ട്രെയിനിലും ബസ്സിലും കാൽനടയുമൊക്കെയായി രാമു ഒരുവിധം നാടിനകലെയായി. അപ്പോഴാണ് അവന് സമാധാനമായത്. ജഗ്ഗയ്യയ്ക്കും കൂട്ടർക്കും ഇനി തന്നെ തൊടാനാവില്ലെന്ന് ഉറപ്പായി. കേരളത്തിന്റെ പച്ചപ്പിൽ, ആളുകളുടെ പെരുമാറ്റത്തിൽ, തന്റെ നാടിന്റേതിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയിലൊക്കെ രാമു സമാധാനം കണ്ടെത്താൻ ശ്രമിച്ചു; കഴിഞ്ഞതൊക്കെ മറക്കാൻ അതവനെ സഹായിക്കുകയും ചെയ്തു!
പല സ്ഥലങ്ങളിൽ തങ്ങി, അപ്പപ്പോൾ കിട്ടുന്ന ജോലികൾ ചെയ്ത് അവൻ തന്റെ ജീവിതയാത്ര തുടർന്നുകൊണ്ടേയിരുന്നു.. ചുമടെടുത്തും വിറകുവെട്ടിക്കൊടുത്തും ഹോട്ടൽ തൊഴിലാളിയായും വേലയെടുത്തുകൊണ്ടിരിക്കുമ്പോൾ രാമുവിന് പുതിയ തിരിച്ചറിവുകൾ ഉണ്ടാവുകയായിരുന്നു, തനിയ്ക്ക് ഇതൊക്കെ ചെയ്യാനും കഴിയുമെന്ന്! പഴയ മന്ദബുദ്ധിയിൽ നിന്ന് ഊർജ്ജസ്വലനായ യുവാവായി അവൻ പരിണമിച്ചു.
സംഭവബഹുലമായ തന്റെ യാത്ര തുടങ്ങിയിട്ട് കൃത്യം ആറുമാസമായതോടെയാണ് അവൻ അങ്ങ് വടക്കേയറ്റത്തുനിന്ന് ഇങ്ങു തെക്ക് തിരുവനന്തപുരം വരെയെത്തിയത്. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേ ശത്തായിരുന്നു അന്നവന് ജോലി. അതു കഴിഞ്ഞപ്പോഴൊരു ചിന്ത, പയ്യെ ഇവിടം വിട്ടാലോ. മനസ്സിനു പിടിക്കാത്ത ഇടവും ജോലിയും. അന്നത്തെ ജോലി കഴിഞ്ഞതും കൂലിയും വാങ്ങി അവനൊരു ബസ്സിൽ കയറിയിരുന്നു. ബസ്സ് പോകുന്നതിന്റെ അവസാനത്തെ സ്റ്റോപ്പെന്നു പറഞ്ഞു ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടർ അവനെ തുറിച്ചുനോക്കി. ടിക്കറ്റിനു പൈസ കൊടുക്കുമ്പോൾ അതിത്തിരി ദൂരെയുള്ള സ്ഥലമാണെന്നവന് മനസ്സിലായി. ഉള്ളിൽ കൊള്ളുന്നതിലും കൂടുതൽ ആളുകളെ കുത്തിനിറച്ചു ഉൾഗ്രാമമായ പാറക്കുന്നിലേയ്ക്ക് പോയ ആ ബസ്സിൽ പ്രത്യേകിച്ചൊരിടത്തും പോകാനില്ലാത്ത അവൻ സുഖമായിരുന്നുറങ്ങി. ഉണർന്നപ്പോൾ ബസ് അവസാന സ്റ്റോപ്പിലെത്തിയിരുന്നു. തിരികെപ്പോകാൻ ധൃതികൂട്ടുന്ന ബസ്സിൽനിന്ന്, ആ സ്ഥലത്തെക്കുറിച്ചൊരു രൂപവുമില്ലാതെ കൂരിരുട്ടിൽ മിന്നുന്ന മിന്നാമിന്നിവെട്ടം മാത്രം നോക്കി അവൻ ഇറങ്ങി നടന്നു.
അങ്ങനെ എത്തപ്പെട്ടതാണ് വയൽക്കരയിലെ ആ അമ്പലത്തിന്റെ ആൽത്തറയിൽ. അന്നവിടെ തങ്ങി. പിറ്റേന്ന് പുലർന്നപ്പോഴാണ് പാടത്തിന്റെ അറ്റത്തായി, അമ്പലത്തിനെതിർവശത്ത് അവനെ കാത്തെന്നപോലെ ഒരു ചായക്കട കണ്ടത്. ആ പരിസരം അവനു വല്ലാതങ്ങിഷ്ടപ്പെട്ടു. കടയിൽക്കയറിക്കിച്ചെന്നപ്പോൾ പ്രഭാകരപ്പണിക്കരെയും! ഇതാണ് രാമു അവിടെ എത്തപ്പെട്ടതിന്റെ കഥ; അല്ലാതെ നാട്ടുകാരുന്നയിച്ച പോലെ ഒരു ‘ദുരൂഹത’യും അവന്റെ ജീവിതത്തിലില്ലായിരുന്നു!
ബിന്ദു ഹരികൃഷ്ണൻ