Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..





ഉണിഷെ ഏപ്രിൽ (April 19 )

ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി. പൂർണ്ണമായി അമ്മയെ അറിഞ്ഞുകൊണ്ട് , ഉൾക്കൊണ്ടുകൊണ്ട്. ഉണിഷേ ഏപ്രിൽ എന്ന ഋതുപർണ്ണോഘോഷ് സിനിമ, ഇന്നിതു കാണുമ്പോൾ 27 വർഷം മുൻപേ ചിത്രീകരിച്ചതാണിതെന്നത് അത്ഭുതമല്ല, അവിശ്വസനീയതയാണുക്കിയത്! രണ്ടു നാഷണൽ അവാർഡുകളോടെ ഇന്ത്യൻ സിനിമയുടെ, ബംഗാളി സിനിമയുടെ തട്ടകത്തിൽ ഋതുപർണ്ണോഘോഷ് ഇരിപ്പുറപ്പിച്ചത് ഈ സിനിമയിലൂടെയാണ്; തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ.
മൂന്നു തലങ്ങളിലൂടെ, കാഴ്ചപ്പെടലിലൂടെ കഥ പറയുന്ന രീതിയായിരുന്നു ഘോഷ് ചിത്രം, ഉൺഷേ ഏപ്രിൽ. മൂന്നു സ്ത്രീകൾ, അവർ ഒരു വീടിനുള്ളിൽ പെരുമാറുന്ന രീതിയിൽ ചിത്രീകരിച്ച്‌ ഒറ്റ ദിവസം കൊണ്ട് സിനിമ പറയുക എന്നാൽ, ഇന്നും എന്നുമുള്ള ചലച്ചിത്രകാരന്മാർക്ക് അതൊരു വെല്ലുവിളിതന്നെയാണ്. ഋതുപർണ്ണോഘോഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. സരോജിനി ഗുപ്ത (അപർണ്ണ സെൻ)യുടെയും മകൾ അദിതി(ദേബശ്രീ റോയ്)യുടേയും കഥ പറയുന്ന സിനിമയിൽ മകളുടെ ആയയായി, ആ വീട്ടിലെ caretaker ആയ ബേല(ചിത്ര സെൻ)നും നിറഞ്ഞു നിൽക്കുന്നു. ഡോ. മനീഷ് സെൻ ഉറക്കത്തിൽ അന്തരിക്കുമ്പോൾ അയാളുടെ 8 വയസ്സുകാരി മകൾ മാത്രമാണ് അയാൾക്കൊപ്പം ഉണ്ടായിരുന്നത്. ഭാര്യ പ്രശസ്ത നർത്തകി സരോജിനി ഗുപ്ത ഭർത്താവിനും മകൾക്കും ഏറെ അകലെയായിരുന്നു. അതൊരു ഏപ്രിൽ 19 ആയിരുന്നു. അന്ന് മുതലാണ് മീട്ടു എന്നു വിളിപ്പേരുള്ള അദിതി അമ്മയെ വെറുത്തു തുടങ്ങിയത്. ബോയാ എന്ന ആന്റി ആയി അവൾക്ക് എല്ലാം. ബേലയ്ക്കും അവളെ മനസ്സിലാവുമായിരുന്നു. നൃത്തത്തിനും അതുകഴിഞ്ഞാൽ തന്റെ ശിഷ്യർക്കുമായി മാറ്റിവച്ചതാണ് അമ്മയുടെ ലോകമെന്നു തെറ്റായി ധരിക്കുന്ന മകളും അവളുടെ ഭാവിക്കും ആവശ്യങ്ങൾക്കുമായി തന്റെ കലയുമായി മുന്നോട്ടുപോകുന്ന അമ്മയും. ഒടുവിൽ ലോകപ്രശസ്ത നർത്തകിയുടെ മകളെ തങ്ങളുടെ കുടുംബത്തിലേക്ക് വേണ്ട എന്ന് തീരുമാനിക്കുന്ന അദിതിയുടെ കാമുകന്റെ വീട്ടുകാരും എല്ലാം നമുക്ക് ചുറ്റും കാണുന്ന സാധാരണ മനുഷ്യർ തന്നെ. ലോലമായ ഒരു ത്രെഡിൽ നിന്നുകൊണ്ട് ഇത്രയും ഗംഭീരമായൊരു സിനിമയെടുക്കാൻ കഴിയുക എന്നത് അടയാളപ്പെടുത്തുന്നത് ഒന്നുമാത്രം; ഋതുപർണ്ണോഘോഷ് എന്ന ഫിലിംമേക്കറുടെ ബ്രില്ലിയൻസ്!!

അടഞ്ഞു കിടക്കുന്ന വാതിലുകൾക്കുള്ളിൽ, ഒരു വീടിന്റെ അകത്തളത്തിലും മുറിയിലുമായി മാത്രം ചിത്രീകരിക്കുന്ന ഒരു സിനിമ, കഥാതന്തു അത്രയും ശക്തമല്ലെങ്കിൽ പ്രേക്ഷകനെ ബോറടിപ്പിക്കാൻ എളുപ്പമാണ്. ക്യാമറ വീടിനു വെളിയിലേക്കു പോയത് ഒന്നോ രണ്ടോ തവണ മാത്രം, സരോജിനി എയർപോർട്ടിലേയ്ക്ക് പോകുന്നത് ജനലിലൂടെ വീക്ഷിക്കുന്ന അദിതിയിലൂടെ, പിന്നെ ട്രെയിനിനു വാതിൽക്കൽ തന്റെ കൂട്ടുകാരനെ പ്രതീക്ഷിച്ചു നോക്കിനിൽക്കുന്ന അദിതിയെക്കാണിക്കുമ്പോഴും!
ഇന്നും ഈ സിനിമകാണുമ്പോൾ, 27 വർഷത്തിന്റേതായ പഴമ അനുഭപ്പെടാത്തത്, ഈ കാലഘട്ടത്തിന്റേതെന്ന് സംശയമില്ലാതെ തോന്നിക്കുന്നത് അത് ചിത്രീകരിച്ച മികവല്ലാതെ മറ്റൊന്നുമല്ല. പാളിച്ചകളേതുമില്ലാതെ ശരിയായ ഹോംവർക്കിലൂടെ അല്ലാതെ, ആ വീടിനുള്ളിലെ പ്രോപ്പർട്ടികൾ പോലും ഇത്രയും കൃത്യമായി വിന്യസിക്കപ്പെടാൻ അസാമാന്യമായ പെർഫെക്ഷണലിസം കൂടിയേ കഴിയൂ. നായിക തന്നെ ഒരു പെർഫെക്ഷനിസ്റ് ആണെന്ന് പറഞ്ഞുവയ്ക്കുന്നുണ്ട് സിനിമയിൽ, വളരെ സിംപിളായ ഒരു വാചകത്തിലൂടെ. മകൾ അമ്മയെ വീണ്ടെക്കുന്ന ആ രാത്രിയിൽ, അവർക്കുള്ള ആഹാരം പാചകം ചെയ്യുമ്പോൾ ഉള്ളതൊക്കെ ചേർത്തുള്ള ഭക്ഷണത്തിലേയ്ക്ക് പോകാൻ തുടങ്ങുന്ന മകളെ ഞെട്ടിച്ചുകൊണ്ട് ഒന്നും ഒഴിവാക്കരുതെന്ന അമ്മയുടെ നിർബന്ധം.
സംഗീത നാടക അക്കാഡമി പുരസ്കാരം നേടിയ സന്തോഷത്തിൽ, വർഷങ്ങൾക്കു ശേഷം മകളെ തന്നോട് ചേർത്തു നിർത്താനായതിന്റെ സമാധാനത്തിൽ ആശ്വസിക്കുന്ന അമ്മയോട് മകൾ, അന്നുമൊരു ഏപ്രിൽ19 ആണെന്ന് അറിയിക്കുന്നു. പുതിയ തിരിച്ചറിവുകളുടെ നിറവിൽ, ദുരഭിമാനത്തിന്റെയും കോമ്പ്ലെക്സുകളുടെയും ഫലമായ പഴയ ഓർമ്മകൾക്കു സ്ഥാനമില്ലാത്ത ഒരു പുതിയ ജീവിതത്തിലേയ്ക്ക് അവർ നടന്നുകയറിയിരുന്നു.

ഋതുപർണ്ണഘോഷിനെ ഓർക്കുമ്പോൾ ക്രിസ്റ്റീന റോസെറ്റിയുടെ സോണറ്റിലെ ആ വരികൾ ഓർക്കുന്നു. പരശ്ശതം ആളുകൾക്ക് ആശ്വാസമായിരുന്ന ‘Remember me when I am gone away.. ‘

Remember me when I am gone away,
Gone far away into the silent land;
When you can no more hold me by the hand,
Nor I half turn to go yet turning stay.
Remember me when no more day by day
You tell me of our future that you plann’d:
Only remember me; you understand
It will be late to counsel then or pray.
Yet if you should forget me for a while
And afterwards remember, do not grieve:
For if the darkness and corruption leave
A vestige of the thoughts that once I had,
Better by far you should forget and smile
Than that you should remember and be sad.

അതേ, സിനിമയുടെ ലോകം, ആസ്വാദകരുടെ ലോകം അങ്ങയെ ഓർത്തുകൊണ്ടേയിരിക്കും. താങ്കളുടെ സിനിമകളിലൂടെ, അതു പ്രേക്ഷകനുണ്ടാക്കുന്ന തിരിച്ചറിവുകളിലൂടെ, ഉൾക്കനങ്ങളിലൂടെ, സമൂഹത്തിനു മുന്നിൽ തുറന്നിടുന്ന നന്മയുടെ സന്ദേശങ്ങളിലൂടെ..

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!