ചല്ലി

അദ്ധ്യായം 10

കാലത്തിന്‍റെ കാവ്യ നീതി എന്ന് പറയും പോലെ കാലത്തിന് ഒരു പ്രണയനീതിയും ഉണ്ടാകും. ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖത്ത് നോക്കി ചിരിച്ചു. അവന്‍റെ ചിരിക്ക് വല്ലൊത്തു സൗന്ദര്യം.
”ആഹാ…ചെവലപ്പൊട്ട് കൊള്ളാല്ലോ…”
ശരീരം ഒന്നാകെ തണുത്തു. പൊട്ട് അവന് ഇഷ്ടമായി. അത് അവന്‍റെ നോട്ടത്തില്‍ ഉണ്ടായിരുന്നു. എവിടെ ആയിരുന്നു ഇത്രേം ദിവസം എന്ന് ചോദിക്കാന്‍ വന്നപ്പോഴെക്കും എന്‍റെ പുറകില്‍ നിന്നും ഒരു വിളി.
”ഡാ.. നിന്നോട് അങ്ങോട്ട് വരാനല്ലെ ഞാന്‍ പറഞ്ഞത്”
അവള്‍ വന്ന് അവന്‍റെ കൈയ്യില്‍ പിടിച്ച് എന്നെ നോക്കി. ചുണ്ടില്‍ നിന്നും തിരികെ പോകാന്‍ വെമ്പുന്ന ചിരിയെ ഞാന്‍ പിടിച്ച് നിര്‍ത്തി. അവന്‍ എന്നോട്,
”ഡീ…ഇതാണ് അനു. എന്‍റെ ക്ലാസ്സില…”
അവന്‍ അനുവിന് എന്നെ പരിചയപ്പെടുത്താന്‍ ഒരുങ്ങി. അതിനിടയ്ക്ക് അവള്‍ സംസാരിച്ചു തുടങ്ങി
”ചല്ലി അല്ലെ…എനിക്ക് എറിയാം…”
ഞാന്‍ അവളെ നോക്കി ചിരിച്ചു. അവന്‍ അവളെ രൂക്ഷമായി നോക്കി.
ശരി ഡി..കാണാം എന്ന് പറഞ്ഞ് അവനും അവളും സ്റ്റോണ്‍ ബഞ്ചിലേക്ക് പോയി.
വാകമരത്തിലെ ചിരിക്കുന്ന പൂക്കളല്ല ചല്ലി നിന്‍റേതെന്ന് ഞാന്‍ എന്നോട് പറഞ്ഞു. തണുത്ത തറയില്‍ മരിച്ച് മരവിച്ച് കിടന്ന വാകപ്പൂക്കളെ ഞാന്‍ ചിവിട്ടി നിന്നു. എന്‍റെ കാഴ്ചകള്‍ എത്തിയതും മധുരം തൊടുന്ന ചിരി നല്‍കിയതും ഇതളിറ്റു വീഴാത്ത പൂക്കളോടും. ഉള്ളു പിടയ്ക്കുന്ന വേദനക്ക് മുകളിലും ശരി തെറ്റുകളുടെ തുലാസിലായിരുന്നു ഞാന്‍. തെറ്റാണെന്ന് തോന്നിയെങ്കിലും ജീവിതത്തിന്‍റെ ഒരു പാഠം കൂടി വായിച്ചു തീര്‍ക്കുന്നു. ഒരു കയം കൂടി കടന്നുപോകുന്നു.
മുകളില്‍ നിന്നും താഴേക്ക് നടക്കുമ്പോള്‍ ദൂരം കൂടിക്കൂടി വരുന്നതുപോലെ തോന്നി. മനസ്സിന്‍റെ നിലതെറ്റല്‍ അറിഞ്ഞാണ് നടന്നത്. തുടയ്ക്കും തോറും കണ്ണില്‍ നിന്നും വെള്ളം വന്നു.
ഗേറ്റിന് പുറത്ത് റോഡിന്‍റെ അപ്പുറത്ത് അച്ഛന്‍ നില്‍പ്പുണ്ട്. തലയാട്ടുന്നില്ല. സ്ഥിരം തെറിയും ബഹളവുമില്ല. എങ്ങോട്ടോ നോക്കി നില്‍പ്പാണ്. ഞാന്‍ പുറത്തു വന്നതും എന്നെ കണ്ടു നോക്കി നിന്നു. അടുത്തു പോണം എന്നുണ്ടായിരുന്നു. ഉള്ള് അത്രയ്ക്ക് കലങ്ങി കിടക്കുകയാണ്. പക്ഷെ അച്ഛൻ എനിക്ക് പരിചിതമല്ല. അന്യന്‍റെ മുഖമാണ് അച്ഛന്. ഉള്ള് തൊട്ടവര്‍ക്കെ ഉള്ളില്‍ കലങ്ങി മറിയുന്ന കടലിനെ ശാന്തമാക്കാന്‍ പറ്റു.
മനസ്സ് വേഗം അമ്മയുടെ അടുത്ത് എത്തി. ശരീരം പതുക്കെയും. വീട്ടിലെത്തിയ പാടെ അമ്മയോട് എന്തോക്കയോ പറഞ്ഞു. എന്‍റെ കൈപിടിച്ച് പാവം എല്ലാം കേട്ടിരുന്നു. പിന്നെ അമ്മ എന്നോട് പറഞ്ഞത് ഹൃദയം കൊണ്ട് ഞാന്‍ കോറിയിട്ട ഒന്നാണ്.
”എന്‍റെ മോള് ഇഷ്ടപ്പെടണം. എന്തിനെയൊക്കെ ഇഷ്ടപ്പെടാമോ അതിനെയെല്ലാം ഇഷ്ടപ്പെടണം. അമ്മ പാറയില്‍ അടിച്ച് പൊട്ടിക്കുമ്പോള്‍, അത് ചല്ലിയാക്കുമ്പോള്‍ അമ്മ അതിനെ ഇഷ്ട്ടപ്പെടുന്നുണ്ട്. അങ്ങനെ എല്ലാം അമ്മയ്ക്ക് ഇഷ്ടമാണ്. മക്കളെ മനുഷ്യനേ മാത്രേ ഇഷ്ടപ്പെടാവൂ എന്നൊന്നും ഇല്ല. ചേര്‍ത്ത് പിടിക്കാനും ഇഷ്ടം കാണിക്കാനും വേറെയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട് കണ്ണാ..അവര്‍ക്ക് സൌന്ദര്യ സങ്കല്‍പ്പങ്ങളൊന്നും ഇല്ല.”
ഇത് പറഞ്ഞ് അമ്മ എഴുന്നേറ്റ് പോയി. ശരിയാണ് അമ്മ അങ്ങനെയാണ്. ഒരു ജോലിയും ഇഷ്ടക്കേടുകളുടെ മുറുമുറുപ്പില്‍ അമ്മ ചെയ്യുന്നത് കണ്ടിട്ടില്ല. അടുക്കളയിലെ കടുക് മുതല്‍ എല്ലാം അമ്മയുടെ കൈവഴിയാണ് പോകുന്നത്. അവിടെ വേകുന്ന എല്ലാം രുചിയുള്ളതാണ്. ആ രുചി അമ്മയുടെ ഇഷ്ടവും. കഴുത്തിലെ അഴുക്ക് പിടിച്ചെടുത്ത് ഇളകി പോകില്ലെന്ന് വാശിപ്പിടിച്ച യു.പി സ്കൂളിലെ വെള്ള ഷര്‍ട്ടില്‍ അമ്മ തൊട്ടാല്‍ അത് പള..പളാ തിളങ്ങും. അതിലും ഇഷ്ടമുണ്ടാകും. അങ്ങനെ ചിന്തിച്ചാല്‍ എന്തൊക്കെ കാര്യങ്ങള്‍..
അവലില്‍ ശര്‍ക്കര ചെത്തുന്നതിനിടയ്ക്ക് അമ്മയുടെ കൈ മുറിഞ്ഞു. ഒരു തുള്ളി ചോര തിട്ടപ്പുറത്ത് വീണ്ടു. ബാക്കി വീഴുന്നതിന് മുന്നേ അമ്മ വെള്ളത്തില്‍ മുക്കി. തുണികൊണ്ട് കെട്ടി. ആ ഒരു തുള്ളിയിലാണ് വെള്ളിക്കണ്ണന്‍ പറഞ്ഞ വാകച്ചേപ്പ് ഞാന്‍ കണ്ടത്. ആ ചോരയെ ആണ് ഏറ്റവും കൂടുതല്‍ ഞാന്‍ സ്നേഹിക്കേണ്ടതും.. എന്‍റെ അമ്മ!
തലയില്‍ കൂടി വെള്ളം ഒഴിച്ചപ്പോള്‍ നെറ്റിയിലെ ചോപ്പ് കൂടി ഒലിച്ചിറങ്ങി. മഴയില്‍ ഇതളിറ്റ് വീണ വാകച്ചോപ്പ് പോലെ. കണ്ണാടി നോക്കി തുടച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ചാന്ദിന്‍റെ വട്ടത്തിലുള്ള അടയാളം അവിടെ എന്നെ കുത്തിനോവിച്ചു. ജീവിതത്തിന്‍റെ നോവായി ആ അടയാളം കാണുമോ എന്ന് ഞാന്‍ പേടിച്ചു. കണ്ണില്‍ കണ്ട കരി തൊട്ട് ചാന്ദിന്‍റെ വട്ടത്തെ മറച്ച് വരച്ചു. കണ്ണാടി നോക്കി ചിരിച്ചു. കറുപ്പിനും കരിക്കും തന്നെയാണ് സൌന്ദര്യം.
രാത്രി ഞാന്‍ ഉറങ്ങാതെ കിടന്നത് അമ്മ കണ്ടിട്ടുണ്ടാകും. ചേര്‍ത്ത് കിടത്തി എന്‍റെ മുതുകില്‍ കൈതട്ടി കിടന്നു. അമ്മയുടെ നെഞ്ചിന് നല്ല ചൂട്.
ഹൃദയത്തിന്‍റെ ഉള്ളറകളില്‍ ഒഴിഞ്ഞയിടം ഒരുപാടുള്ളതുകൊണ്ട് ഇതളിറ്റ് വീണ വാകച്ചോപ്പിനെ അവിടെക്ക് മറച്ചുവച്ചു. പരീക്ഷകളെ പരീക്ഷണങ്ങളായി കണ്ടവര്‍ക്ക് ചുറ്റും പേപ്പറില്‍ നിന്നും പേപ്പറിലേക്ക് ആസ്വാദനത്തോടെ ഞാന്‍ എഴുതി മുഴുവിപ്പിച്ചു.
രണ്ടാം വര്‍ഷം ചേച്ചിയെന്ന് വിളി കൂടി കിട്ടി. സജ്നയും നിമ്മിയും കൂടുവിട്ടതോടെ ദേവികയെ കൂട്ടായി കിട്ടി. ഞങ്ങള്‍ രണ്ടാളും നടന്ന് പോകുമ്പോള്‍ അടുത്തുകൂടി പോകുന്ന പയ്യന്‍മാരെ ഞാന്‍ പേടിയോടെ നോക്കും. ദേവികയെ പിടിച്ചുനിര്‍ത്തിയാല്‍.. സജ്നയും നിമ്മിയും പോതുപോലെ ഇവളും പോയാല്‍.. ക്ലാസ്സില്‍ ലൈഗിക ചുവയുള്ള വാക്കുകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് പയ്യന്‍മാര്‍ ഞങ്ങള്‍ക്ക് നേര്‍ക്ക് എറിയും. എനിക്ക് പലതും മനസ്സിലാകാറില്ല. മനസ്സിലായ കൂട്ടത്തിലുള്ളവര്‍ അടക്കിച്ചിരിക്കും. മനസ്സിലായ മട്ടില്‍ ഞാനും ചിരിക്കും. ഞങ്ങള്‍ക്കിടയിലും അത്തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കാറുണ്ട്. നെഞ്ചളവിലെ കുറവും കൂടുതലും വിഷമമായി പറയുന്നവര്‍ക്ക് ഇടയ്ക്ക് കൃത്യതയുടെ ചിരിയുമായി ഞാന്‍ ഇരിക്കും.
വെള്ളിക്കണ്ണനെ അവസാനമായി കോളേജില്‍ കാണുകയാണ്. ഇനി ഒരു കണ്ടുമുട്ടല്‍ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു.
”ഡാ…കിട്ടിയോ..”
”കിട്ടാന്‍ എന്താ…എല്ലാം എഴുതി ഭംഗിയായി ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു. വാങ്ങി പോകുന്നു.”
”നിനക്ക് ഇനി പഠിക്കണ്ടേ”
”ചേട്ടന്‍ പിജി കഴിഞ്ഞിട്ട് 2 വര്‍ഷമായി. ഇപ്പോ പന്തല് നടയിലെ ആലിന്‍റെ മൂട്ടില്‍ കാണും. ഇത്രയൊക്കെ ഉള്ളൂ.”
”എന്നാലും..”
”ഒരു എന്നാലുമില്ല. ചെയ്തതില്‍ ഒരു തെറ്റും കാണുന്നില്ല. തന്തയ്ക്ക് പറഞ്ഞ ഏവനെയായാലും ഇടിക്കും.”
”ഞാന്‍ എന്ത് പറയാനാ..”
”ഞാന്‍ പറയാം. മോള് നന്നായി പഠിച്ച് വലിയ നിലയിലൊക്കെ എത്തും. അപ്പോ എനിക്ക് ഒരു ആവശ്യം വരും. അത് നടത്തിത്തരണം.”
”എന്ത് ആവശ്യം?”
”അത് അപ്പോ പറയാം. പിന്നെ ജാമ്യത്തിലാണ്. ഇവിടെ നിന്ന് ഞാന്‍ സംസാരിച്ച് പുറത്തൂടെ ഒരു കാക്ക ഒറക്കെ കറഞ്ഞ് കൊണ്ടു പോയി..കാക്കയെ കൊണ്ട് ഞാന്‍ കരയിപ്പിച്ച് കോളേജിലെ ക്ലാസിന് മുടക്കം വരുത്തി എന്ന് പറഞ്ഞ് വരെ ജാമ്യം റദ്ദാക്കും. വയ്യ മോളെ..വയ്യ…പോട്ടേടീ..കാണാം..”
അവന്‍ എന്‍റെ കയ്യില്‍ പിടിച്ചിട്ട് പോയി. മനസ്സിന് വേദനിച്ചു. അവന്‍ ഒരു വലിയ ശരിയാണ്. കാപട്യങ്ങളില്ലാത്ത മറയില്ലാത്ത വലിയ ശരി. ഗേറ്റ് കടന്ന് അവന്‍ പോകുന്നത് ഞാന്‍ നോക്കി നിന്നു. ഒറ്റയ്ക്കല്ല. അവന്‍റെ കൈപിടിച്ച് അനുവും ഉണ്ട്.

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!