ആചാര്യൻ

ഒരു കല്ലുപെൻസിൽ നീ എഴുതിക്കഴിഞ്ഞു തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ മുല്ലപ്പൂ മണക്കും..
അതൊടിച്ച് പകുതി നീ തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ റോസാപ്പൂ മണക്കും..
നീ എഴുതുന്നതിനു മുന്നേ അതു അടുത്തിരിക്കുന്നവനു കൊടുത്താൽ നിന്നെ ലില്ലിപ്പൂ മണക്കും..
കൂടെയുള്ളവരുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയാക്കാൻ നീ ശ്രമിക്കുമ്പോൾ നിന്നെ ചെമ്പകം മണക്കും..
ഉച്ചയ്ക്ക് പൊതിച്ചോറഴിക്കുമ്പോൾ ചുറ്റും നോക്കണം.. എല്ലാവരും കഴിച്ചോ എന്ന്. ആരെങ്കിലും കഴിക്കാതെയുണ്ടെങ്കിൽ അവരുടെ കൂടെയിരുന്നു ഒന്നിച്ചു കഴിക്കണം. അപ്പോൾ നിന്റെ മുഖത്ത് സൂര്യകാന്തി വിടരും..
ഒരു വർഷം നീ ഇങ്ങനെ കൂട്ടിവെയ്ക്കുന്ന പൂക്കളെല്ലാം നൂലിൽ കോർത്ത് ഒരു മാലയാക്കണം. ദിവസവും ക്ലാസിൽ വരാനാവാതെ, പരീക്ഷ എഴുതുവാൻ ആവാതെ, പഠിപ്പിക്കുന്നത് മനസ്സിലാകാതെ പിന്നിലെ ബഞ്ചിലിരിക്കുന്ന കുറച്ച് ‘പോഴൻ’ കൂട്ടുകാരുണ്ട് നിനക്ക്. അടുത്ത ക്ളാസിലേക്ക് നീ കയറിപ്പോകുമ്പോൾ ഈ പൂമാല നീ അവരുടെ കഴുത്തിൽ അണിയിച്ചിട്ട് പോകണം. കാരണം ജീവിതത്തിൽ നീ വിജയിക്കാൻ പോകുന്നത് ചിലരൊക്കെ തോൽക്കുന്നതുകൊണ്ടാണ്. ഇങ്ങനെയുള്ളവരാണ് നിനക്കു ജീവിക്കുവാനുള്ള പൂങ്കാവനം ഒരുക്കുന്നത്. അവരാണ് നിന്റെ യഥാർഥ സ്നേഹിതർ.. പടവുകൾ കയറുമ്പോൾ അവരുടെ വിരലുകൾ നിന്റെ ഉള്ളം കയ്യിൽ ഉറപ്പായും ഉണ്ടാകണം.
വിശപ്പ്‌, ദാഹം, സ്നേഹം.. ഇവ ലജ്ജയില്ലാതെ കൊടുക്കുക, ലജ്ജയില്ലാതെ സ്വീകരിക്കുക..
ഇത് പറയുമ്പോൾ ഗുരുവിന്റെ കണ്ണുകളിൽ ഞാൻ ദൈവത്തെ കണ്ടു.. ഇപ്പോഴും കണ്ണടച്ചാൽ ആ കണ്ണുകളിൽ ദൈവമിരുന്നു വിളങ്ങുന്നത് കാണാം.

റോബിൻ കുര്യൻ

error: Content is protected !!