അന്ന് പ്രഭാകരപ്പണിക്കർക്കു തോന്നിയ ദയവായിരുന്നു രാമുവിന്റെ പുതിയ മേൽവിലാസം. ആദ്യമൊക്കെ അവനു പേടിയായിരുന്നു, നാട്ടിൽനിന്ന് പോലീസോ മറ്റോ അന്വേഷിച്ചുവന്നാൽ..! കാലം കടന്നുപോകവേ അവനതെല്ലാം മറന്നു, ഇപ്പോൾ നാടിനെക്കുറിച്ചുതന്നെ ഓർക്കാറില്ല. അവൻ സന്തോഷവാനായിരുന്നു.
അങ്ങനെ പൊയ്ക്കോണ്ടിരിക്കെയാണ് രത്‌നാകരന്റെ രംഗപ്രവേശം. ചെക്കന്റെ നല്ലതിനാണെങ്കിലോ എന്ന് ചൊല്ലി പണിക്കരും മൗനാനുവാദം കൊടുത്തു; എന്നായാലും അവനുമൊരു കുടുംബമൊക്കെ വേണ്ടതല്ലേ! അങ്ങനെയാണ് രത്‌നാകരന്റെ അനിയത്തി സുധയെ കല്യാണം കഴിച്ച് രാമു അയാളുടെ വീട്ടിൽ താമസമാവുന്നത്. ആ കുടിവയ്‌പ്പ് രാമുവിന് പഥ്യമായിരുന്നില്ല. ഒരു വീടെടുത്തുമാറാമെന്നായിരുന്നു അവന്റെ മനസ്സിലിരിപ്പ്, രത്‌നാകരന് അവനെപ്പോലൊരു പണിക്കരനെ സ്വന്തമായി വേണമെന്നതും! പോകപ്പോകെ രാമുവിന്റെ അനിഷ്ടം മാറിവന്നു, സുധയെ അവന് അത്രയ്ക്കിഷ്ടമായിരുന്നു. രത്‌നാകരനും തന്റെ നിലപാടുകളിൽനിന്ന് ലേശം അയഞ്ഞു എന്ന് അയാളുടെ വീട്ടുകാർക്കും തോന്നിത്തുടങ്ങി.അവരതിന് രാമുവിനോടു നന്ദി പറഞ്ഞു. എല്ലുമുറിയെ പണിയെടുത്തിട്ടാണെങ്കിലും സന്തോഷം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷമുണ്ടായപ്പോൾ സ്വർഗ്ഗത്തിലെത്തിയപോലെയാണ് അവനു തോന്നിയത്.
“നീ നല്ലൊരു കൊച്ചനാ. ആ കടയിലെ വെടലകള് നിന്നെ കൂടെക്കൂട്ടി വഷളാക്കും. അതാ ഞാൻ നിന്നെ ഇങ്ങോട്ടു കൂട്ടിയത്!”
ഇടയ്ക്കു രത്‌നാകരൻ പറയുകയും ചെയ്തു.
അവനിപ്പോൾ കൂട്ടുകാരാരും ഇല്ല, സുധയുടെ വീട്ടുകാരോടൊഴിച്ചു വർത്താനം പറയാൻ പോലും ആരുമില്ല. കടയിലായിരുന്നപ്പോൾ എല്ലാവരും അവനെയും കൂടെക്കൂട്ടിയിരുന്നു. അവരോടൊപ്പം തമാശയും ചിരിയുമായി കഴിഞ്ഞിരുന്ന നാളുകളോർക്കുമ്പോൾ രാമുവിന് വിഷമം തോന്നും. ഒന്നും വേണ്ടിയിരുന്നില്ല എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. പിന്നെ സുധയെ ഓർക്കുമ്പോൾ അവൻ പൊരുത്തപ്പെടും.
രത്‌നാകരന്റെ കൃഷി, രാമുവിന്റെ അദ്ധ്വാനത്തിന്റെ മിടുക്കും കൂടിയായപ്പോൾ ഇരട്ടി വിളവു കൊയ്തു. തെങ്ങും വാഴയും കുരുമുളകും വെറ്റിലക്കൊടിയും കൂടാതെ പാട്ടകൃഷിക്കെടുത്ത വയലും അത്തവണ നല്ല ഫലം കൊടുത്തു. സ്ഥിരം പണിക്കാർക്കൊപ്പം രാമുവും കൈമെയ്യ് മറന്നു വേലയെടുത്തു. രത്‌നാകരൻ ഇപ്പോൾ വിശ്രമജീവിതത്തിലേയ്ക്കായി. മുൻപ് പണിക്കാർക്കൊപ്പം കൃഷിസ്ഥലത്തുനിന്നു മാറാത്ത അയാളിപ്പോൾ ജന്മിയായി ചാരുകസേരയിൽ കിടന്നു. ഭക്ഷണം കഴിക്കാൻപോലും സമയമില്ലാതെ രാമു പണിയെടുത്തു. ക്ഷയിച്ചുവരുന്ന അയാളുടെ ആരോഗ്യം ആ വീട്ടിൽ സുധയെ മാത്രമാണ് അലട്ടിയത് . രത്‌നാകരൻ അതൊന്നും കാര്യമാക്കിയില്ല. ഇതിനിടയിൽ സുധ ഗർഭം ധരിച്ചു. രാമുവിന്റെ സന്തോഷം ഇരട്ടിയായി. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരുദിവസം സുധ ഒരാൺകുട്ടിയ്ക്കു ജന്മം കൊടുത്തു.
ബിന്ദു ഹരികൃഷ്ണൻ