സ്പർശം

ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്‌. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട്‌ മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട്‌ ഉടയവൻ പോലുമറിതെ‌ ഉടഞ്ഞുപോകുന്ന ഉയിരുകൾ.
ഘടികാരം നിലച്ച പുരുഷന്മാരുടെയും, കരിപുരണ്ട കലങ്ങളായിപ്പോയ സ്ത്രീകളുടെയും പ്രാണൻ വല്ലപ്പോഴുമൊക്കെ ഒരു ചുംബനമാഗ്രഹിക്കൂന്നുണ്ട്‌. ആ ചുംബനത്തിന് ചിലപ്പോൾ പാത്രത്തിലെ കരിയിളക്കാനായേക്കാം, ഘടികാരത്തിൻറെ പെന്റുലം വീണ്ടും ഒന്നാടിത്തുടങ്ങിയേക്കാം.
അപ്പന്റെ നെഞ്ചിടിപ്പിന്റെ താളം കേട്ടുവളരാൻ മക്കൾ ആഗ്രഹിക്കാറുണ്ട്‌. ആ നെഞ്ചിടിപ്പ്‌ അവരുടെ ജീവിതവും സജലമാക്കിയേക്കാം.
ചുറ്റുമുള്ളവരെ തൊട്ടു ചുംബിക്കാനാണ് കരങ്ങൾ. ശരീരം മുഴുവൻ ആഴ്ന്നിറങ്ങുന്ന ആത്മചുംബനകളാകണമെന്നില്ല; മറിച്ച്, പ്രാണനെ തണുപ്പിക്കുന്ന ഒരു വിരൽസ്പർശം മതി.. തൊടിയിലെ പൂക്കൾപോലും മനുഷ്യസ്പർശമാഗ്രഹിക്കുന്നുണ്ട്‌. ആ തലോടലാവും അതിന്റെ പരിമളത്തിലിത്തിരി കർപ്പൂരം കലർത്തുന്നത്. മറ്റൊരു ജന്മത്തിനായ് കാത്തിരിക്കാതെ, ഈശ്വരൻ ഭൂമിയിൽ വിതറിയിട്ടിരിക്കുന്ന ശിവരൂപമാകാൻ കൊതിച്ച ശിലകളെ മനുഷ്യർ കാണുന്നില്ല. തലോടൽ കൊണ്ടും ആലിംഗനം കൊണ്ടും ശിലയെ ശിവരൂപമാക്കാൻ കലക്കു മാത്രമല്ല കരുണയ്ക്കുമാകും.
ഹൃദയം ഹൃദയത്തെ തൊട്ടാൽ സംഭവിക്കാത്ത എന്തത്ഭുതമാണ് ഈ ലോകത്തുള്ളത്..

റോബിൻ കുര്യൻ

error: Content is protected !!