അമ്മമൊഴി ഭാഗം മൂന്ന്

ഖരാക്ഷരങ്ങൾ – ക, ച, ട, ത, പ – വാക്കുകളുടെ ഇടയ്ക്കു വന്നാൽ മൃദുവായ ഉച്ചാരണം മതി.
ഉദാ : കപടത, വികട കവി, ഭൂപടം
ഈ പദങ്ങളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന  ഖരാക്ഷരങ്ങൾ മൃദുവായി ഉച്ചരിച്ചാൽ മതിയാകും

ഇരട്ടിച്ച് ഉച്ചരിക്കുന്നവ അങ്ങനെ തന്നെ എഴുതുകയും വേണം.
ഉദാ : ആനപ്പുറത്ത്, അറബിക്കടൽ
ചില പത്രങ്ങളിലും, വാരികകളിലും, തിരമൊഴികളിലും ഇങ്ങനെ കാണാറുണ്ട്.
1. ആന പുറത്തു കയറി. – ആന ആരുടെയെങ്കിലും പുറത്തുകയറിയതാണെങ്കിൽ ഇതു മതി. ആനയുടെ പുറത്തു കയറിയതാണെങ്കിൽ ‘ ആനപ്പുറത്തു കയറി ‘ എന്നു തന്നെ എഴുതണം.

2. അറബികടലിൽ ചാടി.  – അറബി കടലിൽ ചാടി എന്നർത്ഥം. അറബിക്കടലിൽ ചാടി – എന്നായാൽ ആരോ അറബിക്കടലിൽ – അറേബ്യൻ കടലിൽ ചാടി എന്നും.

‘ ന ‘ എന്ന അക്ഷരം ഉച്ചരിക്കേണ്ടത് രണ്ടുവരിപ്പല്ലും നാവിൽ സ്പർശിച്ചുകൊണ്ടാകണം.

‘ ഩ’ എന്ന അക്ഷരം – ആ, പേ – നാവിന്റെ അറ്റം വളച്ച് മേൽവരിപ്പല്ലിന്‍റെ  അകവശത്തു തൊടണം.

ന, ഩ – ഇവയ്ക്ക് ‘ ന’ എന്ന ലിപി മാത്രമാണ് ഉപയോഗിക്കുന്നത്. ‘ന’ എന്ന അക്ഷരം ഒരു വാക്കിന്റെ ആദ്യം വന്നാൽ ‘ന’ എന്നു തന്നെ ഉച്ചരിക്കണം. മറ്റെവിടെയെങ്കിലും വന്നാൽ            ‘ഩ’ -ഇപ്പോൾ ഈ ലിപി ഇല്ല. മുമ്പുണ്ടായിരുന്നു. – എന്ന് ഉച്ചരിക്കേണ്ടതാണ്.

ഉദാ :കൂനനാന നനഞ്ഞു

ഉച്ചാരണം – കൂഩഩാഩ  നഩഞ്ഞു.

ഉച്ചരിക്കാൻ നാവ് നല്ലവണ്ണം വഴങ്ങേണ്ട അക്ഷരങ്ങളായ ര, റ, ള, ഴ, ശ, ഷ, സ എന്നിവ ആവർത്തിച്ച് ഉറക്കെപ്പറഞ്ഞു പഠിക്കുക.

ഹ്ന, ഹ്മ എന്നീ കൂട്ടക്ഷരങ്ങൾ ന്ഹ, മ്ഹ എന്നിങ്ങനെ ഉച്ചരിക്കണം.

ഗ്ര, ബ്ര, ദ്ര എന്നിവ ഗ് ര, ബ് ര, ദ് ര, എന്നിങ്ങനെ ഉച്ചരിക്കണം.

ക്ര, ഘ്ര, ജ്ര, ട്ര, ഡ്ര, ത്ര, ധ്ര, പ്ര, ഭ്ര, മ്ര തുടങ്ങിയവ ക് റ, ഘ് റ, ജ് റ, ട് റ, ഡ് റ, ത് റ, ധ് റ, പ് റ, ഭ് റ,

മ് റ എന്നിങ്ങനെയാണ് ഉച്ചരിക്കേണ്ടത്.

ഗ, ജ, ഡ, ദ, ബ, യ, ര, ശ, ല, റ, ക്ഷ എന്നീ അക്ഷരങ്ങൾ ആദ്യം വരുന്ന വാക്കുകൾ എഴുതുമ്പോൾ  ആ  അക്ഷരങ്ങൾക്ക് മുന്നിൽ ‘എ’ കാര ചിഹ്നം – െ- ചേർക്കരുത്. എന്നാൽ ഉച്ചാരണത്തിൽ ‘ എ ‘ കാരം വേണം.

ഉദാ :

എഴുതുന്ന വിധം                         ഉച്ചരിക്കുന്ന വിധം

ഗജം                                                    ഗെജം
ജലം                                                    ജെലം
ഡംഭ്                                                   ഡെംഭ്
ദയ                                                       ദെയ
ബലം                                                  ബെലം
യദു                                                     യെദു
രവി                                                    രെവി
ലഘു                                                  ലെഘു
ശരി                                                     ശെരി
റവ                                                      റെവ
ക്ഷമ                                                     ക്ഷെമ

കൂട്ടക്ഷരങ്ങൾ വരുന്ന വാക്കുകൾ ഉച്ചരിക്കുമ്പോൾ അവയിലെ മുഴുവൻ അക്ഷരങ്ങളുടെയും ഉച്ചാരണം സ്പഷ്ടമാകണം.
ഉദാ : പശ്ചിമം, പശ്ചാത്താപം, വൃശ്ചികം, പാശ്ചാത്യം – ഇവയിലെ ‘ ശ് ച ‘ യുടെ ഉച്ചാരണം സ്പഷ്ടമാകണം.
സമ്രാട്ട്, സാമ്രാജ്യം .- ഇവയിലുള്ള മ് റ – മ്പ്ര എന്ന് ഉച്ചരിക്കുന്നത് ഒഴിവാക്കണം.
വല്മീകം, വാല്മീകി എന്നിവ ഇതുപോലെ എഴുതുകയും ‘ ല് മ ‘ എന്ന് ഉച്ചരിക്കുകയും വേണം. വാത്മീകം – തെറ്റ്
വല്മീകം – ശരി

സ്വപ്നം – എന്ന പദം ‘ സൊമ്നം ‘ എന്ന് തെറ്റായി ഉച്ചരിക്കുന്നത് ഒഴിവാക്കുക. സ് പ് അ പ് ന് അ മ് എന്നീ വർണ്ണങ്ങൾ സ്പഷ്ടമാകും വിധം ഉച്ചരിക്കാൻ ശ്രദ്ധിക്കുക.
ശക്തി, വ്യക്‌തം, രക്തം എന്നിവ ഉച്ചരിക്കുമ്പോൾ ക് ത വ്യക്തമാക്കണം.

  • ഉച്ചാരണത്തിൽ സ്ഫുടത വേണം.
  • ശക്തിയായി ഉച്ചരിച്ചു ശീലിക്കണം.
  • താഴ്ന്ന ക്ലാസ്സുകളിൽത്തന്നെ ഉച്ചാരണശുദ്ധി ഉറപ്പു വരുത്തണം.
  • ഉച്ചാരണത്തിൽ ആദ്യവസാനം വ്യക്തത നിലനിർത്തണം.
  • ക്ലാസ്സു മുറികളിൽ എല്ലാ അധ്യാപകരും ഭാഷയുടെ ഉച്ചാരണത്തിലും രചനയിലും ശുദ്ധി പാലിക്കണം.
  • കുട്ടികൾ ക്ലാസ്സു മുറികളിൽ നല്ല ഭാഷാപ്രയോഗം കേൾക്കുകയും പരിശീലിക്കുകയും ചെയ്യണം.

ഒരു ചൈനീസ് പഴമൊഴി ഇതാ :
” ശരിയായി ഉച്ചരിക്കാത്തവൻ
ശരിയായി എഴുതാറുമില്ല.”

തുടരും.

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!