അദ്ധ്യായം 3
സ്വപ്നത്തില്‍ ഞാന്‍ മാലാഖയെ സ്വപ്നം കാണുമായിരുന്നു. മാലാഖയ്ക്ക് അമ്മയുടെ മുഖവും. പ്രിന്‍സ് സര്‍ ഇംഗ്ലീഷ് ക്ലാസില്‍ മാലാഖയ്ക്ക് നല്‍കിയ വിശേഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്‍റെ കാഴ്ച. വെള്ള ഗൌണിട്ട കറുത്ത മാലാഖയെ ചിലപ്പോ ചല്ലി മാത്രമേ കണ്ടിട്ടുണ്ടാകൂ. സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ അളവുകോല്‍ അവളിലേക്ക് ആഴ്ന്നിറങ്ങാത്തത് കൊണ്ടാകം…വിശേഷണങ്ങളാല്‍ രൂപപ്പെടുന്ന വിഗ്രഹങ്ങളെ അറിയാതെ പൊളിച്ചെഴുതാന്‍ തുടങ്ങിയ കാലം.
സ്കൂള്‍ അസംബ്ലി നടക്കുകയാണ്. മൈക്കിന് മുന്നില്‍ ഹെഡ്മാസ്റ്റര്‍ വിക്രമന്‍ നായര്‍.
”നമ്മുടെ സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നിമിഷമാണിത്. ശാസ്ത്ര മേളയിലും, വര്‍ക്ക് എക്സ്പീരിയന്‍സിലും നമ്മുടെ സ്കൂള്‍ മികച്ച വിജയം ആണ് നേടിയത്. ശാസ്ത്രമേളിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നമ്മുടെ സ്കൂളിനാണ്. അത് നമുക്ക് നേടിത്തന്നത് 7 ബിയിലെ…”
ഞാന്‍ ആണ് വിജയി. വിക്രമന്‍ സാറ് അടുത്ത് വിളിച്ച് നിര്‍ത്തി മൈക്കിലൂടെ അഭിനന്ദിച്ചു. ഒരു ട്രോഫിയും തന്നു. അത് കഴിഞ്ഞ് പുള്ളി പറഞ്ഞത് രവി സര്‍ ഇന്നും ദേഷ്യത്തോടെ പറയും.
”ഏറ്റവും പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്ന് ഇവള്‍ ഇത് നേടി. നിങ്ങള്‍ക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല. ഇവളുടെ അമ്മയ്ക്ക് ചല്ലി അടിയാണ്. അച്ഛന് തലയ്ക്ക് സുഖമില്ലാത്തതും. അതാണ് ഞാന്‍ പറഞ്ഞ് വന്നത്. ഒരു ദളിതന്‍റെ മകള്‍ക്ക് ഇത് നേടാമെങ്കില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഈ മോള് മാതൃകയാണ്. നിങ്ങള്‍ക്കും ഇത് സാധിക്കും ”
ചല്ലിയെ സര്‍ ചേര്‍ത്ത് പിടിച്ചു. ട്രോഫിയിലെ മുകളിലത്തെ കപ്പ് തറയില്‍ വീണു. പുറത്ത് വരിയില്‍ ഇതെല്ലാം കേട്ട് നിന്ന രണ്ട് പയ്യന്‍മാര്‍,
”എന്താടാ..ഈ ദളിതന്‍”
”ആ….ആര്‍ക്കറിയാം..സാറ് പറയണതല്ലെ..വലിയ വലിയ വാക്കുകളായിരിക്കും”
നായര്‍ സമാജത്തിന്‍റെ സെക്രട്ടറി വിക്രമന്‍ നായരുടെ തലയില്‍ ഓട് വീണു. ഒരുപാട് ചോര പോയി. ആശുപത്രിയില്‍ നായര്‍ക്ക് ചോരകൊടുത്തത് കിഴക്കേലേ വിനയനാണ്. ഇവിടെ നിന്ന് അത് ഓര്‍ക്കുമ്പോള്‍ ചിരിവരും.
ഹെഡ്മാസ്റ്ററിന്‍റെ മുറിയില്‍ മലയാളം അധ്യാപകനായ വിനയന്‍ സര്‍. ഞാന്‍ അന്ന് കണ്ടതില്‍ വളരെ മധുരമായും വളരെ തീഷ്ണമായും സംസാരിക്കുന്ന വ്യക്തിയായിരുന്നു വിനയന്‍ സര്‍. ഇന്ന് ഓര്‍ത്തെടുക്കുമ്പോള്‍ അന്ന് സര്‍ എടുത്ത നിലപാടുകളും സര്‍ പറഞ്ഞുതന്ന കാര്യങ്ങളും ഇതുവരെ പഠിച്ച പുസ്തകങ്ങളില്‍ കണ്ടിട്ടില്ല. അസംബ്ലി കഴിഞ്ഞ് വരാന്തയില്‍ കയറി വരിവരിയായി പോകുമ്പോള്‍ വിക്രമന്‍ സാറിന്‍റെ മുറിയില്‍ നില്‍ക്കുന്ന വിനയന്‍ സറിനെ ഞാന്‍ കണ്ടിരുന്നു.
”താനെ….തനൊരുമാതിരി മറ്റെ സംസാരം പിള്ളേരോട് ഇറക്കരുത്. അതൊക്കെ ഈ വിഷം വിളമ്പല്‍ കേട്ട് രസിക്കുന്നവരോട് കാണിച്ചാമതി.”
”വിനായാ…നീ പോ…ഞാന്‍ എന്ത് പറഞ്ഞന്നാ….തെറ്റായി ഒന്നും പറഞ്ഞിട്ടില്ല…അല്ലേ ടീച്ചറേ… ജാതിയും മതവും നോക്കാതെ ഇവിടെ വല്ലതും നടക്കോ സാറെ…”
”നടക്കും സാറെ..പലതും നടക്കും…കാലം കഴിയന്തോറും എല്ലാം നടക്കും. ഒരു കൊച്ചിനെ അടുത്തു നിര്‍ത്തി കഷ്ട്ടം. പിന്നെ കഴുത്തിലെ ജാതി പ്രമാണിത്തത്തിന്‍റെ ആ മുത്തുമാലയുണ്ടല്ലോ… ഊര്‍ന്ന് വീഴാന്‍ വലിയ സമയമൊന്നും വേണ്ട”.
വിനയന്‍ സറിനെ ഇഷ്ടമില്ലാത്തവരായിരുന്നു അവിടെ കൂടുതല്‍. കാരണം അന്നത്തെ സാമൂഹിക ഉന്നതിയുടെ ഉടുത്തുകെട്ടല്‍ ഒരുവിധപ്പെട്ട എല്ലാവരിലും ഉണ്ടായിരുന്നു. അത് സറില്‍ ഇല്ലാ എന്ന് മനസ്സിലാക്കിയത് കുട്ടികള്‍ക്കിടയില്‍ നിന്നും ഉച്ചക്കഞ്ഞി വിളമ്പിയപ്പോഴാണ്. വോട്ട് ചോദിക്കന്‍ വീട്ടില്‍ വന്നപ്പോള്‍ അകത്ത് കയറി ഇരുന്നതും അമ്മയോട് വളരെ സ്നേഹത്തോടെ സംസാരിച്ചതും വിനയന്‍ സര്‍ മാത്രം. അന്ന് അസംബ്ലിയില്‍ വിക്രമന്‍ സറ് പറഞ്ഞതില്‍ എനിക്ക് പലതും മനസ്സിലായില്ല. പക്ഷെ അച്ഛന് തലയ്ക്ക് സുഖമില്ലാ എന്ന് മൈക്കിലൂടെ പറഞ്ഞത്…അതിന്‍റെ ഒച്ച എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
സമ്മാനവുമായി ക്ലാസ്സിലേക്ക് കറിയ ഞാന്‍. സമ്മാനം ബാഗില്‍ വച്ച് അവിടെ ഇരുന്നു. ആണ്‍ കുട്ടികളുടെ വശത്തെ ഏറ്റവും പുറകിലത്തെ ബഞ്ചിലെ മുന്നിലെ ബഞ്ചില്‍ ഇരുന്ന നാല് പേര്‍. അതില്‍ ഒരുത്തന്‍ എന്നെ ചല്ലി എന്ന് വിളിച്ചു. ഞാന്‍ തിരിഞ്ഞു നോക്കി. നാലുപേരും എന്നെ നോക്കി വളരെ വേഗത്തില്‍ തലയാട്ടി. അച്ഛന്‍ ആട്ടുംപോലെ. അത് കണ്ട് ആരൊക്കയോ ചിരിച്ചു. അവരുടെ ചിരികളിലെല്ലാം ഒരു ആത്മസംതൃപ്തി ഉണ്ടായിരുന്നു. ഒപ്പം ആ കൂട്ടച്ചിരിയില്‍ പെടാതെ എന്നെ നോക്കിയ ആ വെള്ളിക്കണ്ണനെ ഹൃദയത്തിന്‍റെ മഷികൊണ്ട് ഞാന്‍ കുറിച്ചു.
ശോഭന ടീച്ചറിന്‍റെ സോഷ്യല്‍ സയന്‍സ് ക്ലാസ്സില്‍ മൂന്ന് പയ്യന്‍മാര്‍ ചാടി എഴുന്നേറ്റു.
”ടീച്ചര്‍ കഞ്ഞി എടുക്കാന്‍ പോണം”
”അതിന് ഇന്ന് നിങ്ങളല്ലല്ലോ 7ഡി അല്ലെ”
”അല്ല ടീച്ചര്‍ ഞങ്ങളാണ്”
”ബല്ലടിക്കാന്‍ ഇനിയും 20 മിനിട്ടില്ലേ”
”അത് ചുമന്ന് കൊണ്ട് വയ്ക്കണ്ടേ ടീച്ചര്‍”
”ആ..പോ…പോ…”
മൂന്ന് പേരും ഇറങ്ങി പുറത്തേക്ക് ഓടി. ക്ലാസ്സിന് വെളിയില്‍ എത്തിയതും പെട്ടെന്ന് നിന്നു. എന്നിട്ട് നടത്തം പതുക്കെ ആക്കി. അപ്പുറത്തെയും ഇപ്പുറത്തേയും ക്ലാസ്സിലെ പിള്ളേരെ നോക്കി ”കണ്ടോടാ..ഞങ്ങള്‍ ഇറങ്ങി നടക്കുന്നത്” എന്ന മട്ടില്‍ ഹീറോ മാതിരി നടന്നു. ഇറങ്ങി ഗ്രൌണ്ട് വഴി നടന്നപ്പോള്‍ ഒന്നും രണ്ടും പറച്ചിലുമായി.
ഒന്നാമന്‍ ”കലോത്സവം വരാണ്…ഏതിലെങ്കിലും ചേരണം..എന്നാലെ ക്ലാസ് കട്ട് ചെയ്യാന്‍ പറ്റു”.
രണ്ടാമന്‍ ”ഞാന്‍ എന്തിന് നില്‍ക്കും എന്നാ അലോചിക്കണേ”
മൂന്നാമന്‍ ”കറവമത്സരം ഇല്ലടേ” ഒന്നാമനും മൂന്നാമനും ചിരിച്ചു. രണ്ടാമന്‍ മൂന്നാമനെ പിടിച്ചുതള്ളി
”അച്ഛനെ പറയണ എന്തിനാടാ”
”അതിന് നീ പിടിച്ച് തള്ളുന്നതെന്തിന്. നീ ഇന്നലെ എന്‍റെ അച്ഛനെ പറഞ്ഞപ്പോ ഞാന്‍ എന്തെങ്കിലും പറഞ്ഞോ?”
അങ്ങോട്ട് തള്ളിയും ഇങ്ങോട്ട് തള്ളിയും കഞ്ഞിപ്പുരയെത്തി. അവിടെ രാധമ്മ നില്‍പ്പുണ്ട്
”ആ വന്നോ വാലന്‍മാര്”
”കഞ്ഞി ആയോ ചേച്ചി”
”ആയല്ലോ.. തൊട്ടി കഴുകി പുറത്ത് വച്ചിട്ടുണ്ട്. എടുത്ത് കോരി വീഴ്ത്തിക്കോ”
വലിയ അണ്ടാവ് പാത്രത്തില്‍ നിന്നും അവന്‍മാര് തൊട്ടിയിലേക്ക് കഞ്ഞി കോരി ഒഴിച്ചു. അതിനിടയ്ക്ക് രാധമ്മ ഒരു കുഞ്ഞ് പാത്രത്തില്‍ കഞ്ഞി കോരി പുറത്തേ മതിലില്‍ വച്ചു. വേലു അത് വന്ന് എടുത്തു. അത് കണ്ട ഒരുത്തന്‍,
”പടക്ക് പടക്കേ അടിക്കട” അത് പറഞ്ഞ് മൂന്നാളും ചിരിച്ചു” രാധമ്മ കയറിവന്നു
”ചുമ്മ ഇരിക്കട…അവന്‍റെ വായില്‍ ഇരിക്കണ കേക്കാതെ”
”ഓ..പിന്നെ കഞ്ഞി കോരി ഞാന്‍ തലക്കൊഴിക്കും” അടുപ്പിലെ കനല് നീക്കിയിടുന്നതിനിടയ്ക്ക് രാധമ്മ ആ പറഞ്ഞവനെ നോക്കി
”വട്ട് പിടിക്കുന്നതിന് മുന്നേയുള്ള വേലപ്പനെപ്പറ്റി അച്ഛനോട് ചോദിച്ചമതി..മക്കള് ഇത് എടുത്തോണ്ട് പോ..”
(തുടരും..)
അനൂപ് മോഹൻ