സൗപർണിക

ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി.

“അമ്മ ഇറങ്ങാൻ റെഡിയായോ?”

മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ യാത്രകളിലും സാധാരണ കൈവരിക്കാറുള്ള ഒരു ശാന്തത മനസ്സിൽ ഇല്ലാതിരുന്നിട്ടും അവന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വന്നു. അവനും മൂകാംബികയിലേക്കാണ്. മകൾ ഭദ്രയെ എഴുത്തിനിരുത്താനായി. ഭാര്യയും കുടുംബവും തലേന്ന് തന്നെ മൂകാംബികയിൽ എത്തി. പെട്ടെന്ന് വന്ന ഒരു മീറ്റിംഗ് കാരണം അവർക്കൊപ്പം പോവാനായില്ല എന്നൊരു സങ്കടമാണ് ആ മുഖത്ത്. വിവേകിന്റെ ചോദ്യത്തിന് ‘ഉം’ എന്ന മൂളലിൽ മറുപടിയൊതുക്കി. വേഗത കുറഞ്ഞു കുറഞ്ഞു ട്രെയിൻ സാവധാനം നിന്നു. വിവേക് ബാഗ് എടുക്കുന്ന തിരക്കിലാണ്, അവനോടൊന്നും പറയാതെ ട്രെയിനിന്റെ വാതിൽക്കലേക്ക് നടന്നു. റെയിൽവേസ്റ്റേഷനിൽ കാലുകുത്തിയപ്പോൾ കാവിവസ്ത്രത്തിനുള്ളിൽ മൂടിവച്ച മനസ്സ് വിങ്ങി.

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ്, ആദ്യമായി ബൈന്ദൂർ സ്റ്റേഷനിൽ ഇറങ്ങാൻ ട്രെയിനിന്റെ പടിവാതിലിൽ നിന്നപ്പോൾ തന്റെ ബാഗ് എടുത്ത് നിലത്ത് വച്ച് തനിക്ക് നേരെ നീണ്ട ബലിഷ്ഠമായ കരങ്ങൾ മനസ്സിൽ നിറഞ്ഞു. കാലം ഒന്നും മായ്ക്കാറില്ല. മറക്കാൻ ശ്രമിച്ചിട്ടും ജീവൻ വച്ചുകൊണ്ടിരിക്കുന്ന ഓർമ്മകൾ. ചുറ്റും ഒഴുകി നീങ്ങുന്ന മനുഷ്യസമുദ്രത്തിനിടയിലൂടെ യാന്ത്രികമായി കാലുകൾ മുന്നോട്ട് ചലിപ്പിച്ചു. തളർച്ച തോന്നുന്നു. ബസ്സിൽ പോകാൻ ആലോചിച്ചാണ് വന്നത്, ഇനിയത് വേണ്ട. സ്റ്റേഷനടുത്തുള്ള ഗ്രൗണ്ടിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ടാക്സി കാറുകൾ. ആദ്യം കണ്ട കാറിന്റെ അടുത്തേക്ക് ചെന്നു. ഡ്രൈവർ എവിടെ നിന്നോ പറന്ന് വന്ന് ‘അമ്മ’ എന്ന് വിളിച്ചു തൊഴുതു. കാവി വസ്ത്രം ഉടുത്ത നാൾ മുതൽ കിട്ടുന്നതാണ് ഈ ബഹുമാനം. വസ്ത്രത്തിനാണോ അതുടുത്ത എനിക്കാണോ അത് എന്ന് ഓരോ വിളിയിലും കൈകൂപ്പലിലും ആലോചിക്കാറുണ്ട്. “മൂകാംബിക” അയാൾ കാറിന്റെ മുൻവാതിൽ തുറന്നു തന്നു. പുറകേ എത്തിയ ഒരു കുടുംബം, ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും കയറിയതോടെ പിൻസീറ്റും നിറഞ്ഞു. ഡ്രൈവർ കാറിനുള്ളിലെ മൂകാംബിക ദേവിയുടെ ഫോട്ടോ തൊട്ട് തൊഴുത് യാത്ര ആരംഭിച്ചു. ശരീരത്തിന് തളർച്ച കൂടി.

പതിനഞ്ചു വർഷത്തിനു ശേഷം പഴയ വഴിയിൽ ഒറ്റയ്ക്ക്.. നിറയുന്ന കണ്ണുകൾ ഇറുക്കി അടച്ചു. കാർ മുന്നോട്ട് കുതിച്ചു, മനസ്സ് കാലത്തിന് പിന്നിലേക്കും.

ആദ്യ യാത്രയിൽ കയ്യിൽ കോർത്തു പിടിച്ച് തോളിൽ തല ചായ്ച്ചുകിടക്കുമ്പോൾ വല്ലാത്തൊരു ശാന്തത തോന്നിയിരുന്നു. അല്ലെങ്കിലും മനസ്സ് ശാന്തമായിരുന്നത് മാഷ് കൂടെ ഉണ്ടായിരുന്നപ്പോഴാണ്. ഈ കാവിവസ്ത്രത്തിനുള്ളിൽ ഉള്ളതിനേക്കാൾ ശാന്തത അന്നായിരുന്നു. വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു.

“എന്താടോ, താൻ ഒന്നും മിണ്ടാതെ?”

“മാഷേ, ഉള്ളിൽ നിറവാണ്, വാക്കുകൾ മതിയാവില്ല അത് പറയാൻ.”

ഒന്നുകൂടെ ആ കൈകളിൽ ഇറുക്കി പിടിച്ചു. തല തിരിച്ച് ആ കണ്ണുകളിലേയ്ക്ക് നോക്കി. എത്ര ആകർഷകമായ കണ്ണുകൾ. എത്ര വശ്യമായ ചിരിയാണ് എന്റെ മാഷിന്. ഒരു ജന്മം മുഴുവൻ നോക്കിയിരുന്നാലും മടുക്കാത്ത വശ്യത. അവളുടെ കണ്ണുകളിൽ ആ മനസ്സ് വായിച്ചപോലെ അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. യാത്രാക്ഷീണം കൊണ്ടാവാം ആ ചേർത്ത് പിടിക്കലിൽ, കരുതലിൽ അവൾ മയങ്ങിപോയി.

“അമ്മാ അമ്മാ, കോവിലിൽ എത്തി.”

വിളികേട്ട് ഞെട്ടി കണ്ണുതുറന്നപ്പോൾ, ചേർത്ത് പിടിച്ച കരങ്ങളില്ല, കരുതലില്ല. കാവിവസ്ത്രത്തിൽ മൂടിയ മനസ്സും ശരീരവും മാത്രം. തുണിസഞ്ചി നെഞ്ചോട് ചേർത്ത് കാറിൽ നിന്നിറങ്ങി. മൂകാംബികയുടെ മണ്ണിൽ കാൽതൊട്ടപ്പോൾ ശരീരമാകെ ഒരു വിറയൽ, പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം. കണ്ണുകൾ നിറയുന്നു. ടാക്സി ഡ്രൈവർ കാണാതിരിക്കാൻ തലകുനിച്ചു പിടിച്ച് തുണി സഞ്ചിയിലെ പേഴ്സ് തിരഞ്ഞു കൊണ്ട് കണ്ണുതുടച്ചു. ഇരുന്നൂറ്‌ രൂപ നോട്ട് അയാൾക്ക്‌ നീട്ടി തലകുനിച്ചു പിടിച്ച് ബാഗും തുണിസഞ്ചിയുമായി വിറക്കുന്ന കാലുകൾ മുന്നോട്ട് നീട്ടുമ്പോൾ അലറിക്കരയണമെന്ന് തോന്നി. വർഷങ്ങളായി കുമിഞ്ഞു കൂടിയ സങ്കടങ്ങൾ ഒരു മഴയായി പെയ്തിറങ്ങിയിരുന്നെങ്കിൽ. അഡിഗ ഗസ്റ്റ് ഹൗസിൽ ആണ് താമസം ശരിയാക്കിയിട്ടുള്ളത്, അങ്ങോട്ടുള്ള വഴികൾ പരിചിതമല്ല. സ്ഥലകാലബോധം തിരിച്ചു വന്നപ്പോൾ അടുത്തു കണ്ട ഒരു കടയിൽ വഴി ചോദിച്ചു. നടന്ന ദിശ തെറ്റായിരുന്നില്ല. മുന്നോട്ട് കുറച്ചു കൂടി നടന്നപ്പോൾ ഗസ്റ്റ് ഹൗസിന്റെ ഗേറ്റ് കണ്ടു. റിനോവേഷൻ നടത്തിയത് കൊണ്ടാവാം ഗസ്റ്റ് ഹൗസിനു പഴയതിലും മോടി കൂടിയതായി തോന്നി. റിസപ്ഷനില്ലെത്തി ബുക്കിങ്ങിന്റെ കാര്യങ്ങൾ പറഞ്ഞു. മുന്നേ വിളിച്ചു പറഞ്ഞത് കൊണ്ട് താമസിക്കാനുള്ള മുറി ശരിയാക്കിയിരുന്നു.

രണ്ടാം നിലയിൽ റൂം നമ്പർ 224, ഓർമ്മകൾക്ക് നിറം കൂട്ടാൻ നേരത്തേ പറഞ്ഞു ബുക്ക്‌ ചെയ്തതാണാ മുറി. വാതിൽ തുറന്നകത്തേക്ക് കയറി. മുറി ഒരുപാട് മാറിയിരിക്കുന്നു. വുഡൻ ടൈലുകൾ പാകിയ തണുപ്പുള്ള നിലം. തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാറ്റ് മനസ്സിനും ശരീരത്തിനും കുളിരേകി. ജനലിനടുത്തുള്ള ഭിത്തിയിൽ മൂകാംബിക ദേവിയുടെ വലിയ ഫോട്ടോ. താഴെയുള്ള വാൾ മേശയിൽ വാട്ടർബോട്ടിലുകളും കെറ്റിലും ട്രേയിൽ ചായക്കും കാപ്പിക്കും ആവശ്യമായ സാധനങ്ങളും. വെള്ളവിരിപ്പ് വിരിച്ച ബെഡ് എതിരെ. നല്ല വൃത്തിയുള്ള മുറി. റൂമിൽ നിറഞ്ഞു നിന്ന ചന്ദനത്തിന്റെ ഗന്ധം മനസ്സിനെ ഒന്നുകൂടെ ശാന്തമാക്കി. യാത്രാക്ഷീണം നല്ലത് പോലുണ്ട്. പ്രായം ശരീരത്തെ കീഴടക്കിയിരിക്കുന്നു. ഒന്ന് നടുനിവർത്താതെ വയ്യ. ബാഗും തുണിസഞ്ചിയും അലമാരയിൽ വച്ച് കുറച്ച് വെള്ളം കുടിച്ചതിനുശേഷം കട്ടിലിൽ നിവർന്നു കിടന്നു. ക്ഷീണം മയക്കത്തിനു വഴിമാറി.

പിൻകഴുത്തിൽ ചുംബനത്തിന്റെ ചൂട്. കുളിച്ച് ഈറനണിഞ്ഞ മുടി ഒതുക്കി നൽകിയ ആ ചുംബനത്തിൽ നിന്നും അടർന്നുമാറാൻ തോന്നാത്ത മനസ്സോടെ ‘വേണ്ട മാഷേ, അമ്പലത്തിലേക്കാണ്..’ എന്ന് ചുണ്ടുകൾ യന്ത്രികമായി ഉരുവിട്ടു. അത് വകവയ്ക്കാതെ ശ്യാംമോഹൻ അവളെ ഇറുകെ പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടി. താൻ ഈ ലോകത്ത് ഏറ്റവും സുരക്ഷിതയാണെന്ന് തോന്നുന്ന, ജീവിതം ഒരിക്കലും അവസാനിക്കരുതേ എന്ന് തോന്നുന്ന നിമിഷം! അരുണയെ നെഞ്ചോടു ചേർത്ത് നിറുകയിൽ ഒരു ചുംബനം കൂടി കൊടുത്ത് ‘വേഗം റെഡിയാവു’ എന്ന് പറഞ്ഞയാൾ പുറത്തേക്ക് നടന്നു. പോവരുതേ എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. തിരിഞ്ഞ് കണ്ണാടിയിൽ നോക്കി പച്ചപട്ടുസാരി നേരെയാക്കുമ്പോൾ കണ്ണുകളിൽ നിർവൃതി നിറഞ്ഞിരുന്നു. പുറകിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് മുടിയിൽ സ്ലൈഡ് കുത്തികൊണ്ട് തന്നെ മറുകയ്യാൽ ഫോൺ എത്തിയെടുക്കാൻ നോക്കി. ഫോൺ കൈവഴുതി താഴേക്കു പതിച്ചു.

ഞെട്ടി എഴുന്നേറ്റപ്പോൾ മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദവും ഹോട്ടൽ റൂമും മാത്രം. സ്വപ്നമായിരുന്നോ? പഴയ ഓർമ്മകൾ മറഞ്ഞു പോവാതെ സ്വപ്നങ്ങളായി ഇനി എത്ര നാൾ. കുളിച്ചു വസ്ത്രം മാറ്റി ധരിച്ചു സമയം കളയാതെ അമ്പലത്തിലേക്കിറങ്ങി. സൗപർണികയിൽ മുങ്ങികുളിച്ചു ശുദ്ധിയായി വേണം വിധിപ്രകാരം മൂകാംബിക ക്ഷേത്രദർശനം എന്നറിയാഞ്ഞിട്ടല്ല. വിറക്കുന്ന ശരീരവും മനസ്സുമായി ഓർമ്മകൾ ഏറെ തന്ന സൗപർണിക കാണാൻ വയ്യ! പെട്ടെന്ന് വാതിൽ പൂട്ടി ലിഫ്റ്റിനരികിലേയ്ക്ക് നടക്കുമ്പോൾ കൈകോർത്തു പിടിച്ചു സ്റ്റെപ്പുകൾ ഇറങ്ങിയ അരുണയും ശ്യാംമോഹനും മനസ്സിന്റെ ഉള്ളറകളെ നീറ്റി. താഴെയെത്തി പുറത്തേക്ക് നടക്കുമ്പോൾ സെക്യൂരിറ്റി ഭവ്യതയോടെ തൊഴുതു. ചിരി വരാത്ത മുഖവുമായി അയാളെ നോക്കി തലയാട്ടി കാവി തലപ്പു മനസ്സിന് കുറുകെ എന്നവണം ഒന്നുകൂടി പുതച്ചു പിടിച്ചു വേഗം നടന്നു. കിഴക്കേനടയുടെ സമീപമെത്തിയപ്പോൾ കാലുകൾ സ്വയം വേഗത കുറച്ചു. തൊട്ട് തൊഴുത് അകത്തേക്ക് കയറിയപ്പോൾ, ജഗദംബയുടെ മടിത്തട്ടിലെത്തിയപ്പോൾ, കരയാൻ വെമ്പി നിന്ന മനസ്സടങ്ങി.

വർഷങ്ങൾ മറവിക്ക് വിട്ടുകൊടുക്കാത്ത മൂകാംബിക ദർശനം. വലമുറി ഗണപതിയെതൊഴുത് ഒരായിരം തിരികളുടെ പ്രഭചൊരിഞ്ഞു നിൽക്കുന്ന ദീപസ്തഭത്തിനടുത്തെ ത്തിയപ്പോൾ, മനസ്സൊരു അമ്മയെ കാണാൻ വെമ്പുന്ന കുട്ടിയായി. ശ്രീകോവിലിൽ സർവ്വാഭരണ വിഭൂഷിതയായ ദേവി. എങ്ങും സൗന്ദര്യലഹരി മുഴങ്ങി കേൾക്കുന്ന ഒരനുഭവം. ആശ്രയമില്ലാതെ ഉഴറിയ മനസ്സ് അമ്മയിൽ അഭയം തേടിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. സ്വാമിനി എന്ന് ചിന്തിച്ചാവാം ആരും ആ നിൽപ്പിനെ ശല്യപ്പെടുത്തിയില്ല. തൊഴുതിറങ്ങി വഴിപാട് കൗണ്ടറിലേക്ക് ചെന്നു. ‘ശ്യാംമോഹൻ!’ വഴിപാടിനായി പേരു പറഞ്ഞപ്പോൾ ഉള്ളു വിങ്ങി. കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി പോയ എല്ലാ ക്ഷേത്രങ്ങളിലും പറഞ്ഞ ഒരേ ഒരു പേര്. പ്രാർത്ഥനകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന മുഖം. എന്നെങ്കിലും അറിഞ്ഞിട്ടുണ്ടാവുമോ, ഇക്കഴിഞ്ഞ വർഷങ്ങളിലേ എന്റെ പ്രാർത്ഥനയിൽ മാഷ് മാത്രമായിരുന്നു എന്ന്. നാളെ കാലത്ത് പൂജ കഴിഞ്ഞു പ്രസാദം കൗണ്ടറിൽ വന്നു വാങ്ങണമെന്ന് പറഞ്ഞ് കൗണ്ടറിലെ സ്വാമി മഞ്ഞരസീത് നീട്ടിയത് ഭദ്രമായി സഞ്ചിയിൽ വച്ചു. വിധി പ്രകാരം പ്രദക്ഷിണം പൂർത്തിയാക്കി അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.

അമ്പലത്തിനു ചുറ്റുമുള്ള തെരുവിൽ ലൈറ്റ് തെളിഞ്ഞിരുന്നു. വഴിയരികിലെ കടകളിൽ സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്കും വിലപേശലിന്റെ ശബ്ദവും. ലൈറ്റിൽ തിളങ്ങുന്ന പലവർണ്ണത്തിലുള്ള കുപ്പിവളകൾ. ഒരാഗ്രഹം പറഞ്ഞപ്പോൾ തന്റെ പച്ചസാരിക്കു ചേരുന്ന പച്ചകുപ്പിവളകൾ വാങ്ങി കൈയിലിട്ട് തന്നു. അരുണയുടെ നെയിൽപോളിഷിട്ടു സുന്ദരമാക്കിയ നഖങ്ങളും നിറയെ വളകളിട്ട കൈകളും ശ്യാം മോഹന്റെ ക്യാമറ കണ്ണുകൾക്ക്‌ ഏറെ ഇഷ്ടമായിരുന്നു. നഖങ്ങൾ നിറം മങ്ങി കൈകൾ ചുക്കിച്ചുളിയാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ ഓർമ്മകൾ മാത്രം നിറം മങ്ങാതിരിക്കുന്നു.

ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷമാണു ഒന്നിച്ച് മൂകാംബികയിൽ വരണമെന്ന അരുണയുടെ ആഗ്രഹം ശ്യാംമോഹൻ സാധിച്ചു കൊടുത്തത്. തന്നെ അറിയുന്ന ആരെങ്കിലും അവിടെയുണ്ടാവുമോ എന്നയാൾ ഭയന്നിരുന്നു. ജീവിതം ഡൽഹിയിലാണെങ്കിൽ കൂടി പ്രമുഖ പത്രത്തിലെ ജേർണലിസ്റ്റ് എന്ന രീതിയിൽ അയാൾ ഇന്ത്യ മൊത്തം പരിചിതനായിരുന്നു. ഒരിക്കലും താൻ കാരണം അയാളുടെ കുടുംബത്തിനും മാന്യതക്കും കളങ്കം വരരുതെന്ന് അരുണയും ആഗ്രഹിച്ചിരുന്നു. അരുണയുടെ സ്നേഹത്തിനു മുന്നിൽ കണ്ണടക്കാൻ കഴിയാത്ത ഒരു നിമിഷത്തിലായിരുന്നു അയാൾ ആ യാത്ര പ്ലാൻ ചെയ്തത്. അവർക്കെന്നും എന്നും ഓർക്കാൻ കുറച്ചു ദിവസങ്ങൾ സമ്മാനിച്ച യാത്ര. അവർക്കു മാത്രം അറിയാവുന്ന ആ ബന്ധത്തിലെ ശരി, പുറത്ത് നിന്ന് നോക്കുന്ന ഏതൊരാൾക്കും ഒരു തെറ്റാണ്. തെറ്റുകളും ശരികളും വരച്ചിട്ട കളങ്ങളിലൂടെ ചാടി ച്ചാടി തളർന്നു പോവുന്ന മനുഷ്യർ. മനസ്സിൽ ഒരായിരം ചിന്തകൾ നിറച്ച് തിരികെ റൂമിലെത്തി. വഴിപാട് രസീത് സൂക്ഷിച്ചുവച്ച്, വെള്ളം ഏറെ കുടിച്ച് ചിന്തകൾ ചൂടുപിടിച്ച മനസ്സിനെ തണുപ്പിക്കാൻ വിഫല ശ്രമം നടത്തി.

കർട്ടൻ മാറ്റി ജനലരികിലെ കസേരയിൽ ഇരുന്നു. പുറത്ത് പൗർണമി നിലാവിൽ കുളിച്ചു നിൽക്കുന്ന ഗസ്റ്റ്ഹൗസിന്റെ ഗാർഡൻ. കണ്ണുകൾ ഗാർഡനിലെ വഴിവിളക്കിന്റെ അടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതിയിൽ തങ്ങി നിന്നു. അവളുടുത്തിരിക്കുന്നതും പച്ചപട്ടുസാരിയാണ്. നീണ്ടമുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്, കൈനിറയെ വളകൾ. ഭർത്താവ് പറയുന്ന രീതിയിൽ അവൾ ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്നു. അവളിൽ തന്നെ കണ്ടുതുടങ്ങിയ നിമിഷത്തിൽ പതിയെ എഴുന്നേറ്റ് അലമാരയിൽ വച്ചിരിക്കുന്ന ചെറിയ ബാഗിൽ ഏറ്റവും അടിയിൽ വച്ചിരിക്കുന്ന പൊതി എടുത്തു. വീണ്ടും കസേരയിൽ വന്നിരുന്നപ്പോഴേക്കും ഗാർഡനിൽ നിന്നും ആ യുവതി പോയിരുന്നു. വർഷങ്ങൾക്കു ശേഷം പൂർണ്ണചന്ദ്രനെ സാക്ഷി നിർത്തി പതിയെ ആ പൊതി അഴിച്ചു, നിലാവിൽ ചുവന്നപട്ടിന്റെ തിളക്കം കണ്ണിൽ നിറഞ്ഞു. ആ സാരി നെഞ്ചോടു ചേർത്ത് കണ്ണുകളടച്ചു. മനസ്സിൽ അടിഗ ഗസ്റ്റ്‌ ഹൗസിലെ അതേ റൂമിലെ വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി തെളിഞ്ഞു വന്നു.

അന്നും പൗർണമി ആയിരുന്നു. ജനരികിലെ കസേരയിൽ അമ്പലത്തിൽ പോയി വന്ന അതേ വേഷത്തിൽ പരസ്പരം മുഖം നോക്കി സംസാരിക്കുന്നതിനിടയിലാണ് ശ്യാംമോഹൻ എഴുന്നേറ്റ് ബാഗിനടുത്തേക്ക് പോയത്. ‘എന്ത് പറ്റി മാഷേ’ എന്ന ചോദ്യത്തിന് മറുപടി ഇല്ലാഞ്ഞത്‌ കൊണ്ട് മുന്നിലിരുന്ന കോഫി ആസ്വദിച്ചു തുടങ്ങി. കോഫി കപ്പ്‌ ടീപോയിൽ വച്ച് ഉയർന്ന നിമിഷം കഴുത്തിൽ ഒരു സ്വർണ്ണമാല വീണു. തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിലായി മാഷ് മാലയുടെ കൊളുത്തടുപ്പിക്കുകയാണെന്നു. കൊളുത്തടുപ്പിച്ച മാല അയാൾ തന്നെ തിരിച്ചു സാരിക്കുമുകളിലായിട്ടു. മാലയിലെ ലോക്കറ്റ് കണ്ട അരുണ ആദ്യം ഞെട്ടി, കൃഷ്ണന്റെ രൂപം കൊത്തിവച്ച താലി. ഞെട്ടൽ മാറും മുന്നേ അവളുടെ കൈ പിടിച്ചു ചുവന്ന നെയിൽ പോളിഷ് ഇട്ട് ഭംഗിയാക്കിയ മോതിരവിരലിൽ ഒരു ഡയമണ്ട് മോതിരം കൂടെ അണിയിച്ചു. അത്ഭുതത്താലും സന്തോഷത്തിലും വിടർന്ന കണ്ണുകളിൽ നോക്കിക്കൊണ്ട് തന്നെ അവളുടെ കാലുകൾ ടീപോയിൽ എടുത്തു വച്ച് അതിൽ മിഞ്ചി അണിയിച്ചു. എന്നിട്ട് രണ്ട് കൈകളും വിരിച്ചു പിടിച്ച് ഒരാലിംഗനത്തിനായി അവളെ ക്ഷണിച്ചു. അവൾ ആ കൈകളിലേക്ക് ഓടി അണഞ്ഞു. “പൂർണചന്ദ്രനാണ് നമ്മുടെ വിവാഹത്തിന്റെ സാക്ഷി..” മറുപടി ഒന്നും പറയാതെ അവൾ അയാളെ ചുംബനങ്ങൾകൊണ്ട് മൂടി. എന്തിനായിരുന്നു മാഷേ? ഇതൊന്നും ഞാൻ ഈ ജന്മം ആഗ്രഹിച്ചിരുന്നില്ല. തീർന്നില്ല ചടങ്ങുകൾ ഇനിയും ബാക്കിയുണ്ട്. ബാഗിൽ നിന്നും അയാൾ ഒരു ചുവപ്പ് പട്ടുസാരി എടുത്തു അവളുടെ കൈകളിലേക്ക് വച്ച് കൊടുത്തു. “അനങ്ങരുത്, ഒന്ന് കൂടെ ബാക്കി ഉണ്ട്.” അമ്പലത്തിൽ നിന്നും കിട്ടിയ ഒരു നുള്ള് കുങ്കുമം നിറുകയിൽ ചാർത്തി മൂർദ്ധാവിൽ ചുംബിച്ചു. “ഇനി നീ എനിക്ക് സ്വന്തം” അവളുടെ കാതിൽ ചുണ്ട് ചേർത്ത് വച്ചതയാൾ പറഞ്ഞപ്പോൾ അരുണക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുനീർ അയാളുടെ നെഞ്ചിൽ തണുപ്പേകി. കരച്ചിലൊന്നടങ്ങിയപ്പോൾ അവളെ ജനരികിൽ നിർത്തി ക്യാമറ എടുക്കാനായി ബാഗിനടുത്തേക്ക് പോയി. ആ നിൽപ്പിൽ ആരുണയുടെ കണ്ണിൽ കരച്ചിൽ മാറി സന്തോഷം നിറഞ്ഞിരുന്നു. ക്യാമറ എടുത്തതിനൊപ്പം ക്ഷേത്രത്തിൽ നിന്നും വരുമ്പോൾ വാങ്ങിയ മുല്ലപ്പൂ കൂടെ എടുത്തു. അവളുടെ മുടിയിൽ മുല്ലപ്പൂ ചൂടി കൊടുത്ത് നിലാവ് മുഖത്ത് വീഴുന്ന വണ്ണം തിരിച്ചു നിർത്തി. ക്യാമറ കണ്ണുകൾ അവളുടെ ആ നിൽപ്പ് ഒരിക്കലും മായാത്തപോലെ ഒപ്പി എടുത്തു. “മാഷേ എനിക്ക് ഈ ഫോട്ടോ തരണം” “ഇല്ല അരുണാ,ഇതെനിക്ക് മാത്രം സ്വന്തം.” അവളുടെ വാടിയ മുഖം കണ്ട് കവിളിലൊന്ന് തലോടി ചിരിച്ചു കൊണ്ട് ക്യാമറ ബാഗിൽ വയ്ക്കാൻ നടന്നു. ക്യാമറ തിരിച്ചു വച്ച് അയാൾ വന്നപ്പോഴേക്കും അരുണ ബാത്‌റൂമിൽ ആയിരുന്നു. മനസ്സിൽ നിറയെ സംതൃപ്തിയുള്ള ഒരാളായി കസേരയിൽ ഇരുന്ന് നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി ആസ്വദിച്ചു. ‘മാഷേ…..’ വിളികേട്ട് തിരിഞ്ഞു നോക്കുമ്പോൾ അരുണ താൻ കൊടുത്ത പുടവ അണിഞ്ഞ് നിൽക്കുന്നു. മൂകാംബിക ദേവി തന്റെ സൗന്ദര്യം അവൾക്കറിഞ്ഞു നൽകിയ പോലെ. അയാൾ അവളെ കോരി എടുത്തു. കഴുത്തിൽ ചുറ്റിപിടിച്ച് അവൾ കാതിൽ മന്ത്രിച്ചു. “എനിക്ക് മാഷിന് തിരിച്ചു തരാൻ എന്റെ സ്നേഹം മാത്രമേയുള്ളൂ”. മറുപടി ഒന്നും പറയാതെ അയാൾ അവളെ നെഞ്ചോട് ചേർത്ത് അവളുടെ ചുവന്ന കല്ലുള്ള മൂക്കുത്തിയിൽ ചുംബിച്ചു. ആ രാത്രി പൂർണ്ണചന്ദ്രനെ സാക്ഷി നിർത്തി അയാൾ അവളുടെ സ്നേഹം സ്വന്തമാക്കി. അവരുടെ പ്രണയത്തിന് നിലാവ് കൂടെ നിന്ന് ഭംഗിയേകി.
എവിടെ നിന്നോ ഒഴുകിവന്ന മൂകാംബിക ദേവിയുടെ ഭക്തിഗാനം കേട്ടാണ് കണ്ണുതുറന്നത്. കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയിരിക്കുന്നു. നെഞ്ചോടു ചേർത്ത് പിടിച്ച സാരി വീണ്ടും പൊതിഞ്ഞു ബാഗിൽ വച്ചു. കസേരയിൽ ഇരുന്നുറങ്ങിയത് കൊണ്ടാവാം മേലാകെ വേദനിക്കുന്നത്. സമയം അഞ്ചുമണിയാവുന്നു, ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചിട്ട് അമ്പലത്തിലേക്കിറണം.
ക്ഷേത്രം ഉള്ളത് കൊണ്ടാവാം തെരുവുകൾ പുലർച്ചെ തന്നെ ഉണർന്നിരിക്കുന്നു. എതിരെ പൂവുമായി വന്ന ഒരു സ്ത്രീ ഒരു കെട്ട് മുല്ലപ്പൂ നീട്ടി. കാവി വസ്ത്രം ഉള്ളത് കൊണ്ട് ഇന്നുവരെ ആരും തന്റെ നേരെ മുല്ലപ്പൂ നീട്ടിയിട്ടില്ല. അവളുടെ കുട്ടനിറയെ താമരയും, കനകാംബരവും, തുളസിയും റോസും ഒക്കെ ഉണ്ട്. പക്ഷെ അവൾ നീട്ടിയത് മുല്ലപ്പൂവാണ്. ഒന്നും കൂടുതൽ ചിന്തിക്കാതെ അത് വാങ്ങാൻ മനസ്സ് പറഞ്ഞു. പേഴ്‌സിൽ നിന്നും അൻപത് രൂപ എടുത്ത് നീട്ടി. ആദ്യത്തെ കച്ചവടം ആയത് കൊണ്ടാവാം അവൾ നോട്ട് കണ്ണിൽ വച്ച് തൊഴുതു ചിരിച്ചു കൊണ്ട് യാത്രയായി. ഒരു മനുഷ്യനിലെങ്കിലും ചിരി പടർത്താൻ സാധിച്ചു എന്ന ചിന്തയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. നല്ല തിരക്കുണ്ടായിരുന്നു, അതിൽ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ദേവിയെ തൊഴുത് ശങ്കരപീഠത്തിനടുത്തെത്തി നിലത്തിരുന്ന് ധ്യാനത്തിൽ മുഴുകി. എത്ര നേരം ഇരുന്നെന്ന് അറിയില്ല. ധ്യാനം അതൊന്ന് മാത്രമാണ് ആനന്ദം. കണ്ണുകൾ തുറന്ന് ഗുരുവിനെ വന്ദിച്ച് തലേന്ന് കഴിച്ച വഴിപാടിന്റെ രസീത് ബാഗിൽ നിന്നും തപ്പിയെടുത്ത് കൗണ്ടറിലേക്ക് നടന്നു.

പ്രസാദം വാങ്ങി തുറന്നപ്പോൾ ഒരിലനിറയെ കുങ്കുമം. ഒരുകയ്യിൽ മുല്ലപ്പൂവും മറുകയ്യിൽ കുങ്കുമവും. വീണ്ടും ഓർമ്മകൾക്ക് ആക്കം കൂട്ടി പരീക്ഷിക്കുകയാണോ! വലം വച്ച് സരസ്വതി മണ്ഡപത്തിനടുത്തെത്തിയപ്പോൾ ‘അമ്മേ’ എന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ വിവേകാണ്. കൂടെ നർത്തകീ ലക്ഷണമുള്ള സുന്ദരിയായ യുവതി.
“അമ്മേ.. ഇതെന്റെ ഭാര്യ ഇന്ദുമോഹൻ, നർത്തകിയാണ്.”
ട്രെയിനിൽ വച്ച് ഭാര്യ ഭാരതനാട്യത്തിൽ ഡോക്ടറേറ്റ് എടുത്ത ആളാണ് എന്ന് പറഞ്ഞിരുന്നത് മറന്നുപോയി.

“മോളെ എഴുത്തിനിരുത്തി ഇറങ്ങിയതേ ഉള്ളൂ ഞങ്ങൾ. അമ്മ മോളെ അനുഗ്രഹിക്കണം.”

“അവൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. ദാ ഞാൻ ഇപ്പോൾ കൊണ്ട് വരാം.” അവന്റെ പറച്ചിലിലെ സ്നേഹം കണ്ട് കാലുകൾ അവിടെ ഉറച്ചു പോയി.

“പോയി വരൂ, ഞാൻ കാത്തുനിൽക്കാം.”
രണ്ട് നിമിഷത്തിൽ വിവേക് ഒരു കുഞ്ഞുസുന്ദരിയുമായി തിരിച്ചെത്തി. ഇന്ദു കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേർത്ത് കുനിഞ്ഞു കാലിൽ തൊട്ടു. ഒട്ടും പ്രതീക്ഷിക്കാതെ അവളത് ചെയ്തപ്പോൾ ഒന്നമ്പരന്ന് അവളുടെ തലയിൽ തൊട്ട് ‘നന്മവരുത്തണേ ദേവീ..’ എന്നനുഗ്രഹിച്ചു. ഇന്ദു മകളെ നിലത്ത് നിർത്തി അവളുടെ കുഞ്ഞിക്കൈകൾ കൊണ്ട് കാലിൽ തൊടുവിച്ചപ്പോൾ അവളെ കോരിയെടുത്ത് ഉമ്മവച്ചു. ഇന്ദുവിന്റെ കയ്യിൽ മകളെ തിരിച്ചു കൊടുത്ത് തോൾസഞ്ചിയിൽ നിന്ന് രാവിലെ വാങ്ങിയ മുല്ലപ്പൂ എടുത്ത് ഇന്ദുവിന് നൽകി. അവൾ സന്തോഷത്തോടെ അത് വിവേകിനു നേരെ നീട്ടി മുടിയിൽ വച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു. അവരിൽ കാണാനായത് അരുണയെയും ശ്യാം മോഹനെയും തന്നെയാണ്. പെട്ടെന്നെന്തോ ഒരുൾവിളി പോലെ പ്രസാദത്തിന്റെ കൂടെ കിട്ടിയ കുങ്കുമം എടുത്ത് ഇന്ദുവിന്റെ നെറ്റിയിൽ അണിയിച്ച് ദീർഘസുമംഗലീ ഭവ എന്നനുഗ്രഹിച്ചു. വിവേകിന്റെയും മോളുടെയും കൂടെ നെറ്റിയിൽ തൊട്ട് സിന്ദൂരം സഞ്ചിയിൽ വച്ച് അവരോട് യാത്ര പറയാൻ തുടങ്ങി. അപ്പോഴാണ് തങ്ങളുടെ നേരെ നടന്നു വരുന്ന വൃദ്ധരായ രണ്ടാളുകളെ കണ്ടത്.

“അമ്മേ, ആ വരുന്നതാണ് ഇന്ദുവിന്റെ അച്ഛനും അമ്മയും.”

ആദ്യം ശ്രദ്ധിച്ചത് നടക്കാൻ ബുദ്ധിമുട്ടുള്ള സ്ത്രീയെയാണ്. കൂടെയുള്ള ആൾ അവരുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു. ആ കൈകൾ എവിടെയോ കണ്ടത് പോലെ, പെട്ടെന്നാണ് തന്നെ മാത്രം ശ്രദ്ധിച്ച് അടുത്തേക്ക് വരുന്ന ആ മനുഷ്യനെ നോക്കിയത്. ‘മാഷ്!’ ആ വിളി തൊണ്ടയിൽ കുരുങ്ങി നിന്നു. ആ കണ്ണുകളിൽ കണ്ടത് പിടയുന്ന മനസ്സാണ്. മുഖത്തു വിരിഞ്ഞ ചിരിയിൽ കണ്ടത് വീണ്ടുമൊരിക്കൽ കൂടി കാണാൻ കഴിഞ്ഞതിന്റെ ആശ്വാസവും. അപ്പോൾ ഞാനീ കണ്ടത് എന്നും കാണാൻ ആഗ്രഹിച്ച മാഷിന്റെ മകളെയാണ്. മകളെ മാത്രമല്ല പേരക്കുട്ടിയെയും കുടുംബത്തെയും മുന്നിൽ എത്തിച്ചിരിക്കുന്നു ദേവി. രാവിലെ മുതൽ സംഭവിച്ചതിനെല്ലാം അർത്ഥമുണ്ടായിരിക്കുന്നു. കണ്ണുകൾ നിറഞ്ഞു തുടങ്ങുന്നു. ഇനി വയ്യ ഇവരുടെ മുന്നിൽ നിൽക്കാൻ.. തോൾസഞ്ചിയിൽ നിന്നും ഒരു ഡപ്പി എടുത്ത് ഇന്ദുവിന് നേരെ നീട്ടി.
“ഒരു മൂക്കൂത്തി ആണ്, ഇനി ഇത് മോൾക്കിരിക്കട്ടെ..”
മാഷ് ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ മൂക്കൂത്തി ഇന്ദുവിന് കൊടുത്ത ആശ്വാസത്തിൽ ഇന്ദുവിനോടും വിവേകിനോടും യാത്രചോദിച്ചു മുന്നോട്ട് നടന്നു. തന്നെ പിന്തുടരുന്ന ആ കണ്ണുകളിലേക്ക് നോക്കാൻ ശക്തിയില്ലാതെ മനസ്സ് പിടയുന്നുണ്ടായിരുന്നു. കണ്ണുനീർ തുള്ളികൾ ഇറ്റ് വീണു ഒപ്പം പ്രദക്ഷിണം നടത്തി. ഒരിക്കൽ കൂടി കാണണം എന്ന് ആഗ്രഹിച്ചിരുന്നു, വർഷങ്ങൾക്കു ശേഷം മൂകാംബികയിൽ വച്ച് വീണ്ടും ഇങ്ങനെ ഒരു കണ്ടുമുട്ടൽ ദേവി കരുതിവച്ചതാണ്.
സൗപർണികയുടെ തീരത്തേക്ക് നടക്കുമ്പോൾ മനസ്സ് കലങ്ങി മറിയുകയാരുന്നു. എന്തിനാണ് ഒരു ദിവസം കാവി ഉടുത്ത് യാത്ര പറയാതെ താൻ ഇറങ്ങിയത്. മാഷിന്റെ ജോലി തിരക്കുകൾ കൂടിയപ്പോൾ, ഫാമിലിയിലെ ഉത്തരവാദിത്തങ്ങൾ ഏറിയപ്പോൾ തിരക്കുകൾക്കിടയിൽ താൻ ഒരു ഭാരമാവുന്നത് പോലെ തോന്നി. ഒറ്റപ്പെടൽ ഏറിയപ്പോൾ ഇറങ്ങിയതാണ്. താൻ ഒരു ഭാരമാവാതിരിക്കാൻ. യാത്രപറയാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരിക്കലും അനുവദിക്കില്ല എന്നറിയാമായിരുന്നു. സ്നേഹം ഇല്ലാതിരുന്നിട്ടല്ല അങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നായാലും വേണ്ടി വരുന്ന ഒന്ന് കുറച്ചു നേരത്തെയാക്കി. കൂടെ ഉണ്ടായിരുന്ന 5 വർഷത്തേക്കാളേറെ, കൂടെ ഇല്ലാതിരുന്ന 15 വർഷമാണ് താൻ അദ്ദേഹത്തെ ഏറെ സ്നേഹിച്ചത്, അതൊരു പ്രാർത്ഥനയായിരുന്നു. സൗപർണികയുടെ കല്പടവുകളിൽ കാലെടുത്തു വച്ചപ്പോൾ ചിന്തകൾ ശമിച്ചു. ശാന്തമായി തെളിഞ്ഞൊഴുകുന്ന സൗപർണിക, പാപനാശിനി. ഹനുമാൻ മൃതസഞ്ജീവനിയുമായി പോകുമ്പോൾ ഒരു ഭാഗം വീണതിൽ നിന്നും ഉണ്ടായതിനാൽ സൗപർണികയിലെ സ്നാനം എല്ലാ പാപരിഹാരവും നൽകും എന്ന് വിശ്വാസം. വിശ്വാസങ്ങൾ എന്ത് തന്നെയായാലും പാപരിഹാരത്തിനായി ഒരു സ്നാനം, മാഷിന് താൻ ഒരു വേദന ആയിട്ടുണ്ടെങ്കിൽ. ആ കണ്ണുകൾ തന്നോട് പറഞ്ഞതെന്താണ്? ഒന്ന് കൂടെ തിരിഞ്ഞു നോക്കാമായിരുന്നു, കണ്ണുകൾ കൊണ്ടൊരു യാത്ര ചോദിക്കലിനായി. ചെയ്തില്ല. പടിയിറങ്ങി സൗപർണികയിൽ കാലെടുത്തു വച്ചപ്പോൾ മനസ്സ് വിങ്ങി. കണ്ണുകൾ അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകി. വേദനയിൽ കണ്ണുകൾ ഇറുക്കി അടച്ചു പരിസരം മറന്നുനിൽകുമ്പോൾ രണ്ട് കൈകൾ ചേർത്ത് പിടിച്ചു. തന്നെ ചേർത്ത് പിടിച്ച കൈകൾ ഏതെന്ന സംശയം ഇല്ലാതെ കണ്ണുതുറക്കാതെ തന്നെ ആ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ അയാളുടെ ഹൃദയത്തിൽ ഒരു പുഴതീർത്തപ്പോൾ, അയാളുടെ കണ്ണുനീർ അവളുടെ സിന്ദൂരരേഖയിലൂടെ മറ്റൊരു പുഴയായി.

വർഷങ്ങൾ ഒതുക്കി വച്ചിരുന്ന മനസ്സിന്റെ ഭാരം ആ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങി സൗപർണികയിൽ അലിഞ്ഞു ചേർന്നു. അവൾ കണ്ണുകൾ ഉയർത്തി അയാളെ നോക്കി. വാക്കുകൾ ഇല്ലാതെ അവരുടെ കണ്ണുകൾ സംസാരിച്ചു. നെഞ്ചിൽ നിന്നകന്ന് മാറി അവൾ തുണിസഞ്ചിയിലെ പ്രസാദപൊതി എടുത്ത് ചന്ദനവും കുങ്കുമവും അയാളുടെ നെറ്റിയിൽ ചാർത്തി. ബാക്കി അയാളുടെ കൈകളിൽ കൊടുത്തു. അയാൾ ഒരിക്കൽ കൂടി അവളെ നെഞ്ചോടു ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു. ആ നെഞ്ചുപിടയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. തിരികെ അവൾ കവിളിൽ ചുംബിക്കുമ്പോൾ ഇനി ഈ ജന്മം അങ്ങനെ ഒന്നുണ്ടാവില്ലെന്ന് അയാൾക്കും അറിയാമായിരുന്നു. ദേവിയുടെ അനുഗ്രഹമെന്നവണ്ണം സൗപർണികയുടെ കരയിൽ നിന്ന പേരാലിന്റെ ഇലകൾ അവരുടെ ദേഹത്ത് പതിച്ചു. അവൾ അടർന്നു മാറി അയാൾക്ക്‌ യാത്രാമൊഴി ചൊല്ലി. അവൾക്കറിയാമായിരുന്നു തന്നെ തേടി വരാൻ അയാൾക്കുണ്ടായ ബുദ്ധിമുട്ടും, അധികനേരം അയാൾക്കവിടെ നിൽക്കാൻ പറ്റില്ല എന്നും. കണ്ണുകൾ കൊണ്ട് വിട പറഞ്ഞു അയാൾ തിരികെ നടന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ച് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് നെഞ്ചോട് ചേർത്തു. അതിൽ അവളുടെ ഫോട്ടോയുണ്ട്, നിലാവിൽ താൻ എടുത്ത സുമംഗലിയായ അരുണ. ആരുമറിയാതെ അയാൾ സൂക്ഷിച്ചത്. നടന്നു പോകുന്ന അയാളെ നോക്കി എന്നും നന്മ മാത്രം വരുത്തണേ എന്ന് പ്രാർത്ഥിച്ചു. പിന്നെ തോൾസഞ്ചി കരയിൽ വച്ച് സൗപർണികയിലേക്കിറങ്ങി. അവൾ മുങ്ങി നിവർന്നു, ഒട്ടും ഹൃദയഭാരങ്ങളില്ലാതെ. സൗപർണിക അപ്പോഴും ശാന്തയായി തെളിഞ്ഞൊഴുകി..

രമ്യ ഗോവിന്ദ്

error: Content is protected !!