ചല്ലി

അദ്ധ്യായം 11

ജനലിന്‍റെ പടിയില്‍ ഇരുന്നപ്പോഴാണ് കണക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ എച്ച്ഓഡി വായിലും മൂക്കിലും തുണി പിടിച്ച് പോകുന്നത് കണ്ടത്. കൂടെ ടീച്ചര്‍മാരും കുട്ടികളും ഉണ്ട്. എന്‍റെ അടുത്തുകൂടി വെള്ളിക്കണ്ണന്‍ മലയാളം ഡിപ്പാര്‍മെന്‍റിന്‍റെ അങ്ങേട്ട് ഓടുന്നതും കണ്ടു. സാറ് അവന്‍റെ അച്ഛന് പറഞ്ഞു. പറഞ്ഞപാടെ സാറിന് ഇടി വീണു. പോലീസ് കേസ്. ജയില്‍..ജാമ്യം കോളേജില്‍ നിന്നും പുറത്ത്. അവന്‍ ചെയ്തത് ശരിയാണോ എന്ന് പലകുറി ചിന്തിച്ചു. ചെങ്കോടിയുടെ മനസ്സാണെങ്കലും രാഷ്ട്രീയ വിധേയത്വം അവനില്ലായിരുന്നു. പാര്‍ട്ടി പറയുന്ന വേദവാക്യത്തെ കണ്ണും പൂട്ടി ശരി മൂളുന്ന സഖാക്കന്‍മാര്‍ക്കിടയില്‍ വെള്ളിക്കണ്ണന്‍ വേറിട്ടു നിന്നു. അത് കൊണ്ടുതന്നെ കോളേജ് രാഷ്ട്രീയത്തിലെ കരടായിരുന്നു അവന്‍. അവന്‍ ഇറങ്ങിപ്പോയപ്പോള്‍ പോയി രക്ഷപ്പെട് എന്ന് മനസ്സുകൊണ്ട് ഞാന്‍ എന്‍റെ വെള്ളിക്കണ്ണനോട് പറഞ്ഞു.
വീട്ടിലെത്തിയപ്പോള്‍ ആറാട്ടുപൊയ്കയിലെ നഫീസ താത്ത വന്നതിന്‍റെ അടയാളങ്ങള്‍ കണ്ടു. അകത്തെ ബഞ്ചില്‍ മൂന്ന് തുണികള്‍ അടുക്കി വച്ചിരിക്കുന്നു. പഴയതാണ്. നഫീസ താത്തയുടെ മകളുടെത്. കുറച്ച് പഴയതാകുമ്പോഴോ..അവള്‍ക്ക് ചെറുതാകുമ്പോഴേ എനിക്ക് കൊണ്ട് തരും. പിന്നെ ഒരു കിലോ ഇറച്ചിയും കാണും. മണം കിട്ടാത്തതുകൊണ്ട് ഇറച്ചിയില്ലേ എന്ന് ആളോചിച്ച് അടുക്കളയില്‍ പോയി നോക്കി. കറിച്ചട്ടിയില്‍ ഇറച്ചി പച്ചയ്ക്ക് വിശ്രമിത്തിലാണ്. അമ്മ വന്നിട്ടെ അടുപ്പില്‍ കയറു.
താത്ത കൊണ്ടുവന്ന തുണികള്‍ ചിരിച്ചുകൊണ്ട് വാങ്ങുമെങ്കിലും ആത്മാഭിമാനത്തിന്‍റെ വേലിയേറ്റം അമ്മയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഒറ്റയ്ക്കിരുന്നാണ് അത് പിറുപിറുക്കുന്നതും. പക്ഷെ അടുത്ത തവണ കൊണ്ട് വരുമ്പോഴും അത് വാങ്ങും. കാരണം അമ്മയുടെ കണ്ണന് കോളേജില്‍ ഇടാന്‍ ഇതൊക്കയെ ഉള്ളു.
അമ്മയുടെ ചിക്കന്‍ കറിക്ക് നല്ല രുചിയുമാണ് ഭയങ്കര എരിവുമാണ്. ഒരുപാട് അങ്ങ് കോരിയിട്ട് കഴിക്കാതിരിക്കാന്‍ അമ്മ എരിവ് കൂടുതല്‍ ഇടും. അപ്പോ നാളെക്ക് കൂടി എടുക്കാമല്ലോ എന്നാണ് അമ്മയുടെ കണക്കുകൂട്ടല്‍. എരിവ് കൊണ്ട് വായ തുറന്ന് നാക്കും നീട്ടി കുനിഞ്ഞ് നില്‍ക്കുമ്പോള്‍ ഉമിനീര് ഒഴുകി ഇറങ്ങും. പതുവില്ലാതെ രാത്രി അച്ഛന്‍ പുറത്തുണ്ടായിരുന്നു. പുറത്തെ തിണ്ണയില്‍ ബഹളം ഒന്നുല്ലാതെ ഇരിക്കുന്നു. അമ്മ ചോറും ഇറച്ചിയും കൊണ്ട് കൊടുത്തു. വാങ്ങി കഴിച്ച് പാത്രം തിണ്ണയില്‍ വച്ച് ഇറങ്ങിപോയി. അമ്മ പാത്രം എടുക്കാന്‍ പോയപ്പോള്‍ അച്ഛനിരുന്നടത്ത് രണ്ട് തേങ്ങ കൂട്ടിക്കെട്ടി വച്ചിരിക്കുന്നു. അമ്മ അതെടുത്ത് പുറത്തേക്ക് ഒന്നൂടെ നോക്കി കയറിപോയി.
അച്ഛനെ ചീത്ത് പറഞ്ഞതിന് ശേഷം പലരും പറയുന്നത് കേട്ടുണ്ട് അവന്‍റെ അടവാണ് ഇതൊക്കെയെന്ന്. അവന് ഒരു കുഴപ്പവുമില്ലെന്ന്. ഇടയ്ക്ക് എനിക്കും തോന്നിയിട്ടുണ്ട് അത്. അച്ഛന് കുഴപ്പമൊന്നും ഇല്ലാതെ ഞങ്ങളുടെ കൂടെ ആയിരുന്നെങ്കില്‍ കറിക്ക് എരിവ് കൂടിയതിന് അമ്മയ്ക്ക് വഴക്ക് കിട്ടിയേനെ. ഞാന്‍ അച്ഛനെ സപ്പോര്‍ട്ട് കൊടുത്തേനെ. അച്ഛന് കിട്ടിയ എല്ലില്ലാത്ത കഷ്ണം എനിക്ക് തരും.
നഫീസ താത്ത കൊണ്ടു വന്ന ഉടുപ്പുകളില്‍ ഒരു പാവാടയും ബ്ലൌസും എടുത്ത് ഇട്ട് നോക്കി. എനിക്ക് നന്നായി ചേരുന്നുണ്ട്.
അമ്മ കയറി വന്നു
”ഇതാണോ നാളെ ഇടണേ”
”ഓ..ചോദ്യം കേട്ടാല്‍ അലമാരയില്‍ അടുക്കി വച്ചിരിക്കുന്നതില്‍ നിന്നും ഒരെണ്ണം കണ്ണടച്ച് എടുത്ത പോലെ ആണല്ലോ”
”ഇങ്ങോട്ട് തിരിഞ്ഞാണ്”
ഞാന്‍ തിരിഞ്ഞ് വടിപോലെ നിന്ന് കൊടുത്തു
”കൈക്കുഴി പിടിക്കുന്നോ പെണ്ണെ.. ഉടുപ്പിന് ഇത്തിരി ഇറക്കവും കുറവാണ്”
”നാളെ ഞാറാഴ്ചയല്ലെ..കട കാണില്ല..ബില്ല് അമ്മ സൂക്ഷിച്ച് വക്ക് മറ്റന്നാള്‍ കൊണ്ട് മാറ്റി വാങ്ങാം”
”ഒന്ന് പോ..പെണ്ണേ..എന്തേലും പറയുമ്പോ വലിയ ആളാവല്ലെ…നീ എന്തോ ചെയ്യ്”
അമ്മയുടെ തുണിയെല്ലാം ഏകദേശം ഒരേ ഡിസൈന്‍ ആണ്. എല്ലാത്തിലും ഒരുപാട് കറുത്ത പുള്ളികള്‍ ഉണ്ടാകും. വെള്ള ബ്ലൌസ് എടുത്ത് നോക്കിയാല്‍ കേമമാണ്. കറുത്ത പൊട്ടുകളുടെ അതിപ്രസരം പിടിച്ച ഒരു ചന്ദനകളര്‍ ബ്ലൌസും ഉണ്ട്. കാരത്തിലിട്ട് കലക്കിയിട്ടും ജീവിതത്തിനെ ബാധിച്ച കറുപ്പ് തുണിയില്‍ നിന്ന് മാത്രമായി ഇറങ്ങിപ്പോകാന്‍ തയ്യാറല്ലായിരുന്നു. എന്തെങ്കിലും വിശേഷത്തിന് പോകുമ്പോള്‍ സാരിയെടുത്ത് ഉടുക്കും. സാരി ഉടുത്ത അമ്മ ഭയങ്കര സുന്ദരി ആണ്. കഴിഞ്ഞ ഓണത്തിന് മാമന്‍ ഒരു സാരി കൊണ്ട് കൊടുത്തു. ചുവപ്പില്‍ പൂക്കളുള്ള സാരി. ഉടുക്കുന്നതിന് മുന്നേ അമ്മ അത് മാമന്‍റെ വീട്ടില്‍ കൊണ്ട് കൊടുത്തു. വൈകുന്നേരം മാമന്‍ വന്ന് മാമിയുടെ സ്വഭാവത്തെ മറ്റി എന്തോക്കയോ പറഞ്ഞു. ചുവരില്‍ ചാരി നിന്ന് കൈയിലെ ഇളകിയ തൊലികള്‍ പിന്നി കണ്ണ് നിറഞ്ഞ് അമ്മ അതെല്ലാം കേട്ട് നിന്നു.
തടിപ്പെട്ടിയില്‍ നിന്നും അലക്കിയ തുണി നീളത്തില്‍ കീറി. മൂന്നെണ്ണം കൈയ്യില്‍ തന്നു. അതില്‍ രണ്ടെണ്ണം വടക്കേപ്പുറത്തെ അയയില്‍ ഇട്ട് ഒന്നും കൊണ്ട് കുളിക്കാന്‍ കേറി. കുളിക്കുമ്പോള്‍ ഇനി വരുന്ന ദിവസങ്ങളിലെ വയറുവേദനയെപ്പറ്റിയാണ് ആലോചിച്ചത്. സാധാരണയില്‍ കൂടുതല്‍ വെള്ളം തലയില്‍ കൂടി ഒഴിച്ചു. പുറത്തിറങ്ങിയപ്പോള്‍ അമ്മ
”മൂന്നെണ്ണം തന്നിട്ടുണ്ട്. ഏഴിന്‍റെ അന്ന് ചുരുട്ടിക്കൂട്ടി കളയരുത്. കഴുകി മാറ്റി വക്കണം. എല്ലാ മാസവും കീറിത്തരാന്‍ ഇവിടെ ഒരുപാട് മുണ്ടുകളൊന്നും അലക്കി വച്ചിട്ടില്ല”
കുളിച്ച് അകത്തേക്ക് കയറി. ഒന്ന് കിടന്നാല്‍ മതിയായിരുന്നു. പക്ഷെ ക്ലാസ് ഉണ്ട്. വടക്കേപ്പുറത്തെ അയയില്‍ നിന്ന് ഒരു തുണി എടുത്ത് പേപ്പറില്‍ പൊതിഞ്ഞ് ബാഗില്‍ വച്ച് ഇറങ്ങി. അപ്പോഴെക്കും അമ്മ പോയിരുന്നു. ബസ്സിലെ കമ്പിയില്‍ തൂങ്ങിപിടിച്ച് കോളേജ് എത്തിയപ്പോള്‍ തലചുറ്റി. പിന്നെ പതുക്കെ മുകളിലേക്ക് നടന്നു. ആരെങ്കിലും പൊക്കിയെടുത്ത് ക്ലാസ്സില്‍ കൊണ്ട് ആക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ക്ലാസ്സില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് ഉച്ചവരെ ക്ലാസ് ഇല്ലെന്ന്. പിജി ക്ലാസ്സിലെ കുട്ടികളുടെ സെമിനാറാണ്. എല്ലാ ടീച്ചര്‍മാരും അവിടെയാണ്. ദേവിക ഡെസ്കില്‍ തലവച്ച് കിടക്കുകയാണ്. ചോദിച്ചപ്പോള്‍ അവള്‍ക്ക് രണ്ട്. ഒരു മൂലയിലേക്ക് ഞാനും ഒതുങ്ങി.
ഈ ദിവസങ്ങളില്‍ ചിന്തിച്ചിട്ടുണ്ട് ഒരു ആണായിരുന്നെങ്കിലെന്ന്. അത്രയ്ക്ക് വേദനയാണ് ചില ദിവസങ്ങളില്‍. അവിടെയും അമ്മയുടെ മുഖമാണ് ഓര്‍മ്മ വരുന്നത്. രക്തത്തിന്‍റെ ഒഴുക്കിനെയും ശരീരത്തിന്‍റെ വേദനയെയും മനസ്സിന്‍റെ വിഷാദത്തെയും വകവയ്ക്കാതെ അമ്മ ആഞ്ഞടിച്ച് പൊട്ടിച്ചെടുത്തൊരു ജീവിതമാണ് ഞങ്ങളുടെത്. ഇനി ഏഴ് ദിവസം വിളക്ക് കത്തിക്കില്ല. അമ്പലത്തിലെ ഭസ്മം പോലും ഇടാനും പാടില്ല. അമ്മയുടെ നിയമങ്ങള്‍ വളരുന്തോറും വിചിത്രമായി തോന്നി. പക്ഷെ അമ്മ എന്നെ പുറത്തോ..അടുക്കളയിലോ ഒന്നും കിടത്തിയില്ല. പണ്ട് അമ്മൂമ്മ ഉണ്ടായിരുന്ന കാലത്ത് ഇങ്ങനെ ആയാല്‍ അടുക്കളിയില്‍ കിടത്തുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ആണുങ്ങളുടെ അടുത്ത് പോലും പോകാന്‍ സമ്മദിക്കില്ല. ചട്ടക്കൂടുകള്‍ ഉണ്ടാക്കിയ ആണുങ്ങള്‍ ഞങ്ങളുടെ ചോരകൊണ്ടും ഞങ്ങള്‍ക്ക് ചുറ്റും വേലികെട്ടി. അതിന് ഞങ്ങളിലുള്ളവര്‍ തന്നെ കാവലായി. എനിക്ക് ചോദിക്കാനും പറയാനും ഒരുപാടുണ്ട്. വേദിയില്ലാത്തതുകൊണ്ട് എന്‍റെ മഷിപ്പടര്‍പ്പില്‍ ഞാന്‍ അതൊല്ലാം സദൈര്യം കുറിച്ചിട്ടു.
ബാഗില്‍ പൊതിഞ്ഞ് വച്ച പേപ്പറും എടുത്ത് മൂത്രപ്പുരയിലേക്ക് പോയപ്പോള്‍ കൂടെ ദേവികയും വന്നു. അവിടെ വച്ച് അവള്‍ ബാഗില്‍ നിന്നും ഒരു സാധനമെടുത്തു. ജീവിത്തില്‍ ആദ്യമായി കാണുകയാണ്.
”ഇതെന്താ…”
”ഇത് എന്താ എന്ന് നിനക്ക് അറിയില്ലെ”
അവളിത് അത്ഭുതത്തോടെ നോക്കി ചോദിച്ചിട്ട് കളിയാക്കി. ‘പേട്’ എന്ന വാക്ക് ആദ്യമായാണ് കേള്‍ക്കുന്നതും കാണുന്നതും. പേപ്പറില്‍ പൊതിഞ്ഞ തുണിക്കും ആ പേടിനും നല്ല വ്യത്യാസമുണ്ട്. ഞാന്‍ അകത്ത് കയറിയില്ല. കൈയ്യിലെ പേപ്പര്‍ ചുരുട്ടി പിടിച്ചു. ഇറങ്ങിയപ്പോള്‍ അവള്‍ വളരെ ഗൌരവത്തോടെ എന്നോട് ചോദിച്ചു.
”നിനക്കിത് എന്താണെന്ന് അറിയില്ലെ”
എന്‍റെ മൌനത്തില്‍ നിന്നും അവള്‍ അത് മനസ്സിലാക്കിയിരിക്കണം
വൈകുന്നേരം വീട്ടില്‍ എത്തി ഉടുപ്പ് പോലും മാറാതെ അമ്മയുടെ അടുത്തേക്ക് ചെന്നു. കൈയ്യില്‍ ഒരു പേടും. ദേവിക തന്നതാണ്. അത് അമ്മയ്ക്ക് നേരെ നീട്ടിയപ്പോള്‍ അതിലേക്ക് അമ്മ തുറിച്ച് നോക്കി. ഞാന്‍ കാര്യം പറഞ്ഞു. അമ്മയുടെ മുഖത്ത് സംശയവും പേടിയും ഒരുപോലെ നിഴലിച്ചു.
”മക്കളെ ഇതൊക്കെ വയ്ക്കാമോ..എന്തെങ്കിലും പ്രശ്നമായാലോ”
”എന്ത് പ്രശ്നം ഞങ്ങള് കോളേജി പിള്ളേര് ഇതാണ് വയ്ക്കുന്നത്. അല്ലാതെ കീറത്തുണിയല്ല”
”അല്ലാ…ഇതൊക്കെ വച്ച് ഇനിവല്ലാ..അസുഖോം വന്നാ…അമ്മയ്ക്ക് ഇതൊക്കെ പേടിയാണ് മക്കളെ”
ഒരു ദിവസത്തെ ആഗ്രഹസഫലീകരണം. ഒരു തവണ കഴിഞ്ഞാല്‍ കത്തിച്ചുകളയണം. ഇതാണ് ദേവിക പറഞ്ഞത്. എഴ് ദിവസം എത്രയെണ്ണം വേണം. കീറത്തുണി നനച്ച് വിരിച്ച് അയയിലെ ഉണങ്ങിയതും എടുത്ത് അകത്ത് പോയി.
ഏറ്റവും ഇഷ്ട്ടപ്പെട്ട എഴുത്തുകാരന്‍, ഇഷ്ട്ടപ്പടാന്‍ കാരണം എന്ന ഗോപാലകൃഷ്ണന്‍ സാറിന്‍റെ ചോദ്യം എല്ലാവരെയും വല്ലാതെ കുഴപ്പിച്ചു. ഓരോരുത്തരും ഓരോന്ന് പറഞ്ഞു. കാളിദാസന്‍ മുതല്‍ വീടിനടുത്തെ വാരികയിലെ കഥയെഴുതുന്ന സോമശേഖരക്കുറുപ്പ് വരെ പറഞ്ഞ വിരുതന്‍മാരും ഉണ്ട്. ഏറ്റവും അവസാനമാണ് സര്‍ എന്‍റെ അടുത്ത് വന്നത്. അത് മനപ്പൂര്‍വ്വം ആണെന്ന് എനിക്കറിയാം. ചിരിച്ച് കൊണ്ട് എന്‍റെ നേര്‍ക്ക് കൈവീശി.
”നാടുവിട്ട് ജീവിച്ചത് എവിടെയാണെന്ന് എന്നോട് ചോദിച്ചാല്‍ അത് മയ്യഴിയുടെ തീരത്താണ് സര്‍. അവിടെ ഉള്ളവരെ എനിക്ക് അത്രയ്ക്ക് പരിചിതമാണ്. വിഷാദം നിഴലിച്ചു എങ്കെലും മയ്യഴിയിലൂടെ നടന്ന് അവസാനം അവിടെ നിന്നിറങ്ങിയപ്പോള്‍ സ്വാതന്ത്യത്തിന്‍റെ മധുരം ഞാനും മയ്യഴിയും അറിഞ്ഞിരുന്നു. ഏറ്റവും പ്രിയപ്പെട്ട നോവല്‍ മയ്യഴിയുടെ തീരങ്ങളില്‍. എഴുത്തുകാരന്‍ എം മുകുന്ദന്‍”
ഞാന്‍ പറഞ്ഞത് കേട്ട് എല്ലാവരും വായും തുറന്ന് ഇരുന്നു. എനിക്ക് ഇഷ്ട്ടപ്പെട്ട ചോദ്യം എന്നിലേക്ക് അവസാനം എത്തിയതുകൊണ്ടാകം പറഞ്ഞതില്‍ ആവേശം അധികമായിരുന്നു. അടുത്തുവന്ന സര്‍ പോക്കറ്റില്‍ ഇരുന്ന ഒരു പേന എടുത്ത് തന്നു.
തോളില്‍ തട്ടി തിരിഞ്ഞ് നടന്നു. പിന്നെ കുറച്ച് ദിവസം ക്ലാസ്സില്‍ മയ്യഴിയുടെ കഥയ്ക്ക് വേണ്ടി കൂട്ടപ്പൊരിച്ചിലായിരുന്നു. ലൈബ്രറിയില്‍ നിന്നും പുറത്തിറങ്ങിയ മയ്യഴി നിലം തൊടാതെ ഓടി. സോമശേഖരന്‍റെ ആരാധകന്‍ പോലും മയ്യഴിക്ക് വേണ്ടി അടികൂടി.
അവസാന വര്‍ഷം കോളേജില്‍ ഒഴുകിയുള്ള യാത്രയായിരുന്നു. എന്‍റെ ശരീരത്തിന്‍റെ ഒരുഭാഗം പോലെയായി കോളേജ്. കൂടെയുള്ളവരുടെ പുറമേയുള്ള മാറ്റങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് എനിക്ക് തോന്നി. ഒരുപാട് തവണ ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് നിനക്ക് മാറ്റമുണ്ടോ എന്ന്. അത് തിരിച്ചറിഞ്ഞത് അക്ഷരങ്ങളിലൂടെ ആണ്. 7ബിയെ ചല്ലിയുടെ അക്ഷരങ്ങളില്‍ നിന്നും മൂന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥി ചല്ലിയുടെ എഴുത്തിലേക്ക് കണ്ണോടിച്ചപ്പോള്‍ അതിലെ ചേരുവകള്‍, അതിലെ എന്‍റെ ശബ്ദം, അതിലൂടെ ഞാന്‍ പറയുന്നതിലെല്ലാം വലിയ മാറ്റം കണ്ടു. ചില വിഷയങ്ങള്‍ തീ പോലെ തോന്നി. സാധാരണക്കാരിയായ സുഭദ്രയുടെ മോള് പറയുന്ന വാക്കുകളും ചിന്തകളും അല്ലായിരുന്നു ആ എഴുത്ത് കുത്തുകളില്‍. എല്ലാവരും ദൈവത്തെ കണ്ടയിടത്ത് ഞാന്‍ അയാളെ കണ്ടില്ല. എന്ത്, എങ്ങനെ, എപ്പോള്‍ എന്ന ചോദ്യം എന്നില്‍ ശക്തമായിരുന്നു. അത് തറപ്പിച്ച് ചോദിക്കാന്‍ മനക്കരുത്തും കിട്ടിയിരിക്കുന്നു. വിശ്വസിച്ച പ്രസ്ഥാനത്തിന്‍റെ ആശയവും അതിലെ ഇന്നിന്‍റെ പ്രായോഗികതയും എന്‍റെ മുന്നില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നു.
ഒരു ഫ്രീ പിരീഡാണ് യൂണിയന്‍ അംഗങ്ങളെല്ലാം ക്ലാസ്സിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്‍റെ രാഷ്ട്രീയ തുടിപ്പും, തൊഴിലാളികളുടെ അടിമത്തവും, പൊതുജനവും ജനാധിപത്യവും കമ്മ്യൂസ്റ്റ് ആശയങ്ങളും കൂട്ടിക്കുഴച്ച് യൂണിയന്‍ സെക്രട്ടറി പ്രകാശ് ബാബു എന്തൊക്കയോ പറഞ്ഞു. ചുറ്റും നിന്ന അനുഭാവികളുടെ ചോര തിളയ്ക്കുന്നത് എനിക്ക് അവരുടെ മുഖത്ത് കാണാമായിരുന്നു. പിന്നെയാണ് വിഷയിത്തിലേക്ക് വന്നത്. ക്യൂബയിലെ വെള്ളപ്പൊക്കത്തിന് ദുതിതാശ്വാസ നിധിയിലേക്ക് സംഭാവന. കൂടെവന്ന കിങ്കരന്‍മാര്‍ കൈനീട്ടി. എല്ലാവരും ഉള്ളത് കൊടുത്തു. എന്നില്‍ നിന്നും ഇല്ലാ എന്ന ഉത്തരം സുഖിക്കാത്തതുകൊണ്ട് ബസ് കാശ് കൈയ്യിലില്ലെ അത് തരാന്‍ ഉത്തരവിട്ടു. തരില്ല എന്ന് ഉറക്കെ തന്നെ പറഞ്ഞു. എനിക്ക് നേരെ തിരിയുന്നതിന് മുന്നേ ക്ലാസ്സിലേക്ക് ഗോപാലകൃഷ്ണന്‍ സര്‍ കയറി വന്നു.
”എന്താ ഇവിടെ…പ്രകാശ എന്താടാ”
”അല്ല സാറെ ഭൂമികുലുക്കത്തിന്‍റെ പിരിവ്”
”എവിടെയാ കുലുങ്ങിയത്. എത്ര പേര് മരിച്ചു. എന്താ ഇപ്പോഴത്തെ സ്ഥിതി”
ഞാന്‍ ചോദിക്കാന്‍ മനസ്സില്‍ കരുതിയത് സര്‍ ചോദിച്ചു. എന്നെ രൂക്ഷമായി നോക്കി സഖാക്കള്‍ ഇറങ്ങിപ്പോയി.
വിരട്ടല്‍ സഘം പ്രതീക്ഷിച്ചപോലെ കോളേജിന് പുറത്തുണ്ടായിരുന്നു. എന്നെ കണ്ടതും ചുറ്റും കൂടിയ സഖാക്കള്‍ വായില്‍ വന്നതൊക്കെ വിളിച്ച് പറഞ്ഞു. നിറം പറഞ്ഞും ജാതി പറഞ്ഞും അമ്മേട ജോലി പറഞ്ഞും കളിയാക്കിയ സഖാക്കന്‍മാര്‍. എനിക്ക് മുന്നില്‍ ചോരപുരണ്ട അരിവള്‍ക്കൊടി കാറ്റത്ത് പറക്കുന്നുണ്ടായിരുന്നു. ദേവിക നന്നെ പേടിച്ചു. പെട്ടെന്ന് സങ്കടം വരുന്ന ഞാന്‍ കല്ല് പോലെ നിന്നു. ചുറ്റും കണ്ട് നിന്നവര്‍ ഒന്നിലും ഇടപെട്ടില്ല. വെള്ളിക്കണ്ണന്‍ ഉണ്ടായിരുന്നെങ്കിലെന്ന് അലോചിച്ചു. എന്‍റെ മൌനം അവരെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ചു. പെട്ടെന്ന് പുറകില്‍ നിന്നും ഒരു വിലിയ ശ്ബദം. ആ വട്ടത്തിലേക്ക് എന്‍റെ അടുക്കലേക്ക് അച്ഛന്‍ കയറി വന്നു. അതി ഭയാനകമായിരുന്നു അച്ഛന്‍റെ മുഖം. വായില്‍ നിറയെ വെറ്റില മുറുക്കാന്‍. കണ്ണൊക്കെ ചുമന്ന് കൈഞരമ്പോക്കെ പിടച്ച് കണ്ടാല്‍ പേടിയാകും. വായിലെ മുറക്കാന്‍ അവിടെ ആഞ്ഞ് തുപ്പി.
”ഏതവനാട എന്‍റെ മോളെ ചെയ്യേണ്ടത്”
അച്ഛന്‍റെ ശബ്ദം തന്നെ അവിടെ മൊത്തം മുഴങ്ങി. ഞാന്‍ അപ്പോള്‍ നന്നായി പേടിച്ചു. അച്ഛന്‍റെ ഭാവവും മട്ടും മാറുന്നതിനനുസരിച്ച് എല്ലാവരും പുറകോട്ട് മാറി. നീ ആരാട എന്ന ചോദ്യത്തിന് വിപ്ലവം പറഞ്ഞ പ്രകാശന് ആദ്യ അടി. പണ്ട് രാധമ്മ കഞ്ഞികോരിയപ്പോള്‍ അച്ഛനെപ്പറ്റി പറഞ്ഞതിന്‍റെ അര്‍ത്ഥം അപ്പോള്‍ മനസ്സിലായി. പ്രകാശന്‍ അടികൊണ്ട് വീണിട്ട് പിന്നെ തറയില്‍ നിന്നും എഴുന്നേറ്റില്ല. എല്ലാവരും ചിതറി ഓടി. വട്ടനായത് കൊണ്ടാകും ആരും അച്ഛന്‍റെ അടുത്തേക്ക് വന്നില്ല. എന്നെ തള്ളി റോഡിലേക്ക് ഇറക്കി പോയ്ക്കോളാന്‍ പറഞ്ഞു. ഞാന്‍ നട്ടന്നു. കുറച്ച് നടന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ വേഗത്തില്‍ തലയാട്ടി അച്ഛന്‍ എന്തൊക്കയോ പറയുന്നു. ഒറ്റയ്ക്ക് നടന്നപ്പോള്‍ അച്ഛനും അമ്മയും മനസ്സില്‍ വന്നും. അമ്മ ജീവിതത്തോട് പൊരുതി മുന്നോട്ട് പോകുന്നു. അച്ഛന്‍ പാറപോലെയാണെന്ന് തോന്നി. എന്നില്‍ അച്ഛനുണ്ട്. അതാണ് ആ വട്ടത്തിനകത്തെ എന്‍റെ നില്‍പ്പില്‍ കണ്ടത്. പേടി കാരണം അച്ഛനോട് സംസാരിച്ചിട്ടില്ല. എന്നോട് അച്ഛനും. ചേര്‍ന്ന് നില്‍ക്കേണ്ടതായിരുന്നു, എന്നും ചേര്‍ത്ത് നിര്‍ത്തേണ്ടതായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും..

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!