ഇങ്ങനെ കുറേപ്പേർ – ഒന്ന്

കുമാരസംഭവം അഥവാ കുമാരേട്ടൻ ഒരു സംഭവാട്ടാ

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മാർച്ചുമാസത്തെ കടുത്ത ചൂട്. പൂരങ്ങളുടെ കാലം. വേനൽസൂര്യൻ കത്തിയെരിയുന്നുണ്ടെങ്കിലും അതും ഒരു പൂരക്കാഴ്ചയായിക്കണ്ട്, ആളും ആരവവും നിറയെ.

പാണ്ടിപഞ്ചാരിമേളങ്ങൾ പലയിടങ്ങളിലായി കൊഴുക്കുന്നു. നെറ്റിപ്പട്ടം കെട്ടി, ചെവിയും വീശി ആടിയാടി നടക്കുന്ന കരിവീരന്മാരെ നോക്കി അവയുടെ പേരുപറയുന്ന കുരുന്നുകൾ. പേരുതെറ്റിയാൽ അവരെ തിരുത്തുന്ന കാരണവന്മാർ.

പൂരങ്ങളെക്കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യാനെത്തിയതാണ് തൃശൂരിൽ. കുട്ടേട്ടനെ വിളിച്ചു. സംശയിക്കേണ്ട, സാക്ഷാൽ പെരുവനം കുട്ടൻ മാരാരെ. ചെണ്ടയും തോളിൽ തൂക്കി കുട്ടേട്ടനും അക്ഷൗഹിണിപ്പടയും അമ്പലങ്ങളിൽനിന്നും അമ്പലങ്ങളിലേയ്ക്ക് ഓടിനടക്കുന്ന കാലമാണ്. ബെല്ലടിക്കുന്നുണ്ട്. പക്ഷേ ഫോൺ എടുക്കുന്നില്ല. കുട്ടേട്ടൻ പെരുവനം ഹയർ സെക്കന്ററി സ്‌കൂളിൽ ജോലി ചെയ്യുന്ന സമയമാണ്. സ്‌കൂളിലുണ്ടെന്നുറപ്പ്.

വീണ്ടും വിളിച്ചു. മൂപ്പര് ഫോണെടുക്കുന്നില്ല. ആകെ കുരുങ്ങി. സ്‌കൂളിന്റെ മുന്നിലെത്താനാണ് പറഞ്ഞത്. വൈകുന്നേരം ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ പൂരമാണ്. കുട്ടേട്ടന്റെ മേളമുണ്ട്. ഷൂട്ട് ചെയ്യണം. ഒപ്പം അല്ലറ ചില്ലറ പരിപാടികൾ വേറെ. പക്ഷെ എല്ലാം കുട്ടേട്ടന്റെ തീരുമാനങ്ങൾ അറിഞ്ഞശേഷമാണ് പ്ലാൻ ചെയ്യേണ്ടത്. സ്‌കൂളിന് മുന്നിൽ രഥം നിർത്തി. സ്‌കൂളിൽ ഒന്ന് അന്വേഷിക്കാം എന്ന് കരുതി പുറത്തേക്കിറങ്ങി. ഗേറ്റിനു മുന്നിൽ ദ്വാരപാലകൻ തടഞ്ഞു.
“എന്താ സംഭവം?”
“ഹയർ സെക്കന്ററി പരീക്ഷ നടക്കുകയാണ്. അകത്തേയ്ക്ക് ആരെയും കടത്തിവിടില്ല.”
കഴുത്തിൽ കിടക്കുന്ന എന്റെ പ്രസ് കാർഡ്, സാത്താനെ കുരിശുകാണിക്കുന്ന ഭാവത്തോടെ കാണിച്ചെങ്കിലും രക്ഷയില്ല.ഉടയതമ്പുരാൻ നേരിട്ടുവന്നാലും അകത്തേയ്ക്കു കയറ്റരുത് എന്നാണ് കൽപ്പനയത്രേ! പാർവതിയുടെ കുളി കാണാൻ വന്ന മഹാദേവനെ തടഞ്ഞ ഗണേശന്റെ ഭാവമാണ് ചേട്ടന്റെ മുഖത്ത്. ഇനിയിപ്പോൾ പരീക്ഷ കഴിയുംവരെ കാത്തിരിക്കാം. പ്രസ് കാർഡ് കാണിച്ചാൽ ലോകം കീഴ്മേൽ മറിക്കാമെന്ന എന്റെ അഹങ്കാരത്തിനു കിട്ടിയ കൊട്ട്! അതും വാങ്ങി തിരികെ വണ്ടി കിടക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു. ‘സഹവർക്കൻ’മാരുടെ മുഖത്തും നിരാശ.

‘ന്നാ പ്പിന്നെ മ്മക്ക് ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ’ എന്ന് തൃശൂർസ്റ്റൈലിൽ ഞാൻ ചോദിച്ചു.
‘ഓ! ബോഞ്ചിയെങ്കിൽ ബോഞ്ചി’ എന്ന് തിരോന്തരം സ്റ്റൈലിൽ കൂടെയുള്ളവരുടെ മറുപടി. കടയിലെത്തിയപ്പോൾ ഞാൻ പ്ളേറ്റ് മാറ്റി.
“എനിക്ക് ബോഞ്ചി വേണ്ട. ചായ മതി.”
ചായക്കടക്കാരൻ ചേട്ടൻ പരിചയ ഭാവം കാണിച്ചു. ഞാനും ചിരിച്ചു. ചേട്ടൻ ചോദ്യപ്പെട്ടി തുറന്നു.
“എവിടുന്നാ?”
“തെക്കൂന്നാണ്. തിരോന്തരത്തുനിന്ന്.”
“ആഹാ! പൂരം കാണാൻ വന്നതാണോ?”
“അതെ”
“അല്ല, ഇവിടെക്കിടന്നു കറങ്ങുന്നതെന്തിനാണാവോ?”
“കുട്ടേട്ടനെ കാണാൻ.”
“ആഹാ! എന്നിട്ട് കണ്ടോ?”
“ഇല്ലെന്നേ. അകത്ത് പരീക്ഷ നടക്കുവാണ്. അതുകഴിഞ്ഞേ പറ്റൂ.”
പുള്ളി ചിരിച്ചു. ഒരു പരിഹാസച്ചിരിയാണെന്ന് തോന്നി. ഇടയ്ക്ക് എന്റെ കഴുത്തിലെ ചരടിൽ നോക്കി പിന്നേം ചിരിച്ചു. അല്ലെങ്കിലേ പ്രാന്തായിരിക്കുന്നു. അപ്പോഴാണ് ഇങ്ങേരുടെ ഒരു ചിരി എന്നു മനസ്സിൽ പറഞ്ഞു.
“കുട്ടേട്ടനെ ഇപ്പൊ കാണണോ?”
മൂപ്പരുടെ ചോദ്യം.
ഞാൻ നിർവികാരതയോടെ അങ്ങേരെ നോക്കി.
“അല്ല, എന്താ ചേട്ടൻ പറയുന്നത്? മാധ്യമപ്രവർത്തകനായ എന്നെപ്പോലും അകത്തുകടത്തി വിടുന്നില്ല. പിന്നെയാണോ?”
വീണ്ടും അങ്ങേരുടെ ചിരി!
“അതിനു ഞാൻ മധ്യപ്രവർത്തകനല്ലല്ലോ മോനേ?” ചേട്ടന്റെ മറുപടി.
“ഒരു കാര്യം ചെയ്യ്. കുട്ടേട്ടനോട് പറയാനുള്ളത് എഴുതിത്തരൂ. ഞാൻ കൊടുക്കാം.”
എന്റെ അമ്പരപ്പ് കണ്ടിട്ടാവാം വീണ്ടും പറഞ്ഞു.
“ഹാ! എഴുതെന്നേ.”
ഒരു പ്രതീക്ഷയുമില്ലാതെ ഞാൻ അത് എഴുതിക്കൊടുത്തു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ചേട്ടൻ നാല് ചായ അടിച്ച് തട്ടിലേക്ക് വച്ച് നേരെ സ്‌കൂളിനകത്തേക്ക് കയറിപ്പോയി. പരീക്ഷാഡ്യൂട്ടിക്കായി വന്ന സ്‌കോഡിനു മുന്നിലൂടെ ഈ ലോകത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള ആ യാത്ര ഒന്നു കാണേണ്ടതായിരുന്നു. നേരെ സ്റ്റാഫ് റൂമിൽ പോയി കുട്ടേട്ടനുമായി മടങ്ങി വന്നു. എന്നിട്ട് ഒരു ഡയലോഗ്!
‘ഞാൻ ഒരു സാധാരണക്കാരനാണ് സാറേ. എനിക്ക് എവിടെയും പോകാം!’
കഴുത്തിൽ വവ്വാലിനെപ്പോലെ തൂങ്ങിക്കിടന്ന, എന്റെ തിരുമോന്ത ഒട്ടിച്ച പ്രെസ്സ് കാർഡിന്റെ മുഖത്ത് വല്ലാത്തൊരു ചമ്മൽ. മീഡിയ ആണത്രേ മീഡിയ!
ഈ ‘ആം ആദ്‌മി’യാണ് കുമാർ പി.ആർ. എന്ന കുമാരേട്ടൻ. അന്നത്തെ ദിവസം മുഴുവൻ ഞങ്ങളോടൊപ്പം കുമാരേട്ടനുമുണ്ടായിരുന്നു. എല്ലായിടവും കൊണ്ടുപോയി കാണിച്ചു. രാത്രി വൈകിയാണ് പിരിഞ്ഞത്. പോകാൻന്നേരം കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.

“ഇനി നീ ഇവിടെ വരുമ്പോ വിളിക്കണം. എത്രകാലം കഴിഞ്ഞായാലും.”
പിന്നീട് ഞാൻ അങ്ങോട്ട് പോയിട്ടേയില്ല. എങ്കിലും കുമാരേട്ടൻ എന്ന സ്നേഹം ഉള്ളിൽ കിടന്നു വളരുന്നുണ്ടായിരുന്നു, എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ.

2018 ജനുവരി

ചേർപ്പിന് വലിയ മാറ്റമൊന്നുമില്ല. കവലയിലിറങ്ങി പ്രായമുള്ള ഒരാളോട് ചോദിച്ചു.
“ഇവിടെ ചായക്കടയിട്ടിരുന്ന ഒരു കുമാരനുണ്ടായിരുന്നു. അദ്ദേഹമിപ്പോ?”
“ഹാ! മ്മടെ കുമാരനോ? ഡേയ് കുമാരാ!”
കുമാരേട്ടൻ ഒരുദശാബ്ദത്തിന്റെ മറനീക്കി പുറത്തുവന്നു. അൽപ്പം തടിച്ചു, കുറേ നരച്ചു. വേറെ മാറ്റമൊന്നുമില്ല.
അടുത്തുവന്ന് അമ്പരപ്പോടെ നിന്നു.
“എന്താ സാറേ?”
“സാറോ? നിങ്ങൾ മിസ്റ്റർ കുമാരനല്ലേ?”
“അതെ സാറേ!”
“എന്നെ ഓർമ്മയില്ലേ? തിരുവനന്തപുരത്തുനിന്ന് വരുന്നു.”

ആ ഒറ്റ ഉത്തരം മതിയായിരുന്നു കുമാരേട്ടന് എന്നെ മനസിലാകാൻ. പിന്നെ ചേർത്തൊരു പിടിത്തം. കുറേനേരം സംസാരിച്ചിരുന്നു. കുമാരേട്ടന്റെ കടമൊക്കെ തീർന്നു. മകളുടെ കല്യാണം കഴിഞ്ഞു. ഭാര്യയോടൊപ്പം സന്തോഷപൂർവ്വം ജീവിക്കുന്നു. ചായക്കട പഴയസ്ഥലത്തുനിന്നും കുറച്ചു മുന്നോട്ട് മാറിയതൊഴിച്ചാൽ വേറെ മാറ്റങ്ങളേതുമില്ല. ഞങ്ങളുടെ ഈ പ്രകടനം കണ്ട് കൗതുകപൂർവ്വം ഒരമ്മവാൻ പറഞ്ഞുകൊണ്ട് പോവുന്നുണ്ടാരുന്നു.
“കുമാരാ നീ വല്യ വി.ഐ.പി ആണല്ലേ!”
പിന്നല്ലാതെ മ്മടെ കുമാരേട്ടൻ വി.വി.ഐ.പി.യാണ്. കുമാരേട്ടനേം ദലൈലാമയേമൊക്കെ ഒരുതവണ കണ്ടാൽ മതിയെന്നേ. കുമാരേട്ടന് നല്ലതുവരട്ടെ.
ഇനി കാണുമ്പോ ഇപ്രാവശ്യത്തേക്കാളും കുറച്ചുകൂടി കടുപ്പമുള്ള ചായയാവാം.

അനീഷ് തകടിയിൽ

error: Content is protected !!