ചല്ലി

അദ്ധ്യായം 4

ഓലയ്ക്കാലില്‍ ചൂല് ഉണ്ടാക്കുന്ന സുഭദ്ര. അടുത്ത് കൈയ്യില്‍ ഓലയ്ക്കാലിലെ പാമ്പുമായി ഇരിക്കുന്ന ചല്ലി
”അമ്മേ ഡാന്‍സിനൊക്കെ നിന്ന പുതിയ ഉടുപ്പൊക്കെ വാങ്ങിക്കണ്ടേ..?”
”അത് സാരല്ല..നമുക്ക് വാങ്ങിക്കാം. മോള് ചേര്”
”സാഹിബിന്‍റെ അടുത്ത് പോയി പൈസ വാങ്ങാനാണെങ്കില്‍ ഞാന്‍ ചേരൂല്ല.”
”അല്ല കണ്ണാ..അമ്മേട കൈയ്യില്‍ പൈസയുണ്ട്. എന്‍റെ മോള് നന്നായി കളിക്ക്.”
ഇരുട്ട് മുറില്‍ എനിക്കായി സൂര്യന്‍ പ്രകാശം തന്നു. കതകടച്ച് പാട്ടുപാടി ഞാന്‍ കളിച്ചു. ഈ സ്വഭാവത്തിന് ഒരുമാറ്റവും ഉണ്ടായിട്ടില്ല. കാലങ്ങള്‍ക്ക് ഇപ്പുറവും എന്‍റെ ചവടുകള്‍ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. പുറത്തുനിന്നവര്‍ എന്‍റെ കാല്‍പാദങ്ങളുടെ അമര്‍ത്തിയുള്ള താളം മാത്രമേ കേട്ടിട്ടുള്ളു. കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ അങ്ങനെ തന്നെ കിടക്കട്ടെ എന്ന് തീരുമാനിച്ചത് തന്നെയാണ്.
സ്റ്റേജില്‍ കുറെ പെണ്‍കുട്ടികള്‍. ശോഭന ടീച്ചറും രാധിക ടീച്ചറും ഉണ്ട്. ആ കൂട്ടത്തില്‍ ഞാനും. ടീച്ചര്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുതരുകയാണ്.
”നമുക്ക് പഠിച്ചതുവരെ നോക്കാം..”
”ഇപ്പോ എത്ര പേരുണ്ട്..ആറ് പേര് കയറി നില്‍ക്ക്. ഫാത്തിമ മോളെ അങ്ങോട്ട് നിന്നോ. ബാക്കി എല്ലാവരും അവരവരുടെ സ്ഥാനത്ത് വാ.”
റോഡിയോയില്‍ കാസറ്റ് ഇട്ടു. എല്ലാവരും നന്നായി കളിച്ചു. ചല്ലി അതിമനോഹരമായും. രാധിക ടീച്ചര്‍ ശോഭന ടീച്ചറിനോട്,
”ഒരു പ്രശ്നം ഉണ്ട് ടീച്ചറേ”
”എന്താ ടീച്ചറേ”
”ബാക്കി എല്ലാവരും മേക്കപ്പും ഡ്രസ്സും വരുമ്പോള്‍ നല്ല ഫെയര്‍ ആയിരിക്കും..പക്ഷെ.”
പക്ഷെ എന്താ..ഫാത്തിമയുടെ റിസേര്‍വ് കസേര എനിക്ക് കിട്ടി. ആ ആറംഗ സംഘം നല്ല വെളുത്ത സുന്ദരി കുട്ടികള്‍. കുറുത്ത ചല്ലി ഔട്ട്. കരയാതിരിക്കാന്‍ ഞാന്‍ കസേരയില്‍ മുറുക്കെ പിടിച്ചു. കരയരുതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. കറുത്ത ബോര്‍ഡ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അത് ദൈവത്തിന് തുല്യമാണെന്ന് പറഞ്ഞ് പഠിപ്പിച്ച രാധിക ടീച്ചറിന്‍റെ മുഖത്ത് ഞാന്‍ നോക്കിയിരുന്നു. കളിച്ച് കൈയ്യടി വാങ്ങി ആറ് പേരും പിരിഞ്ഞപ്പോള്‍ രേഷ്മ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ശോഭന ടീച്ചറിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചേന്നു.
”ടീച്ചറേ…”
”പറ മോളെ”
”ടീച്ചറെ..അമ്മ ഡാന്‍സിന് ഉടുപ്പ് വാങ്ങി തരാമെന്ന് പറഞ്ഞിട്ടുണ്ട്.”
”ആണോ..വെരിഗുഡ്. മോളെ ആ ടേപ്പ് റിക്കോഡര്‍ സൂക്ഷിച്ച് എടുത്ത് എന്‍റെ കൂടെ വാ”
ഞാന്‍ അതും എടുത്ത് ടീച്ചറിന്‍റെ കൂടെപോയി. സ്റ്റാഫ് റൂമിലെത്തി ടീച്ചര്‍ അത് വാങ്ങി അലമാരയില്‍ വച്ചു.
”ശരി..മോള് പോക്കോ..”
”ടീച്ചറേ…എനിക്ക് കളിക്കാന്‍ പറ്റോ?”
”ഇപ്പോ ആറ് പേരില്ലെ..അതില്‍ ഒരാള് മാറിയാല്‍ മോള്..പോക്കോ”
ടീച്ചര്‍ വളരെ ലാളിത്യത്തോടെയാണ് അത് പറഞ്ഞത്. പക്ഷെ തിരിഞ്ഞ് നടന്നപ്പോള്‍ ഉള്ള് കത്തി ദേഹം എരിയുന്ന പോലെ ആയിരുന്നു. ഇന്ന് അത് ഞാന്‍ തിരിച്ചറിയുന്നു.
ക്ലാസ്സിലേക്ക് കയറിച്ചെന്ന ചല്ലി. പോയി സീറ്റില്‍ ഇരുന്നു. ഇരുണ്ട മനസ്സ് മുഖത്ത് തെളിഞ്ഞിരുന്നു. അത് മറയ്ക്കാന്‍ തല കുമ്പിട്ട് ഇരുന്നു. പെട്ടെന്ന് അടുത്ത് നിന്ന് ഒരു ആണ്‍ ശബ്ദം. ഞെട്ടി തലപൊക്കി. അനില്‍ ആണ്.
”നീ പഠിച്ചിട്ടുണ്ടോ…”
”എന്ത്”
”നീ ഡാന്‍സ് പഠിച്ചിട്ടുണ്ടോ എന്ന്?”
”ഇല്ല”
”ആ..അവിടെ കളിച്ചതില്‍ ഇത്തിരി വൃത്തിയായിട്ട് കളിച്ചത് നീയാ.”
മുന്നിലിരുന്ന രേഷ്മ പെട്ടെന്ന് തിരിഞ്ഞു നോക്കി. ചല്ലി അവനെ നോക്കി ഇരുന്നു. അവന്‍ തിരിഞ്ഞ് നടന്നു. രേഷ്മയുടെ ഡസ്കില്‍ ഇരുന്ന ഇന്‍സ്ട്രമെന്‍റ് ബോക്സ് തട്ടി തറയില്‍ ഇട്ട് അനില്‍ പുറകിലേയ്ക്ക് പോയി.

പിന്നെയുള്ള റിഹേഴ്സലുകള്‍ക്ക് എന്നെ ആരും വിളിക്കാതായി. സ്റ്റേജിന്‍റെ ഒരു വശത്ത് പ്രാക്ടീസ് കാണാന്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും. ഒരു ദിവസം ആ കൂട്ടത്തെ ടീച്ചര്‍ ഓടിച്ച് വിട്ടു. എന്നിട്ട് ഒരു തടി സ്ക്രീന്‍ എടുത്ത് മറച്ചുവച്ചു. അമ്മ കഷ്ടപ്പെട്ട പൈസ വെറുതെ ഡാന്‍സിന് ഉടുപ്പ് വാങ്ങി കളയണ്ടല്ലോ എന്ന് സ്വയം ആശ്വസിച്ച് ഞാന്‍ തിരിഞ്ഞ് നടന്നു.
ജോലി കഴിഞ്ഞ് സുഭദ്രയും സ്കൂള്‍ വിട്ട് ചല്ലിയും വരമ്പ് വഴി നടക്കുകയാണ്.
”അമ്മ”
”ഓ”
”അമ്മ ഞാന്‍ ഡാന്‍സിനൊന്നും ചേരണില്ല.”
”അതെന്താ”
”പ്രാക്ടീസ് എന്നൊക്കെ പറഞ്ഞ് കുറേ ക്ലാസ് പോകും. എനിക്ക് വയ്യ”
”അതാണോ കാര്യം. അതോ ഉടുപ്പ് വാങ്ങുന്ന കാര്യം ആലോചിച്ചിട്ടാണോ?”
”അതല്ല അമ്മ. ക്ലാസ്സ് കളഞ്ഞ് ഒന്നും വേണ്ട”
എന്‍റെ ജീവിതത്തിന്‍റെ താളം അവിടെ നിന്നാണ് ശരിക്കും ആരംഭിച്ചത്. എന്‍റെ വിഷമങ്ങളെ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ ഞാന്‍ ഒരു കാലത്തും ശ്രമിച്ചിരുന്നില്ല. അന്ന് രാത്രി 200 പേജുള്ള മലയാളം ബുക്കിന്‍റെ പുറകിലത്തെ പേജില്‍ ഞാന്‍ ഒരു കഥയെഴുതി. വെള്ളിക്കണ്ണുള്ള രാജകുമാരന്‍റെ കഥ. കറുത്ത കുപ്പായമിട്ട പാലിന്‍റെ നിറമുള്ള വെള്ളിക്കണ്ണുള്ള രാജകുമാരന്‍.

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!