അദ്ധ്യായം 9
സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍ എന്നെ എത്തിച്ചത് മുകളില്‍ ചിരിച്ചു നിന്ന വാകച്ചോപ്പിലേക്കാണ്.
‘ഈ നിറം അവന്‍ എന്‍റെ നെറ്റിയില്‍ പടര്‍ത്താന്‍ ഇഷ്ടപ്പെടുന്നു.’
ആഴങ്ങളിലെ അര്‍ത്ഥതലങ്ങളെ തൊട്ട് ഞാന്‍ മതിമറന്നു നിന്നു.
അംബിക ചേച്ചിയുടെ കടയിലെ ചാന്തിന് വാകച്ചോപ്പിന്‍റെ നിറം വന്നില്ല. എന്നാലും വട്ടത്തിനിട്ട ചാന്തിലെ എന്‍റെ മുഖം അവന്‍റെ കണ്ണുകള്‍ പോലെ തിളങ്ങിയതായി എനിക്ക് തോന്നി. അമ്മ എന്നെ നോക്കി ചിരിച്ച് പണിസാധനങ്ങളുമായി ഇറങ്ങിപോയി.
തണല്‍ വിരിച്ച കോളേജ് വഴിയിലൂടെ നടന്ന് മുകളിലേക്ക് കയറിയപ്പോള്‍ ഞാന്‍ പിതിവില്ലാതെ എല്ലാവരെയും നോക്കി. ചിലര്‍ ചിരിച്ചു…ചിലര്‍ നോക്കി…ചിലര്‍ കണ്ടഭാവം നടിച്ചില്ല. ആരെങ്കിലും എന്‍റെ നെറ്റിയിലെ നിറം മാറ്റം ചോദിക്കുമെന്ന് കരുതി. ആരും ചോദിച്ചില്ല. ക്ലാസ് എത്തുമ്പോള്‍ എന്തായാലും നിമ്മിയും സജ്നയും ഞെട്ടും. അവന് ആറ് ദിവസം സസ്പെന്‍ഷനാണ്. കോളേജിന് അകത്തേക്ക് വരാന്‍ പറ്റില്ല. പള്ളിക്ക് മുന്നിലെ മതില്‍ ചാടി കുരുത്തന്‍കെട്ടവന്‍ എന്തായാലും ഗ്രൌണ്ടിലെത്തും. എങ്ങനെയായാലും എത്തിയാല്‍ മതി. വെള്ളിക്കണ്ണന് വാകച്ചോപ്പ് കാണണ്ടെ…ഉള്ളില്‍ കുടുകുടെ ചിരിച്ചു. നടന്നു പോകുന്ന വഴിയില്‍ ഗ്രൌണ്ടിലെ അടച്ചിട്ടിരിക്കുന്ന വലിയ ഗേറ്റിന്‍റെ ഇടയിലൂടെ നോക്കി. ആരും വന്നിട്ടില്ല..അല്ല അവന്‍ വന്നിട്ടില്ല…
കോളേജിലേക്ക് വന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ മുതല്‍ പേടിമാറി ഞാന്‍ ചുറ്റും കണ്ണ് തുറന്ന് നോക്കാന്‍ തുടങ്ങിയിരുന്നു. കോളേജിലെ ആദ്യദിനം അടുത്ത് വന്നിരുന്ന നിമ്മിയും സജ്നയും പ്രിയപ്പെട്ടവരായി മാറിയത് വളരെ പെട്ടന്നായിരുന്നു. ഒരുമിച്ച് ഉണ്ടും..കളിപറഞ്ഞും..ചിരിച്ചും അങ്ങനെ..
ചേട്ടന്‍മാര്‍ക്ക് ബൈക്കുകളുണ്ട്. കയറി വരുമ്പോള്‍ ഞങ്ങളെ കടന്ന് അവ വേഗത്തില്‍ പോകാറുണ്ട്. പലതിലും പെണ്‍കുട്ടികളെയും കാണാം. അതൊക്കെ അവരുടെ പ്രണയങ്ങളായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. കൂട്ടുകാര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ പ്രണയം എറിഞ്ഞ ചില നോട്ടങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിന് വല്ലാത്തൊരും സൌന്ദര്യമാണ്. മരച്ചുവടുകളിലെ തണലില്‍ കൈപിടിച്ചിരിക്കുന്നവര്‍, ആളൊഴിഞ്ഞ ക്ലാസ്റൂമില്‍ ഇരുട്ടിന്‍റെ മറപറ്റിയിരിക്കുന്നവര്‍, വിശേഷ ദിവസങ്ങളില്‍ ഒരേ കളര്‍ ഉടുപ്പിട്ട് വരുന്നവര്‍. ഇതെല്ലാം ഞാന്‍ കണ്ടു. എന്‍റെ വികാരം എന്തായിരുന്നു? ഞാന്‍ ആഗ്രഹിച്ചിരുന്നോ? മുഖത്തേക്ക് ഒരു കണ്ണാടി പിടിക്കേണ്ട താമസം, ഉത്തരം കിട്ടുമായിരുന്നു. അത് അപകര്‍ഷതാബോധം മാത്രമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.
ഞാനും നിമ്മിയും സജ്നയും കൂടി ക്വാന്‍റീനിലേക്ക് പോകും വഴിയാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു സീനിയര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി. റാം മോഹന്‍, ഞങ്ങളുടെ ഒരു വര്‍ഷം സീനിയര്‍. അധികാരത്തോടെ തടഞ്ഞ് നിര്‍ത്തി ഞങ്ങളെ മൂന്നാളെയും ഒന്ന് നോക്കി. തടഞ്ഞ് നിര്‍ത്തിയ അതേ അധികാരത്തോടെ നിമ്മിയെ വിളിച്ച് കൊണ്ട് പോയി. ഇന്നും പേടിച്ച് ചുമന്ന അവളുടെ മുഖം എന്‍റെ കണ്ണിലുണ്ട്. ഞങ്ങള്‍ ത്രയങ്ങള്‍ മുറിഞ്ഞ് രണ്ടായി. ഒഴിവു സമയങ്ങളിലെ കളിചിരികളില്‍ എന്‍റെ വലത് വശത്ത് നിമ്മി ഇല്ലാതായി. ഇടനാഴിയിലെ ജനല്‍ പടികളിലും വായനമുറിയിലും സ്റ്റോണ്‍ ബഞ്ചിലും അവരെ ഞാന്‍ കണ്ടു. സജ്ന അവളെപ്പറ്റി എന്നോട് കുറെ പരാതികള്‍ പറയും.
”ഒരുത്തനെ കിട്ടിയപ്പോള്‍ നമ്മളെ വേണ്ട. വരും..അപ്പോ കാണിച്ച് കൊടുക്കാം.”
എനിക്ക് നിമ്മിയോട് ദേഷ്യം തോന്നിയില്ല. ഭാഗ്യവതിയാണ് അവള്‍
മലയാളം മൂന്നാം വര്‍ഷം പഠിക്കുന്ന ഷിയാസ് ചേട്ടന്‍. ഒരു ദിവസം എന്നെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി. എന്നെ മാറ്റി നിര്‍ത്തി സംസാരിച്ചു. ഇത് കണ്ട ചേട്ടന്‍റെ കൂട്ടുകാര്‍ അര്‍ത്ഥം വച്ച് പാടുകയും കളിയാക്കുകയും ചെയ്തു. എന്നോട് ഷിയാസ് പ്രണയം പറഞ്ഞു. പ്രണയത്തിലെ ഷാജഹാന്‍ ഷിയാസും മുംതാസ് സജ്നയും. അവളെപ്പറ്റി എന്നോട് കുറെ ചോദിച്ചു. അറിയാവുന്നത് പറഞ്ഞു. സജ്നയോട് ഷിയാസ് കാര്യം അവതരിപ്പിച്ചപ്പോള്‍ അവള്‍ കണ്ണും പൂട്ടി എതിര്‍ത്തു.
”ഇല്ല..ചേട്ടാ…അത് നടക്കൂല്ല…” തറപ്പിച്ച് പറഞ്ഞു
ഷിയാസിന്‍റെ മുഖം കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയെങ്കിലും അവളുടെ വാക്കുകള്‍ എനിക്ക് ആശ്വാസവും സന്തോഷവുമായിരുന്നു.
കമിതാക്കള്‍ കൈയ്യടക്കാത്ത ഒരു മരത്തിന്‍റെ ചുവട്ടില്‍ നഷ്ടപ്പെട്ട നീലംബരിയുമായി ഞാന്‍. വായിച്ചിരുന്നപ്പോഴാണ് പരിചിതമായ ബൈക്കിന്‍റെ ശബ്ദം കേട്ടത്. അത് ആരായിരിക്കും എന്ന് എനിക്ക് കൃത്യമായി അറിയാം. എന്നാലും ഒന്ന് എത്തി നോക്കി. ഷിയാസും സജ്നയും പുറത്തേക്ക് പോകുകയാണ്. ആ സമയം കണ്ണില്‍ ഉടക്കിനിന്ന വരി ഇതാണ്.
‘നീ മീനും ഇറച്ചിയും തിന്നുന്നവളല്ലേ?. നിനക്ക് സംഗീതത്തില്‍ നൈപുണ്യം നേടുവാന്‍ ഒരിക്കലും കഴിയുകയില്ല. ഇറച്ചി തിന്നുന്ന വായ ഒരിക്കലും കീര്‍ത്തനങ്ങള്‍ക്ക് വഴങ്ങുകയില്ല.’
അത് ഞാന്‍ എന്‍റെ കണ്ണിലൂടെ വായിച്ചു. കറുപ്പില്‍ കൂട്ടിമുട്ടിച്ചു. പ്രണയത്തിന്‍റെ അതിവേഗപ്പാച്ചിലില്‍ ഷിയാസും സജ്നയും ചേര്‍ന്നിരുന്നപ്പോള്‍ ആ വരികള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.
‘നീ കറുത്തവളല്ലെ..? നിനക്ക് പ്രണയിക്കാനും പ്രണയം നേടാനും ഒരിക്കലും കഴിയുകയില്ല!’
ഷിയാസിന്‍റെ മുഖത്ത് നോക്കി ഇല്ലാ എന്ന് ഉറക്കെ പറഞ്ഞ സജ്ന എത്ര പെട്ടെന്നാണ് അവനിലേക്ക് അലിഞ്ഞത്. പ്രണയം അറിഞ്ഞിട്ടില്ലെങ്കിലും അത് അത്ഭുത പ്രതിഭാസമാണെന്ന് തോന്നിയിട്ടുണ്ട്. മഹാശിലകളെ പോലും ഉരുക്കുന്ന മാന്ത്രികത പ്രണയത്തിനുണ്ട്. ഇല്ലാ…എന്ന വാക്കില്‍ നിന്നും നീയെന്‍റെ എല്ലാമാണെന്ന് പറഞ്ഞുവയ്ക്കുന്ന പ്രണയമേ നിന്നെ വായിച്ചെടുക്കാനും പകര്‍ത്താനും കാവ്യങ്ങളത് പോരാ…
ഇതെല്ലാം ഓര്‍ത്താണ് സ്റ്റോണ്‍ ബഞ്ചില്‍ ഇരുന്നത്. ആദ്യ പിരീഡ് കയറിയില്ല. വെള്ളിക്കണ്ണനെ കാണണം. നെറ്റിയിലെ അവന്‍റെ ഇഷ്ടം കാണിക്കണം. നക്ഷത്രങ്ങളെ കൈയ്യില്‍ തന്ന് ചിരിച്ച് പറന്നുപോയ രാജകുമാരന്‍ എന്നിലേക്ക് തിരിച്ചുവരുന്നു. 7 ബിയിലെ ചല്ലി അന്നത്തെ വെള്ളിക്കണ്ണനെ ഒരുപാട് ആരാധിച്ചിരുന്നു. കാരണം, വിരളമായ എന്‍റെ ചിരികളില്‍ ഒന്ന് അവനായിരുന്നു. കാത്തിരിപ്പിന് നീളം കൂടി. അവനെ കാണാത്ത ദിനങ്ങളായിരുന്നു കടന്നു പോയത്.
(തുടരും..)
അനൂപ് മോഹൻ