സ്വർണ്ണക്കൂട്ടിലെ പക്ഷി

പനയോലത്താളിൽ ജനിച്ചനിന്നെ
പനിമതി പാലൂട്ടിയോമനിച്ചു.

വിടരുന്ന പൂവിലൂടലയുന്ന കാറ്റിലൂ-
ടധരപുടങ്ങൾ നിറം പകർന്നു.

ഞൊറിവച്ചൊഴുകുന്ന കാട്ടാറിൻതീരത്തി-

ലറിവില്ലാപൈതലായ് നീനടന്നു.
വേദേതിഹാസ പെരുമാക്കളോമനി-

ച്ചോമനത്വം നിനക്കന്നു നൽകി.
നാടുവാഴുന്നവർ നിന്നെവിലയ്ക്കെടു-

ത്തോമനിച്ചന്നൊരു കൂട്ടിലാക്കി.

ചെല്ലച്ചിറകൊന്നടിച്ചു പറക്കുവാൻ തെന്നലിന്നൊപ്പം പറന്നുരസിക്കുവാൻ ചേറണിഞ്ഞീറനാക്കീടുവാൻ പൂമേനി കോരിത്തരിച്ച നിമേഷങ്ങളിൽപ്പോലു മൂഴിവാഴുന്നവന്നുള്ളലിഞ്ഞില്ല നിൻ കൂടുതുറന്നു വെളിച്ചമേകീടുവാൻ .

പഞ്ജരത്തിൻറെയകത്തിരുന്നന്നു നീ മന്ത്രിച്ചയീണത്തിലങ്ങിങ്ങു പുഷ്‌പിച്ച
നൊമ്പരത്തിൻ്റെ പൊൻപൂക്കൾ വർഷിച്ച സൗരഭ്യമേറ്റുഴി മുഗ്‌ദ്‌ധയായീടവേ

കാലഘട്ടങ്ങൾ പലതുകഴിഞ്ഞുനീ കാമിനിയാകുവാൻ വെമ്പൽകൊണ്ടു. നീവളരുമ്പോൾ നിൻതൂമുഖത്തോമനേ
യീവിശ്വസൗന്ദര്യം പുഞ്ചി രികൊണ്ടുപോൽ.

വെൺമണിമാരുടെയില്ലമൊന്നിൽ പെൺമണിപൈതലായ് നീവളർന്നു. അരമനയ്ക്കുള്ളറയ്ക്കൊരു പൂജ്യവസ്തുവാ- യണിയിച്ചൊരുക്കിയ നിൻമുഖത്തിൽ അരുണിമശോഭ പരത്തുന്ന കണ്ടൂഴിയകതാരി
ലാനന്ദതുന്ദിലയായ്.

മണ്ണിൻറെ മക്കളാംഞങ്ങൾതൻ മാനസം
മന്ത്രിച്ച മന്ത്രധ്വനി കേട്ടമാത്രയിൽ സ്വർണ്ണാഭയോലുന്ന കൂടുതകർത്തുനീ വന്നുനിൽക്കുന്നിതാ ഞങ്ങൾതൻമുന്നിലായ്.

മണ്ണിൻറെമാനസം ഫുല്ലമായ്ത്തീരുവാൻ

മണ്ണിൻറെ മക്കൾതൻ കണ്ണുനീരൊപ്പുവാൻ വിണ്ണിനെ വിസ്മ‌രിച്ചൂഴിയിൽ നിൽക്കുന്ന ഞങ്ങളോടൊപ്പം നീയെന്നുമുണ്ടാകണം.

ഭുവനൻ മിതിർമ്മല

error: Content is protected !!