും ലയിക്കുന്ന സന്ദർഭം വരെ. ആദ്യ എപ്പിസോഡിലെ ഫൈറ്റ് സീനിനു ഒരു നാടോടിത്തല്ലിന്റെ ടോൺ ആണ് നൽകുന്നതെങ്കിൽ സായിപ്പിന്റെ കോട്ടയിലെ ദൈർഘ്യമേറിയ സീനിലത് ലോഹം ലോഹത്തോടേൽക്കുന്ന ശബ്ദത്തിൽ നിന്ന് തുടങ്ങി മലയാള സിനിമ ഇത് വരെ കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ശബ്ദ യൂണിവേഴ്സിലേക്ക് കാണിയെ നയിക്കുന്നു. ചിന്നപ്പയ്യനും ജമന്തിയും മരിച്ചുവീഴുന്ന സീനിൽ എല്ലാ ശബ്ദവും ആഴമുള്ള നിശബ്ദതയിലേക്ക് അരിച്ചിറങ്ങുന്നത് സിനിമയിലെ എറ്റവും മികച്ച ഷോട്ടുകളിലൊന്നാണ്. സായിപ്പിന്റെ കോട്ടയിൽ വാലിബനെ വലിച്ചിഴച്ചു കൊണ്ടു വരുന്ന ഷോട്ടിൽ മുഴങ്ങുന്നത് ആമേനിലെ പള്ളിമണിയൊച്ച തന്നെയാണ്. ചിന്നപ്പയ്യനും ജമന്തിയും തമ്മിലുള്ള പ്രണയരംഗങ്ങളിൽ വരുന്ന ഈണം ‘മന്താരച്ചെപ്പുണ്ടോ’ ഛായയിൽ ഉള്ളതാണ്. ഇവയിൽ മൗലികത ഉണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പിക്കാസൊയുടെ പോളിസിക്കാരനാണ് എന്ന് പറയും..
ഇനി പറയേണ്ടത് സിനിമയുടെ ആഖ്യാനത്തെ കുറിച്ചാണ്. ഇവിടെയാണ് ഫാൻസ് അടിപതറി വീണത്. കഥ പറച്ചിൽ എപിസോഡിക് ആണ്. ആദ്യ ഭാഗങ്ങളിൽ ക്യാരക്റ്റർ ബിൽഡപ്പിന് വേണ്ടി കുറച്ചു സമയം കൂടുതൽ എടുത്തത് ആണ് ഫാൻസിനെ അലോസരപ്പെടുത്തിയത്. ആദ്യ സീൻ എൻഗേജിങ് ആയിരുന്നെങ്കിലും പിന്നെ വന്ന രണ്ടുമൂന്നു സീനുകൾ ചെറുതായൊന്ന് ഇഴഞ്ഞു. ഒരു സിനിമയെ സംബന്ധിച്ച് ഗോൾഡൻ നിമിഷങ്ങൾ എന്നു പറയാവുന്ന സമയത്താണ് ഇത് വന്നു പെട്ടത്! പിന്നെ പതുക്കെ സിനിമ താളത്തിലാകുന്നു, ഇടവേളയ്ക്ക് ശേഷം ഫുൾ ഓൺ ആകുന്നു, ലീനിയർ ശൈലി അവലംബിക്കുന്ന ആഖ്യാനം ചിലയിടങ്ങളിൽ സീനുകളെ ഓർഗാനിക്ക് ആയി തുന്നിച്ചേർത്ത് ആവിഷ്കരിക്കുന്നതിൽ അടിപതറുന്നുണ്ടെങ്കിലും..
സെർജിയൊ ലിയോൺ സ്പർശമുള്ള സ്പഗേറ്റി വെസ്റ്റേൺ (പ്രത്യേകിച്ച് ലാൻഡ്സ്കെപ്പിൽ) , കുറോസവൻ ജപ്പാനീസ് സമുറായ് (വാലിബന്റെ കോസ്റ്റ്യും , ഹെയർ സ്റ്റൈൽ കൂടാതെ വാലിബന്റെ പാത്രസൃഷ്ടിയിൽ യോജിമ്പൊയിലെ സഞ്ചൂറോയുടെ ഒരംശമുണ്ട്.) ശൈലികൾ ഹൈബ്രിഡ് ആയി ഒരു ഇന്ത്യൻ നാടോടിക്കഥ പറയാൻ ഉപയോഗിച്ചത് പുതുമയുള്ള അനുഭവമായി. തുടക്കഷോട്ട് തന്നെ സെർജിയോ ലിയോണിനുള്ള ട്രിബ്യുട്ട് ആയി തോന്നി. കുതിരവേല സീനിലെ മുഖംമൂടി ഷോട്ടുകളിൽ എൽ ജെ പി എന്ന പ്രതിഭയുടെ മിന്നലാട്ടങ്ങൾ കണ്ടു. സായിപ്പിന്റെ കോട്ടയിലെ ദീർഘമായ ഫൈറ്റ് സീനിൽ എഡിറ്റിംഗും ക്യാമറയും ബി ജി എമും സൗണ്ട് ഡിസൈനും സർവ്വോപരി സംവിധാനവും രോമാഞ്ചമണിയിച്ചു..
കഥപറച്ചിൽ റഫറൻസുകൾ കൊണ്ട് സമ്യദ്ധം. എം ജി ആർ (ആയിരത്തിൽ ഒരുവൻ, ഉലകം ചുറ്റും വാലിബൻ) മുതൽ തേന്മാവിൻ കൊമ്പത്ത് വരെ നീളുന്നു അത്. വടക്കൻ പാട്ടും ഷോലെയും മഹാഭാരതവും കാളിദാസനും രമണനും ചമതകനും ഒക്കെയുണ്ട് അതിൽ. പഴയ അമ്പിളിമാമനിൽ വന്ന മല്ലന്മാരുടെ കഥകൾ വീണ്ടും തുറന്നു കിട്ടിയ ഫീൽ..
സിനിമയെന്ന കലാരൂപത്തിനോടുള്ള tribute കൂടിയും ആയി ഈ സിനിമയെ കാണാൻ കഴിഞ്ഞു. കുറോസാവ മുതൽ ടരന്റിനോ വരെ, രമണൻ മുതൽ തേന്മാവിൻ കൊമ്പത്ത് വരെ പല വിധത്തിൽ സിനിമയിൽ ഉണ്ട്.
ഒടുക്കം വാലിബനിലേക്ക് , മോഹൻ ലാലിലേക്ക് വരാം. എന്തൊരു എനർജിയാണീ മനുഷ്യന് ! എന്തൊരു ചാം! എന്തൊരു പ്രസന്നത ! സിനിമയെ മുഴുവൻ ചുമലിലേറ്റുന്നത് എത്ര ഭാരരഹിതമായാണ്! സമ്മതിച്ചു.!!

പിന്നുര : സമകാലിക മലയാള സിനിമ എത്തി നിൽക്കുന്ന ഉയരത്തിന്റെ തുഞ്ചത്താണ് ഈ സിനിമ എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു..
പിന്നെ വേറൊരു സംഗതി : തിരക്കഥയിൽ ഒരിടത്ത് മാരകമായ ഒരു അബദ്ധം വന്നിട്ടുണ്ട്. സിനിമ ഒ ടി ടി യിൽ വരുമ്പോ അത് ശ്രദ്ധയിൽ വരും എന്ന് കരുതുന്നു. അത് വരെ ആ രഹസ്യം എന്നോടൊപ്പം ഇരിക്കട്ടെ..

ജാഫർ. എസ്

error: Content is protected !!