ഞാൻ കണ്ട ഋതു – ശുഭോ മഹുരത്

ശുഭോ മഹുരത്

ഋതുപർണോ ഘോഷ് അധികം കൈകാര്യം ചെയ്യാത്ത ജോണർ ഏതെന്നു ചോദിച്ചാൽ മിസ്റ്ററി ത്രില്ലർ എന്ന് പറയേണ്ടിവരും. സാധാരണ മനുഷ്യന്റെ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേയ്ക്കും അതിലും സങ്കീർണ്ണമായ അവന്റെ മാനസികവ്യാപാരങ്ങളിലേയ്ക്കും ഉറ്റുനോക്കുന്നവയായിരുന്നു ഒട്ടുമിക്ക ഋതു സിനിമകളും! ഒന്നോർത്താൽ അതിലൊട്ടും അതിശയോക്തിക്കും വകയില്ല. ആകെ കൺഫ്യൂസ്ഡ് ആയൊരു വ്യക്തിത്വത്തിനുടമയല്ലേ ഋതുപർണോഘോഷ് എന്ന സിനിമാക്കാരൻ തന്നെ! ആ തോന്നൽ ശരിയായിരിക്കാം, അല്ലാതെയുമിരിക്കാം; ചിത്രാംഗദയും മെമ്മറീസ് ഇൻ മാർച്ചും പോലുള്ള സിനിമകളുടെ പെർഫെക്ഷൻ ആ തോന്നൽ ഉറപ്പിക്കുന്നു.

തന്റെ സ്ഥിരം തട്ടകം വിട്ട് ത്രില്ലറിലേയ്ക്കു വരുമ്പോഴും പക്ഷേ, സ്വതസിദ്ധമായ ആ പെർഫെക്ഷൻ കൊണ്ടുവരാൻ ഘോഷിനു കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രത്തിനേയും വ്യത്യസ്തവും മികച്ചതുമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രേക്ഷകലോകത്തിന് അംഗീകരിക്കാതെ വയ്യായിരുന്നു.

‘ശുഭോ മഹുരത്’ എന്നാൽ ശുഭകരമായ തുടക്കം എന്നാണ്. സിനിമാഷൂട്ടിന്റെ ആദ്യ ഷോട്ട് വലിയൊരാഘോഷമാക്കുന്ന വേളയിൽ നടക്കുന്ന ഒരു കൊലപാതകവും അതിലേയ്ക്ക് വഴിവയ്ക്കുന്നു സംഭവങ്ങളും കുറ്റാന്വേഷണവും ഒക്കെയാണ് കഥ. അതായത്, സിനിമയ്ക്കുള്ളിലെ സിനിമ! പഴയ നടിയും ഇപ്പോഴത്തെ പ്രൊഡ്യൂസറുമായ പദ്മിനി, തന്റെ രണ്ടാം ഭർത്താവ് സംബിത് റോയിയെ സംവിധായകനാക്കി തുടക്കമിടുന്ന സിനിമയിൽ അഭിനയത്തിൽ നിന്ന് വിരമിച്ച ഒരു നടിയെ പ്രധാനപ്പെട്ട റോളിനായി തെരഞ്ഞെടുക്കുന്നു. കക്കോലി പഴയകാല നായികനടിയായിരുന്നു. വർഷങ്ങൾക്കു മുമ്പുനടന്ന ഒരു ചതിയുടെ പ്രതികാരം ആ ഓപ്പണിങ് ഫങ്ക്ഷനിൽ നിർവ്വഹിക്കപ്പെടുകയും കക്കോലി വിഷം ഉള്ളിൽ ചെന്നു മരിക്കുകയും ചെയ്യുന്നു. പദ്മിനിയുടെ അനുയായി ഡ്രിങ്ക്സിൽ വിഷം ചേർക്കുന്നതുകണ്ട മേക്കപ്പ് ആർട്ടിസ്‌റ് കല്പനയും വൈകാതെ കൊല്ലപ്പെടുന്നു. മരണങ്ങൾ കൊലപാതകമാണെന്ന് ഓട്ടോപ്സി റിപ്പോർട്ട് വന്നതുമുതൽ തുമ്പൊന്നും കിട്ടാതെ വട്ടം കറങ്ങിയിരുന്ന പോലീസിനെ സഹായിക്കാൻ, ഒരു ഇന്റർവ്യൂ എടുക്കാനായി അവരുടെ മരണസമയത്ത് കക്കോലിയ്‌ക്കൊപ്പം ഉണ്ടായിരുന്ന ജേർണലിസ്റ് മല്ലിക സെന്നിന് കഴിയുമെന്ന് വിശ്വസിക്കുന്ന പോലീസ് അവരോടൊപ്പം കൂടുന്നു. പോലീസിനെക്കാളും വിദഗ്ദമായി കൊലപാതക കാരണം കണ്ടെത്താൻ മല്ലികയുടെ ബന്ധുവായ രംഗാ പിഷിമ (രാഖീ ഗുൽസാർ) യ്ക്ക് കഴിയുന്നു. ഒരുകാലത്തെ തന്റെ ഇഷ്ടഅഭിനേത്രിയായിരുന്ന പദ്മിനിയെ രക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പദ്മിനിയുടെ ആത്മഹത്യയോടെ അവസാനിക്കുന്ന ക്രൈംസീനും സിനിമയും മികച്ചൊരു മിസ്റ്ററി ത്രില്ലർ കാണികൾക്കു സമ്മാനിച്ചു.

ഋതുപർണോ ഘോഷിന്റെ തിരക്കഥയിലും സംവിധാനത്തിലും 2003-ൽ പുറത്തിറങ്ങിയ ഈ ചിത്രം, അഗതാ ക്രിസ്റ്റിയുടെ ഡിക്റ്റക്റ്റീവ് നോവൽ ‘ദ മിറർ ക്രാക്ക്ഡ് ഫ്രം സൈഡ് റ്റു സൈഡ്’ എന്ന നോവലിനെ ആസ്പദമാക്കി ഉള്ളതാണ്.

ശർമ്മിള ടാഗോർ, രാഖീ ഗുൽസാർ, നന്ദിത ദാസ്, ടോട്ടറോയ് ചൗധരി, അനിന്ദ്യ ചാറ്റർജി, മൗമിതാ ഗുപ്ത, രാജേഷ് ശർമ്മ തുടങ്ങി അന്നത്തെ വമ്പൻ താരനിരതന്നെ അണിനിരന്ന ഈ ചിത്രം ബംഗാളിയിലെ മികച്ച ഫീച്ചർ ഫിലിമിനും മികച്ച സഹനടിയ്ക്കും (രാഖീ ഗുൽസാർ) ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!