സമയത്ത് തിന്നാതെയും കുടിക്കാതെയും ഇടതടവില്ലാതെ വേലചെയ്തും രാമു നന്നേ ക്ഷീണിച്ചു. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോൾ ഇനിയെങ്കിലും സന്തോഷവും സമാധാനവും അറിഞ്ഞ് ഒരു കുടുംബമൊക്കെയായി ജീവിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അത്ര ആത്മവിശ്വാസത്തോടെയല്ലെങ്കിലും വേണ്ട ഒത്താശകളുമായി സുധയും കൂടെ നിന്നു. ആ ബലത്തിലാണ്, തഞ്ചവും തരവും നോക്കി ഒരുനാൾ രത്‌നാകരനോട് രാമു സുധയുടെ വീതം ചോദിക്കാൻ തയ്യാറായത്. ഒരു പൊട്ടിത്തെറിയായിരുന്നു അതിനുള്ള മറുപടി,
“ഭ! കള്ളക്കഴുവേറി, നീയെന്നോട് വീതം ചോദിക്കാറൊക്കെയായോ? നീയാരെന്നതെങ്കിലും ഓർത്താ അതിനു മുതിരുമോ? കടക്ക് പടിക്കുപുറത്ത്.”
“വീതമൊന്നുംവേണ്ട, ഇച്ചിരി സ്ഥലംതന്നാമതി. ഒരു കുടിലുകെട്ടാനുള്ള സ്ഥലം. ഞാങ്ങളങ്ങോട്ടു മാറിക്കോളാം. ഇവിടുത്തെ ജോലിക്കൊന്നും ഒരു കുറവും വരൂല്ല. ഞാനെല്ലാം ഇപ്പോഴുള്ളപോലെ ചെയ്തോളാം.”
രാമു കെഞ്ചി.
കാര്യബോധമുള്ളവനെപ്പോലെ രാമു സംസാരിച്ചത് രത്‌നാകരനെ തെല്ലു പരിഭ്രാന്തനാക്കാതെയിരുന്നില്ല. വാരിയിൽ തിരുകിയിരുന്ന ചൂരൽ കടന്നെടുത്ത് രത്‌നാകരൻ രാമുവിനെ പൊതിരെത്തല്ലി. ചൂരലൊടിഞ്ഞപ്പോൾ മുറ്റത്തു കീറിയിട്ടിരുന്ന വിറകിൻ കഷ്ണം എടുത്തതായി തല്ല്. അത് രാമുത്തന്നെ കീറിയിട്ട പുളിമുട്ടിയായിരുന്നു! രാമുവിന്റെ പുറംപൊളിഞ്ഞു. ഇതിനിടയിൽ തടസ്സംപിടിക്കാൻ ചെന്ന സുധയ്ക്കും കിട്ടി അടി. രത്‌നാകരന്റെ ഭാര്യയും മക്കളും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. രാമുവിന്റെ നെഞ്ചിലും പുറത്തുമൊക്കെ രക്തം കക്കി. വായിലൂടെയും മൂക്കിലൂടെയും ചോര ഒഴുകി. രത്‌നാകരന് ഭ്രാന്തെടുത്തപോലായിരുന്നു. അയാളുടെ കൈതളർന്നപ്പോൾ അടിനിർത്തി, അർദ്ധപ്രാണനായ രാമുവിനെ ഉപേക്ഷിച്ച് അകത്തേയ്ക്കുകയറിപ്പോയി. മണ്ണിലും രക്തത്തിലും പുരണ്ട് രാമു ആ മുറ്റത്തുകിടന്നു. അലറിക്കരയുന്ന കുഞ്ഞിനേയും മാറത്തടക്കിപ്പിടിച്ച് സുധ അയാളുടെ കാൽക്കലിരുന്നു. അവളപ്പോൾ കരയുന്നുണ്ടായിരുന്നില്ല, കണ്ണീരൊക്കെ വറ്റി ഒരു നിർവ്വികാരതമാത്രമേ സുധയ്ക്കുണ്ടായിരുന്നുള്ളൂ. രത്‌നാകരനെ പേടിച്ചാവും അയാളുടെ ഭാര്യയും മക്കളും രാമു കിടക്കുന്നിടത്തേയ്ക്ക് വന്നതേയില്ല! രാവേറെച്ചെല്ലുവോളം ബോധമറ്റ രാമുവും അവനരികിൽ സുധയും കുഞ്ഞും ആ മുറ്റത്തു തന്നെ ഉണ്ടായിരുന്നു.
നേരം പുലർന്നപ്പോൾ രത്‌നാകരന്റെ പറമ്പതിർത്തിയിൽ നിൽക്കുന്ന മാവിന്റെ കൊമ്പിൽ രാമു തന്റെ ഉടുമുണ്ടിൽ തൂങ്ങിയാടി നിന്നു. അവന്റെ ഭാര്യ സുധ രത്‌നാകരന്റെ വീട്ടിലെ പത്തായപ്പുരയിൽ ബോധമറ്റുകിടക്കുകയായിരുന്നു. അവരുടെ കുഞ്ഞ് രത്‌നാകരന്റെ മകൾ മിനിയുടെ തോളിൽ കരഞ്ഞുമയങ്ങിക്കിടന്നു..
ബിന്ദു ഹരികൃഷ്ണൻ