ചല്ലി

സ്റ്റാഫ്റൂമില്‍ ഷാജിസാറിന്‍റെ അടുത്ത് നില്‍ക്കുന്ന ചല്ലി. കലണ്ടര്‍ പൊതിഞ്ഞ ബുക്ക് ഷാജി സര്‍ മടക്കി കൈയ്യില്‍ കൊടുത്തു. അവളെ നോക്കി ചിരിച്ചു. അവളും. പോകാന്‍ തിരിഞ്ഞതും ഷാജി സര്‍

”മോളെ…ഈ ബുക്കുകള്‍ കൂടി എടുത്തോ…പേര് വിളിച്ച് കൊടുത്തേക്ക്…”
ബ്രൗൺ പേപ്പര്‍ ഇട്ട് പൊതിഞ്ഞ ബുക്കുകള്‍ക്ക് മുകളില്‍ കലണ്ടര്‍ ഇട്ട് പൊതിഞ്ഞ ബുക്കും വച്ച് അവള്‍ അത് താങ്ങി എടുത്ത് ക്ലാസിലേക്ക്. ക്ലാസിലെ ഒരു വശത്ത് ചെരുപ്പ് കൈയ്യില്‍ കയറ്റി പേപ്പര്‍ ചുരുട്ടി ക്രിക്കറ്റ് കളിക്കുന്ന ഒരു ടീം. മറ്റൊരു വശത്ത് പേപ്പര്‍ ചുരുട്ടി കള്ളനും പോലീസും. അങ്ങനെ ആകെ അലങ്കോലം. ചല്ലി ആ ബുക്ക് മേശപ്പുറത്തു വച്ചു. അവളുടെ ബുക്ക് മാറ്റി വച്ചു. എന്നിട്ട് ഓരോ പേരുകളായി വിളിച്ചു. അതില്‍ പേര് കേട്ടവരും കേള്‍ക്കാത്തവരും ഉണ്ടായിരുന്നു. കേട്ടവര്‍ വന്ന് ബുക്ക് വാങ്ങി പോയി. കേള്‍ക്കാത്തവരുടെ കയ്യില്‍ ചല്ലി ബുക്ക് കൊണ്ട് കൊടുത്തു. ചില വിരുതന്‍മാര്‍ അത് വാങ്ങി ഡസ്കിലേക്ക് കറക്കി എറിഞ്ഞു. രേഷ്മ ക്ലാസിലേക്ക് കയറി വന്നു.
”ഡീ..ഇത് ആരാ നിന്നോട് കൊടുക്കാന്‍ പറഞ്ഞേ..”
”ഷാജി സര്‍ പറഞ്ഞിട്ടാ..”
”ഞാനാ..ക്ലാസ് ലീഡര്‍. സര്‍ തന്ന് വിട്ടെങ്കില്‍ എന്‍റെ കയ്യില്‍ കൊണ്ട് തരണം. നീ ലീഡര്‍ അവാന്‍ നോക്കണ്ട”

രേഷ്മ അവളെ സൂക്ഷിച്ച് നോക്കി..
”കുളിക്കാത്ത ജന്മം”
ചല്ലി ബുക്ക് അവിടെ വച്ച് സീറ്റിലേക്ക് പോയി ഇരുന്നു. രേഷ്മ ബുക്ക് എടുത്ത് പേര് വിളിച്ചു. അനില്‍ മാത്യു
പുറകിലത്തെ ബഞ്ചില്‍ നിന്നും വെള്ളിക്കണ്ണുള്ള ഒരു സുന്ദരന്‍ ചെറുക്കന്‍ ഇറങ്ങി വന്നു. രണ്ട് ബട്ടന്‍സ് ഒക്കെ തുറന്ന് ഇട്ടിട്ടുണ്ട്. അവളുടെ കയ്യില്‍ നിന്നും ബുക്ക് വാങ്ങി. അവളെ നോക്കി…
”ഹോ…എന്ത് നാറ്റമാടി…പോയി കുളിക്കടി..കുളിനാറി..”
അവന്‍ മൂക്ക് പൊത്തി തിരിഞ്ഞ് നടന്നുപോയി. എല്ലാവരും ചിരിച്ചു..രേഷ്മ മേശപ്പുറത്തിരുന്ന ബുക്ക് ദേഷ്യത്തില്‍ തട്ടിത്തെറിപ്പിച്ചു.
സ്കൂള്‍ വിട്ട് പോകുമ്പോള്‍ സ്റ്റാഫ് റൂമിന് മുന്നില്‍ കൈകെട്ടി തലകുമ്പിട്ട് നില്‍ക്കുന്ന അനില്‍. ഞാന്‍ അവനെ നോക്കി നടന്നുപോയി. കൂട്ടം കൂടി വന്ന രേഷ്മയും കൂട്ടരും അവനെ നോക്കി ചിരിച്ചു. ഗേറ്റിന് പുറത്ത് മക്കളെ വിളിക്കാന്‍ അച്ഛനമമ്മമാരുടെ തിരക്കാണ്. ബാക്കിയുള്ളവരെ വരി വരിയായി വിടുന്ന അധ്യാപകര്‍. വരിതെറ്റിക്കാതെ പോകുന്ന കുട്ടികളും ചല്ലിയും. ഒരു ചെറിയ മുറുക്കാന്‍ കടയ്ക്ക് അടുത്തെത്തിയപ്പോള്‍ ഒരുമുഷിഞ്ഞ ഷര്‍ട്ടും കൈലിയും ഉടുത്ത ഒരാള്‍ അവിടെ നില്‍ക്കുന്നു. കഴുത്തില്‍ ഒരു തോര്‍ത്തും. വായില്‍ നിറഞ്ഞിരിക്കുന്ന മുറുക്കാന്‍. അയാള്‍ വേഗത്തില്‍ തലയാട്ടുന്നുണ്ട്. അതാണ് വേലുക്കുട്ടി. എന്‍റെ അച്ഛന്‍. അവിടെ നിന്ന് വേലു ഉറക്കെ ചീത്ത പറയുന്നുണ്ട്..
”പടക്ക്…പടക്കനെ അടിക്കും എല്ലാത്തിനെയും..പന്നികളെ..നോക്കി ചിരിക്കണ..നിന്‍റെ ഒക്കെ തന്തേനെ നോക്കി ചിരിക്കട..വെട്ടി കീറി അടുപ്പില്‍ വയ്ക്കും….പടക്ക്…പടക്കനെ അടിക്കും
നിന്നിടത്ത് നിന്നും ഞാന്‍ മുന്നിലേക്ക് ഓടി വിരിയില്‍ കയറി. എന്നിട്ട് തിരിഞ്ഞ് നോക്കാതെ നടന്നു. മുഖത്ത് ഒരു ഭയവും..

ഞാന്‍ അങ്ങനെയായിരുന്നു….അല്ല..അച്ഛന്‍ അങ്ങനെയായിരുന്നു എന്ന് വേണം പറയാന്‍. തെങ്ങുകയറ്റക്കാരനായ വേലുക്കുട്ടി ജീവിതത്തെ മുറുകെപ്പിടിച്ച് മുകളിലേക്ക് കയറിയെങ്കിലും ഒരു ദിവസം ഒരു കുല തേങ്ങയും കൊണ്ട് താഴെ പോന്നു. ആശുപത്രി…ചികിത്സ..കടം…പിന്നെ മൂത്ത തെറിവിളിക്കുന്ന തലയാട്ടുന്ന വട്ടും…..അച്ഛനെ കണ്ടപ്പോള്‍ ചല്ലി വരി തെറ്റിച്ചെങ്കിലും പിന്നെ തെറ്റിച്ചില്ല. നടന്നു പോകുമ്പോള്‍ ഇടയ്ക്ക് ഒന്ന് അറയ്ക്കും. അത് സൂസന്ന ടീച്ചറിന്‍റെ വീട്ടിലെ അല്‍സേഷ്യന്‍ പട്ടിയെ കാണാനാണ്. ഗേറ്റിന്‍റെ അഴിയിലൂടെ നോക്കും. ഒരു മിന്നായം പോലം കാണും. അവന്‍ കണ്ടാല്‍ ബാസിട്ട് കുരയ്ക്കും. ഒരു ഞെട്ട് ഞെട്ടി ഞാന്‍ നടത്തത്തിന്‍റെ വേഗം കൂട്ടും. ആ വരി തെറ്റി നടക്കാന്‍ ഞാന്‍ ശീലിച്ചത് എപ്പോഴായിരിക്കും..
ചല്ലി റോഡിന്‍റെ വശം ചേര്‍ന്ന് നടക്കുകയാണ്. ചുറ്റുമുള്ള കാഴ്ചകളിലാണ് ശ്രദ്ധ. ദൂരെ ഒരു ഓല മുടഞ്ഞ് കമ്പില്‍ ചാരി നിര്‍ത്തിയിരിക്കുന്നത് കാണാം. അവള്‍ അതിലേക്ക് അടുക്കും തോറും ചുറ്റിയല്‍ പാറയില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം. അവള്‍ അവിടെ എത്തി ഓല മറയുടെ ഓട്ടയില്‍ കൂടെ നോക്കി. അകത്ത് പാറ ചല്ലി ആക്കുന്ന എന്‍റെ അമ്മ സുഭദ്ര.
”ആഹാ..കണ്ണന്‍ വന്നോ…കണക്ക് സര്‍ വെരിഗുഡ് തന്നോ…”
”വെരിഗുഡ് ഒന്നും തന്നില്ല..പക്ഷെ മാര്‍ക്ക് തന്നിട്ട് എന്നെ നോക്കി ചിരിച്ചു.”
”ചിരിച്ചേ..ഉള്ളോ..അമ്മ തരാം വെരിഗുഡ്. മക്കള് അങ്ങേട്ട് ഇരിക്ക്..അമ്മയ്ക്ക് ഇപ്പോ കഴിയും..”
ചല്ലി ഒരു പാറയ്ക്ക് മുകളില്‍ കയറി ഇരുന്നു.
”അമ്മാ…നമ്മുടെ സോപ്പിന്‍റെ മണം ഒക്കെ പോയി. കുറച്ചുകൂടി മണം ഉള്ള വെളുക്കുന്ന സോപ്പ് വാങ്ങണം”
സുഭദ്ര ചിരിച്ചു
”ആ…എന്ത് പറ്റി ഇപ്പോ ഇങ്ങനെ ഒരു തോന്നല്‍”

”നമ്മടെ അവിടെ ഇരിക്കണ സോപ്പ് തേച്ചാല്‍ കുളിച്ചതായിട്ട് തോന്നൂല്ല അമ്മ”
” എന്‍റെ കണ്ണാ…”
സുഭദ്ര എന്നിട്ട് പൊട്ടി ചിരിച്ചു
”പിന്നെ അച്ഛന്‍ നായരെ കടയിലെ അവിടെ നിപ്പുണ്ട്”
”ആ..ഉച്ചയ്ക്ക് ഇവിടെ വിശക്കണ് എന്ന് പറഞ്ഞ് വന്നു. ഞാന്‍ കൊണ്ടു വന്ന ചോറ് എടുത്ത് കൊടുത്തു. രണ്ട് പിടി വാരിത്തിന്ന് ബാക്കി ദോ..ആ മണലില്‍ എറിഞ്ഞിട്ട് പോയി..”
ഞാന്‍ ആ മണലില്‍ ചിതറിക്കിടന്ന ചോറ് നോക്കിയിരുന്നു. എനിക്കും അമ്മയ്ക്കും ഒരുപോലെ വിശന്നിട്ടുണ്ടാകണം…അമ്മ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും. നല്ല കടുത്ത പണിയാണ് ചല്ലിയടി. എന്നെ എല്ലാവരും ചല്ലി എന്ന് ഇരട്ടപ്പേര് വിളിക്കുമ്പോള്‍ ഞാന്‍ ആലോചിക്കും ഇവരെക്കൊണ്ട് ഇതൊക്കെ പറ്റോ എന്ന്. സയന്‍സിന് മുഴുവന്‍ മാര്‍ക്കും വാങ്ങിയ എനിക്ക് ശോഭന ടീച്ചര്‍ കൈ തന്നു. ആ കൈ ഞാന്‍ കുറെ നേരം പിടിച്ചു നിന്നു.
രാത്രി പായയില്‍ കിടന്ന ചല്ലി അമ്മയുടെ കൈ മുറുകെ പിടിച്ചു കിടന്നു.
”അമ്മാ…അമ്മേട കൈ എന്താ ഇത്രയ്ക്ക് കട്ടി…ശോഭന ടീച്ചറിന്‍റെ കൈ പഞ്ഞിപോലയാ ഇരിക്കണേ..ക്രീം ഒക്കെ തേക്കണുണ്ടാകും അല്ലേ…”
”അമ്മയും തേക്കാറുണ്ടല്ലോ…..”
”എന്ത്…”
”അമ്മേട ക്രീം പാറപ്പൊടിയാണ്…”
”പോ അമ്മ…എന്നാലും അമ്മേട കൈ സൂപ്പറ…”
”മതി…മതി…കിടന്നുറങ്ങ്..”

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!