അഭ്രപാളിയിലെ പെരുന്തച്ചൻ

ഒരു സന്ധ്യാസമയം. വഴിയിൽ നാട്ടിയിരുന്ന കൽവിളക്കിൽ  ദീപം തെളിയിക്കാൻ ഒരു വൃദ്ധൻ നന്നേ പാടുപെടുന്നു.  തെക്കുനിന്നു വീശിയടിക്കുന്ന കാറ്റാണ് പ്രശ്‌നം.  വൃദ്ധന്റെ സങ്കടം മനസിലാക്കിയ വഴിപോക്കൻ തോളിൽ കിടന്ന തോർത്ത് മുകളിലേക്കുയർത്തി കാറ്റിന്റെ ദിശ മനസിലാക്കി. ഒരു നീളൻ കല്ലു കൊണ്ടുവന്ന്  വിളക്കിന്റെ അടുത്തുറപ്പിച്ചു.  അദ്‌ഭുതത്തോടെ നോക്കിനിന്ന വൃദ്ധന്റെ പ്രശംസയ്ക്ക് കാതോർക്കാതെ അയാൾ ശാന്തമായി ഉറങ്ങി.  കാഴ്ചയിൽ പരുക്കനെന്നു തോന്നിച്ച ആ വഴിപോക്കൻ ഐതീഹ്യമാലയിലെ ഉളിയന്നൂർ പെരുന്തച്ചനായിരുന്നു.  ആ കഥാപാത്രത്തെ അനശ്വരമാക്കിയത് അഭ്രപാളിയിലെ  മറ്റൊരു പെരുന്തച്ചനും.  സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ.  ആ മഹാപ്രതിഭ തെളിയിച്ച വിളക്ക്  ഇന്നും അണയാതെ കത്തുന്നുണ്ട്. അദ്ദേഹം ഉറപ്പിച്ച ശില  ഏതു  തെക്കൻ കാറ്റിനെയും ഇന്നും പ്രതിരോധിക്കുന്നുമുണ്ട്.

 

1935  ജൂലൈ 15 ന്  പത്തനംതിട്ടയിലെ അയിരൂരിൽ പി.എസ്. കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി തിലകൻ ജനിച്ചു.  ആറാം വയസിൽ തന്നെ അഭിനയത്തിന്റെ തീജ്വാലകൾ അദ്ദേഹത്തിൽ പ്രകടമായിരുന്നു.  പഠിത്തത്തെക്കാൾ തിലകന്റെ ശ്രദ്ധ പതിഞ്ഞത് നാടകത്തിൽ.  1955 ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം എന്ന നാടകസമിതിക്ക് രൂപം കൊടുത്തു.  പിന്നീട് കെ.പി.എ.സി., കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടകസംഘങ്ങളിൽ സജീവമായി. 1972 ൽ പുറത്തുവന്ന ‘ഗന്ധർവ്വക്ഷേത്ര’മാണ് തിലകൻ അഭിനയിച്ച ആദ്യചിത്രം.

 

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള റോളായിരുന്നു ‘ഗന്ധർവ്വക്ഷേത്ര’ത്തിൽ അദ്ദേഹത്തിനു  ലഭിച്ചത്.  സിനിമാലോകം തിലകനെ തിരിച്ചറിയാൻ പിന്നെയും വർഷങ്ങളെടുത്തു.  1979 ൽ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കിട്ടി. പിന്നീടിങ്ങോട്ട് തിലകൻ എന്ന അഭിനയ പ്രതിഭയുടെ പകർന്നാട്ടമാണ് നാം കണ്ടത്.

1981 ൽ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ‘കോലങ്ങൾ’ എന്ന ചിത്രത്തിലെ കള്ളുവർക്കി  എന്ന കഥാപാത്രത്തെ തിലകൻ അവിസ്മരണീയമാക്കി. 1982 ൽ കെ.ജി.ജോർജ്ജ് തന്നെ സംവിധാനം ചെയ്ത ‘യവനിക’ എന്ന ചിത്രത്തിലെ വക്കച്ചൻ എന്ന കഥാപാത്രം തിലകന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തു.

തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേക്കും തിലകൻ മലയാളസിനിമയുടെ അവിഭാജ്യഘടകമായി  മാറിയിരുന്നു.  ഏതുവേഷവും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന നടൻ എന്ന തലത്തിലേക്ക് അദ്ദേഹം ഉയർന്നു.  1990 ൽ എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘കാട്ടുകുതിര’ റിലീസായി. കൊച്ചുവാവ എന്ന കഥാപാത്രം നിരൂപക പ്രശംസ പിടിച്ചുപറ്റി.കൊച്ചുവാവ തിലകന്റെ കൈകളിൽ ഭദ്രമായിരുന്നു.

 

1990 ൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത ‘പെരുന്തച്ചൻ’ റിലീസായി.  പെരുന്തച്ചൻ ദേശീയപുരസ്കാരത്തിനു പരിഗണിക്കപ്പെട്ട സിനിമയായിരുന്നു.  പക്ഷെ ലഭിച്ചില്ല.  1994 ൽ സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി.

 അച്ഛൻ വേഷങ്ങളിൽ തിലകനെപ്പോലെ തിളങ്ങിയ മറ്റൊരു നടനുണ്ടാവില്ല.  കർക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകൻ നമ്മുടെ കണ്ണു  നനയിച്ചു.  സൂര്യതേജസ്സുള്ള അച്ഛനായിരുന്നു തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പലതും.

തിലകൻ – മോഹൻലാൽ ‘കോമ്പിനേഷൻ സീനു’കൾ നമ്മുടെ മനസിലെ അച്ഛൻ-മകൻ ബന്ധത്തിന്റെ നേർക്കാഴ്ചയായി.  ‘കിരീട’ത്തിലെ അച്യുതൻ നായരെന്ന നിസ്സഹായനായ അച്ഛനെ നമ്മളെങ്ങനെ  മറക്കും.  തന്റെ ജീവിതം തുലച്ചവരെയൊക്കെ  കുത്തിവീഴ്ത്തി, കത്തിയുമായി നിൽക്കുന്ന മകനെ അച്യുതൻ നായർ വിളിക്കുന്ന ഒരു രംഗമുണ്ട്. അതവതരിപ്പിക്കാൻ തിലകനല്ലാതെ ആർക്കും കഴിയില്ല.

 

ഗൗരവമുള്ള വേഷങ്ങളിൽ തകർത്തഭിനയിച്ച  തിലകൻ നമ്മെ കുടുകുടാ ചിരിപ്പിച്ചിട്ടുമുണ്ട്.  ‘നാടുവാഴികളി’ലെ ശങ്കരനും, ‘സന്മനസുള്ളവർക്ക് സമാധാന’ത്തിലെ ദാമോദർ ജിയും, ‘മൂക്കില്ലാ രാജ്യ’ത്തിലെ കേശുവും അത്തരം ചില കഥാപാത്രങ്ങളാണ്.

 മലയാള സിനിമ കണ്ട ഏറ്റവും ക്രൂരനായ വില്ലനാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ൽ തിലകൻ അവതരിപ്പിച്ച പോൾ  പൗലോക്കാരൻ.  അതേ  മനുഷ്യൻ തന്നെ ‘കിലുക്ക’ത്തിലെ ജസ്റ്റിസ് പിള്ളയായി  നമ്മെ  ചിരിപ്പിച്ചു. ‘കിലുക്ക’ത്തിലെ തിലകൻ-ഇന്നസെന്റ് ‘കോമ്പിനേഷൻ സീൻ’ എക്കാലത്തെയും ഹിറ്റാണ്.

 പത്മരാജന്റെ ഏറ്റവും ശ്രദ്ധേയ ചിത്രമായിരുന്നു ‘മൂന്നാം പക്കം’.  അവധി  ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലെത്തിയ കൊച്ചുമോൻ  പാച്ചുവിനൊപ്പമുള്ള മുത്തച്ഛന്റെ രംഗങ്ങൾ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തി.

 

ഒടുവിൽ കൊച്ചുമകനു  പിന്നാലെ മറ്റൊരു മൂന്നാം പക്കത്തിനായി കാത്തിരിപ്പ്  ബാക്കിവെച്ച് ആ മുത്തച്ഛനും കടലിലേക്കിറങ്ങിയപ്പോൾ  പ്രേക്ഷകന്റെ കാൽച്ചുവട്ടിലെ മണ്ണ്  കടലെടുത്ത അനുഭവമുണ്ടായി.  ‘ഉണരുമീഗാനം’ എന്ന പാട്ടിന്റെ രംഗത്തിൽ ആ മുത്തച്ഛന്റെ കാത്തിരിപ്പും കൊച്ചുമകനുമൊത്തുള്ള കുസൃതികളും നിറഞ്ഞു.  ഇന്നും മലയാളി ഈ  പാട്ടും രംഗവും നെഞ്ചോട് ചേർത്തുപിടിക്കുന്നു.  

 വളരെ ചെറിയ വേഷം അവതരിപ്പിച്ചാൽ പോലും തിലകൻ തീർക്കുന്ന സ്‌ക്രീൻ പ്രെസെൻസ്  അപാരമായിരുന്നു.  ‘മണിച്ചിത്രത്താഴി’ലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ‘നേരറിയാൻ സി ബി ഐ’യിലെ കാപ്രയും ഉദാഹരണമാണ്.   തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ കാലാതിവർത്തിയാണ്.  ഇന്നും കണക്കുമാഷെന്ന് കേൾക്കുമ്പോൾ ‘സ്ഫടിക’ത്തിലെ ചാക്കോ മാഷ്  മനസിലേക്കോടിയെത്തുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് തിലകനുള്ളതാണ്.

 തൊണ്ണൂറുകൾ പിന്നിട്ട്  രണ്ടായിരത്തിലേക്കു കടന്നപ്പോൾ മലയാള സിനിമയിൽ മുമ്പെങ്ങുമില്ലാത്ത വിധം അടിയൊഴുക്കുകളും ഗ്രൂപ്പുകളികളും ശക്തമായി. എന്തും വെട്ടിതുറന്നുപറയാൻ തന്റേടം കാണിച്ച തിലകന് ബഹിഷ്കരണങ്ങളുടെയും ഊരുവിലക്കുകളുടെയും കാലം കൂടിയായിരുന്നു അത്.  അവസരങ്ങൾ നിഷേധിച്ചും നേരത്തെ കരാറാക്കിയവ പോലും റദ്ദ് ചെയ്തും മലയാള സിനിമാലോകം ആ മനുഷ്യനോട് നന്ദികേട് കാണിച്ചു.  എന്നാൽ അതൊന്നും തിലകനെ തളർത്തിയില്ല.  സിനിമയില്ലെങ്കിൽ താൻ നാടകം ചെയ്യുമെന്ന് പറഞ്ഞ് അദ്ദേഹം നാടകരംഗത്തു  സജീവമായി.

 

ഒടുവിൽ സിനിമാലോകം ഗർവ് മാറ്റിവച്ച് ആ മഹാപ്രതിഭയുടെ മുന്നിൽ കീഴടങ്ങി.  ‘ഇന്ത്യൻ റുപ്പി’യിലെ അച്യുതമേനോനും ‘ഉസ്താദ് ഹോട്ടലി’ലെ കരീമിക്കയും തിലകൻ മലയാള ചലച്ചിത്രലോകത്തെ താരരാജാക്കന്മാർക്കു കൊടുത്ത മറുപടിയാണ്.  തനിക്കു തുല്യം താൻ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.

 നാട്യശാസ്ത്രപ്രകാരമുള്ള നവരസങ്ങൾ  ഇത്രമേൽ ഭംഗിയായി അവതരിപ്പിച്ചിട്ടുള്ള ഒരു നടനുമുണ്ടാവില്ല .  അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ഈ രസങ്ങൾ നിറഞ്ഞുനിന്നു. ‘മൂന്നാം പക്ക’ത്തിലെ തമ്പി മുത്തശ്ശന് കരുണരസമായിരുന്നു.  ‘മൂക്കില്ലാരാജ്യ’ത്തെ കേശുവിന് ഹാസ്യവും ‘കണ്ണെഴുതി പൊട്ടും തൊട്ടി’ലെ  നടേശൻ മുതലാളിക്ക് ശ്രുംഗാരവുമായിരുന്നു.  ‘മയിൽപ്പീലിക്കാവി’ലെ വല്യത്താന്  രൗദ്രവും ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ പോൾ  പൗലോക്കാരന് ബീഭത്സവും ‘സന്ദേശ’ത്തിലെ രാഘവൻ നായർക്ക് അദ്‌ഭുതവുമായിരുന്നു ആദിമധ്യാന്തത്തിൽ.  ‘നാടോടിക്കാറ്റി’ലെ അനന്തൻ നമ്പ്യാരുടെ മുഖത്ത് സദാ ഭയമുണ്ടായിരുന്നപ്പോൾ ‘ഗോഡ് ഫാദറി’ലെ ബലരാമനിൽ  വീരരസമായിരുന്നു.  ‘ഉസ്താദ് ഹോട്ടലി’ലെ കരീമിക്കയിൽ കടലാഴം തേടുന്ന ശാന്തത നിറഞ്ഞു.

 

മികച്ച നടനെന്നാൽ നായകനടനാണെന്ന ധാരണയും സങ്കൽപ്പവും ചോദ്യം ചെയ്യാൻ തിലകന് കഴിഞ്ഞു.  താരബിംബങ്ങൾക്കു ചുറ്റും പരിക്രമണം ചെയ്തിരുന്ന ചലച്ചിത്ര നിരൂപകരെ  ഇരുത്തി ചിന്തിപ്പിക്കാൻ തിലകൻ എന്ന മഹാനടന് കഴിഞ്ഞു.  ‘എന്താ അഭിനയമെന്ന്’  കണ്ണ് മിഴിച്ചുകൊണ്ട് ഇന്ത്യൻ സിനിമ ആ പ്രതിഭയെ നോക്കി.  ഒരു ഗോഡ് ഫാദറിന്റെയും പിന്തുണയില്ലാതെ തന്ന തിലകൻ മലയാള ചലച്ചിത്രലോകത്ത് തലയുയർത്തി നിന്നു .  അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ചെയ്യാൻ മറ്റൊരു മുഖം നമ്മുടെ മുന്നിൽ വരാത്തതു  തന്നെയാണ് തിലകൻ എന്ന നടന്റെ മഹത്വം.  മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം തിലകൻ എന്ന കൽവിളക്ക്  തെളിഞ്ഞുതന്നെ കത്തും, ഒരു തെക്കൻ കാറ്റിലും അടിപതറാതെ…..

 

അനീഷ് തകടിയിൽ

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!