മനസ്സിലെ മഞ്ഞുതുള്ളി (ചെറുകഥ)

“ഇതെന്താ ഈ പാതിരാത്രി, ഒരു മുന്നറിയിപ്പുമില്ലാതെ.”
വാതിലിനപ്പുറം ബാഗും തോളിലിട്ട് നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ശ്യാമിനെ നോക്കി അവൾ പകച്ചു.
“എനിക്കിപ്പോ നിന്നെ കാണണമെന്ന് തോന്നി. ഞാനിങ്ങു പോന്നു”
“അങ്ങനെ ചാടിയിറങ്ങി പോരാൻ പറ്റിയ പ്രായം തന്നെ.”
“വയസ്സ് എന്നത് വെറും നമ്പർ മാത്രമാണെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. പ്രണയത്തിന്റെ കാര്യത്തിൽ അത് നൂറു ശതമാനം സത്യവുമാണ് “
“എന്നാലും ഒന്ന് വിളിക്കായിരുന്നില്ലേ.എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കുമായിരുന്നുലോ ഞാൻ. ഇതിപ്പോ ഈ നേരത്ത് എന്താ ചെയ്യാ??”
“എനിക്കൊന്നും വേണ്ടടി. നിന്നെ കെട്ടിപ്പിടിച്ചു കുറെ ഉറങ്ങണം. യാതൊരു ടെൻഷനുകളുമില്ലാതെ. എല്ലാം മറന്ന്.”
“ഉം..വരൂ.
അവന്റെ കയ്യിൽ തൊട്ടപ്പോൾ കടുത്ത പനിയുടെ തീച്ചൂട് അവളിലേക്കും പടർന്നു കയറി.
“അയ്യോ, നന്നായി പനിക്കുന്നല്ലോ. ഇതും വെച്ചാണോ ഇത്രയും ദൂരം യാത്ര ചെയ്തേ. സുഖമില്ലെങ്കിൽ വീട്ടിലേക്ക് പോകായിരുന്നില്ലേ. അതല്ലായിരുന്നോ എളുപ്പം.??
“നിന്നിൽ നിന്നും കിട്ടുന്നതൊന്നും അവിടുന്ന് കിട്ടില്ലന്ന് നിനക്കറിയില്ലേ.അവിടെയുള്ളവർക്ക് വേണ്ടത് എന്റെ ചോര നീരാക്കി ഞാനുണ്ടാക്കുന്ന പണം മാത്രം. അത് നിന്നു പോയാൽ അന്ന് ഞാൻ വെറും തെണ്ടിയായി തെരുവിലിറങ്ങേണ്ടി വരും ഒരുപക്ഷെ….ഞാൻ ആഗ്രഹിക്കുന്നതെല്ലാം തരാൻ നിനക്കെ കഴിയൂ എന്നെനിക്കറിയുമ്പോലെ മറ്റാർക്കറിയാം?”
“എന്നാലും നമ്മുടെയീ സ്നേഹം ആരും അംഗീകരിച്ചു തരില്ലല്ലോ ശ്യാം. അവരുടെ കണ്ണിൽ നമ്മൾ തെറ്റുകൾ മാത്രം ചെയ്യുന്നു”

“നമുക്ക് ഹിതമായത് ചെയ്യാൻ ആരുടേയും അനുവാദം വേണ്ടടീ. സമൂഹത്തിനു മുന്നിൽ നമ്മുടെ ഹിതം അവിഹിതമാണ്.എന്നിരുന്നാലും,സ്വന്തം പ്രണയം പരിപാവനമെന്നും അന്യന്റേതു വെറും കാമം തീർക്കൽ മാത്രമാണെന്നും ചിന്തിക്കുന്ന സമൂഹത്തിനോട്‌ മറുപടി പറയേണ്ട യാതൊരാവശ്യവും നമുക്കില്ല. പോകാൻ പറ. വർഷങ്ങൾക്ക് മുന്നേ ഹോംനഴ്സ് എന്ന ലേബലും ചാർത്തി എന്റെ ജീവിതത്തിലേക്ക് കയറി വന്ന നീ, തിരിച്ചു പോകുമ്പോഴേക്കും നിന്റെ മനസ്സ് എന്നെ ഏല്പിച്ചിട്ട് പോകുമെന്ന് ഞാനോ എന്റെ പ്രാണൻ ഞാൻ നിന്നിലർപ്പിക്കുമെന്ന് നീയോ വിചാരിച്ചിരുന്നോ. ദൈവം നമ്മളെ കൂട്ടിമുട്ടിച്ചത് വെറുതെയല്ലെടി. എല്ലാരുമുണ്ടായിട്ടും ആരുമില്ലാതെ പോയ നമുക്കും വേണ്ടേ നമ്മുടേതായ ഇത്തിരി സന്തോഷം.സ്വന്തമാക്കാതെ തന്നെ പ്രാണനെപ്പോലെ സ്നേഹിക്കാൻ കഴിയുമെന്ന് നമ്മൾ തിരിച്ചറിഞ്ഞില്ലേ.
ഒരുപക്ഷെ അന്ന് നിന്റെ പരിചരണം വെറും ഡ്യൂട്ടി തീർക്കൽ മാത്രമായിരുന്നെങ്കിൽ ഇന്ന് ശ്യാം മോഹൻ ഇതുപോലെ നിന്റെ മുന്നിലിങ്ങനെ നിവർന്നു നിൽക്കില്ലായിരുന്നു.
ലേഖക്ക് ബന്ധുക്കൾക്കുമുന്നിൽ പതം പറഞ്ഞു കള്ളക്കണ്ണീരൊലിപ്പിക്കാൻ വെറുമൊരു ഫോട്ടോയായി ചുവരിലിരുന്നേനെ.”
“മതി..ഇനിയോരോന്നു പറഞ്ഞു മനസ്സ് കലങ്ങണ്ട.എന്തായാലും ഒന്ന് കുളിച്ചോളു. ഞാനിത്തിരി വെള്ളം ചൂടാക്കാം. എന്നിട്ടു മരുന്നും കഴിച്ചു കിടന്നോളു. ഉണരുമ്പോഴേക്കും പനിയൊക്കെ പമ്പ കടക്കും. എന്തായാലും വന്നില്ലേ രണ്ടു ദിവസം ലീവെടുത്തു വിശ്രമിക്ക്. സുഖായിട്ട് പോയാ മതി “
“ഒരു പനി വന്നപ്പോഴേക്കും ലീവെടുത്തു ഇങ്ങു പോന്നോ.. അവിടെയിരുന്നു മരുന്ന് കഴിച്ചാലും മാറില്ലേ. വെറുതെ ഓരോ കാരണം ഉണ്ടാക്കി ലീവെടുത്തോ.”
ലേഖയുടെ അലർച്ച അയാളുടെ കാതുകളിൽ മുഴങ്ങി.
ഇതാണ് നീയും അവളും തമ്മിലുള്ള വ്യത്യാസം എന്നയാൾ മസ്സിലോർത്തു.
“പിന്നേ… ചൂട് വെള്ളം മാത്രം പോരാട്ടോ നല്ലപോലെ മുതുകൊക്കെ തേച്ച് നീ തന്നെയങ്ങു കുളിപ്പിക്കേം വേണം “
അടുക്കളയിലേക്ക് നടക്കുന്ന അവളെ നോക്കി അയാൾ വിളിച്ചു പറഞ്ഞു.
“നോക്കണേ, നട്ടപ്പാതിരാക്കു ഓരോ കിന്നാരം”
ചിരിയോടെ അവൾ സ്റ്റവ് കത്തിച്ച് വെള്ളം എടുത്തു വെക്കുമ്പോഴേക്കും അവളുടെ ഫോൺ അലാറം മുഴക്കി തുടങ്ങി.
ഒരു നിമിഷം, താൻ എന്താ ചെയ്യുന്നേ, ആരോടാ ഇതുവരെ സംസാരിച്ചേ എന്ന ആകുലതയോടെ അവൾ ചുറ്റും നോക്കി.
ഇന്ന് പുതിയ വീട്ടിലാണ് ഡ്യൂട്ടി. നേരത്തെ ഇറങ്ങണം എന്ന ടെസ്സ സിസ്റ്ററിന്റെ കാൾ വന്നപ്പോൾ സെറ്റ് ചെയ്തു വെച്ചതായിരുന്നല്ലോ അഞ്ചരക്കുള്ള അലാറം എന്നവൾക്കോർമ്മ വന്നു.
ഇതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നെന്ന തിരിച്ചറിവിൽ അവൾ മുഖംപൊത്തി ഏങ്ങിയേങ്ങിക്കരഞ്ഞു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വാട്ട്സാപ്പിൽ വന്ന മെസ്സേജ് അവളോർത്തു.
“അച്ചൂ, നല്ല പനിയാടി. തീരെ വയ്യ”
കണ്ണുനീർ പെരുമഴയായി പെയ്തു നിറയുമ്പോൾ, ദൂരെ ഒരുപാട് ദൂരെ അയാളും ഇതേ സ്വപ്നം കാണുകയായിരുന്നു. പൊള്ളുന്ന പനിച്ചൂടിൽ.

സിന്ധു മനോജ്

error: Content is protected !!