പുഴയിൽ പിന്നെ പലതവണ വെള്ളം പൊങ്ങി. പാടവും പുഴയും ചിലപ്പോഴൊക്കെ ഒന്നായൊഴുകി. കട, നടവരമ്പിൽ നിന്നൊക്കെ ഉയരെയായത് പ്രഭാകരപ്പണിക്കർക്ക് തുണയായി. മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ പാടവും വരമ്പും മുങ്ങുമ്പോൾ രാമുമാത്രം കടയ്ക്കു കൂട്ടിരുന്നു. വേനൽക്കാലത്തെ തെളിഞ്ഞ നീരൊഴുക്കിൽ അവൻ മലർന്നുകിടന്നു. പുഴയവനും കൂട്ടായി. കാലത്തിന്റെ കുത്തൊഴുക്കിൽ രാമു വളർന്നു; തണ്ടും തടിയുമുള്ളൊരു യുവാവായി.
“വല്യ ബോധവും ബുദ്ധിയുമൊന്നുമില്ല, എന്നാലും വിശ്വസിക്കാൻ കൊള്ളുന്നവനാ. നല്ല ഒന്നാന്തരം പണിക്കാരനും! ഇവനെ ആരെങ്കിലും കൊത്തിക്കൊണ്ടു പോവാതെ നോക്കിക്കോ”. വാസുപിള്ള, പണിക്കർക്ക് ഇടയ്ക്കിടയ്ക്ക് മുന്നറിയിപ്പു കൊടുക്കും. അതിനു കാരണമുണ്ട്. രത്‌നാകരൻ അവനെ നോട്ടമിട്ടുണ്ടെന്ന വിവരം പിള്ളയ്ക്കറിയാം. ഒന്നുരണ്ടുതവണ, തന്റെ മുരടൻ ശബ്ദത്തിൽ അയാൾ ചെക്കനെ സ്തുതിയ്ക്കുന്നത് കേട്ടിട്ടുണ്ട്.
“ചെക്കൻ കൊള്ളാം. നല്ല പോലെ വേലചെയ്യും”.
അത്രേയുള്ളൂ രത്‌നാകരന്റെ സ്തുതിക്കൽ!
രത്‌നാകരൻ തടിമിടുക്കും ചങ്കുറപ്പുമുള്ള വ്യക്തിയാണ്. അതുമാത്രമല്ല, അയാൾ നാട്ടിലെ ഒരാളെയും ഗൗനിക്കാറുമില്ല. പൊതുവെ ശാന്തരായ ആൾക്കാർക്കിടയിൽ ഒരുമാതിരി ഗുണ്ടാ ലെവൽ മനോഭാവം വച്ചുപുലർത്തുന്ന അന്നാട്ടിലെ ഏക വ്യക്തിയും രത്‌നാകരൻ തന്നെ. ആരും അയാളെ അടുപ്പിക്കാറില്ല. ഒരു പേടിയോടെ നാട്ടുകാർ തന്നെ കാണണമെന്നുതന്നെയാണ് രത്‌നാകരന്റെയും ആവശ്യം! വീട്ടിലുള്ളവരൊക്കെ സാധുക്കൾ; അവർക്ക് ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ഉണ്ടായിക്കൂടാ എന്നത് രത്‌നാകരന്റെ അലിഖിത നിയമമാണ്. അയാളുടെ അനുവാദത്തോടെയല്ലാതെ മാതാപിതാക്കളുൾപ്പെടെയുള്ളവർ വീട്ടിൽനിന്നു പുറത്തിറങ്ങാൻപോലും പാടില്ല! പൊറുതിമുട്ടിക്കഴിയുന്ന വീട്ടുകാർക്കിടയിൽ അയാൾ ഏകാധിപതിയായി വിലസിനടന്നു. ആ രത്‌നാകരനാണ് രാമുവിനെ നോട്ടമിട്ടിരിക്കുന്നത് എന്നത് പണിക്കർക്കും അങ്കലാപ്പുണ്ടാക്കി. കാരണവും പണിക്കർക്കറിയാം, വെറ്റിലക്കൊടിയ്ക്കും വാഴത്തോട്ടത്തിനും തെങ്ങിൻതോപ്പിനുമൊക്കെ എത്രയാളെ പണിക്കു നിർത്തിയാലും മതിയാവാതെ വരുന്നു എന്ന് ഇക്കഴിഞ്ഞദിവസവും രത്‌നാകരൻ കടയിലിരുന്നു പറഞ്ഞിരുന്നു. അയാളോട് ആരും മറുപടിപറയാറില്ല, എന്നാലും ഇടയ്ക്കിടയ്ക്ക് ഇത്തരം പ്രഖ്യാപനങ്ങൾ അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കും. അതിനോടു ചേർന്ന് എന്തെങ്കിലുമൊരു ഗുലുമാല് അയാൾ ഒപ്പിക്കുകയും ചെയ്യും. നാട്ടുകാരെ കൈകാര്യം ചെയ്യേണ്ടുന്ന രീതി അതാണെന്നാണ് അയാൾ ധരിച്ചുവച്ചിരിക്കുന്നത്. അവരെപ്പോലെ തന്നെ അയാളും അവർക്കൊരു വിലയും കൊടുത്തിട്ടില്ല!
ഇത്തവണയും രത്‌നാകരൻ പറ്റിച്ചു. രാമുവിനെ പറഞ്ഞുമയക്കി കൂടെക്കൊണ്ടുപോയി. രാമുവിന് പണിക്കരെ വിട്ടുപോകാൻ ലേശംപോലും ആഗ്രഹമുണ്ടായിരുന്നില്ല. രത്‌നാകരനെ നാട്ടിലെല്ലാവരെയും പോലെ രാമുവിനും പേടിയായിരുന്നു. എതിർത്തുപറഞ്ഞാൽ തല്ലിക്കൊന്നു പുഴയിലെറിഞ്ഞാലോ എന്ന് സത്യമായും രാമു ഭയന്നു. നല്ല പണിക്കാരെ കൂടെക്കൂട്ടുക എന്നത് ശീലമാണെങ്കിലും ഇക്കുറി രത്‌നാകരൻ കുറച്ചുകൂടി ഉയർന്നു, രാമുവിനെ അയാളങ്ങ് ദത്തെടുത്തു. തന്റെ ഇളയ സഹോദരി സുധയ്ക്ക് വരനായി രാമുവിനെ സ്വയമങ്ങ് നിശ്ചയിച്ചു. ഒരു മിണ്ടാപ്രാണിയാണ് സുധ, വലിയ പഠിപ്പൊന്നുമില്ല. വീട്ടിനുള്ളിൽ തന്റെ കാലടിശബ്ദംപോലും കേൾപ്പിക്കരുതെന്നു നിർബന്ധമുള്ളവൾ! വലിയണ്ണന്റെ തീരുമാനത്തിന് അവളെന്തു പറയാനാണ്. അങ്ങനെ കൊട്ടും കുരവയുമില്ലാതെ പാടത്തിനു കരയിലുള്ള ദേവീക്ഷേത്രം മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച തുറക്കുന്ന അന്ന് സുധയും രാമുവും വിവാഹിതരായി. രാമു രത്‌നാകരന്റെ വീട്ടിൽ താമസവുമായി.
കാലമേറെയൊന്നും എടുത്തില്ല രാമു, പണിക്കർക്ക് അന്യനാവാൻ. രത്‌നാകരനും അത്രയേ ആവശ്യമുണ്ടായിരുന്നുള്ളൂ. പ്രഭാകരപ്പണിക്കർക്ക് അന്നാട്ടിലൊരു വിലയുണ്ടായിരുന്നു. സത്യസന്ധനും ദയാശീലനുമായ പണിക്കർക്ക് നാട്ടുകാരുടെ ഇടയിലുള്ള സ്വീകാര്യത ര്തനാകരന് അത്ര പിടിച്ചിരുന്നില്ല. പുശ്ചം പലപ്പോഴും ഉള്ളിലടക്കുകയേ വഴിയുള്ളൂ എന്നറിയാവുന്നതുകൊണ്ട് പ്രകടിപ്പിക്കാറില്ലായിരുന്നു എന്നുമാത്രം! രാമു കൂടെപ്പോന്നശേഷം രത്‌നാകരൻ തന്റെ മനസ്സ് ഇടയ്ക്കിടെ ചായക്കടവരാന്തയിൽ തുറക്കാൻ തുടങ്ങി.
“അയാടെ ഒരുമാതിരി വൃത്തികെട്ട കരുതലും കോപ്പും! ചെക്കന് ഇനി അതൊന്നും വേണ്ട. അവനെ ഞാൻ കുടുംബക്കാരനാക്കിയില്ലേ! ഇവിടത്തെ കോലായിലൊതുക്കാമെന്നല്ലേ പണിക്കരേമാൻ നിരൂപിച്ചത്! അത് നടക്കാതെപോയ കെറുവുണ്ട് മൂപ്പിലാന്”.
ഒരാവശ്യവുമില്ലാതെ ഇടയ്ക്കുള്ള ഈ ചൊറിയൽ പണിക്കർ കേട്ടില്ലെന്നു നടിച്ചു. എന്നാലും രാമുവിനെ നഷ്ടപ്പെട്ടതിൽ ഉള്ളിലൊരു വിഷമം തോന്നാതിരുന്നില്ല. ചെക്കൻ പോയതുമുതൽ ഒരു ശൂന്യത.. അവനുവേണ്ടി കെട്ടിയ ചായ്പ്പിലിപ്പോൾ വിറകടുക്കി വെച്ചേയ്ക്കുന്നു! എവിടെ നിന്നോ വന്നവനാണെങ്കിലും തന്റെ മകനെപ്പോലെ കരുതിയതാണ്; ശരീരത്തിന്റെ ഭാഗം അടർന്നുമാറിപ്പോയതുപോലെ ഒരു തോന്നൽ! സങ്കടം ഉള്ളിലൊതുക്കി; ആർക്കറിയാം, ചിലപ്പോൾ ചെക്കന്റെ നന്മയ്ക്കായിട്ടാണെങ്കിലോ! പണിക്കർ ആശ്വസിച്ചു.
ബിന്ദു ഹരികൃഷ്ണൻ