വേലിയേറ്റ വെള്ളപ്പൊക്കം വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ ഇരുപതിലേറെ പഞ്ചായത്തുകളെ അതിരൂക്ഷമായി ബാധിക്കുന്ന ഒരു പ്രശ്നമായി തുടരുകയാണ്.
പണ്ടൊക്കെ വർഷത്തിൽ ഒരിക്കൽ വൃശ്ചിക വേലിയേറ്റം എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു വേലിയേറ്റ വെള്ളപ്പൊക്കം. എന്നാലിപ്പോൾ വർഷത്തിൽ പന്ത്രണ്ട് മാസവും വീടുകളിൽ വെള്ളം കേറുന്നു. പൊട്ടിയൊലിച്ച ഡ്രെയിനേജിൽ നിന്ന് വരുന്ന നാറുന്ന വെള്ളമാണ്. പല വീടുകളും തകർന്നു വീണുകഴിഞ്ഞു. പലരും വീടുകൾ ഉപേക്ഷിച്ചുപോയിരിക്കുന്നു.
ഇരുപത്തിമൂന്ന് പഞ്ചായത്തുകളിലായി ഇരുപതിനായിരം വീടുകളിൽ ഈ പ്രശ്നമുണ്ട് എന്നാണ് പ്രാഥമികമായ നിഗമനം. എന്നാൽ ഇതെങ്ങനെ കൃത്യമായി കണ്ടെത്തും.
ഈ പ്രശ്നം സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും പഞ്ചായത്തുകളെ ഈ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനും ഉള്ള ചില ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്നുണ്ട്.. ഇതിന്റെ ഫലമായി വേലിയേറ്റ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് പല പഞ്ചായത്തുകളും പ്രമേയം അവതരിപ്പിച്ചിട്ടുമുണ്ട്
എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, ഇക്വിനോക്റ്റ്, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
ഇതിന്റെ ഭാഗമായാണ് 2024 മെയ് 19 നു തിരുവനന്തപുരത്ത് വച്ച് ബിന്ദു സാജൻ സംവിധാനം ചെയ്ത ജലജീവിതം: സ്ത്രീ സാക്ഷ്യങ്ങൾ എന്ന ഡോക്യുമെന്ററിയുടെ സ്‌ക്രീനിങ്ങും കാലാവസ്ഥാമാറ്റവും സ്ത്രീകളും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചത്.

പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ഈ സെമിനാറിൽ പങ്കെടുത്തത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആണ് ഈ സെമിനാർ സംഘടിപ്പിച്ചത്. ടിസ്സിലെ സ്കൂൾ ഓഫ് അർബൻ സ്റ്റഡീസ് പ്രൊഫസ്സർ സെമിനാറിന് നേതൃത്വം നൽകി.
പ്രശ്നത്തിന്റെ സ്വഭാവവും പരിഹാര ശ്രമങ്ങളും വിശദമായി അവതരിപ്പിക്കുവാനുള്ള ശ്രമമാണ് ഡോക്യൂമെന്ററിയിൽ ഉണ്ടായിരുന്നത്.
ഭൂമിശാസ്ത്രപരമായി സവിശേഷമായ ഒരു ചരിത്രമാണ് വൈപ്പിൻ ദ്വീപുകൾക്കുള്ളത്. 1341 ലെ വൻ പ്രളയത്തിലാണ് വൈപ്പിൻ കടലിനുള്ളിൽ ഒരു ദ്വീപായി രൂപപ്പെടുന്നത്. മഹാപ്രളയത്തിൽ എക്കലും ചെളിയും വന്നടിഞ്ഞുണ്ടായ കരയിൽ കായലിൽ നിന്നും മണ്ണ് കുത്തിയെടുത്തു തലമുറകൾ കൊണ്ട് സൃഷ്ടിച്ചതാണ് ഈ ഭൂവിഭാഗം.
എന്നാൽ ഇന്ന് ഇപ്പോൾ കേരളത്തിലെ ഏറ്റവും ജനസാന്ദ്രത ഉള്ള ഒരു പ്രദേശമായി വൈപ്പിൻ മാറിയിരിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ നാലായിരത്തോളം പേർ. കേരളത്തിന്റെ ജന സാന്ദ്രതയുടെ നാലിരട്ടി.
എളംകുന്നപ്പുഴ, ഏഴിക്കര, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, പുത്തൻ വേലിക്കര എന്നീ പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തിലേറെ ആളുകൾ.
കൊച്ചി തുറമുഖത്തുനിന്ന് വെറും അഞ്ചു കിലോമീറ്റർ മാത്രം ദൂരമേ ഇങ്ങോട്ടുള്ളു. ഒരു ഭാഗത്തു കടൽ, മറുഭാഗത്തു കായൽ ഇവയെ ബന്ധിപ്പിക്കുന്ന ധാരാളം ഇടത്തോടുകൾ. ഭൂവിസ്തൃതിയുടെ മൂന്നിൽ ഒരു ഭാഗവും തണ്ണീർത്തടങ്ങളാണ്.
കടലും കായലും വെള്ളപ്പൊക്കവുമൊക്കെ ഇവരുടെ ചരിത്രത്തിന്റെ ഭാഗം തന്നെയായിരുന്നു. എന്നാലിപ്പോൾ കാലാവസ്ഥാ വ്യതിയാനം ഈ ജനതയുടെ അതിജീവന ക്ഷമതയെ തന്നെ ദുർബലമാക്കിയിരിക്കുന്നു.
എത്ര വീടുകളിൽ, എപ്പോഴൊക്കെ, ഏതൊക്കെ സമയം വെള്ളം കയറുന്നു എന്നതിന്റെ കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. ജനകീയ പങ്കാളിത്തത്തോടെ ഈ കണക്കുകൾക്ക് വ്യക്തത വരുത്താനുള്ള ശ്രമമാണ് ഇക്വിനോക്റ്റിലെ ശാസ്ത്രജ്ഞരായ ഡോ സി ജയരാമൻ, ഡോ ജി മധുസൂദനൻ, ഡോ കെ ജി ശ്രീജ എന്നിവർ നടത്തിയത്. ഇതിന് സഹായകരമാം വിധം പ്രത്യേകമായി തയ്യാറാക്കിയ ഒരു വേലിയേറ്റ വെള്ളപ്പൊക്ക കലണ്ടർ ഉണ്ടാക്കി. ഈ പ്രദേശത്തെ ഇരുപത്തിമൂന്നോളം പഞ്ചായത്തുകളിൽ പതിനായിരത്തോളം വീടുകളിൽ ഇവർ ഈ കലണ്ടർ വിതരണം ചെയ്തു.
എന്നൊക്കെ വെള്ളപ്പൊക്കമുണ്ടായി? ഏതു സമയത്താണ് വെള്ളം കയറുന്നത്? എത്ര അടി വെള്ളം കയറി. ഇതൊക്കെ കൃത്യമായി വീടുകളിൽ താമസിക്കുന്നവർ തന്നെ രേഖപ്പെടുത്തണം. ഇത്തരത്തിൽ കിട്ടുന്ന വിവരങ്ങൾ പ്രത്യകം തയ്യാർ ചെയ്ത വെബ്‌സൈറ്റിലേക്ക് ചേർക്കുന്നു. ഇതോടൊപ്പം ചിത്രങ്ങളും വിഡിയോകളും. കഴിഞ്ഞ കുറച്ചുമാസമായി നടക്കുന്ന ഈ വിവര ശേഖരണത്തിന്റെ അപഗ്രഥനം നടന്നുവരികയാണ്, ഡോ ജയരാമൻ പറയുന്നു.
ഇതുകൂടാതെ പല പഞ്ചായത്തുകളിലായി ഇരുപത്തി അഞ്ചോളം റെയിൻ ഗേജുകൾ നൽകിയിരിക്കുന്നു.
കടലിൽ നിന്ന് 10 കിലോമീറ്റർ ഉള്ളിലായി ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും സംഗമ സ്ഥാനത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് പുത്തൻവേലിക്കര. ഇതടക്കം അഞ്ചു പഞ്ചായത്തുകളിലായി ഇരുപത്തിയഞ്ചു റെയിൻ ഗേജുകൾ സ്ഥാപിച്ചിരിക്കുന്നു.
ഇത്തരത്തിൽ ലഭ്യമാകുന്ന കണക്കുകൾ ഉപയോഗിച്ച് വേലിയേറ്റ വെള്ളപ്പൊക്കം ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞാൽ പ്രശ്ന പരിഹാരത്തിലേക്കുള്ള ഒരു ചെറിയ ചുവടാകും എന്നാണ് ഈ ശാസ്ത്രജ്ഞർ കരുതുന്നത്.
ഇതോടൊപ്പം കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് ജനകീയ അതിജീവന ബദൽ എങ്ങനെ സൃഷ്ടിക്കാം എന്നൊരു ആലോചനയും ഉണ്ടായി. ഇതിന് നേതൃത്വം നൽകിയത് മുംബൈ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഹാബിറ്റാറ്റ് സ്റ്റഡീസ് ടെൻ ആയ ഡോ മഞ്ജുള ഭാരതി ആണ്.
പ്രശ്ന പരിഹാരത്തിന് സഹായകരമായ രീതിയിൽ കുടുംബശ്രീ സ്ത്രീകൾക്ക് മൂന്ന് തരത്തിലുള്ള പരിശീലനമാണ് നൽകിയത്.
ഒന്ന് കമ്മ്യൂണിറ്റി മാപ്പിംഗ്. ഇതിലൂടെ പ്രശ്‌നബാധിത മേഖലകൾ മാപ്പ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വാർഷിക പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു
രണ്ടാമതായി കമ്മ്യൂണിറ്റി വീഡിയോ വോളന്റിയേഴ്സിന് മൊബൈൽ വീഡിയോസ് ഉണ്ടാക്കാനുള്ള പരിശീലനം
മൂന്ന് ജനകീയമായി സൃഷ്ടിക്കുന്ന നാടകത്തിന്റെ കമ്മ്യൂണിറ്റി തീയേറ്റർ
കമ്മ്യൂണിറ്റി മാപ്പിങ്ങിന് പരിശീലനം നൽകിയത് ഡോ മഞ്ജുളയും ഈ രംഗത്തെ വിദഗ്ദ്ധനായ ആന്റണി കുന്നത്തുമാണ്. ഒരു പ്രദേശത്തിന്റെ വിഭവങ്ങൾ, അവ വിന്യസിക്കുന്ന രീതി, തോടുകൾ എങ്ങനെ ഒഴുകുന്നു, എവിടെയൊക്കെ വെള്ളം കയറുന്നു എന്നതൊക്കെ അവർ മാപ്പ് ചെയ്തു. ചരിത്രപരമായി ഉണ്ടായ മാറ്റങ്ങളും മാപ്പ് ചെയ്യും.
നാടക അഭിനയത്തിൽ പ്രത്യേക പരിശീലനം ഒന്നും കിട്ടാത്ത, സാധാരണ നാട്ടുകാർ അഭിനയിക്കുന്ന ചെവിട്ടോർമ്മ എന്ന നാടകം സംവിധാനം ചെയ്തത് സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും അറിയപ്പെടുന്ന നാടക സംവിധായകനുമായ ഡോ ശ്രീജിത്ത് രമണൻ ആണ്. തന്റെ ദൃശ്യ ഭാഷ രൂപീകരിക്കുന്നതിൽ ഇവരുടെ അനുഭവങ്ങൾ വലുതായി സഹായിച്ചു എന്നാണ് ശ്രീജിത്ത് പറയുന്നത്. സമൂഹത്തിന്റെ ഓർമ്മയുടെ പ്രതലമാണ് ഞങ്ങൾ അന്വേഷിച്ചത്. അവർ ഉപേക്ഷിച്ചുപോയ വീടുകളും ഉപകരണങ്ങളും എല്ലാം ഈ ഓർമ്മയുടെ ഭാഗമാണ്.
കമ്മ്യൂണിറ്റി വീഡിയോ പരിശീലനം നൽകിയത് ഈ രംഗത്തെ വിദഗ്ധനായ സുനിൽ പരമേശ്വരനാണ്. ഒപ്പം മാധ്യമ രംഗത്തെ പ്രവർത്തകരായ ജി സാജനും ബിന്ദു സാജനും അഭിജിത് നാരായണനും.
ഈ ചരുങ്ങിയ സമയത്തിനുള്ളിൽ ത്രിതല പഞ്ചായത്തുകളിലെ ആസൂത്രണ പ്രക്രിയയിൽ ഇടപെടാനും വേലിയേറ്റ വെള്ളപ്പൊക്കത്തിനായുള്ള പ്രത്യേക പ്രോജക്ടുകൾക്ക് തുക വകയിരുത്താനും കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ തലത്തിലും വാർഡ് പഞ്ചായത്ത് തലത്തിലും ധാരാളം പുതിയ പ്രോജക്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നത്തെയും പ്രവർത്തനങ്ങളെയും ആസ്പദമാക്കി ബിന്ദു സാജൻ സംവിധാനം ചെയ്ത ‘ജലജീവിതം: സ്ത്രീ സാക്ഷ്യങ്ങൾ’ എന്ന ഡോക്യുമെന്ററി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മുംബൈ ടിസ്സിലും പ്രദർശിപ്പിച്ചു. ചെവിട്ടോർമ്മ എന്ന നാടകം പ്രശ്ന ബാധിത പ്രദേശത്ത് മാത്രമല്ല തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും മുംബൈ ടിസ്സിലും ഡൽഹിയിൽ അന്ത്രരാഷ്ട്ര തീയേറ്റർ ഫെസ്റിവലിലും അവതരിപ്പിച്ചു.
പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളായ ഷീല, ലിന്റ ബെന്നി, സിനി, ധന്യ സന്തോഷ്, ധന്യജ, ശ്യാമ, അശ്വിനി എന്നിവർ മുംബൈ ടിസ്സിൽ നടന്ന ദേശീയ സെമിനാറിലും കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള മറ്റു സെമിനാറുകളിലും പങ്കെടുത്തു.
വേലിയേറ്റ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ കുടുംബശ്രീ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഡോ മഞ്ജുള പറയുന്നു.: “ഏതൊരു അവകാശത്തിന്റെയും ലംഘനമാണ് ദാരിദ്ര്യം എന്നാണ് കുടുംബശ്രീ നിർവചിക്കുന്നത്. തന്റെ ചുറ്റുപാടുകളിൽ അഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം.”
ഐ പി സി സിയുടെ ആറാമത്തെ റിപ്പോർട്ട് പ്രധാനമായും ഊന്നുന്നത് സോഷ്യൽ വൾനറബിലിറ്റിയെ ആണ് എന്ന് ഡോ മഞ്ജുള ചൂണ്ടിക്കാട്ടുന്നു. അതായത് ഇത് ഏറ്റവും ബാധിക്കുന്നത് സ്ത്രീകളും ദളിതരും കുട്ടികളും അടങ്ങുന്ന ദുർബല വിഭാഗങ്ങളെ ആണ്. അതുകൊണ്ടുതന്നെ കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് ഇത്തരത്തിൽ അതിജീവന സാദ്ധ്യതകൾ സൃഷ്ടിക്കാനുള്ള പരിശ്രമം വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.
ഇത്തരത്തിൽ ജനകീയ പങ്കാളിത്തത്തോടെ മാപ്പുകളും വിഡിയോകളും ഉണ്ടാക്കുന്നതോടെ ഈ പ്രശ്നം സജീവമായി നിർത്താനും മുന്നോട്ട് കൊണ്ടുപോകാനും കഴിയും എന്നാണ് പ്രതീക്ഷ
സെമിനാറിൽ ചർച്ചയുടെ ഭാഗമായി സംസാരിച്ച ഡോ തോമസ് ഐസക്ക് പങ്കാളിത്ത ആസൂത്രണത്തെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഒന്നോ രണ്ടോ പഞ്ചായത്തുകളിൽ അതിജീവന പരിശ്രമങ്ങൾക്കുള്ള മാതൃകകൾ ഉണ്ടാക്കണം. പുത്തൻവേലിക്കര പഞ്ചായത്ത് ഇതിന് നേതൃത്വം നൽകട്ടെ എന്നി ഐസക്ക് നിർദേശിച്ചു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വേണം സംസ്ഥാന മാതൃക വികസിപ്പിക്കാൻ.
വേലിയേറ്റ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന ജൈവ വൈവിധ്യത്തിന്റെ നഷ്ടം പ്രത്യേകമായി പഠിക്കണം. കായൽ നിലങ്ങളുടെ carrying capacity പഠന വിധേയമാക്കണം. യുവാക്കളിലേക്ക് ഈ പ്രശ്നങ്ങളുടെ സ്വഭാവവും പരിഹാര മാർഗങ്ങളും വിശകലനം ചെയ്യുന്ന വേദികൾ രൂപീകരിക്കണം.
കാലാവസ്ഥ ചർച്ചകളിൽ സ്ത്രീകളുടെ അദൃശ്യത വലിയ പ്രശ്നമായി പലരും ചൂണ്ടിക്കാട്ടി. ആശയ സംവേദനത്തിൽ (Communication) ഊന്നിക്കൊണ്ട് നടത്തിയ ഇടപെടൽ ഏറെ പ്രത്യേകതയുള്ളതായി ആസൂത്രണ രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വിജ്ഞാനത്തിന്റെ അവകാശം ആ സമൂഹത്തിന് തന്നെ ആയിരിക്കണം എന്ന നിർദേശവും ഉയർന്നുവന്നു.
സ്ത്രീകളെ പരമ്പരാഗത സ്കിൽ പരിശീലനത്തിനപ്പുറമുള്ള മേഖലകളിലേക്ക് നയിക്കണം എന്ന നിർദേശവും വന്നു.
ഈ മേഖലയിലെ പ്രശ്ന പരിഹാരത്തിനായുള്ള തുടർ പ്രവർത്തനങ്ങളിൽ സഹായിക്കാം എന്ന് മലയാളം സർവകലാശാല, കാർഷിക സർവകലാശാല, സംസ്ഥാന ആസൂത്രണ ബോർഡ്, സുസ്ഥിര ഫൗണ്ടേഷൻ, തണൽ, സഖി, സേവ, കേരള ശാസ്ത്ര സാഹിത്യ പരിഷത്, കുടുംബശ്രീ, അസർ, സഖി, സാക്ഷരത മിഷൻ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ അറിയിച്ചു.
ഡോ അജയകുമാർ വർമ്മ, ആനന്ദി, ഗീത നസീർ, മേഴ്‌സി അലക്‌സാണ്ടർ, മിനി സുകുമാർ, എം ജി മല്ലിക, ഒലീന, കെ ജി താര, ഉഷ, എസ് ആർ സഞ്ജീവ്, ഗീതാഞ്ജലി, കെ കെ കൃഷ്ണകുമാർ, ഡോ അർച്ചന, എൻ സി നാരായണൻ, അരുൺ രവി, ബബിത, ചന്ദന, ബൈജു ചന്ദ്രൻ, കെ എ ബീന, ദീപ ആനന്ദ്, മഞ്ജുള ശങ്കർ, ജുനൈദ്, എസ് കെ മിനി, രജിത തുടങ്ങിയവർ സംസാരിച്ചു.
ഏഴിക്കര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ നിന്ന് പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ ഷീല, ലിന്റ ബെന്നി, സിനി, അഞ്ചു, എം പി ഷാജൻ എന്നിവർ സംസാരിച്ചു.
തുടർ പ്രവർത്തനങ്ങളുടെ മാർഗ്ഗരേഖയുണ്ടാക്കാൻ പഞ്ചായത്തുകളെ സഹായിക്കാം എന്ന് എല്ലാവരും ഉറപ്പ് നൽകി
കൊടുംകാറ്റും സുനാമിയും വൈപ്പിന് പുതുമയല്ല.
2004 ലെ സുനാമിയിൽ ഇവിടെ അഞ്ചുപേർ മരിച്ചിരുന്നു. 2017 ലെ ഓഖിയും 2021 ലെ ടൗട്ടയും സൃഷ്ടിച്ച ആഘാതത്തിനൊപ്പം 2018 ലെ പ്രളയത്തിൽ ഈ പ്രദേശം ദിവസങ്ങളോളം വെള്ളത്തിനടിയിലാവുകയും ചെയ്തു.
എന്നാൽ ഇവയിൽ നിന്ന് വിഭിന്നമായി വേലിയേറ്റ വെള്ളപ്പൊക്കം ഒരു നിരന്തര ദുരന്തമായി ദ്വീപുനിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു.
ഈ പ്രശ്നം എപ്പോഴാണ് ഇത്രയേറെ തീവ്രമായത്
ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ ലോകമെമ്പാടും നടക്കുന്ന കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ മനസ്സിലാക്കേണ്ടിവരും.
ആഗോളതാപനത്തിൽ സമുദ്രങ്ങളുടെ ശരാശരി താപനം 0.85 ഡിഗ്രി സെന്റിഗ്രേഡ് ആണെങ്കിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ വർധന 1.2 ഡിഗ്രി സെന്റിഗ്രേഡ് ആണ്.
കടൽനിരപ്പ് ആഗോളതലത്തിൽ 100 മില്ലിമീറ്റർ ഉയർന്നപ്പോൾ കൊച്ചി തീരത്തു ഉണ്ടായത് 130 മില്ലിമീറ്റർ ഉയർച്ചയാണ് എന്ന് ഗവേഷകയായ ഡോ ശ്രീജ ചൂണ്ടിക്കാണിക്കുന്നു.
ഇതിനൊപ്പം തന്നെ കായലിലും അഴിമുഖത്തും നദിയിലുമുള്ള നീരൊഴുക്കിന് വലിയ മാറ്റങ്ങൾ ഉണ്ടായി.
മുനമ്പം കൊച്ചി ഹാർബറുകൾക്ക് വേണ്ടി നടത്തിയ ഡ്രെഡ്ജിങ് പ്രശ്നത്തിന്റെ ആഴം കൂട്ടി
ദ്വീപിലെ കൃഷിരീതികൾ മാറി. തെങ്ങു കൃഷി ഏതാണ്ട് ഇല്ലാതായി. ഇടത്തോടുകളിൽ നിന്ന് ചെളി മാന്തി തെങ്ങിൻ തടത്തിനിടുന്ന രീതിയും ഇല്ലാതായി.
തോടുകളിൽ നിന്ന് കടലിലേക്കുള്ള ജലപ്രവാഹം പണ്ടൊക്കെ കൃത്യമായി നിയന്ത്രിച്ചിരുന്നു. ഇപ്പോൾ അതും ഇല്ലതായി.
പെരിയാറിലെ മത്സ്യ വിഭവങ്ങളിൽ കാര്യമായ കുറവുണ്ടായി എന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. പണ്ടൊക്കെ ധാരാളമായി കിട്ടിയിരുന്ന കരിമീനും പ്രായലും തിരുതയുമൊന്നും ഇപ്പോൾ വളരെ കുറഞ്ഞു.
കടലിന്റെ താപനിലയിൽ വ്യത്യാസമുണ്ടാകുമ്പോൾ അത് മത്സ്യ സമ്പത്തിനെയും ബാധിക്കും. കടലിന്റെ ചൂട് കൂടുമ്പോൾ ആദ്യം കുറയുന്നത് മത്തി, ചാള എന്നീ മീനുകളാണ്. പൊക്കാളി കൃഷി ഏതാണ്ട് ഇല്ലാതായി. ചെമ്മീൻകെട്ട് സൃഷ്ടിക്കുന്ന സവിശേഷമായ പ്രശ്നങ്ങൾ വേറെ
ഇങ്ങനെ ഒരു ഭൂപ്രദേശമാകെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റ് അനുബന്ധ പ്രശ്നങ്ങളുടെയും പിടിയിലാവുകയാണ്.
ഉപജീവന സ്രോതസ്സുകൾ അടയുന്നു.
തണ്ണീർത്തടങ്ങൾ മൂടുന്നു
ജലം കൂടുതൽ മലിനമാവുന്നു
ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നു
കൂടുതലാളുകൾ ഈ പ്രദേശം വിട്ട് പലായനം ചെയ്യുന്നു
ക്ലൈമറ്റ് വാൾനറബിലിറ്റി ഇൻഡക്സ് പ്രകാരം കേരളത്തിന്റെ ഒൻപത് ജില്ലകളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നമുണ്ട്. കടലാക്രമണവും ചുഴലിക്കാറ്റുമെല്ലാം ഇതിന്റെ തെളിവുകളായി നമുക്കറിയാം. എന്നാൽ വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ഇപ്പോഴും പൊതുസമൂഹമോ മാധ്യമങ്ങളോ സർക്കാരോ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ധനസ്ഥിതി കുറച്ച് മെച്ചപ്പെട്ടവർ ലക്ഷങ്ങൾ മുടക്കി വീടുകൾ പൊക്കുകയോ ഇവിടം വിട്ട് പോവുകയോ ചെയ്യും. ദരിദ്രരും ദുർബലരുമായ ജനത അവരുടെ സഹനം തുടരും.
പരിഹാരം എളുപ്പമല്ല. എന്നാൽ ജനകീയമായ ധാരാളം മുന്നേറ്റങ്ങൾ നടക്കേണ്ടതുണ്ട്. ജനകീയമായ പഠനങ്ങൾ. ബദൽ സാദ്ധ്യതകൾ എല്ലാമുണ്ടാവണം.
ചില സാങ്കേതിക നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്. ഈ ഭൂപ്രകൃതിക്ക് അനുയോജ്യമായ വീടുകൾ നിർമ്മിക്കണം. കക്കൂസിന്റെ നിർമ്മാണത്തിലും മാറ്റം വരണം. കുടിവെള്ളം പൈപ്പ് വഴി എല്ലാ വീടുകളിലും എത്തണം. ഗ്യാസ് അടുപ്പുകൾ വേണം. വീടുകളിലേക്ക് ഉയർന്ന നടപ്പാത ഒരുക്കണം. കുട്ടികൾക്ക് വെള്ളം കയറാത്ത കളിസ്ഥലം ഉണ്ടാകണം.
വേലിയേറ്റത്തിൽ വെള്ളപ്പൊക്കം ഇത്ര ഗുരുതരമാകാൻ കാരണം കായലുകളും തോടുകളും വെള്ളപ്പൊക്ക ചെളികൊണ്ട് നിറഞ്ഞതാണ്. അതു നീക്കം ചെയ്യാനും ജലാശങ്ങൾ ശുചീകരിക്കാനും നടപടിയുണ്ടാകണം. ഇതിനുള്ള ഡ്രെയിനേജ് പ്ലാൻ തയ്യാറാക്കലാണ് അടിയന്തിരമായി വേണ്ടത്.
പ്രശ്ന പരിഹാരത്തിന് ധാരാളം പുതിയ നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്. കണ്ടൽക്കാടുകൾ വളർത്തുക എന്നതാണ് അതിലൊന്ന്. ഇപ്പോൾത്തന്നെ ഈ രംഗത്ത് സജീവമായി ഇടപെടുന്ന മുരുഗേശൻ അയ്യായിരത്തിലേറെ ഏക്കർ സ്ഥലത്ത് കണ്ടൽക്കാടുകൾ പുതുതായി നട്ടുകഴിഞ്ഞു. ചെന്നൈ സി എസ് ഐ ആർ വികസിപ്പിച്ച ഉപ്പുവെള്ളം പ്രതിരോധിക്കുന്ന ഇഷ്ടികകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ നിർമാണത്തിന് പ്രാദേശികമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞാൽ അത് ധാരാളം തൊഴിൽ സാദ്ധ്യതകൾ കൂടി തുറക്കും. പൊക്കാളി കൃഷിയുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം വേണം. കുടുംബശ്രീയുടെ സാദ്ധ്യതകൾ വിപുലപ്പെടുത്തി അതിജീവനത്തിന്റെ അന്വേഷണങ്ങൾ തുടരണം.
വൈപ്പിൻ ഒരു ചെറിയ ദേശത്തിന്റെ കഥയല്ല.
ലോകത്തെയാകെ ഗ്രസിക്കുന്ന ഒരു പ്രശ്നത്തിന്റെ ചെറിയ സൂചനയാണ്.
ഇന്ന് നമ്മൾ വേണ്ടപോലെ മനസ്സിലാക്കിയില്ലെങ്കിൽ ലോകമെമ്പാടുമുള്ള കടൽത്തീര പ്രദേശങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിന്റെ സൂചന.
ഇതിനുള്ള പരിഹാരം എളുപ്പമല്ല. എന്നാൽ പഠനത്തിലും അതിജീവന പ്രക്രിയയിലും ജനകീയ പങ്കാളിത്തം പ്രധാനമാണ്. ഇതിൽ വലിയൊരു പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബശ്രീ പ്രവർത്തകർക്കാണ്. ഈ ദിശയിലേക്കുള്ള ചെറിയൊരു കാൽവയ്പ്പാണ് ഈ പ്രവർത്തനം എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ജി. സാജൻ