പേടി

ഒരത്യാവശ്യം പ്രമാണിച്ചുള്ള യാത്രയാണ് നാട്ടിലേയ്ക്ക്. സാരഥി, വർഷങ്ങളായി അങ്ങോട്ടുള്ള യാത്രയിൽ വണ്ടിയോടിക്കുന്ന സുഹൃത്താണ്. പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറോളം താമസിച്ചെത്തിയ സുഹൃത്ത് എത്തുമ്പോഴേ അറിയിച്ചു, രണ്ടര മണിക്കൂറിനകം തനിക്കു തിരികെ എത്തണമെന്ന്. വേറൊരു ഓട്ടം പോകാനുണ്ട്, ഒരപ്പൂപ്പനെയും അമ്മൂമ്മയേയും നേരമിരുട്ടും മുൻപ് അവരുടെ വീട്ടിൽക്കൊണ്ടെത്തിയാക്കണം. രണ്ടാൾക്കും ഇരുട്ടിയാൽ കാഴ്ചയ്ക്കു പ്രശ്നമാണ്. ഞാൻ അങ്കലാപ്പിലായി. മുപ്പതു മുപ്പത്തഞ്ചു കിലോമീറ്റർ അകലെ പോയി അവിടുത്തെ കാര്യവും സാധിച്ചു തിരികെയെത്താൻ രണ്ടരമണിക്കൂർ! ലവൻ ഓവർസ്പീഡിന് പേരുകേട്ടവനാണ്, ഓടിച്ചുകേറ്റി എന്റെ ജീവനെടുക്കാനാവും പ്ലാൻ!! യാത്ര വേണ്ടെന്നുവെച്ചാലോ എന്നുവരെ ആലോചിച്ചു.
“മടിക്കാതെ വരണം, നമുക്ക് രണ്ടരമണിക്കൂറൊക്കെ ധാരാളം!”
ഓഹോ! അതുതന്നെ..!! വരുന്നതു വരട്ടെ, കുറെയൊക്കെ ശാസിച്ചു നിർത്താം എന്ന ധൈര്യത്തിൽ, പിന്നെയും നിന്ന് തർക്കിച്ചു സമയം കളയാതെ ഞാൻ വണ്ടിയിൽക്കയറി.
ഇവനെ ഓവർസ്പീഡിൽനിന്ന് പിന്തിരിപ്പിക്കാൻ വഴികളാലോചിച്ചുകൊണ്ടിരുന്ന എനിയ്ക്ക് പെട്ടെന്നൊരു കഥ വീണുകിട്ടി. ‘ഇടിഞ്ഞുപൊളിഞ്ഞ ഒരു കൊട്ടാരമുണ്ടെടെ നമ്മളീ പോണ വഴിയിൽ’ എന്ന്, ട്രാഫിക് ഒഴിവാക്കാൻ വഴയിലവഴിയൊക്കെ എം സി റോഡ് കയറാൻ തത്രപ്പെടുന്ന ലവനോട് ഞാൻ പറഞ്ഞു. ആ കൊട്ടാരം ഈ വഴിയിലാണോ എന്നുകൂടി പറയുന്ന എനിക്കുതന്നെ തീർച്ചയില്ല. സാരഥി ഇടിഞ്ഞ കൊട്ടാരത്തിനു പിറകെയായി, വണ്ടിയുടെ സ്പീഡു കുറഞ്ഞു. ചോദ്യങ്ങളുടെ കെട്ടഴിഞ്ഞു. എല്ലാത്തിനും മറുപടി കൊടുക്കാനറിയാതെ ഞാൻ കുഴഞ്ഞു.. എന്തായാലും താൽക്കാലത്തേയ്ക്ക് എന്റെ ജീവൻ എന്റെ കൈയ്യിലൊതുങ്ങി.
കഥ കൊട്ടാരത്തിൽ നിന്നിറങ്ങി, ദുരൂഹമരണങ്ങളിലേയ്ക്കും കാരണമറിയാതെയുള്ള ആത്മഹത്യകളിലേക്കും ചേക്കേറി. ലവന്റെ താല്പര്യം വാനോളമുയർന്നു. എന്നെ സബ്‌ജെക്ടിൽ നിന്ന് വിട്ടുപോകാൻ സമ്മതിക്കാതെ ഒരു ആത്മഹത്യയ്ക്ക്, അയാൾ തെരഞ്ഞെടുത്ത വഴിയിലേക്കെത്താൻ എന്താവും പ്രേരണ എന്ന ഗഹനമായ വിഷയത്തിലേയ്ക്ക് ആശാൻ ആഴത്തിലിറങ്ങി ചികയാൻ തുടങ്ങി. എനിക്കതുമതിയായിരുന്നു. വണ്ടിയിപ്പോൾ ഓടുന്നത് 40 KM/H സ്പീഡിലാണ്!
വിഷയത്തിൽ നിന്നൂരിവരാൻ എന്റെ നിസ്സഹരണം കാരണമായി. എനിക്ക് ബോറടിച്ചു തുടങ്ങിയിരുന്നു. പോരെങ്കിൽ, വർഷങ്ങൾക്കു മുൻപേ നടന്ന ആത്മഹത്യ പൊടിപ്പും തൊങ്ങലും ചേർത്ത് പൊലിപ്പിച്ച് ഞാൻ തളർന്നുപോയിരുന്നു. ഇല്ലോളം മനഃസ്സാക്ഷിക്കുത്തും തോന്നിത്തുടങ്ങിയിരുന്നു. ഏതാനും മിനുട്ടുകൾ മിണ്ടാതിരുന്നിട്ട് സാരഥിപ്പയ്യൻ മൊഴിഞ്ഞു,
“അതേ.. നിങ്ങളിങ്ങനെ കഥയൊക്കെപ്പറഞ്ഞിട്ട് അങ്ങുപോവും, ഇതൊക്കെ പിന്നേം മനസ്സിലിട്ടോണ്ട് നടക്കണ നമ്മക്കാണ് പാട്. ഞാൻ ഓട്ടമൊക്കെക്കഴിഞ്ഞ് ചിലപ്പോ അസമയത്ത് ഒറ്റയ്ക്ക് തിരിച്ചുവരാറുണ്ട്. ആ സമയത്ത് ഇതുപോലുള്ള കഥകളൊക്കെ ഓർമിക്കും. ഭയങ്കര പാടാണ് പിന്നെ. എത്ര യാത്രകളില് ദൈവത്തിനെ വിളിച്ചുപോയിട്ടുണ്ടെന്നോ?”
“അതുശരി. ഇപ്പൊ എനിക്കായോ കുറ്റം? ആ സബ്ജെക്ട് എടുത്തിട്ടതും നീ, അതിന്റെ വിശദാശംങ്ങൾ തിരഞ്ഞുപോയതും നീ.. എനിക്കിതിലൊരു പങ്കുമില്ല. ഞാനാ കൊട്ടാരത്തിന്റെ കഥയല്ലേ പറഞ്ഞത്? അതിപ്പൊഴൊരു ക്രിസ്ത്യൻ സംഘടന നടത്തുന്ന ഏതോ സ്ഥാപനമോ, ക്രിസ്ത്യൻ മൊണാസ്റ്റ്റി തന്നെയോ ആണ്. അതിലെന്തു ദുരൂഹത?”
എനിക്കും കുറേച്ചെ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.
“അത്‌പോട്ട് ..എനിക്കേ ഇത്തരം കഥകളൊക്കെ അറിയാൻ ഭയങ്കര താല്പര്യമാണ്. രാത്രി തനിയെ വരുമ്പോ പേടിക്കുമെന്നതൊക്കെ വേറെ കാര്യം!”
“ആ.. ഇതൊക്കെ ചെകഞ്ഞു പോണതും സൈക്കോസിസിന്റെ ഒരു ഭാഗമായിട്ട് വരും.”
ഞാൻ ഉപസംഹരിച്ചു. ഞങ്ങൾ സ്ഥലത്തെത്തിയിരുന്നു.
തിരികെ വരുമ്പോഴും ലവൻ ആലോചനയിലാണ്. പഴയ കഥ തന്നെയാവും വിഷയം. കൂടുതൽ പ്രോത്സാഹിപ്പിക്കണ്ട, ഞാൻ മിണ്ടാതെയിരുന്നു.
“ഇനി ഞാനൊരു കഥ പറയാം. തീരണ വരെ ങ്ങള് മിണ്ടരുത്.”
“നീ പറ. കഥയുടെ ഉത്തരവാദിത്തം നിനക്കുമാത്രമാണ്. ഞാനൊന്നും പറയുന്നില്ല.”
ഞാൻ മുൻ‌കൂർ ജാമ്യമെടുത്തു.
ലവൻ കഥ പറയാനാരംഭിച്ചു.
“പത്തുപതിനഞ്ചു വർഷം മുൻപാണ്. ഞാനന്നൊരു ഇന്റർവ്യൂവിന് പോയതാണ് എറണാകുളത്ത്. ഒക്കെക്കഴിഞ്ഞു റെയിൽവേ സ്റ്റേഷനിലെത്തി. പാതിരാ ട്രെയിനിന് വീട് പിടിക്കാം. സമയം ഇഷ്ടമ്പോലെയുണ്ട്. അന്ന് ക്രിക്കറ്റ് കളിയുണ്ട്, പക്ഷേ, കാണാൻ മാർഗ്ഗമില്ല. സ്റ്റേഷനിലൊന്നും ടീവി വയ്ക്കുന്ന ഏർപ്പാടൊന്നും ആയിട്ടില്ല. എന്റെ ബുദ്ധി പ്രവർത്തിച്ചു. അടുത്തുള്ള ബാറിൽപ്പോയി കളികാണാം , കൂട്ടത്തിൽ രണ്ടു ബിയറും അടിക്കാം. ഒരു തിരുവന്തോരം ടിക്കറ്റുമെടുത്ത് നേരെ ബാറിൽപ്പോയി. കളികാണലൊന്നും നടന്നില്ല, ബിയറടിക്കൽ നടന്നു. രണ്ടെണ്ണം കഴിഞ്ഞപ്പോൾ കൈയ്യിലെ കാശു തീർന്നു. ബിയറിന് കാശില്ല, ഒരു സ്മാളാകാം. അതുംകൂടെ വലിച്ചുകേറ്റിയപ്പോ എനിക്ക് എരിപൊരി സഞ്ചാരം തുടങ്ങി.എവിടെയെങ്കിലും കിടന്നേ മതിയാവൂ. നേരെ സ്റ്റേഷനിലേക്കുതന്നെ നടന്നു. ദേണ്ടെ പിടിച്ചിട്ടേയ്ക്കുന്നു മധുര ട്രെയിൻ. ഭാഗ്യത്തിന് ഒരു റ്റി റ്റി ഇ യെ കാണാൻ പറ്റി. സാറേ ഒരു ബെർത്തൊപ്പിച്ചു തര്വോ ന്ന് ചോദിച്ചപ്പോ അയാള് പറയാണ്, ഇത് പാസ്സഞ്ചർ ട്രെയിനാടോ, എവിടെങ്കിലും കേറിക്കെടന്നോ ആരും ഇറക്കിവിടൂല്ലാന്ന്. വിചാരിച്ചതിലും നേരത്തേ വീട്ടിലുമെത്താം, പിന്നെക്കെടന്നുറങ്ങാമല്ലോ..എന്നൊക്കെയുള്ള ആശ്വാസത്തില് അതില് വലിഞ്ഞുപിടിച്ചു കയറി, അപ്പോഴേ ഉറക്കവും തുടങ്ങി. അന്നങ്ങനെ ലോക്കൽ ട്രെയിനൊക്കെ ഒണ്ടായിരുന്ന്.”
ഞാൻ തലയാട്ടി, കഥ വിശ്വസിച്ചെന്ന്. അയാൾ തുടർന്നു.
“ഞാൻ അന്തംവിട്ടൊറങ്ങി. കണ്ണുമിഴിക്കുമ്പോ കൂരിരുട്ടാണ്. ഒരുവിധം തപ്പിത്തടഞ്ഞു ലൈറ്റിട്ടു നോക്കി, മണി മൂന്നുകഴിഞ്ഞു. കംപാർട്മെന്റിലാണെങ്കിൽ ഒരു തമിഴൻ മാത്രം. അയാൾ ചുമ്മാ വെളിയിലേക്കു നോക്കിയിരിക്കുന്നു. എന്റെ നല്ല ജീവൻ പോയി. അങ്ങേരോട് ചോദിച്ചു, അണ്ണാച്ചീ, ഇത് സ്ഥലം ഏത്? തിരുവന്തോരം കഴിഞ്ഞാ? അണ്ണാച്ചി ചിരിച്ചു. അതൊക്കെ എപ്പോഴേ കഴിഞ്ഞ് തമ്പി, തിരുവനന്തപുരത്ത് അരമണിക്കൂറ്‍ ഇട്ടിരുന്ന്. ഇതിപ്പോ നാങ്കുനേരസ്റ്റേഷനാവുന്നു, തിരുനെൽവേലി പക്കം. കേട്ടപാതി ചാടിപ്പാഞ്ഞിറങ്ങി. ചെറിയൊരു സ്റ്റേഷൻ, അവിടെ ഞാനും പിന്നെ അവിടുത്തെ സ്റ്റേഷൻ മാസ്റ്ററും മാത്രം. വിവരം പറഞ്ഞപ്പോൾ സ്റ്റേഷൻ മാസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു, ഇതൊക്കെ പതിവാണെന്ന്! റെയിൽവേ പ്ലാറ്റ്‌ഫോം തീരുന്നിടത്തുനിന്ന് ഒരു ചെറിയ മുടുക്കുവഴിയുണ്ട്, അതിൽക്കൂടെ ഒരു പത്തുമുന്നൂറു മീറ്റർ പോയാൽ നാഷണൽ ഹൈവേയിലെത്തും, അവിടെ നിന്ന് നഗർകോവിലിലേയ്ക്കോ തിരുവനന്തപുരത്തേയ്ക്കുതന്നെയോ ലോഡ് കയറിപ്പോകുന്ന ലോറികളുണ്ടാവും. നിനക്കു ഭാഗ്യമുണ്ടെങ്കിൽ അവയിലേതെങ്കിലുമൊന്നിൽ കയറിപ്പോവാനാകും. സാധാരണ ഈ സമയത്തൊക്കെ വണ്ടികിട്ടാത്തവരെ ലോറിക്കാർ കയറ്റിക്കൊണ്ടുപോവാറുണ്ട്. ഒന്നുകൂടെ പോകേണ്ട വഴി വ്യക്തമാക്കിത്തന്ന് സ്റ്റേഷൻമാസ്റ്റർ അയാളുടെ ജോലിനോക്കിപ്പോയി.”
ശ്വാസമെടുക്കാൻ രണ്ടിട നിർത്തി ചെക്കൻ തുടർന്നു.
“അങ്ങോരു കാണിച്ചുതന്ന വഴിയെത്തുന്നതിനുമുമ്പേ പ്ലാറ്റ്ഫോമിലെ അരണ്ട വെളിച്ചവും ഇല്ലാതായി. കുറ്റാക്കുറ്റിരുട്ട്! എങ്ങനെയൊക്കെയോ ആ ഊടുവഴിയിലെത്തിപ്പെട്ടു. വഴിപോലും കാണാൻവയ്യാത്തവിധം ഇരുട്ട്. വല്ല കറുത്തവാവും ആയിരിക്കും. കുറെ മുന്നോട്ടു പോയപ്പോൾ ചീറിപ്പായുന്ന ലൈറ്റുകൾ കാണാനായി. ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളാണ്. എനിക്കൊരു ഉത്സാഹമൊക്കെ വന്നു. ലോറിയുടെയോ മറ്റോ വെളിച്ചം ഇത്തിരിനേരം തങ്ങിനിന്നപോലെ തോന്നി, സ്ലോ ചെയ്തതോ മറ്റോ ആവും. ആ വെളിച്ചത്തിലാണ് ഞാൻ നടക്കുന്ന മുടുക്കു വഴിയുടെ രണ്ടുസൈഡും കണ്ടത്. അവിടെ ശ്മശാനമായിരുന്നു. പള്ളിസെമിത്തേരി, കുരിശ്ശോക്കെ അമ്മയാണെ ഞാൻ വ്യക്തമായും കണ്ടു. നല്ല ജീവനങ്ങു പോയി. വെറച്ചുകൊണ്ട് ഞാൻ ഒരൊറ്റ ഓട്ടമായിരുന്നു. ഹൈവേയിൽ എത്തീട്ടേ നിന്നൊള്ളൂ. കൊറേ നേരത്തേയ്ക്കെന്റെ ജീവൻ പോയി.”
അന്നേരമനുഭവിച്ചതൊക്കെ ഓർത്തിട്ടാവാം സാരഥി കുറച്ചുനേരം മിണ്ടാതിരുന്നു. പാവം. ഞാൻ ഇടപെട്ടു.
“പോട്ടെ, നീ സ്ഥലപരിചയമില്ലാത്ത ആളായതുകൊണ്ടാവാം ആ സ്റ്റേഷൻ മാസ്റ്റർ ആ വഴി നിർദ്ദേശിച്ചത്. ഇരുട്ടിൽ കാണാനുമാവില്ലല്ലോ. പരിചയമില്ലാത്തയാൾക്കു പേടിയും വരില്ലല്ലോ. അതു വിട്, പിന്നെങ്ങനെ വീട്ടിലെത്തി? കൈയ്യിലൊന്നും ഇല്ലാരുന്നെന്ന് പറഞ്ഞല്ലോ.”
“അയാള് പറഞ്ഞപോലെ ഒരു ലോറിക്കാരൻ കൊണ്ടുവന്ന് ചാലയിൽ ആക്കിത്തന്നു. എന്നാലും ഇന്നും ആ രാത്രി, ഇത്തിരി നേരംകൊണ്ട് പേടിച്ചത് ഓർക്കുമ്പം.. രാത്രി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോ ഞാനിപ്പോഴും അതോർക്കും..”
ഞങ്ങൾ തിരിച്ചെത്തിയിരുന്നു. രണ്ടരമണിക്കൂർ മൂന്നരമണിക്കൂറായത് പയ്യൻപോലും മറന്നുപോയിരുന്നു!

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!