കഥ ഇതുവരെയെത്തിപ്പോൾ സത്യനാഥൻ ആലോചിച്ചു; രാമുവിന്റെ കഥയാണ് പറയുന്നത്, പക്ഷെ ഇതിൽ രാമു എവിടെ? അവനെക്കുറിച്ച് പ്രഭാകരപ്പണിക്കരും ചുറ്റുമുള്ളവരും പറയുന്നതല്ലാതെ രാമു ഇതുവരെ അവന്റെ കഥ പറഞ്ഞിട്ടില്ലല്ലോ. പണിക്കർക്കും മറ്റുമറിയുന്നതു രാമു ഇന്നാട്ടിലെത്തിയ ശേഷമുള്ള വിശേഷങ്ങളല്ലേ? ഇവിടെ എങ്ങനെയെത്തിയെന്നോ അതിനുമുൻപ് അവൻ എങ്ങായിരുന്നെന്നോ എന്തായിരുന്നെന്നോ പറയണമെങ്കിൽ രാമു തന്നെ വാ തുറക്കണ്ടേ? എന്നാൽപ്പിന്നെ രാമു തന്നെ അവന്റെ ഭൂതകാലം പറയട്ടെ; സത്യനാഥൻ ഉറപ്പിച്ചു.
സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്! ജനിച്ചതുമുതൽ തെരുവിലാണെന്ന് ലേശം അറിവായതുമുതൽ മനസ്സിലാക്കിയതാണവൻ. രേവമ്മയെന്ന വയസ്സായ സ്ത്രീയ്ക്ക് തോന്നിയൊരു ദയവാണ് അവന്റെ ജീവൻ എന്ന് അവരെപ്പോഴൊക്കെയോ അനേകം തെറിവിളികൾക്കൊപ്പം അവന്റെ ചെവിയിൽ ഇട്ടുകൊടുത്തിട്ടുണ്ട്. ഒരു കുപ്പക്കൂനയിൽനിന്ന് അവരെടുത്ത് ജീവൻ നിലനിർത്തിയെന്നും കുദ്‌ലയിലെ ഒരു ചേരിയിലെ രേവമ്മയുടെ കുത്തിമറച്ചപുരയിൽ പിച്ചവെച്ചെന്നും അതുമുതൽ ആ പുരയ്ക്ക് അകത്തും പുറത്തുമായി അവൻ വളർന്നെന്നും രാമുതന്നെ അവന്റെ ഭൂതകാലത്തെ രൂപപ്പെടുത്തിയെടുത്തു. സിറ്റിയിൽ നിന്ന് കൊണ്ടിടുന്ന മാലിന്യത്തിനുള്ളിൽ മുങ്ങിത്തപ്പി കിട്ടുന്ന വില്പനയോഗ്യമായവസ്തുക്കൾ ശേഖരിച്ച് വിറ്റിട്ടാണ് അറിവുവെച്ചതുമുതൽ അവൻ ജീവിക്കുന്നത്. അങ്ങനെ വിറ്റുകിട്ടുന്നതിൽ ഒരുപങ്ക് രേവമ്മയെ ഏൽപ്പിക്കാറുമുണ്ട്; ലോകംകാണാൻ സഹായിച്ചതിനുള്ള പാരിതോഷികം!
അച്ഛൻ, അമ്മ എന്ന ഭാരിച്ച വിചാരങ്ങളൊന്നും രാമുവിന് ഉണ്ടായിട്ടില്ലെങ്കിലും അറ്റവും മൂലയുമായി ‘അമ്മ’ എപ്പോഴൊക്കെയോ അവന്റെ ചെവിയിൽ വീണുപോയിട്ടുണ്ട്. ഒരു പേരിട്ടുപോലും അവനെ വിളിക്കാൻ മെനക്കെടാത്ത രേവമ്മയോട് അവന്റെ കൂറു കാണുമ്പോൾ ചേരിയിലെ പെട്ടിക്കടയിൽ ഇരുന്ന് തിപ്പയ്യ ഒരിക്കൽ അവൻ കേൾക്കേ പറഞ്ഞു,
“ആ സാച്ചിയുടെ നേരുണ്ട് ചെക്കന്. അവനാ തള്ളയെ കരുതുന്നുണ്ടല്ലോ. അവളൊരു സ്നേഹമുള്ള പെണ്ണായിരുന്ന്, ആ കാലമാടൻ ചതിച്ചതാ അവളെ”.
അമ്മ!!
തിപ്പയ്യയോട് കൂടുതലൊന്നും ചോദിക്കാൻ അവനു തോന്നിയില്ല. അറിയാനൊട്ടു താല്പര്യവുമില്ല. ചേരിയിൽ അവനു വലിയ കൂട്ടുകെട്ടൊന്നുമില്ലായിരുന്നു. ഒരല്പം മന്ദത എപ്പോഴൊക്കെയോ അവന്റെ സ്വഭാവത്തിന്റെയും രീതിയുടെയും ഭാഗമായി മാറിയിരുന്നു. രേവമ്മ ചിലപ്പോഴൊക്കെ അവനെ ഒരു കാരണവുമില്ലാതെ പ്രാകി,
“മന്ദബുദ്ധി കുരുപ്പ്. ഏതു നേരത്താണോ ആ ചവറുകൂനേന്ന് എടുത്തുവരാൻ തോന്നിയത്!”
അതുതന്നെ രാമുവും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഒന്നിലുമൊരു താല്പര്യവുമില്ലാതെ തെണ്ടിനടന്നു സമയം കളയുന്നത് അവന്റെ പതിവാണ്.
ഒരു വൈകുന്നേരമാണ് ആ സംഭവമുണ്ടായത്, രാമുവിന് ആ നാടുതന്നെ ഉപേക്ഷിക്കേണ്ടിവന്നതും.
ജഗ്ഗയ്യ അത്യാവശ്യം തടിമിടുക്കും കാര്യശേഷിയും അതിനൊപ്പം തന്നെ തല്ലുകൊള്ളിത്തരവും കൈമുതലായുള്ള യുവാവാണ്. ചന്തയിൽ ചുമടെടുക്കുകയാണ് പ്രധാനപണി, സൈഡായി കൂലിത്തല്ലുമുണ്ട്. അത്തരമൊരു കൂലിത്തല്ലു ക്വട്ടേഷൻ നടക്കുന്നതിനിടയിൽ രാമു എങ്ങനെയോ പോയിപ്പെട്ടു. തെരുവിലൂടെ ദിവാസ്വപ്നം കണ്ടു നടക്കുന്നതിന്റെ ഫലം! ഒരു നിമിഷം അടിപതറിപ്പോയ ജഗ്ഗയ്യയുടെ മുളവടി രാമുവിന്റെ പുറംപൊളിച്ചു. ഒരുവിധം വളഞ്ഞുപിടിച്ചു കൊണ്ടുവന്ന ഇര നഷ്ടപ്പെടുകയും ചെയ്തു. ആദ്യമായി അടികൊണ്ട രാമുവിന് അതിന്റെ വേദനയിൽ കണ്ണുകാണാതായി; ഇര രക്ഷപ്പെട്ട ജഗ്ഗയ്യയ്ക്കാവട്ടെ അതിന്റെ കലിപ്പും. രണ്ടാളും തെരുവിൽ ഏറ്റുമുട്ടി. അന്നു ശേഖരിച്ച പാഴ്വസ്തുക്കളുടെ കൂട്ടത്തിൽ തന്റെ കൈയ്യിലെ ചാക്കിലുണ്ടായിരുന്ന ഇരുമ്പു സ്‌ക്രാപ്പ് എടുത്തു വീശാനാണ് രാമുവിന് തോന്നിയത്. ജഗ്ഗയ്യന്റെ തല തകർന്നു. എന്താണ് സംഭവിച്ചതെന്ന് ചുറ്റും കൂടിയവർ മനസ്സിലാക്കുന്നതിനു മുൻപേ രാമു അവിടം വിട്ടിരുന്നു. കാര്യമറിഞ്ഞു രാമുവിനെ തിരഞ്ഞുവന്നവർക്കു തെരുവിന്റെ കോണിലുപേക്ഷിച്ച ചാക്കുകെട്ടല്ലാതെ അവന്റെ പൊടിപോലും കിട്ടിയില്ല. ഏറെ താമസിക്കാതെ അവിടം മൂടിയ ഇരുട്ടിലേയ്ക്ക് രാമു രക്ഷപ്പെട്ടിരുന്നു.
റയിൽവേ സ്റ്റേഷനിൽ നിന്ന് അധികം അകലെയല്ലാതെ ക്രോസിങ് സിഗ്നലിനായി നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിൽ രാമു വലിഞ്ഞു കയറി; അതവനെ എത്തിച്ചതോ കേരളത്തിലും!
ബിന്ദു ഹരികൃഷ്ണൻ