‘വിദ്വേഷവും വിവേചനവും രൂക്ഷമായ രീതിയിൽ നാടിനെ മലീമസമാക്കുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ അൽപ്പനേരം മാറിയിരുന്നു ചിന്തിക്കുകയെന്നതിനേക്കാൾ ഗുണകരമായി മറ്റൊന്നുമില്ല.’
പ്രിയ ഉണ്ണികൃഷ്ണന്റെ ‘പ്രണയം വിപ്ലവം വീക്ഷണം’ എന്ന പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്. രണ്ടുദിവസം മുന്നേയാണ് പുസ്തകം കിട്ടിയത്. ഒറ്റയിരുപ്പിൽ തിന്നു തീർത്തു. പലതും പലകുറി വായിച്ചു. ചിലതൊക്കെ ഏറെ നേരത്തേയ്ക്ക് ചിന്തിപ്പിച്ചു.
‘അറിയാൻ മറക്കുന്നത്’ എന്ന കുറിപ്പിൽ പറയുന്നു,
‘നിഴലുകളുടെ സമരപ്രഖ്യാപനം
ആത്മാവുകളുടെ ഒളിച്ചോട്ടമാണെന്ന്’.
ഭ്രാന്തുപിടിക്കാതിരിക്കുന്നതെങ്ങനെ? ചെറുകുറിപ്പുകളിലൂടെ വലിയകാര്യങ്ങൾ പറയുന്ന ഭാഷ, ലളിതവും എന്നാൽ ആത്മസംഘർഷങ്ങളാൽ നിറഞ്ഞതുമാണ്.
ഏറെ വലച്ച ഒരു കുറിപ്പാണ് ‘ശബ്ദം.’
‘അജണ്ടയ്ക്കനുസരിച്ചുള്ള
മനുഷ്യസ്നേഹിയ്ക്കുപകരം
അച്ചടക്കമില്ലാത്തൊരു
കമ്യൂണിസ്റ്റാവാനാണെനിക്കിഷ്ടം
ചുവപ്പിൽ നേതാവുണ്ടാകരുത്
അവകാശബോധം, ഒരുത്തനെ
മുന്നോട്ട് തന്നെ നയിക്കും’
എന്ന് പറയുമ്പോൾ ചിന്തിക്കാതിരിക്കുന്നതെങ്ങനെ?
‘കാട്’ ഒരു വിങ്ങലാണ്.
‘വരൾച്ചയിൽ നീയും
പ്രളയത്തിൽ ഞാനും
ഇല്ലാതാകുന്നതുവരെ
മരങ്ങൾ സംസാരിച്ചതത്രയും
നമ്മളെക്കുറിച്ചായിരുന്നുവത്രെ’
മനസ്സിൽ ഒരുപാട് തറച്ചത് ഇവിടെ കുറിച്ചെന്നുമാത്രം. എല്ലാം നല്ല കുറിപ്പുകൾ. മനോഹരമായൊരു പുസ്തകം വായിച്ചുവെന്ന്, ഒരു എഴുത്തുകാരിയെ പരിചയപ്പെട്ടുവെന്നു മാത്രം നിറഞ്ഞ മനസോടെ അടയാളപ്പെടുത്തുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
അക്ഷരങ്ങൾ അഗ്നിയായി പടരട്ടെ.
അനീഷ് തകടിയിൽ
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.